Saturday, April 2, 2016

ക്ഷേത്രപ്രവേശന വിളംബരം



മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ കന്യാകുമാരിയിൽ നിന്നും ഗോകർണ്ണം വരെ മഴുവെറിഞ്ഞതിലൂടെ നിർമ്മിക്കപ്പെട്ടതെന്ന് പുരാണങ്ങളിൽ പറയുന്ന ഭൂമി.
കേരളം ,
ബി. സി. 4000 മുതലുള്ള കേരളചരിത്രം കുറിക്കപ്പെട്ടിട്ടുണ്ടെങ്കിലും , ബി . സി . 300 ൽ ആര്യന്മാർ ഉത്തരേന്ത്യയിൽ നിന്നും ഇവിടെയെത്തിയതുമുതലുള്ള ചരിത്രത്തിനു മാത്രമേ കൃത്യമായ പിൻബലമുള്ളൂ.
അന്നുമുതൽക്കു തന്നേ ഈ നാട്ടിൽ ജാതിമത വർഗ്ഗവർണ്ണ വ്യത്യാസവും നിലനിന്നിരുന്നു.
ഉന്നതകുലജാതർക്കും ,ശ്രേഷ്ഠജാതിക്കാർക്കും അനുവദിച്ചു കൊടുക്കപ്പെട്ടിരുന്ന സ്ഥാനമാനങ്ങളും അവകാശങ്ങളും അവർ സസന്തോഷം കൈയ്യാളുകയും അധ:കൃതരെ അടിമകളെപ്പോലെ ഉപയോഗിക്കുകയും ചെയ്തുപോന്നു .
കാലം ദീർഘദൂരം പിന്നിട്ടിട്ടും , പല വിദേശ പ്രമാണിമാർക്ക് വിധേയരായി കൊടുക്കേണ്ടി വന്നിട്ടും ഇവിടത്തെ ജാതിചിന്തകൾക്ക് തെല്ലുപോലും തുരുമ്പെടുത്തില്ല . പരമ്പരാഗതമായി വാഗ്ദത്തഭൂമിക്കു കിട്ടിയ അവകാശം പോലെ അവ അഭംഗുരം തുടർന്നുപോന്നു.
ഭൂമി ജന്മിക്കു സ്വന്തം, വിള യജമാനനു സ്വന്തം , അടിയാളന്മാരിലെ സ്ത്രീശരീരങ്ങളെ ഇഷ്ടപ്പെട്ട മേലാളൻമാർക്ക് അത് സ്വന്തം. മാറു മറക്കാൻ അനുവാദമില്ലാത്ത സ്ത്രീകൾ , യന്ത്രം പോലെ ജോലി ചെയ്യാൻ മാത്രം വിധിക്കപ്പെട്ട , അവകാശങ്ങളോന്നും ആഗ്രഹിക്കാൻ പോലും അനുമതിയില്ലാത്ത ജന്മങ്ങൾ. ക്ഷേത്രങ്ങളിൽ കയറാനും ദൈവങ്ങളെ ആരാധിക്കാനും അനുവാദമില്ലാത്ത കീഴ്ജാതിക്കാർ . അവർക്കായി അധ:കൃത ദൈവങ്ങളും സൃഷ്ട്ടിക്കപ്പെട്ടു . താണ ജാതിക്കാരന് ആരാധിക്കാൻ , വണങ്ങാൻ താണ ദൈവങ്ങൾ . ഇന്ന് നാം സമാനതയും , തുല്യനീതിയും , മതനിരപേക്ഷതയും ഒക്കെ പറയുന്ന ഈ ദൈവത്തിന്റെ സ്വന്തം നാടിന്റെ മുൻകാല അവസ്ഥയാണ് നാം കണ്ടത് .
1947 ൽ ഭാരതം സ്വതന്ത്രമായപ്പോൾ തിരുവതാകൂറും കൊച്ചിയും അതിന്റെ ഭാഗമായി .1949 ജൂലൈ 1 ന് രണ്ടു സംസ്ഥാനങ്ങളും ചേർന്ന് തിരുക്കൊച്ചി രൂപീകൃതമായി . പിന്നീട് 1956 നവംബർ 1 നു മലബാറും കൂട്ടിച്ചേർത്ത് കേരളസംസ്ഥാനം നിലവിൽവന്നു .
കുറെയേറെ ചരിത്രസംഭവങ്ങൾക്ക് ഈ കൊച്ചു നാട് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും 1936 നവംബർ 12 നു പുറപ്പെടുവിക്കപ്പെട്ട ക്ഷേത്രപ്രവേശന വിളംബരം ഈ നാടിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ സംഭവമാണ് .
കേരളജനത സാമൂഹികമാറ്റങ്ങൾക്കു വേണ്ടി നൂറ്റാണ്ടുകൾക്കുമുൻപു മുതലേ മുറവിളി കൂട്ടിയിട്ടുള്ള ഒരു സമൂഹമാണ് . തിരസ്കരിക്കപ്പെടെണ്ടിയിരുന്നതും , പൗരാണികവുമായ വിശ്വാസങ്ങളെയും അനുഷ്ട്ടാനങ്ങളെയും മുറുകേപ്പിടിച്ചു നടന്നു നീങ്ങിയ ഒരു ജനതതിയെ എതിർക്കാനും പുരോഗമനപരമായ ആശയങ്ങൾ പ്രചരിപ്പിക്കുവാനും ആയി പല വ്യക്തികളും പ്രസ്ഥാനങ്ങളും മുന്നോട്ടു വന്നെങ്കിലും സവർണ്ണരും ഉന്നതകുല ജാതരും