Saturday, April 2, 2016

പെരുമാള്‍ മുരുകന്‍



ഈ അടുത്തകാലത്ത് ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ച "മാതൊരുപാകൻ "
എന്ന നോവൽ രചിച്ച പെരുമാൾ മുരുകനെയാണ് ഞാൻ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്

ഫേയ്സ്ബുക്ക് വ്യാപകമായിട്ട് അധികനാളുകളായിട്ടില്ല.. എങ്കിലും കോടാനുകോടി പോസ്റ്റുകൾ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും പല ഭാഷയിലും നിമിഷങ്ങൾ തോറും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.

പക്ഷെ ലോകജനതയെ മുഴുവൻ ഞെട്ടിച്ച..... അമ്പരപ്പിച്ച ഒരു പോസ്റ്റ കുറച്ചു നാൾ മുമ്പ് വന്നു. ആത്മാഹൂതി നടത്തിയ ഒരു സാഹിത്യകാരന്റെ....
ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ സാഹിത്യ ലോകത്തോട് സ്വന്തം മരണം പ്രഖ്യാപിച്ച ആ പ്രതിഭയാണ് പെരുമാൾ മുരുകൻ.

ആവിഷ്ക്കാര സ്വാതന്ത്രത്തിന്റെ കടക്കൽ ആഞ്ഞു വെട്ടിയ ഫാസിസ്റ്റുകളുടേയും ഭരണകൂടത്തിനേറെയും മുമ്പിൽ തന്റെ സർഗ്ഗ ശക്തി അടിയറ വെക്കേണ്ടി വന്ന സാഹിത്യകാരന്റെ തിരിച്ചടി

പോസ്റ്റ് ഇതാണ്:
മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാൽ ഉയിർത്തെഴുനേൽക്കാനും പോകന്നില്ല. പുനർജന്മത്തിൽ അയാൾക്കു വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാൽ അയാൾ ഇനി മുതൽ പി.മുരുകൻ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക. ഇനിയുള്ള ജീവിതം മരണത്തിന് തുല്യമായിരിക്കും.

വർഗ്ഗീയതക്കെതിരെ ഇ.വി.രാമസ്വാമി നയിച്ച വമ്പൻ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച സമരഭൂമി തമിഴകത്താണ് ഇത് സംഭവിച്ചത്.തമിഴകത്തെ സുപ്രധാന കക്ഷികൾ രണ്ടും മൌനം പാലിക്കുകയാണ് ചെയ്തതെന്നറിയുമ്പോൾ ഭരണ കേന്ദ്രങ്ങളിൽ വർഗ്ഗീതയുടെ സ്വാധീനശക്തി ഊഹിക്കാവുന്നതേയുള്ളു.

ഇതിനു കാരണമായി ഭവിച്ചത് അദ്ദേഹത്തിന്റെ "മാതൊരുപാകൻ " എന്ന നോവലാണ്. മാതൊരുഭാഗൻ (മാത് -സ്ത്രീ ഭാഗമായിട്ടുള്ള) അർദ്ധനാരീശ്വരൻ എന്നാണർത്ഥo.
തിരുച്ചെങ്കോട് അർദ്ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പതിറ്റാണ്ടു
കൾക്കു മുമ്പ് നിലവിലിരുന്ന ഭദ്രമല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയെ തന്റെ രചനകളിലൂടെ ജനങ്ങൾക്കു മുമ്പിൽതുറന്നുകാട്ടിയതാണ്ഫാസിസ്റ്റുകളെ വികാരം കൊള്ളിച്ചത്. ഹൈന്ദവ സംഘടനകൾ ഒന്നടങ്കം പുസ്തകം പിൻവലിക്കാനും അല്ലാത്തപക്ഷം പുസതകൾ തീയിട്ടു നശിപ്പിക്കാനും ആഹ്വാനം ചെയ്തു. മതേതര രാഷ്ട്രമെന്നു വീമ്പിളക്കുന്ന ഇന്ത്യയിലാണ് ഇതു സംഭവിച്ചതെന്നോർക്കണം

