Saturday, April 2, 2016

പുഴ



ഓർമ്മകള്‍ പലപ്പോഴും പുഴകളിലേക്ക് നയിക്കാറുണ്ട്.ബാല്യ കൗമാരങ്ങളുടെ കുസൃതികരയിലേക്ക്. യൗവ്വനത്തിന്റെ കുരുത്തക്കേടിലേക്ക് .. അങ്ങിനെയങ്ങിനെയങ്ങിനെ.
പുഴയെന്നും മാടി വിളിക്കുന്ന മനോഹര ദൃശ്യമാണ് എഴുതിതുടങ്ങിയപ്പോഴുള്ള ശാന്തത ഇപ്പോള്‍ പുഴയെനിക്ക് നല്കു്ന്നില്ല എങ്കിലുമെനിക്കു പറയാതെവയ്യ അംഗലാവണ്യം ആവോളംതന്ന പുഴ യാത്രകളെകുറിച്ച്‌.
എന്റെ ഗ്രാമത്തിലെ കുളങ്ങളുടെ നീണ്ടരൂപമായി അത്ഭുതത്തോടെകണ്ട കുട്ടിക്കാലത്തെ പുഴ. ഏതോ ബസ്‌യാത്രയില്‍ അമ്മ ചൂണ്ടികാണിച്ചുതന്ന തൃപ്രയാര്‍ പുഴയാണ് എന്റെ ആദ്യപുഴകാഴ്ച.
മുന്നോട്ടുപായുന്ന ബസ്സിനെതോല്പ്പിക്കാന്‍ പിന്നോട്ട്പായുന്ന എത്രയോപുഴകള്‍ കണ്ടു പിന്നീട്.
അമ്മയുടെയോ അമ്മാവന്റെയോ കൈപിടിച്ചു തെല്ലു ഭയത്തോടെ എന്നാല്‍ ഏറെഉത്സാഹത്തോടെ മുളംകോലിനാല്‍ കുത്തിയടുപ്പിച്ച വഞ്ചിയില്‍കയറി പുഴകടക്കുന്നത് ഇന്ന് സുഖമുള്ള ഒരു ഓര്മ യാണ്.
പുഴയെ നെടുകെമുറിച്ച്‌ ഒരു ചാലുതീര്ത്ത് ‌ മുന്നോട്ടൊഴുകുന്ന വഞ്ചിയില്‍ നില്ക്കുമ്പോള്‍ , അങ്ങുദൂരെ കാലൻ കുടയുടെ പിടിയില്‍ മുറുകെ പിടിച്ചു എന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ അകന്നകന്നു പോകുന്ന ഇളംനീല കുപ്പായത്തില്‍ അപ്പൂപ്പന്റെ വാത്സല്യനോട്ടവും കരകളും,
ഒരുബ്ലാക്ക്‌ ആന്റ് വൈറ്റ് ചിത്രം പോലെ അങ്ങ് അകലേക്ക്‌ അലിഞ്ഞലിഞ്ഞ് ഓര്മകളിലേക്ക് മറയുന്നു.
എന്റെ ഗ്രാമത്തിന്റെ കിഴക്കന്‍ അതിര്ത്തി യിലൂടെ സായ്പ്പിന്റെ പേരില്‍ ഒഴുകുന്ന കനോലികനാല്‍.(ചരിത്രം എന്റെ വിഷയമല്ല.അതുകൊണ്ട് വിവരണവും ഇല്ല) തൃപ്രയാറപ്പന്റെ മുന്നിലെത്തുമ്പോള്‍ നാണിച്ചു മിഴികൂമ്പി തിരുവോണതോണിയെ തഴുകി ഒഴുകുന്ന സുന്ദരമായ പുഴ.
കലാലയ ജീവിതത്തിന്റെ അഥവാ കലാപ ജീവിതകാലത്ത്, വിദ്യാര്ഥിരാഷ്ട്രീയത്തിന്റെ വീര്യം തലച്ചോറില്‍ നിറഞ്ഞ യൗവ്വനത്തില്‍, പ്രണയാതുരമായി മനമൊഴുകിയ കൌമാര പ്രണയത്തില്‍, മനസ്സ് പങ്കിടാന്‍ ഞാന്‍ ഓടിയെത്തിയിരുന്നത് ആ പുഴയുടെ തീരത്തായിരുന്നുവല്ലോ....
പിന്നെയെപ്പോഴോ അവളുടെ പാദസരത്തില്‍ തട്ടി ഞങ്ങളുടെ പാദങ്ങളെ തഴുകിയൊഴുകിയ പുഴയുടെ ആഴങ്ങളിലേക്ക്‌ പ്രണയം ആത്മഹൂതിചെയ്തപ്പോള്‍,എന്റെ ജീവിത വഞ്ചി ചെന്ന്നിന്നത്, തൃപ്രയാര്‍ പുഴയുടെ തീരത്ത്‌ മരബഞ്ചിട്ട ചെമ്മപ്പിള്ളിയുടെ ഷാപ്പിനരികിലായിരുന്നു.
