Saturday, April 2, 2016

കങ്ങഴ,ചിറക്കടവ്


കോട്ടയം ജില്ലയിലെ രണ്ട് കൊച്ചുഗ്രാമങ്ങൾ ഞാൻ പരിചയപ്പെടുത്താം. കറുകച്ചാലിനും മണിമലക്കും ഇടക്കുള്ള കങ്ങഴ എന്ന ഗ്രാമം. ഇവിടെയാണ് ഞാൻ ജനിച്ചു വളർന്നത്. എന്നെ സ്വീകരിച്ച നാടാണ് ചിറക്കടവ്(പൊൻകുന്നം). എനിക്ക് രണ്ടു സ്ഥലങ്ങളും പ്രിയങ്കരം തന്നെ.
പുരാണ പ്രസിദ്ധനായ കണ്വ മഹർഷി ശിവലിംഗം പ്രതിഷ്ഠിച്ച് പൂജിച്ചിരുന്ന നാടാണ് ഇതെന്ന് ഐതീഹ്യം. കണ്വ മഹർഷിയുമായി ബന്ധപ്പെട്ട് കണ്വഴ എന്ന സ്ഥലനാമമാണ് ഇന്ന് കങ്ങഴയായത്. ഈ ദേശത്തിന്റെ ദേശാധിപൻ കങ്ങഴ മഹാദേവനാണ്... ആ ഐതീഹ്യത്തിലേക്ക്.
പുല്ലരിയാൻ വന്നെത്തിയ പുലയി ഒരു കല്ലിൽ കറിക്കത്തിക്ക് മൂർച്ച കൂട്ടാൻ വേണ്ടി ശ്രമിച്ചപ്പോള്‍ കല്ലിൽ നിന്ന് രക്തം വാർന്നൊഴുകുന്നതു കണ്ട് അവർ ഭയന്ന് ഓടി. കരിമലയും കടന്ന് ഓടിയ അവരുടെ കയ്യിലെ പഴുക്കാ തെറിച്ചുവീണ സ്ഥലമാണത്രേ പഴുക്കാകുളം. വീണ്ടും ഓട്ടം തുടർന്നയവർ ഒരു തോട്ടിൽ കരയിൽ വിശ്രമിച്ചു. അതാണ് ഇടയിരിക്കപ്പുഴ. പത്തു നാടുകൾ ചേർന്ന് രൂപപ്പെട്ടിരുന്ന ഈ സ്ഥലത്തിന്റെ കേന്ദ്രം പത്തനാട് എന്നും പ്രസിദ്ധമായി. ആ ശിവലിംഗം തന്നെയാണ് മഹാദേവ ക്ഷേത്രത്തിലെയിപ്പോഴത്തെയും പ്രതിഷ്ഠ എന്നാണ് സങ്കൽപം. ഈ നാട്ടിലെ ആദ്യത്തെ പള്ളി സ്ഥാപിച്ചത് 1864 ൽ സി.എസ് ഐ സഭയിലെ ഹെൻടി ബേക്കർ ജൂനിയർ ആണ്. ഇപ്പോൾ വ്യത്യസ്ത വിഭാഗക്കാരുടെ ധാരാളം പള്ളികൾ തലയെടുപ്പോടെ നിൽക്കുന്നു. അതുപോലെ കഴിഞ്ഞ നൂറ്റാണ്ടിൽ സ്ഥാപിച്ച പുതൂർ പള്ളി ജൂമാ മസ്ജിദിനും സാംസ്കാരികമായി ഏറെകഥകൾ പറയാനുണ്ട്.