.അനപത്യതാ ദുഃഖം സമൂഹത്തെ ദുർഭൂതം പോലെ വേട്ടയാടിയിരുന്ന കാലം.
സ്ത്രീ പുരുഷ സംഗമമാണ് ദൈവമെന്ന സങ്കല്പത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ജനങ്ങൾ..............അർദ്ധനാരീശ്വര ക്ഷേത്രത്തിലെ വൈകാശി വിശാഖം രഥോത്സവത്തിന്റെ അവസാന നാളിൽ.... (ദൈവം തിരിച്ചു മലകയറുന്ന നാളിൽ.).... കുട്ടികളില്ലാത്ത സ്ത്രീകൾ ഭർത്താവിനേറെയും കുടുംബത്തിനേറെയും സമ്മതത്തോടെ അന്യപുരുഷനുമായി ചേർന്നു ഗർഭിണികളാകുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു സാമൂഹ്യ പശ്ചാത്തലത്തിന്റെ കഥയാണ് മാതൊരു പാകൻ. ഇങ്ങിനെ ജനിക്കുന്ന കുട്ടികളെ സ്വാമികുഴൻതൈ സ്വാമിപിള്ളെ എന്നാണ് വിളിച്ചിരുന്നത്.
125 വർഷം മുമ്പ് ചിന്നത്തായമ്മാളും വെങ്കിട്ട നായ്ക്കറും അർദ്ധനാരീശ്വര ക്ഷേത്രത്തിൽ പ്രാർത്ഥിച്ചതിനെ തുടർന്നാണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും സാമൂഹ്യ പരിഷ്ക്കർത്താവുമായ ഇ.വി.രാമസ്വാമി നായ്ക്കർ എന്ന പെരിയാർ ജനിച്ചത്.

തിരച്ചെങ്കോട്ടു മാത്രമാണ് മാതൊരുപാകൻ എന്ന പേരിൽ ശിവൻ ആരാധിക്കപ്പെടുന്നത്.കർഷകരുടെ നാടാണ് തിരുച്ചെങ്കോട്. അവകാശികളില്ലാതെ കൃഷിസ്ഥലങ്ങൾ നശിച്ചുപോകാതിരിക്കാനും അനപത്യതാ ദുഃഖത്തിന് പരിഹാരവുമായിട്ടാണ് അന്നത്തെ യാഥാസ്ഥിതികർ ഇതിനെ കണ്ടിരുന്നത്.

അടിച്ചമർത്തപ്പെട്ട ആത്മാവിന്റെ ആശ്രയമാണ് അന്ധവിശ്വാസം. സാഹിത്യ കൃതികൾ ഓരോ കാലഘട്ടത്തിന്റേയും സാംസ്കാരിക പ്രതിഫലനമാണ്.

ഇംഗ്ലീഷ് പതിപ്പായ One Part Woman ഇറങ്ങിയ ശേഷമാണ് വിവാദങ്ങൾ കത്തിപ്പടർന്നത്. 2010 ൽ കേന്ദ്ര സാഹിത്യ അക്കാദമി പരിഗണിച്ച നോവലാണ്.

തമിഴ്നാട്ടിലെ കോയമ്പത്തൂർ ഈ റോഡ് നാമക്കൽ പ്രവിശ്യകൾ ഉൾപ്പെടുന്ന കൊങ്കുമേഖലയുടെ കഥാകാരനാണ് പെരുമാൾ മുരുകൻ. തമിഴ് സാഹിത്യത്തിൽ Ph.D നേടിയ അദ്ദേഹം കുറേക്കാലം നാമക്കൽ ഗവ: ആർട്ട്സ് കോളേജിൽ പ്രൊഫസർ ആയിരുന്നു. ഇപ്പോൾ ചെന്നൈയിൽ പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനാണ്.അദ്ദേഹത്തിന്റെ പത്നിയും തമിഴ് സാഹിത്യത്തിൽ Ph.D കരസ്ഥമാക്കിയ അദ്ധ്യാപികയാണ്.

ആധുനികോത്തര സാഹിത്യത്തിൽ പുതിയ വഴികൾ വെട്ടി തെളിയിച്ച മുരുകന്റെ കൃതികൾ കോളേജ് ക്ലാസ്സുകളിൽ പാഠപുസ്തകങ്ങളാണ്.
1990 ൽ എഴുതിയ ഏറു വെയിൽ ആണ് ആദ്യ കൃതി.രണ്ടാമത്തെ നോവൽ നിഴൽ മുറ്റം വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ നേടി.
ഇരുപതോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റെ തായിട്ടുണ്ട്.
67 കവിതകൾ അടങ്ങിയ പുസ്തകത്തിന്റെ പേരിനു തന്നെ ഒരു പ്രത്യേകതയുണ്ടു്. ആഴ്ചകളെ മാറ്റി വെള്ളി ശനി ബുധൻ ഞായർ വ്യാഴം എന്നിങ്ങിനെയാണ്.ക്രിസ്തുവിന്റെ ജനനകഥയെ പരാമർശിച്ചു കൊണ്ടാണ് രചിച്ചിട്ടുള്ളത്...
തമിഴ്നാട്ടിലെ ദ്രാവിഡ രാഷട്രീയ പാർട്ടികളോട് വിധേയത്വം കാണിക്കാത്ത എഴുത്തുകാരനാണ് മുരുകൻ.
9 നോവലുകളും 4 കഥാസമാഹാരങ്ങളും രചിച്ചിട്ടുണ്ടു