ചുവന്നുള്ളിയും ഉണക്കമുളകും കുത്തിക്കാച്ചിയ കപ്പയും, മീനും മൺ കുടുക്ക യില്‍ കിട്ടിയ ലഹരിയും നുണഞ്ഞു തൃപ്രയാര്‍പുഴയുടെ ഒഴുക്കിനൊപ്പം അലഞ്ഞുനടന്നിരുന്നു എന്റെ മരവിച്ച കാമുകഹൃദയം.
ജീവിതത്തിന്റെ നടവഴികളിൽ പിന്നെയും അലഞ്ഞു. ഒരുപാട് ഒരുപാട് .
ഞാന്‍ ഒരു തോറ്റ ജന്മ്മായിരുന്നു. എന്നിട്ടുംപുഴ എന്നെ കൈ വെടിഞ്ഞില്ല. ഒഴുകുന്നപോലെ ഞാനും . അന്വേഷണങ്ങള്‍... ജീവിതത്തെ,ഭാവിയെ.............
സ്നേഹത്തിന്റെ ഉരുളകള്‍ എനിക്ക് നല്കിീയ ഗൌരവത്തിന്റെപുറകിലെ സ്നേഹമെന്നഅച്ഛനെ,ആ കൈത്തണ്ടയില്‍ ഉതിരുന്ന വിയര്പ്പിന് ഒരു സ്നേഹത്തിന്റെ തൂവാലയാകുവാന്‍
യാത്രകള്‍ പിന്നെയും .....
പുഴകള്‍ പിന്നെയും ഒഴുകി. പുഴയുടെ ഒഴുക്കിനെതിരെയും നേരെയും ഞാനും. യാത്രകള്‍ ജീവിതം തേടിയായിരുന്നു. പിന്നിട്ട വഴികളും പുഴകളും ഏറെ...
നിള അതെന്നും ഒരു മോഹമായിരുന്നു.പിന്നിട്ട വഴികളില്‍ പാടി പതിഞ്ഞ പേര്. മലയാളത്തിന്റെ മുത്തച്ചന്‍ ചോറൂണ് നല്കിയ ,തെച്ചിയും മുക്കുറ്റിയും ഇരു കരയുംപൂത്തുനില്ക്കുന്ന, നിറഞ്ഞു കവിഞ്ഞൊഴുകുന്ന മനോഹരിയായ നിള. നമ്മുടെ ഭാരതപ്പുഴ ....
ഓര്മകളില്‍ കൈവഴികള്‍ നിറഞ്ഞൊഴുകിയ ഭാരതപ്പുഴ . ചരിത്രം ചോരയില്‍ ചാലിച്ച മാമാങ്കത്തിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണ്.
കേരള സർക്കാരിന്റെ ലേബലൊട്ടിച്ചു പ്ലാസ്റ്റിക്കുപ്പിയിൽ നിറച്ച വിലകുഞ്ഞ മദ്യത്തിന്റെ ലഹരി എന്നെ ഉണര്ത്തിയത് ഭാരതപുഴയുടെ തീരത്ത്‌ വെച്ചാണ്‌.
നനുത്ത കാറ്റിന്റെ തലോടല്‍..
സുഹൃത്തായിരിക്കണം എന്നോട് പറഞ്ഞത്.“നമ്മളിപ്പോള്‍ ഭാരതപുഴയുടെ കുറുകെയാണെന്ന്”.
ആകാംക്ഷയോ അതോ മനസ്സില്‍ പാടിപതിഞ്ഞ വരികളോ.. അതാകണം എന്നെ തീവണ്ടിയുടെ ജനാല കണ്ണിലൂടെ പുറംകാഴ്ചകളിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്.
ദൂരെ.................
കയ്യില്‍ ചിതാഭസ്മം, ഈരിഴ തോര്‍ത്തില്‍ പാതി നനഞ്ഞ ശരീരവുമായി അശാന്തിയില്‍ മരിച്ച പിതാവിന് ആത്മശാന്തിക്കായി മുട്ട് മുങ്ങാത്ത വെള്ളത്തില്‍ ശാന്തിമന്ത്രം ജപിക്കുന്ന മകന്‍ ....
അപ്പുറം
ചാലുകള്‍ മാറിയൊഴുകിയിട്ടും ആത്മ ശാന്തി കിട്ടാതെ കൈവഴികള്‍.
എന്റെ സ്വപ്‌നങ്ങള്‍പോലെ വറ്റിവരണ്ട പുഴയുടെനോവുകള്‍. ഉപ്പു ണങ്ങിയ കണ്ണീർ
ചാലുപോലെ നിളയുടെ ഞരമ്പുകൾ...
ചത്ത മീനിന്റെ,
ചെമ്പോത്തിന്റെ,
കൊറ്റിയുടെ ഫോസിലുകള്‍ ....................
പുഴ മരിച്ചിരിക്കുന്നു.......
ഒപ്പം ഞാനും .........

No comments:

Post a Comment