Saturday, April 2, 2016

റാണിചന്ദ്ര



സ്വപ്നം മയങ്ങുന്ന നീണ്ട മിഴികള്‍ ഉള്ള ഒരു പെണ്കുട്ടിയെ സ്വപ്നാടനം എന്ന ചിത്രത്തില്‍ നായിക ആക്കാന്‍ കെ.ജി. ജോര്ജ്ജ് തീരുമാനിച്ചപ്പോള്‍ പലരും കെ.ജി.യെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അതൊന്നും വകവെക്കാതെ, അസ്വസ്ഥത കൂടുകൂട്ടിയ ആ കണ്ണുകളില്‍ തന്റെ കഥാപാത്രത്തെ കണ്ട കെ.ജി മുമ്പോട്ട്‌പോയി. പ്രേക്ഷകമനസ്സുകളില്‍, ഓര്മ്കളില്‍ കളങ്കമേശാത്ത ഒരു അന്യാദൃശ പുഞ്ചിരി സമ്മാനിച്ച, മലയാള സിനിമയുടെ നിത്യദുരന്തങ്ങളിലൊന്നായ റാണിചന്ദ്രയുടേതായിരുന്നു ആ കണ്ണുകള്‍.
മിസ് കേരളയായി തെരെഞ്ഞെടുക്കപ്പെട്ട ആ വശ്യസുന്ദരമായ മുഖം സിനിമയുടെ വലിയ സ്‌ക്രീനില്‍ കാണാന്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത് അച്ഛന്‍ ചന്ദ്രന്‍ തന്നെയായിരുന്നു. മകളെ അഭിനയിപ്പിക്കാനായി സിനിമ നിര്മ്മിച്ച അച്ഛന്‍ സോണി പിക്‌ചേര്സിന്റെ അഞ്ചു സുന്ദരികളില്‍ ഒരു സുന്ദരിയായ് റാണിയെ ഉള്പ്പെടുത്തി. അങ്ങനെ, 1968ല്‍ പ്രേംനസീറിന്റെ നായികമാരില്‍ ഒരാള്‍ ആയിട്ടാണ് റാണിചന്ദ്രയുടെ അരങ്ങേറ്റം. പക്ഷെ, നിര്ഭാഗ്യകരം എന്ന് പറയട്ടേ, പൂന്തേനരുവി, അയോധ്യ, കാലചക്രം, ദേവി, ചിരിക്കുടുക്ക, എന്നിങ്ങനെ പ്രേംനസീര്‍ നായകനായ പല സിനിമയിലും ഉണ്ടായിട്ടും നസീറിന്റെ നായിക ആകാനുള്ള യോഗം റാണിചന്ദ്രയ്ക്ക് തുടര്‍ന്ന് ലഭിച്ചില്ല.
നായിക വേഷത്തില്‍ എത്തിയ അനാച്ഛാദനം, മിസ് കേരള എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, അന്ധവിശ്വാസത്തിന് കേള്‍വി കേട്ട മലയാളസിനിമ രാശിയില്ലാത്ത നടിയാക്കി റാണി ചന്ദ്രയെ ഒതുക്കി കളഞ്ഞു.
നല്ല കഥാപാത്രത്തിന്റെ പൂര്ണ്ണതയ്ക്കായി എന്ത് ത്യാഗം സഹിക്കാനും തയ്യാറായ റാണിചന്ദ്ര ചെറിയ ചെറിയ വേഷങ്ങള്‍ കൊണ്ട് തൃപ്തിപ്പെട്ടു ഏറെക്കാലം. മിസ് കേരള ആന്റ് പാര്ട്ടി എന്ന ഡാന്സ് ട്രൂപ്പായിരുന്നു അക്കാലത്തെ ആശ്വാസം. ആയിടെ രാമുകാര്യാട്ടിന്റെ നെല്ലില്‍ ലഭിച്ച ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ തയ്യാറായി. ഇത് അവരുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായി.