കലാപരമായി ഈ നാടിന്റെ കീർത്തി പരത്തിയ വ്യക്തികൾ ആയിരുന്നു കഥകളി കലാകാരൻമാരായ ചുട്ടി-കങ്ങഴ മാധവൻ, ചുട്ടി-കങ്ങഴ അയ്യപ്പൻ എന്നിവര്‍. കേരള നടനം എന്ന നൃത്ത രൂപം ആ വിഷ്കരിച്ച ഗുരു ഗോപിനാഥ് ഈ നാട്ടിൽ വേരുകൾ പടർത്തി ഉയർന്നതാണ്. എഴുത്തുകാരനായ മോഹൻ ഡി കങ്ങഴ , ദുർഗ്ഗാപ്രസാദ് ഖത്രിയുടെ ഹിന്ദിയിലുള്ള അപസർപ്പക നോവൽ മലയാളത്തിലേക്ക് തർജ്ജമ നടത്തി. സ്വതന്ത്രരചനകളുമുണ്ട് അദ്ദേഹത്തിന്റെ. അദ്ദേഹം ഞാൻ പഠിച്ചിരുന്ന സ്കൂളിലെ മുൻ കാല ഹിന്ദി അധ്യാപകനായിരുന്നു. കങ്ങഴ ഗോപാലൻ നായരും നാടിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു.
ഇനി ചിറക്കടവിലേക്ക് വരാം... നേരത്തെ വാഴൂർ നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ക്ഷേത്രങ്ങളുടെയും കലാകാരൻമാരുടേയും കേദാര ഭൂമിയാണ്. ചിറക്കടവ് ക്ഷേത്രത്തെക്കുറിച്ചുള്ള ആധികാരിക രേഖകൾ ലഭിച്ചത് 18 ആം നൂറ്റാണ്ട് മുതലാണെങ്കിലും ഏറെ പഴക്കം ചെന്ന ക്ഷേത്രമാണിത്. ഇവിടെ നാല് ആട്ടവിശേഷങ്ങൾ (ഉത്സവങ്ങൾ ) കൊണ്ടാടുന്നു. വേലകളിക്കാരുടെ പ്രായം, വേഷം, ആയുധം, താളം ഇവയിൽ ചിറക്കടവ് തനിമ അവകാശപ്പെടാൻ കഴിയുന്ന വേലകളിയാണ് മറ്റൊരു പ്രത്യേകത. കൂവത്താഴെ സ്വയംഭൂവായ ക്ഷേത്രമാണിത്. ചെങ്ങന്നൂരുള്ള വഞ്ഞിപ്പുഴ മഠവുമായി ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. വഞ്ഞിപ്പുഴ മഠത്തിന്റെ സഹായത്തോടെ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജാവിനെ തോൽപിച്ചു. അതിനു പ്രത്യുപകാരമായിച്ചിറക്കടവ് ചെറുവള്ളി, പെരുവന്താനം കരകൾ മഠത്തിന് പതിച്ചു നൽകി.
കോട്ടയം - കുമളി റോഡും പൊൻകുന്നം പാല റോഡും പൂർത്തിയായപ്പോൾ ഒരു പ്രധാന വാണിജ്യകേന്ദ്രമായി പൊൻകുന്നം വളർന്നു. എ.കെ പാച്ചു പിള്ളയാണ് നവീന പൊൻകുന്നത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലേക്കും യാത്രാ സൗകര്യമുള്ള ഇവിടെ നിന്ന് 83 കിലോമീറ്റർ മാത്രം അകലെയാണ് തേക്കടി.
