Saturday, April 2, 2016

മഹാഭാരത നായികമാർ മലയാള നോവലിൽ



ഭാരതീയ സംസ്കാരത്തിൽ ആദർശസ്ത്രീത്വത്തെക്കുറിച്ചുള്ള സങ്കൽപ്പം അരക്കിട്ടുറപ്പിച്ചത് ഇതിഹാസങ്ങളാണ് .സ്ത്രീത്വത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ആദര്ശാത്മകമായി ചിത്രീകരിക്കപ്പെട്ടു .
മഹാഭാരത നായികമാർക്ക് മലയാളനോവലിലെ നായികമാരായപ്പോൾ എന്ത് സംഭവിച്ചു എന്നറിയാൻ ആദ്യം രണ്ടുഭാഗത്തും ഉള്ള സ്ത്രീ സങ്കൽപ്പങ്ങൾ തമ്മിലുള്ള അകലം മനസ്സിലാക്കേണ്ടിയിരിക്കുന്നു .ഭാര്യാത്വം ,മാതൃത്വം ,പുത്രീത്വം എന്നിങ്ങനെ സ്ത്രീത്വത്തെ ആദർശവത്ക്കരിക്കുന്ന പ്രവണതയാണ് ഇതിഹാസങ്ങളിൽ കാണപ്പെടുന്നത് ..യഥാര്ഥജീവിതത്തിൽ സ്ത്രീക്ക് ലഭിക്കാനിടയില്ലാത്ത ദിവ്യപരിവേഷവും അവൾക്കു ചാർത്തിക്കൊടുത്തിട്ടുണ്ട് .ഭർതൃശുശ്രുഷ ജീവിത വൃത്തമായി കാണുന്ന ഭാര്യമായുടെയും ,മക്കൾക്ക്‌ വേണ്ടി നിസ്വാർഥജീവിതം അനുഷ്ടിക്കുന്ന അമ്മമാരുടെയും കഥകൾ നിരവധിയുണ്ട് .സാമൂഹ്യജീവിതത്തിന്റെ ഭദ്രതയ്ക്കും പുരുഷാധിപത്യത്തിന്റെ മേൽക്കോയ്മയ്ക്കും സാഹചര്യം ഒരുക്കുന്ന രീതിയിൽ നന്നായി അടിച്ചു പതംവരുത്തി വച്ചിട്ടുണ്ട് എഴുത്തുകാരൻ .
ഇതിഹാസനായികമാരായ സീത ,സാവിത്രി ,ദ്രൗപതി ,എന്നീ ഭാര്യമാരും ,കൌസല്ല്യ ,കുന്തി ,ഗാന്ധാരി എന്നീ അമ്മമാരും സൃഷ്ടിച്ച ആദർശ സ്ത്രീ സങ്കൽപ്പത്തിന് ഇന്നും ഭാരതീയ സംസ്കാരത്തിൽ പ്രസക്തി നശിച്ചിട്ടില്ല .എന്നാൽ ആധുനിക സാഹചര്യത്തിൽ ജീവിക്കുന്ന ഇന്നത്തെ സ്ത്രീക്ക് ഈ സങ്കൽപ്പത്തോട് ഇപ്പോഴും നീതി പുലർത്താൻ കഴിഞ്ഞെന്നു വരില്ല .
മലയാളത്തിലെ മൂന്നു ഇതിഹാസ നോവലുകളായ "പി .കെ .ബാലകൃഷ്ണന്റെ -"ഇനി ഞാൻ ഉറങ്ങട്ടെ ", "എം .ടി .വാസുദേവൻ നായരുടെ -"രണ്ടാമൂഴം ", "വി ഡി നന്ദകുമാറിന്റെ -"എന്റെ കര്ണ്ണൻ" .എന്നിവ മഹാഭാരത നായികമാർക്ക്‌ പുതിയൊരു മുഖഛായ നൽകുന്നു .
ആധുനികമെന്നോ കേരളീയമെന്നോ വിശേഷിപ്പിക്കാവുന്ന സ്ത്രീ സങ്കൽപ്പങ്ങളുടെ സ്വാധീനവും ഈ നോവലുകളിൽ കാണാൻ സാധിക്കും .