സ്വപ്നാടനത്തില്‍ മികച്ച നായികയ്ക്കുള്ള സംസ്ഥാന അവാര്ഡ് ലഭിച്ചത് റാണി ചന്ദ്രയുടെ അഭിനയജീവിതത്തിന് പുതിയ പാത തുറന്നു. തുടര്ന്ന് കെ.എസ് സേതുമാധവന്‍, പി.എന്‍ മേനോന്‍ തുടങ്ങിയ മുന്‍നിര സംവിധായകരുടെ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ലഭിക്കുകയും അവരെ തിരക്കുള്ള അഭിനേത്രി ആക്കുകയും ചെയ്തു. ലക്ഷ്മിവിജയം, രണ്ടുപെണ്കുട്ടികള്‍, ചെമ്പരത്തി, മുച്ചീട്ടുകളിക്കാരന്റെ മകള്‍, അയോദ്ധ്യ, ആലിംഗനം, ദേവി, സ്വപ്നം, അംഗീകാരം, ജീസസ്, സ്വിമ്മിംഗ് പൂള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ റാണിചന്ദ്ര താരമായി.
1949ല്‍ ഫോര്ട്ട് കൊച്ചിയിലെ സാമാന്യം ഭേദപ്പെട്ട ഒരു കുടംബത്തില്‍ കൊച്ചിയിലെ ഒരു ഷിപ്പിംഗ് എജന്റ്റ് ആയിരുന്ന ചന്ദ്രന്റേയും ഭാര്യ കാന്തിമതിയുടെയും ആറു മക്കളില്‍ ഒരാള്‍ ആയിട്ടാണ് റാണിചന്ദ്ര ജനിച്ചതു്. ബാല്യത്തില്‍ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങിയ റാണിചന്ദ്ര എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുന്ന സമയത്തു് തന്നെ, സഹോദരിമാരോടൊപ്പം സ്വന്തമായി ഒരു ഡാന്സ് ട്രൂപ്പ് നടത്തിയിരുന്നു. ആയിടെ എറണാകുളത്തു നടന്ന മിസ് കേരള മത്സരത്തില്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു റാണിചന്ദ്ര.
അഭിനയജീവിതവും നൃത്തവും ഒരുമിച്ച് കൊണ്ട്‌നടന്ന റാണിചന്ദ്ര മദ്രാസില്‍ ആയിരുന്നു താമസം. ഭദ്രകാളി എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയില്‍ ദുബയില്‍ നൃത്തപരിപാടിക്ക് അമ്മയോടൊപ്പം പോയതായിരുന്നു റാണിചന്ദ്രയും മൂന്ന് അനുജത്തിമാരും. ഒരാഴ്ചക്കാലത്തെ പ്രോഗ്രാമുകള്ക്ക് ശേഷം ബോംബെയില്‍ മടങ്ങിയെത്തി, മദ്രാസിലേക്കുള്ള കണക്ഷന്‍ കാത്തുനില്ക്കുമ്പോള്‍ തന്നെ അപശകുനങ്ങള്‍ കണ്ടുതുടങ്ങി. രണ്ടു ഫ്‌ളൈററുകളും തകരാറായതിനാല്‍ മൂന്നാമത് വന്ന ഫ്‌ളൈറ്റിലാണ് തൊണ്ണൂറ്റഞ്ചു യാത്രക്കാരോടൊപ്പം റാണിചന്ദ്രയും കുടുംബാംഗങ്ങളും നൃത്തഗ്രൂപ്പും മദ്രാസിലേക്ക് പുറപ്പെട്ടത്. പറന്നു പൊങ്ങിയ വിമാനം ആകാശത്ത് കത്തിചാമ്പലായത് നിമിഷങ്ങള്ക്കുള്ളിലാണ്. അങ്ങനെ 1976 ഒക്ടോബര്‍ 12ന് മലയാള സിനിമയ്ക്ക് ഒരു അനുഗ്രഹീത നടിയെ എന്നെന്നേക്കുമായി നഷ്ട്ടമായി.
അവരുടെ മരണത്തിനു ഇടയാക്കിയ ആ വിമാന യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് തനിയ്ക്കൊരു നല്ല പേന ബോംബയില്‍ നിന്നും സമ്മാനമായി വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞാണ് അവസാനമായി റാണിചന്ദ്ര തന്നെ വിളിച്ചതെന്ന് പ്രശസ്ത ഗാന രചയിതാവ് ബിച്ചു തിരുമല ഓര്ക്കുനന്നു.
