Saturday, April 2, 2016

എൻറെ അച്ഛൻ



ഒരു തുലാവർഷത്തിനൊടുവിൽ,
ഏകാദശിയിൽ മറഞ്ഞ സൂര്യൻ -
അന്നാദ്യമായ് കാറ്റിൽ, ആകാശത്തിൽ,
പ്രകൃതിയിൽ, ദേഹിയായ്
അച്ഛനെ ഞാനറിഞ്ഞു.
കാതങ്ങൾക്കിപ്പുറം യാത്രയിലെൻ
സാന്ത്വനമായതും,
അച്ഛനെന്നാൽ ഒരു 'അനുഭവം' എന്നെൻ
കാതിലുരുവിട്ടതും
ദുഃഖത്തിനുമേൽ വേദാന്ത
സാരപ്പുതപ്പണിഞ്ഞതും
ധനഞ്ജയരൂപിയായെൻ പിതൃവാത്സല്യം.
ഊട്ടിവളർത്തിയ മൂല്യങ്ങളായെനിക്കച്ഛൻ,
ലോഭമില്ലാതെ ചൊരിഞ്ഞ
അനുഗ്രഹകവചം-
കടുത്ത പുറന്തോടിൽ മറച്ച വാത്സല്യവും.
ദ്വാദശിയിൽ ചിതയൊരുങ്ങും മുൻപ് ഞാൻ കണ്ടു -
ശാന്തമായ് മയക്കത്തിലും ഗാംഭീര്യം മായാത്ത മുഖം,
അൽപമാം നരകളിൽ മങ്ങാത്ത തേജസ്സ്.
കരയാനെനിക്കനുവാദമില്ല -
അമ്മയെ കാണണം
നിറകണ്ണുകളിൽ കിനിയുന്ന ചോദ്യമറുക്കണം
എന്തിനൊറ്റയ്ക്കു പോയി?
ഒടുവിൽ, തെക്കിനിയിൽ
ചിതയൊരുങ്ങുമ്പോൾ,
പെട്ടിയിൽ നിന്നെടുത്ത തണുത്ത
ശരീരത്തിൽ ഒന്നു തൊടണം -
എന്നും അനുഗ്രഹത്തിനായ് മാത്രം നീട്ടിയ
ആ കരങ്ങൾ അവസാനമായ് ശിരസ്സിൽ വയ്ക്കണം -
എന്തേ ഞാനേട്ടനോടത് പറഞ്ഞില്ല?
ദു:സ്സഹമാക്കുന്നിന്നതെൻ നഷ്ടത്തെ
പുകയുമോരോർമയായ്, വിങ്ങലായ്.
കാലം മുന്നോട്ടു പോവും,എല്ലാം മറക്കും,
ദുഃഖങ്ങളൊക്കെയും മുറിവായും,
പിന്നെ മുറിപ്പാടുകളായും മാറും
പുതിയ ഓർമ്മകൾ പലതും മറയ്ക്കും -
തത്വങ്ങൾ വ്യാമോഹങ്ങളാവുന്നതും
ഞാനറിഞ്ഞു.
ചില വിടവുകൾ നികത്താനാവാത്തത്,
ചില അനുഭവങ്ങൾ അനന്തഗാമികളും.

No comments:

Post a Comment