മൂന്നു നോവലുകളിലും കേന്ദ്ര കഥാപാത്രങ്ങൾ ദ്രൗപദി ,കുന്തി ,ഗാന്ധാരി എന്നീ ഇതിഹാസ കഥാപാത്രങ്ങളാണ് .അവരുടെ ബാഹ്യമായ കാഴ്ചപ്പാട് ഇതിഹാസത്തോട് യോജിക്കുന്നു എങ്കിലും മാനസിക വ്യാപാരങ്ങൾ തികച്ചും വ്യത്യെസ്ഥമാണ് .
നമുക്ക് ദ്രൗപദിയെ നോക്കാം ..."രൂക്ഷമായ ആത്മസങ്ഖർഷവും ആത്മവ്യഥക്കും പുറമേ ഏകാന്ത ദുഖവും അവളെ അലട്ടുന്നതായിട്ടാണ് "ഇനി ഞാൻ ഉറങ്ങട്ടെ "യിൽ ചിത്രീകരിക്കുന്നത് .അവൾ ചിരകാല ശത്രുവായി കണ്ട കർണ്ണൻ തന്റെ ഭർത്താക്കന്മാർക്ക് ജീവൻ ദാനം ചെയ്ത ആത്മ ബന്ധു ആണെന്ന് അറിയുമ്പോൾ അവൾ പകച്ചു പോവുകയും ആത്മ സന്ഖർഷത്തിൽപ്പെട്ടു പോവുകയും ചെയ്യുന്നു .അവളുടെ മനസ്സിൽ ഒരു ആത്മനിന്ദ കൂടി കടന്നു വരുന്നത് വായനക്കാർക്ക് അനുഭവപ്പെടുന്നു ..
"രണ്ടാമൂഴത്തിൽ" അവൾക്കു പ്രാധാന്യമേ കൽപ്പിക്കപ്പെടുന്നില്ല ...പാണ്ഡവരുടെ പത്നി എന്നാ സ്ഥാനം മാത്രം ...അവിടെയും ഭീമനോടുള്ള കൂടുതൽ സ്നേഹം പ്രകടമാക്കുന്നു ...കൗരവ സദസ്സിലേക്ക് വലിചിഴയ്ക്കപ്പെടുന്ന ഭാഗത്ത് മാത്രമാണ് അവളിലെ സ്ത്രീത്വത്തിനു പ്രാധാന്യം കൈവരുന്നുള്ള് ...വെറും ഭാര്യാധർമ്മം അനുഷ്ടിക്കുന്ന ,അവരുടെ പങ്കാളിയാവുക എന്ന ചുമതല മാത്രമാണ് എം ഡി യുടെ ദ്രൗപദിയിൽ കാണാൻ കഴിയുന്നത്‌ ..
എന്റെ എന്റെ കർണ്ണനിൽ "അവളുടെ കഥയ്ക്കാകെ മാറ്റം വരുന്നു ,കർണ്ണനെ നായകസ്ഥാനത്ത് നിർത്തുന്ന ആ കഥയിൽ അവസാന ഭാഗത്ത് മാത്രമാണ് ദ്രൗപദി കടന്നു വരുന്നത് ...ആയുധപ്പരീക്ഷയിൽ മത്സരിക്കാൻ എത്തിയ സൂര്യ തേജസ്സാം കർണ്ണനിൽ ആകൃഷ്ടയാകുന്നു അവൾ .
ഈ മൂന്നു നോവലിലും ദ്രൌപദിയുടെ ചിത്രം ഒന്ന് താരതമ്യം ചെയ്തു നോക്കാം .."ഇനി ഞാൻ ഉറങ്ങട്ടെയിൽ "ഭർതൃ സ്നേഹത്തിനു വേണ്ടി കേഴുന്ന ദ്രൗപദി ."എന്റെ കർണ്ണനിൽ "പൌരുഷശാലിയായ കർണ്ണനെ ഭർത്താവായി ലഭിക്കാത്തതിൽ നിരാശ പൂണ്ടിരിക്കുന്ന ദ്രൗപദി ,"രണ്ടാമൂഴത്തിൽ "ഭർത്താക്കന്മാർക്ക് ലൈംഗിക സുഖം മാത്രം നൽകുന്ന മനസ്ചഞ്ചല്ല്യം ഏതുമേയില്ലാത്ത ദ്രൗപദി .
