Saturday, April 2, 2016

രാജലക്ഷ്മി



ഒരു വ്യക്തിയുടെ ജീവിതം അതിന്റെ പെരുമ കൊണ്ട്
അടയാളപ്പെടുമ്പോള്‍ അവരുടെ നാനാവിധങ്ങളായ
സംഭാവനകള്‍ കൂടി ചിട്ട ചേരും.ഇവിടെ ഞാന്‍ കുറിക്കുന്നത്
തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രതിഭയെക്കുറിച്ച് ആണ്.
ജീവിതം ഒരു ശോകസന്ദേശം പോലെ വായിച്ചെടുക്കേണ്ടിവന്ന,
അകാലത്തില്‍ നമ്മെ കണ്ണീരിലാഴ്ത്തി ഈ ലോകത്തോട്
യാത്രപറഞ്ഞ ഒരു സാഹിത്യാല്ഭുതത്തെയാണ്.
പാലക്കാട് ഒറ്റപ്പാലത്തെ കോളജ് അധ്യാപികയായിരുന്ന
രാജലക്ഷ്മി എന്ന ഒരു സാധാരണ എഴുത്തുകാരിയെ.
കൊട്ടിപ്പാടാന്‍ പോന്ന പെരുമ്പറക്കേമമോ
ആട്ടത്തൂക്കം ചാര്‍ത്തി പൊന്‍ കിരീടം വെച്ച് അലങ്കരിക്കാന്‍ പോന്ന
മിടുക്കോ ഇല്ലാത്ത, ജീവിത നൊമ്പരം കൊണ്ട് തൂലിക ചലിപ്പിച്ച്
അനേകങ്ങളെ പിടിച്ചുലച്ച ഈ ടീച്ചറെ ഞാന്‍ സാഹിത്യലോകത്തിലെ
ഒരിക്കലും മങ്ങാത്ത നക്ഷത്രമായി എണ്ണുന്നു.
എനിക്കറിയില്ല പറയാതെ പറഞ്ഞ ടീച്ചറുടെ മനോഹരമായ കഥകള്‍.
അത്രമാത്രം അനുവാചകരെ സ്വാധീനിച്ച രാജലക്ഷ്മി ഇന്നും
നിത്യപ്രിയയായി മലയാളിയുടെ മനസ്സില്‍ തീരാ നോവായി തുടിച്ചു
നില്‍ക്കുന്നതും മറ്റൊന്നും കൊണ്ടല്ല.
ഈ പാലക്കാടന്‍ കഥാകാരിയെ കുറിച്ച് നാലുവരി പറയാതെ വയ്യ.
ഇനി ഒരു തലമുറ അവരെ അറിയണം,ആ കാലത്തെ, കലര്‍പ്പില്ലാത്ത
അനുഭവങ്ങളെ, തീര്‍ത്തും ശുദ്ധമായ കാഴ്ചപ്പാടുകളെ, ലോല മനസ്സിനെ...
എല്ലാം പഠിക്കണം.
ഒരു ജീവിതം കടന്നുപോകുന്ന നിസ്സഹായങ്ങളെ ഇത്രമേല്‍ വര്‍ണ്ണിച്ച
ഒരു എഴുത്തുകാരി ഉണ്ടോ എന്ന് സംശയമാണ്.
അത്രമേല്‍ നിറയുന്നു അവരുടെ ഓരോ എഴുത്തകങ്ങളും.
അതുകൊണ്ട് തന്നെ ഇവരെ കുറിച്ച് കുറിക്കുമ്പോള്‍ എന്റെ കൈ വിറക്കുന്നുണ്ട്‌.
ഞാന്‍ വല്ലാതെ അസ്വസ്ഥതയാല്‍ ഉലയുന്നുണ്ട്.
ഒരിക്കല്‍ ഒരു കഥയില്‍ ഒരു കഥാപാത്രം മറ്റേ ആളോട് ചോദിക്കുന്നുണ്ട് ''ആത്മഹത്യ
പാപാണോ മാഷേ ?'' അതിനു മറുപടിയായി മാഷ്‌ ''സംശ്യല്ല്യ ..എന്തേ പ്പങ്ങനെ തോന്നാന്‍ ?