വിദ്യാസമ്പന്നരും, ധനികരുമായ ഒരു കൂട്ടം അതിനെ എതിർത്തു. ബുദ്ധി കൊണ്ടും പണം കൊണ്ടും മാനുഷികശക്തി കൊണ്ടും അവയെ ചവിട്ടിമെതിച്ചു . പക്ഷേ എന്നും എന്തിനെയും അടക്കിവക്കാനാവില്ലല്ലോ . നിരന്തരമായ ചെറുത്തുനിൽപ്പിനോടുവിൽ കേരളത്തിൽ ആരാധനാലയങ്ങളിൽ നിലനിന്നിരുന്ന ജാതീയ ദുരവസ്ഥ അവസാനിപ്പിച്ചുകൊണ്ട് തിരുവതാംകൂറിന്റെ അവസാനത്തെ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ തന്റെ ഇരുപത്തിനാലാം ജന്മദിനത്തിൽ ക്ഷേത്രപ്രവേശന വിളമ്പരം പുറപ്പെടുവിച്ചു . ജന്മം കൊണ്ടോ വിശ്വാസം കൊണ്ടോ ഹിന്ദുവായ ആർക്കും ജാതി വർണ്ണവ്യത്യാസമില്ലാതെ തിരുവതാംകൂർ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാനും ആരാധിക്കാനും അനുമതി നല്കപ്പെട്ടു .
ഈ പുരോഗമനപരമായ ചിന്തയിലേക്ക് മഹാരാജാവിനെ കൊണ്ടുചെന്നെത്തിച്ചതിന് സാത്വികനായ ഒരു നല്ല മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം എന്നതിനപ്പുറം നാളുകളായി സമൂഹത്തിൽ ഉയർന്നു കേട്ടിരുന്ന എതിർപ്പുകളും മുറവിളികളും കാരണമായിട്ടുണ്ടാവം . വൈക്കം സത്യാഗ്രഹം , നിവർത്തന പ്രക്ഷോഭണം , ഗുരുവായൂർ സത്യാഗ്രഹം എന്നിവയൊക്കെ ഇതിനു കാരണമായിട്ടുണ്ടാവും എന്ന് നിശ്ചയമായും കരുതാം . ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ മഹാരാജാവ് തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരേയും ഒക്കെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിച്ചാലുണ്ടാവുന്ന പരിണിത ഫലങ്ങളെപ്പറ്റി മനസ്സിലാക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു 1932 ൽ . 1934 ൽ എല്ലാ പൗരന്മാർക്കും പൊതുവഴികളും പൊതുസത്രങ്ങളും പൊതുകിണറുകളും ഉപയോഗിക്കാനുള്ള അവകാശവും കൊടുത്തു .
1936 നവംബറിൽ ഗാന്ധിജിയുടെ ഉപദേശപ്രകാരം കുറെയേറെ സവർണ്ണ ഹിന്ദുക്കൾ ഒപ്പിട്ട ഒരു അപേക്ഷ മഹാരാജാവിനു സമർപ്പിക്കപ്പെട്ടു . അദ്ദേഹം നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശയും മാറ്റങ്ങൾക്കു വേണ്ടിയുള്ള ജനങ്ങളുടെ അനിതരസാധാരണമായ മുറവിളിയും ഗാന്ധിജിയുടെ പിന്തുണയും ഒക്കെ കൂടി ഈ വിളംബരം പുറപ്പെടുവിക്കുവാൻ മഹാരാജാവിനെ നിര്ബന്ധിതനാക്കി എന്നു കരുതണം .
ഇതിന്റെ ചുവടുപിടിച്ച് 1947 ഡിസംബർ 2 നു കൊച്ചിയിലും എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിച്ചു . മദ്രാസ് ഗവൺമെന്റ് 1947 ജൂൺ 12 ന് ഇത് നിയമമാക്കി .
വീണ്ടും അസഹിഷ്ണതയുടെയും , ജാതിയുടെയും , മതത്തിന്റെയും , ഭാഷയുടെയും , വസ്ത്രത്തിന്റെയും , ഭക്ഷണത്തിന്റെയും നിമ്നൊന്നതികളിലേക്ക് നാം നടന്നുപോകുന്ന ഇക്കാലത്ത് , നമ്മുടെ മുൻതലമുറക്കാർ കൂട്ടിയ മുറവിളിയും സഹിച്ച ഇകഴ്ത്തലുകളും അതുവഴി കൈവരിച്ച സമത്വവും ഓർമ്മിക്കാം.
വീണ്ടും ഒരു സമത്വ , സഹിഷ്ണതാ വിളംബരത്തിനുവേണ്ടി മുറവിളി കൂട്ടേണ്ടി വരാതിരിക്കട്ടെ .

No comments:

Post a Comment