ഇവിടെയൊക്കെ സ്ത്രീത്വം അപമാനിക്കപ്പെട്ടപ്പോഴും ,കൊടിയ ദുഃഖങ്ങൾ അനുഭവിക്കുമ്പോഴും പ്രതികാര ചിന്തയല്ലാതെ മറ്റൊന്നും അവളിൽ കാണുന്നില്ല ..സ്ത്രീസഹജമായ എല്ലാ ദൌർബല്യങ്ങളും ഉള്ള ഒരു സാധാരണ പെണ്ണായി മാറുന്നു ഇവിടെയൊക്കെ അവൾ ...
കുന്തി
----------
കളങ്കബോധം ഉള്ളിലൊതുക്കി മാതൃധർമ്മം നിറവേറ്റിയ ആദർശ മാതാവായാണ് ഇതിഹാസം കുന്തിയെ ചിത്രീകരിച്ചിരിക്കുന്നത് ..എന്നാൽ കന്യകയായിരിക്കെ ഗർഭം ധരിക്കുകയും കുഞ്ഞിനെ ഉപേഷിക്കുകയും ചെയ്യേണ്ടി വന്നത് കാരണം ജീവിതകാലം മുഴുവൻ ധർമ്മ സങ്കടത്തിൽപ്പെടുന്ന മാതാവായിട്ടാണ് "ഇനി ഞാൻ ഉറങ്ങട്ടെയിൽ കുന്തിയെ ചിത്രീകരിച്ചിരിക്കുന്നത് "പാണ്ഡവമാതാവ് എന്നാ നിലയ്ക്കല്ല കർണ്ണമാതാവ് എന്ന നിലയ്ക്കാണ് കുന്തിയെ നമ്മളിവിടെ കാണുന്നത് ..
"രണ്ടാമൂഴത്തിൽ "കർണ്ണനെക്കുറിച്ചുള്ള ഓർമ്മകൾ കുന്തിക്ക് കർത്തവ്യ നിർവ്വഹനത്തിനു തടസ്സമാകുന്നില്ല .ഉപദേശവും ,ധൈര്യവും പകർന്നു പാന്ടവർക്ക് വേണ്ടത്ര കരുതൽ നൽകുന്നുണ്ട് കുന്തി ..അഞ്ചു വീര സന്താനങ്ങളുടെ അമ്മ എന്ന നിലയിൽ അഭിമാനം കൊള്ളുന്ന ഇതിഹാസത്തിലെ പാണ്ഡവമാതാവിനോടാണ് ഇവിടെ കുന്തിക്ക് കൂടുതൽ സാദൃശ്യം ...തകർന്ന തറവാടിന്റെ പുനപ്രതിഷ്ടക്ക് പരിശ്രമിക്കുന്ന തരവാട്ടമ്മയെപ്പോലെ എം ഡി യുടെ കുന്തിയെ നമുക്ക് കാണാം .
"എന്റെ കർന്നനിലെ "കുന്തിക്ക് ആദർശ മാതാവിന്റെ പരിവേഷം തീരെയില്ല .സ്വന്തം കാമചാപല്ല്യം വരുത്തിവച്ച വിനാശവും അതിന്റെ പരിണിതഭലമായ ജാരസന്തതിയെ ബോധപൂർവം കൈയ്യോഴിയുവാനുള്ള മനസ്സും, ജീവിതവും സ്ഥാനമാനങ്ങളും നേടിയെടുക്കാനുള്ള പ്രവണതയിൽ ആ ജാരസന്തതിയെക്കുറിച്ചുള്ള ഓർമ്മകൾ പോലും മായ്ച്ചുകളയാൻ ശ്രമിക്കുന്ന സ്വാർഥയായ സ്ത്രീയാണ് കുന്തി .