പൊൻകുന്നവും സമീപ പ്രദേശങ്ങളും ആലോചിക്കുമ്പോൾ ഒരു പിടി എണ്ണം പറഞ്ഞ സാഹിത്യകാരൻമാർ മനസിലേക്ക് ഓടി വരുന്നു. അധ്വാനിക്കുന്നവന്റെ ജിഹ്വയായിരുന്ന പൊൻകുന്നം വർക്കി, മലയാള സിനിമാ ഗാനലോകത്ത് പച്ചപനം തത്തയെ പറത്തി വിട്ട പൊൻകുന്നം ദാമോദരൻ, എഴുത്തുകാരനായ കാനം ഈ ജെ, പിന്നെ സിനിമാരംഗത്തെ ബാബു ആന്റണി, തമ്പി ആന്റണി, ബിപിൻ ചന്ദ്രൻ (തിരക്കഥകാരൻ ), എംഡി രാജേന്ദ്രൻ, കെ.പി.എസി രവി... ഇനിയുമുണ്ട് പേരുകൾ. കൂടാതെ പി.ടി ചാക്കൊ, റോസമ്മ പുന്നൂസ് തുടങ്ങി എണ്ണം പറഞ്ഞ രാഷ്ടീയക്കാരുടെ നാടുമാണിത്. ചെറുവള്ളി ജഡ്ജി അമ്മാവൻ ക്ഷേത്രം പോലെ ഒത്തിരി പ്രത്യേകതകളുള്ള ക്ഷേത്രങ്ങൾ ഇവിടെയുണ്ട്, സീറോ മലബാർ സഭയുടെ ദേവാലയങ്ങൾ മോസ്കുകൾ ഇവയാലും സമ്പന്നമാണ് ഈ നാട്.
ഒരു രസകരമായ കാര്യം കൂടി പറയട്ടെ, കൂവത്താഴെ എന്ന വാക്ക് ലോപിച്ച് കാലാന്തരത്തിൽ കോത്താഴം ആയിത്തീർന്നു. ശുദ്ധമനസ്കരായ ഗ്രാമീണരാണ് ഇവിടെയുള്ളത് അവരെ പ്രവർത്തികളെ, അമളികളെ കളിയാക്കാനായി സമീപ പ്രദേശത്തുകാർ നീയല്ലേലും കോത്താഴത്തുകാരനല്ലേ എന്ന് ഇപ്പോഴും പറയാറുണ്ട്. ഉപ്പുമാങ്ങാ അച്ചാറിടാൻ വലിയ പാത്രം ലഭിക്കാഞ്ഞത് ഒരു വലിയ കുളത്തിൽ ഉപ്പും മാങ്ങായും ഇട്ടു പാകമായ സമയത്ത് അരയിൽ കുടവും കെട്ടി, കൂടുതൽ മാങ്ങായെടുക്കാൻ കുളത്തിൽ ഇറങ്ങിയ ഗ്രാമീണർ കുടത്തിന്റെ ഭാരം കരണം കുളത്തിൽ മുങ്ങിപ്പോയത്രേ. ഞാനും ചിലപ്പോൾ എന്റെ ചേട്ടനെ കോത്താഴം പറഞ്ഞ് കളിയാക്കി വഴക്കു കേൾക്കാറുണ്ട്.
കാർഷിക സംസ്കാരത്തിൽ വളർന്നു വന്ന ഈ നാട് ഇന്ന് തനതു കൃഷികളായ ഭക്ഷ്യ വിളകളെ വിട്ട് റബ്ബറിലേക്ക് തിരിഞ്ഞിരുന്നു. ചെറുപുഴകളും മൊട്ടക്കുന്നുകളും ഇടതൂർന്ന കൃഷിത്തോട്ടങ്ങളും എല്ലാം മനസ്സിന് ആനന്ദമേകുന്നവ തന്നെ. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉയർന്ന ചിന്താഗതിയുള്ള യുവതലമുറയാണ് ഈ നാടിന്റെ ഒരു പ്രത്യേകത. സമീപ പ്രദേശങ്ങളായ കങ്ങഴയിലും ചിറക്കടവിലും ജനങ്ങൾ ഉത്സവങ്ങളെയും, ആഘോഷങ്ങളെയും കൂട്ടായ്മകളെയും സ്നേഹിക്കുന്നു.
നമുക്ക് നഷ്ട്ടമായി കൊണ്ടിരിക്കുന്ന ഈ ഗ്രാമങ്ങളുടെ വിശുദ്ദിയും നിഷ്കളങ്കരായ ഗ്രാമീണ സൗഹൃദങ്ങളും എന്നും നില നിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു...!
നന്ദി...!

No comments:

Post a Comment