Saturday, April 2, 2016

ആനന്ദിരാമചന്ദ്രൻ.





ആനന്ദിരാമചന്ദ്രൻ.
പ്രമുഖഎഴുത്തുകാരിയും പരിസ്ഥിതിപ്രവര്‍ത്തകയും.
തിരുവനന്തപുരം, നെടുമങ്ങാട് താമസം. പ്രകൃതീയം ( Conscious Living and Natural Wisdom)
എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക.
----------------------------------------------
നഗരത്തിന്റെ തിരക്കില്‍ നിന്നൊക്കെ ഒഴിഞ്ഞ് മനോഹരമായ ഒരു ഗ്രാമം. രാവിലെ ഉണരുമ്പോള്‍ കാണുന്നത് പ്രശാന്തസുന്ദരമായ, പച്ചപ്പ്‌ നിറഞ്ഞ പാറകള്‍ നിറഞ്ഞ സ്ഥലം. ഒരു ദിവസം അമ്മ Anandi Ramachandranഇങ്ങനെ ഒരു സ്വപ്നം കണ്ടു . അവിടെയുള്ള ഏറ്റവും വലിയപാറ ആയ മയിലാടുംപാറ വെടിവയ്ക്കാന്‍ പോകുന്നു. അത് വെറും സ്വപ്നമായിരുന്നില്ല , മറിച്ചു സത്യമായി മാറുന്നു എന്ന് മനസ്സിലാക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ആ പാറയുടെ മുകളില്‍ നിന്നാല്‍ ചുറ്റും കാണുന്ന മനോഹര ദൃശ്യം. നല്ല ശുദ്ധമായ വായു. മനസ്സിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചകള്‍ ഒക്കെയും.....
അങ്ങോട്ട്‌ ഒരു സമരമുറ തന്നെയായിരുന്നു. സമീപത്തെ പാറമടയില്‍ ദ്രുതഗതിയില്‍ നടക്കുന്ന പാറഖനനം മരവിപ്പിക്കാനായി ആദ്യശ്രമം. അതിനുവേണ്ടി നിയമപരമായി തന്നെ മുന്നോട്ടു പോകുമ്പോഴാണ് പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ നേരില്‍ ബോധ്യമാകുന്നത്‌. ഭരണം നിര്‍വഹിക്കുന്നവരും ഭരിക്കാന്‍ തയ്യാറെടുക്കുന്നവരും എല്ലാം ഒറ്റക്കെട്ടായി മുകള്‍ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥ. വെറും സാധാരണക്കാരന് മാത്രമേ പക്ഷം ഉള്ളൂ എന്ന തിരിച്ചറിവ് പ്രകൃതിയെ സ്നേഹിക്കുന്ന ആനന്ദിയമ്മയ്ക്ക് വളരെ ദുഃഖം നല്കുന്നതായിരുന്നു.
വികസനത്തിന്റെ കാര്യം പറഞ്ഞുകൊണ്ട് ഭരണകര്‍ത്താക്കള്‍, നമ്മുടെ ഗ്രാമങ്ങളിലെ ശുദ്ധവായുവും ജലവും ഉള്‍പ്പെടെ മനുഷ്യന്റെ പ്രാഥമികമായ അവശ്യഘടകങ്ങള്‍ക്ക്പോലും നാം കുത്തകമുതലാളിമാരെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഒന്ന് ആലോചിച്ചാല്‍ നമുക്ക് മനസ്സിലാകും. എന്ന് മുതലാണ്‌ നാം പുറത്തുപോകുമ്പോള്‍ കുടിക്കാന്‍ വെള്ളം കൂടെ കരുതാന്‍ തുടങ്ങിയത് ? എവിടെയും ലഭ്യമായിരുന്ന കുടിവെള്ളം കുപ്പികളിലാക്കി കാശുകൊടുത്ത് വാങ്ങേണ്ടിവരുന്ന അവസ്ഥ വിരല്‍ ചൂണ്ടുന്നത് എങ്ങോട്ടാണ്? മുഖം ചുളിക്കേണ്ട കാര്യമില്ല, കരുതിക്കോളൂ ഒരു ബോട്ടില്‍ കൂടി ചുമക്കാനുള്ള മനസ്സ് , മറ്റൊന്നുമല്ല, നാളെ നമുക്ക് ജീവന്‍ നിലനിര്‍ത്താനുള്ള ഓക്സിജന്‍ തന്നെ. അവിടെ എത്തുമ്പോഴേ സാധാരണക്കാരന്‍ അറിയൂ എന്നതാണ് ആനന്ദിയമ്മ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും.
യു എ ഇ യില്‍ നല്ല രീതിയില്‍ ബിസിനസ് നടത്തിക്കൊണ്ടിരിക്കുന്ന ആനന്ദിയമ്മ, ഈ പ്രകൃതിസംരക്ഷണത്തിനു വേണ്ടി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്വന്തം കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ക്കുവേണ്ടി ഓടുന്നതിനേക്കാള്‍ കൂടുതല്‍ ഇതിനുവേണ്ടി ഓടേണ്ടി വന്നിട്ടുണ്ടെന്ന് അമ്മ പറയുന്നു. ഇപ്പോള്‍ അതിനുവേണ്ടിത്തന്നെ അല്പം ദീര്‍ഘമായ ഒരു അവധിയില്‍ നാട്ടില്‍ തന്നെയുണ്ട് . ഇപ്പോള്‍ പശ്ചിമഘട്ട സംരക്ഷണസമിതിയുമായി സഹകരിച്ചു മുന്നോട്ടു പോകുന്നു.