റാണിചന്ദ്ര കൂടുതലും നായികയായത് വിന്സന്റ്, രാഘവന്‍, സുധീര്‍ തുടങ്ങിയ അന്നത്തെ രണ്ടാം നിരക്കാരോടോപ്പമായിരുന്നു. പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍ സിനിമയില്‍ വരുന്നതിനു മുമ്പ് നാന സിനിമ വാരികയിലെ സിനിമ ലേഖകനായിരുന്നു. അദ്ദേഹം റാണിചന്ദ്രയെ അവരുടെ വീട്ടില്‍ ചെന്ന് ഇന്‍റര്‍ വ്യൂ ചെയ്തു കൊണ്ടാണ് തന്റെ നാന ജീവിതം ആരംഭിക്കുന്നത്. രാജിവ് നാഥ് ചെയ്ത തണല്‍ എന്ന ചിത്രമായിരുന്നു റാണിയുടെ അവസാനം റിലീസ് ആയ സിനിമ. റാണിയുടെ മരണശേഷം രണ്ടു കൊല്ലം കഴിഞ്ഞായിരുന്നു ആ ചിത്രം റിലീസ് ചെയ്യപ്പെട്ടത്.
കെ. പി. കുമാരന്‍ സംവിധാനം ചെയ്ത ലക്ഷ്മി വിജയം എന്ന ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു റോള്‍ ആയിരുന്നു റാണിചന്ദ്രയ്ക്ക് . അക്കാലത്ത് റാണിചന്ദ്ര അഭിനയിച്ച അപൂര്വ്വം ഏകനായികാ ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. റാണി അഭിനയിച്ച പല സിനിമകളിലും ജയഭാരതിയായിരുന്നു പ്രധാന നായിക. അങ്ങനെ നോക്കിയാല്‍ ജയഭാരതി – റാണിചന്ദ്ര ജോടി പല ഹിറ്റ്‌ സിനിമകളുടെയും അവിഭാജ്യഘടകം ആയിരുന്നെന്നു പറയാം.
ഐ.വി.ശശി സംവിധാനം ചെയ്ത ഉത്സവം സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തതിലൂടെ പിന്നീടുള്ള ശശി സിനിമകളില്‍ റാണിചന്ദ്ര ഒരു സ്ഥിരം സാന്നിധ്യമായി മാറി തുടങ്ങി. തുടര്ന്ന് ശശി സംവിധാനം ചെയ്ത അയല്കാരി, അഭിനന്ദനം, ആശീര്‍വാദം, ഊഞ്ഞാല്‍ ആലിംഗനം തുടങ്ങിയ ചിത്രങ്ങളില്‍ നല്ല വേഷങ്ങളായിരുന്നു റാണിയ്ക്ക്. തനിയ്ക്ക് റാണിചന്ദ്രയോടുണ്ടായിരുന്ന സൌഹൃദത്തെ കുറിച്ച് ശശി കുറച്ചുകാലം മുമ്പ് ഒരു വാരികയില്‍ എഴുതിവന്ന ആത്മകഥയില്‍ വിശദമായി പ്രതിപാദിച്ചിരുന്നു.
സിന്ദൂരം, ദേവി കന്യാകുമാരി, ആലിംഗനം, മധുരം തിരുമധുരം, അയല്ക്കാരി, അനുരാഗം, നെല്ല്, നാത്തൂന്‍, ലഹരി, ഓടക്കുഴല്‍, ചെമ്പരത്തി, ചുക്ക്, ഉത്സവം, ഊഞ്ഞാല്‍, ആശീര്‍വാദം, അഭിനന്ദനം, മുച്ചീട്ട്കളിക്കാരന്റെ മകള്‍, അനാവരണം, ഉദ്യാനലക്ഷ്മി, ചലനം, കാലചക്രം, കാമിനി എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ നല്ല അഭിനയം കാഴ്ച വെച്ചിട്ടുള്ള റാണിചന്ദ്ര എന്ന പ്രതിഭയെ എക്കാലവും ഓര്ക്കാന്‍ സ്വപ്നാടനം, തണല്‍ എന്ന രണ്ടേ രണ്ടു സിനിമകള്‍ മാത്രം മതിയാകും.

No comments:

Post a Comment