മൂന്നുനോവലിലെയും കുന്തി മാതൃധർമ്മം നിറവേറ്റിയ അമ്മ തന്നെ .പക്ഷെ ഒരിടത്ത് കന്യകാഗർഭത്തിൽ ഉണ്ടായ മകൻ ജീവിതത്തെ ധർമ്മ സങ്കടത്തിൽപ്പെടുത്തുമ്പോൾ മറ്റൊരിടത്ത് മകനെക്കുറിച്ചുള്ള ഓർമ്മകൾ പോലും കടന്നു വരുന്നില്ല .മൂന്നാമാതോരിടത്തു സ്വന്തം നില ഭദ്രമാക്കാൻ ആഗ്രഹിക്കുന്ന അമ്മയ്ക്ക് ജാരസന്തതിയെന്ന നിലയിൽ അവനെ കയ്യോഴിയെണ്ടി വരുന്നു .പിന്നീടവന്റെ സുന്ദരമായ രൂപം കാണുമ്പോൾ ഒന്ന് മാരോടനയ്ക്കാൻ കൊതി തോന്നുന്നു ."ഇനി ഞാൻ ഉറങ്ങ"ട്ടെയിൽ ഇതിഹാസ മാതാവിന്റെ ആദർശപരിവേഷത്തിനു കാര്യമായ മങ്ങലെൽക്കുന്നില്ല .രണ്ടാമൂഴത്തിൽ തകർന്ന കേരളീയ തറവാട്ടംമയെ പ്പോലെയും .ഒരു കാലഘട്ടത്തിൽ കേരളീയ അമ്മമാരുടെ ജീവിതം ഇതു തന്നെയായിരുന്നു ..തകർന്നു തുടങ്ങുന്ന തറവാട്ടിലെ സാമ്പത്തികശേഷി ഇല്ലാത്ത പുരുഷന്മാരെ വിവാഹം ചെയ്യേണ്ടി വരുന്ന ഭാര്യമാർക്ക് ബലവാന്മാരായ മക്കളിലൂടെയെങ്കിലും പ്രതാപം കൈവരും എന്ന് പ്രത്യാശിക്കുന്ന അമ്മമാർ .ഈ വിഭാഗത്തിൽപ്പെടുന്ന ഒരമ്മയുടെ
മുഖമാണ് രണ്ടാമൂഴത്തിൽ കാണുന്നത് ..
ഗാന്ധാരി
----------------
ദ്രൗപദിയെയും കുന്തിയും അപേക്ഷിച്ച് ഗാന്ധാരിക്ക് അപ്രധാനമായ സ്ഥാനമേ മൂന്നു നൊവലുകളിലുമുള്ളൂ ."ഇനി ഞാൻ ഉറങ്ങട്ടെ"യിൽ ഒരു രംഗത്ത് മാത്രം ഗാന്ധാരിയെ നാം കാണുന്നു ."രണ്ടാമൂഴത്തിൽ" ഗാന്ധാരി പ്രത്യക്ഷപ്പെടുന്നത് കുന്തീസുതന്മാരും സ്വന്തം മക്കളും തമ്മിൽ കലഹിക്കുന്നതറിഞ്ഞു അവരെ ശാസിക്കാൻ വിളിച്ചു കൂട്ടിയ ഒരു രംഗത്ത് മാത്രമാണ് .
ഇവർക്ക്‌ പുറമേ ഹിടിമ്പി , ,രാധ ...തുടങ്ങിയവരും അപ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട് .
മൂന്നു നോവലുകളിലെയും സ്ത്രീ കഥാപാത്രങ്ങളെ അവലോകനം ചെയ്യുമ്പോൾ അവർ ഇതിഹാസ നായികമാരെ അപേക്ഷിച്ച് സാധാരണ ക്കാരായ ആധുനിക സ്ത്രീകളോട് കൂടുതൽ സാദൃശ്യം കാണിക്കുന്നു .
"പി കെ ബാലകൃഷ്ണൻ" തന്റെ നായികമാരെ ഇതിഹാസ നായികമാരിൽ തന്നെ ഒതുക്കി നിരത്തി ,ചിന്തയിൽ മാത്രം ആധുനിക നാരിയോടു അടുപ്പിക്കാൻ ശ്രമിച്ചിരുന്നു ."എം ഡി" യാകട്ടെ അവരെ കേരളീയ സ്ത്രീയോട് അടുപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു ."നന്ദകുമാരാകട്ടെ" സമകാലീന സാഹചര്യങ്ങളിൽ ജീവിക്കുന്ന പല സ്ത്രീകളുടെ ഛായ വരച്ചു കാണിക്കുന്നു ..
ചുരുക്കത്തിൽ ആധുനിക സ്ത്രീത്വത്തിന്റെ ചിതറിയ ചിത്രങ്ങൾ അവതരിപ്പിക്കുകയാണ് ഈ നോവലുകളിൽ നമ്മുടെ എഴുത്തുകാർ ചെയ്തത് എന്ന് പറയാം .....

No comments:

Post a Comment