എഴുതലമുറ പാപം തീണ്ടും ..വേണ്ടാതീനം ചിന്തിച്ചു വഷളാക്കണ്ട..''
ഈ വരികളാണ് എന്നെ ഇവിടെ പിടിച്ചുലക്കുന്നത്.
'എഴുതാതിരിക്കാന്‍ വയ്യ.ജീവിച്ചിരിക്കുകയാണെങ്കില്‍ ഇനിയും എഴുതിപ്പോകും.'
അമ്പത്തി ഒന്ന് കൊല്ലം മുമ്പ് പിന്നിട്ട ജനുവരിയില്‍ കോളേജില്‍ പോകാന്‍
ചോറ്റു പാത്രവും കുടയും കയ്യില്‍ വെച്ച് ഇറങ്ങിപ്പോയ രാജലക്ഷ്മി എന്ന
കഥാകാരി എന്തോ മറന്നത് എടുക്കാന്‍ എന്ന പോലെ തിരികെ മുറിയിലേക്ക് കയറിയെന്നും
അല്‍പ്പസമയം കഴിഞ്ഞ് പുറത്തേക്ക് വരുന്നത് കാണാതെ അമ്മ ചെന്ന് നോക്കിയപ്പോള്‍
ഒരു സാരിത്തുമ്പില്‍ ജീവിതം അവസാനിപ്പിച്ച, മലയാളത്തിന്റെ പ്രിയ കഥാകാരിയെ
നമ്മെ തീര്‍ത്തും ഞെട്ടിച്ച ആ കാഴ്ച കണ്ടു എന്നും ആണ് നമുക്ക് വിശ്വസിക്കാനാവാതെ
ഇന്നും മനസ്സില്‍ നിറയുന്നത്.
ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാന്‍ രാജലക്ഷ്മി തയ്യാറായിരുന്നില്ല ഒരിക്കലും.
അകാലത്ത്‌ അസ്തമിച്ച ഈ സാഹിത്യകാരിയെ നമ്മള്‍ ഒരുതരത്തിലും ആദരിച്ചില്ല.
ഒരു സ്മാരകം പോലും ഈ നക്ഷത്രപ്രഭക്ക് ഒരുക്കിയില്ല.
ഒരു അപൂര്‍വ്വ വിസ്മയം തന്നെയായിരുന്നു ഈ കഥാകാരി.1965 ജനുവരി 18 ന് ജീവിതം
സ്വയം അവസാനിപ്പിച്ച, ചെര്‍പ്ലശ്ശേരിക്കാരിയായ, ഒറ്റപ്പാലം എന്‍ എസ് എസ്
കോളേജിലെ ഈ സയന്‍സ് അധ്യാപിക എഴുത്തിലെ ശരിമുഖമായിരുന്നു.
നേരില്‍ ചാലിച്ച അനുഭവസാക്ഷ്യങ്ങള്‍ ഇവരെ ഒരു ഇതിഹാസതുല്യയായി മാറ്റിയിരുന്നു.
വെറും മുപ്പത്തിനാല് വയസ്സില്‍ ജീവിതത്തിന് വിരാമമിട്ട ഈ എഴുത്തുകാരിയെ ഓര്‍ക്കുമ്പോള്‍
മലയാള സാഹിത്യത്തെ സ്നേഹിക്കുന്ന ആര്‍ക്കും കണ്ണുകള്‍ നിറയാതെ പോവില്ല.
അത്രമാത്രം ഹൃദയം തൊടുന്നു അവരുടെ വരികള്‍ .
ഒടുവില്‍ ആ വരികളില്‍ അനുഭവം വായിച്ചെടുത്ത പലരും നല്‍കിയ മാനസിക സംഘര്‍ഷം
കൊണ്ടു തന്നെ ഈ കഥാകൃത്ത് ഏറെ ദു:ഖിതയായിരുന്നു എന്നും നമ്മള്‍ പിന്നീട് അറിയുന്നു.