വിവാദം സൃഷ്ടിച്ച ഒരു കവിത
വേലക്കാരിയുടെ ഉടുവസ്ത്രം / പെരുമാൾ മുരുകൻ ( തമിഴ്‌ )
----------------------------------------------------------------------------------------------
ചോറ്റുപാത്രത്തെ മരക്കൊമ്പിൽ തൂക്കിയിട്ട്‌
തൂങ്ങിക്കിടന്ന സഞ്ചിയിൽ നിന്നും നരച്ച വസ്ത്രത്തെ
എടുത്ത്‌ ഉടുത്തതും അവൾ വേലക്കാരിപ്പെണ്ണായി മാറി.
അവളുടെ കണ്ണുകൾ തറയിൽ പതിഞ്ഞു
യന്ത്രവേഗതക്ക്‌ സമാനമായ്‌
അവളുടെ കൈകൾ പ്രവർത്തനക്ഷമമായി.
വേലക്കാരിയല്ലാതാവുമ്പോൾ അവൾ
വാചാലയാവും വാനിറയെ ചിരിക്കും.
ഭക്ഷണത്തിന്റെ വിശ്രമവേളകളിൽ മണലിൽ കിടന്ന്
ശൃംഗാരക്കണ്ണെറിഞ്ഞ്‌ ശിലപോലെ നോക്കും
കൂടെയുള്ളവർക്കൊപ്പം നൃത്തവും ചെയ്യും.
പകൽ വേളകളിൽ അലറുന്ന വവ്വാലിനെ 
മരശിഖരങ്ങളിൽ തേടുന്നു.
അന്തിമയങ്ങുമ്പോൾ
ശൃംഗാരപ്പൂച്ചുകളെ കഴുകിക്കളഞ്ഞ്‌
സാരി മാറ്റുന്നു.
വേലക്കാരിയുടെ സാരി മരക്കൊമ്പിലേക്ക്‌ മടങ്ങുന്നു
ഇപ്പോൾ അവൾ കൈയും വീശി നടക്കുകയാണ്
മരക്കൊമ്പിലിരുന്ന് പറന്നുയരുന്ന
പ്രഭാതത്തിലെ പറവകളെ പോലെ.
(മൊഴിമാറ്റം --- പി.സുദർശൻ )

അദ്ദേഹത്തിന്റെ അഞ്ചാമത്തെ നോവലാണ് മാതൊരു പാകൻ
ഇംഗ്ലീഷിൽ one Part Woman എന്ന പേരിലും മലയാളത്തിൽ അർദ്ധനാരീശ്വരൻ എന്ന പേരിലും പരിഭാഷകളുണ്ടു്

അർദ്ധനാരീശ്വരന്റെ ആമുഖത്തിൽ രവി.ഡി.സി
"വർഗ്ഗീയ വാദികളുടെ വാൾത്തലയിൽ അക്ഷരങ്ങളെ ബലി നൽകാൻ തയ്യാറല്ലാത്തതിനാൽ എഴുത്തു തന്നെ ഉപേക്ഷിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയ പെരുമാൾ മുരുകന്റെ വിവാദ നോവൽ മാതൊരുപാകൻ അക്ഷര മണ്ഡലത്തിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുകയാണ്.
വർഗ്ഗീയതയ്ക്ക് എതിരെയുള്ള ഒരു പ്രതികരണം എന്ന നിലയിലും ഈ നോവലിന്റെ പ്രസിദ്ധീകരണം പ്രസക്തമാണ് " എന്നെഴുതിയിട്ടുണ്ട്

അതിനു ശേഷം പെരുമാൾ മുരുകൻ ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിനേറ്റ ഏറ്റവും വലിയ പ്രഹരം
മൌനത്തിലേക്കുള്ള അദ്ദേഹത്തിന്റെ നിഷ്ക്രമണം കാണുമ്പോൾ വയലാറിന്റെ വരികൾ ഓർത്തു പോകുന്നു

" മൌനത്തെ മഹാശബ്ദമാക്കുവാൻ നിശ്ചഞ്ചല -
ധ്യാനത്തെ ചലനമായ് ശക്തിയായുണർത്തുവാൻ
അന്തരിന്ദ്രിയനാഭിപത്മത്തിനുള്ളിൽ പ്രാണ -
സ്പന്ദങ്ങൾ സ്വരൂപിച്ചു വിശ്വരൂപങ്ങൾ തീർക്കാൻ "

അതാവുമോ അദ്ദേഹത്തിന്റെ നിശ്ശബ്ദത !

എങ്കിൽ അതിൽചിതറിത്തെറിക്കണം ഹൈന്ദവ ഫാസിസ്റ്റുകളുടെ ശിരസ്സുകൾ!

No comments:

Post a Comment