കരിങ്കല്‍ഖനനത്തിന്റെ നിരന്തരമായ സ്വാധീനഫലമായി പത്തൊന്‍പതുപേരില്‍ കാന്‍സര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഏറ്റവും വിഷമിപ്പിക്കുന്ന വസ്തുത ഇവര്‍ക്കൊക്കെ ധനസഹായം കൊടുത്തുകൊണ്ട് വായ അടപ്പിക്കുന്നു എന്നുള്ളതാണ്. ഇന്നത്തെ അവസ്ഥയെക്കുറിച്ച് മാത്രമേ അവര്‍ ചിന്തിക്കുന്നുള്ളൂ. 'എന്ടോസള്‍ഫാന്‍ ' ഉപയോഗത്തിന്റെ ക്രൂരമായ ഭവിഷ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ തലമുറയ്ക്ക് പോലും മുന്‍കൂട്ടി കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയാതെ പോകുന്നു എന്നത് വളരെ അപകടകരമായ ഒരു അവസ്ഥയാണ്. അതുപോലുള്ള മാരകമായ ഭവിഷ്യത്തുകള്‍ തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട് മനുഷ്യന്‍റെ രൂപവും മറ്റും മാറി പുതിയ ഒരു ജീവസമൂഹത്തെ സൃഷ്ടിക്കാനുള്ള പുറപ്പാട് ആണ് ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു തലമുറ. ഒരുപക്ഷെമനസ്സിലായാലും പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാത്ത അവസ്ഥ.
ഇത്തരം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ പോലും കഴിയാത്ത ഒരു സമൂഹം ദിനംതോറും വളര്‍ന്നു വരുന്നുണ്ട്. ആനന്ദിയമ്മയുടെ വാക്കുകളില്‍ ഗദ്ഗദം നിറയുന്നു. കാശുകൊണ്ട് കണ്ണുമറയ്ക്കുന്നവരുടെ ഇടയില്‍ നിന്നും നല്ലൊരു മാറ്റത്തിലേയ്ക്ക് എങ്ങനെ തിരിയണം എന്ന് അമ്മയ്ക്കറിയാം. തനിക്കെതിരെ ഒരുപാട് ആരോപണങ്ങളും ഭീഷണികളും വന്നിട്ടുണ്ട്, വന്നുകൊണ്ടിരിക്കുന്നു. എന്നാലും പിന്തിരിയാന്‍ ഒരുക്കമല്ല, ജീവിതം ഒന്നേയുള്ളൂ, എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തന്റെ കര്‍മ്മപദ്ധതികള്‍ ത്വരിതപ്പെടുത്തുകയാണിപ്പോള്‍.
കാര്യങ്ങള്‍ മനസ്സിലാകുന്ന യുവതലമുറയെ വാര്‍ത്തെടുത്തു അവരിലൂടെ വിജയം കൈവരിക്കാനാണ് ആനന്ദിയമ്മയുടെ പദ്ധതി. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും മറ്റും സംഘടിപ്പിച്ചുകൊണ്ട് കുട്ടികളെ, അവര്‍ വളര്‍ന്നുവരുന്ന സാഹചര്യം എന്താണെന്നും എവിടെയ്ക്കാണിത് പോകുന്നതെന്നും ഉദാഹരണസഹിതം മനസ്സിലാക്കിക്കൊടുത്തു വരുന്നു. നല്ല രീതിയിലുള്ള പ്രതികരണമാണ് കുട്ടികളില്‍ നിന്നും ഉണ്ടാകുന്നത് എന്നത് വളരെ ആശ്വാസം നല്‍കുന്നു എന്നും ആനന്ദിയമ്മ.
അപ്പോള്‍ മയിലാടുംപാറയിലെ ആ വലിയപാറ പൊട്ടിക്കാതിരിക്കാന്‍ അതിന്റെ കീഴിലായി ഒരു കെട്ടിടം നിര്‍മ്മിച്ചു. "പ്രകൃതീയം" ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആസ്ഥാനം. ഇപ്പോള്‍ നല്ല നിലയില്‍ അതിന്റെ പ്രവര്‍ത്തനം നടക്കുന്നു. പ്രകൃതിയെ അറിഞ്ഞു ജീവിക്കുക എന്നതാണ് ഇതിന്‍റെ ലക്‌ഷ്യം.
തീര്‍ച്ചയായും പ്രകൃതിയെ സ്നേഹിക്കുന്നവര്‍ Anandi Ramachandranഅമ്മയ്ക്കൊപ്പം ഉണ്ടാകും.ആനന്ദിയമ്മയുടെ നല്ല പ്രവൃത്തികള്‍ക്ക്‌ നമ്മളാല്‍ കഴിയുന്ന പിന്തുണയും സഹകരണവും നമുക്കും ചെയ്തുകൂടേ കൂട്ടുകാരേ?

No comments:

Post a Comment