1930 ജൂണ്‍ രണ്ടിന് ചെര്‍പ്ലശ്ശേരിയിലെ ഒരു നായര്‍ കുടുംബത്തില്‍ ജനിച്ച
ഈ സാഹിത്യ പ്രതിഭ വള്ളുവനാടന്‍ ശൈലിയില്‍ എഴുതിയ ഓരോ വരിത്തുണ്ടും
വായനക്കാരുടെ ആവേശമായിരുന്നു.
1956 ല്‍ എഴുതിയ മകള്‍ എന്ന നീണ്ട കഥ അനുവാചകരെ ഏറെ പിടിച്ചുലച്ചു.
അവരുടെ ഗദ്യകവിതകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.ദു:ഖമായിരുന്നു അവരുടെ ഭാവതലം.
ഞാനെന്ന ഭാവം ,ഉച്ചവെയിലും ഇളം നിലാവും എന്ന മുഴുമിപ്പിക്കാത്ത രചന ,
ഒരു വഴിയും കുറെ നിഴലുകളും (1960 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയത് )
തുടങ്ങി ആ തൂലികയില്‍ വിടരുന്ന ഓരോ വാക്കും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു
ഇന്നും മലയാള സാഹിത്യാസ്വാദകര്‍ക്ക് .
ഏറെ കൌതുകമായി തോന്നുക രാജലക്ഷ്മിയുടെ ആത്മഹത്യയെ
കുറിച്ചുള്ള തന്റെ തന്നെ 'ആത്മഹത്യ' എന്ന കഥയിലെ ഒരു ദാര്‍ശനിക വീക്ഷണമാണ്.
ആത്മഹത്യ ഭീരുത്വമാണ് എന്ന് പറയുമ്പോള്‍ തന്നെ ,ഭീരുത്വം എന്ന പ്രയോഗം താന്‍
സമ്മതിക്കില്ലെന്നും 'ഓടുന്ന തീവണ്ടിക്ക് മുമ്പില്‍ തല വെക്കുന്നത് ഭീരുത്വമാണത്രേ ഭീരുത്വം'
എന്നും പറയുന്നുണ്ട്. ആത്മഹത്യയെ പേടിയോടെ മാത്രമേ തനിക്ക് ഓര്‍ക്കാന്‍ ആവൂ എന്നും
ഈ പ്രിയ കഥാകാരി പറഞ്ഞുവെച്ചു.
ഉച്ചവെയിലും ഇളം നിലാവും എന്ന മുഴുമിക്കാതെ പോയ രചനയില്‍ ആണ് ഈ എഴുത്തുകാരി
തീര്‍ത്തും തളര്‍ന്നത്. തന്റെ ജീവിതത്തെ തന്നെ ബാധിക്കും എന്ന രീതിയിലേക്ക് അത് വളരുകയും
ഇടക്കാലത്ത് രണ്ടുകൊല്ലത്തോളം ഒന്നും എഴുതാനാവാതെ അവര്‍ അസ്വസ്ഥയായി ഇരുന്നു.
പിന്നീട് നോവലിന്റെ കയ്യെഴുത്തു പ്രതി തന്നെ കത്തിച്ചുകൊണ്ട് അവര്‍ പ്രതീകാത്മകമായ
സ്വയം ഹത്യ നടത്തി എന്നതും ശ്രദ്ധേയം.
തീര്‍ത്തും ആത്മനൊമ്പരങ്ങള്‍ പേറി ഏകാകിനിയായി ഈ വിശ്വനക്ഷത്രം
ഓര്‍ത്തെടുക്കാനാവാത്ത വിധം ഇളം പ്രായത്തില്‍ നമ്മെ വിട്ടുപോയത് കണ്ണീരോടെ അല്ലാതെ
ഓര്‍ക്കാനാവുന്നില്ല..ഇപ്പോഴും.

No comments:

Post a Comment