Saturday, April 2, 2016

എമർജൻസി എക്സിറ്റ്

പെങ്ങളുടെ ഒരു വയസ്സ് തികഞ്ഞ ഇരട്ട പെണ്‍കുട്ടികൾക്ക് പാസ്പോർട്ടെടുക്കാൻ പുറപ്പടുമ്പോഴേ ഉറപ്പായിരുന്നു എന്തെങ്കിലും ഏടാകൂടം അവര്‍ ഒപ്പിക്കുമെന്ന്. പേപ്പര്‍ എല്ലാം ശരിയാക്കി പോരാൻ തുനിയവെ ഓഫീസര്‍ തിരിച്ചു വിളിച്ചു.
"ഒപ്പിടണം. "
"എവിടെയാ സാര്‍ " ?-ഞാന്‍.
"തനിക്കാണോ പാസ്പോർട്ട്? ".
"അല്ല കുട്ടികള്‍ക്കാണ്, അവര്‍ക്ക് ഒപ്പിടാന്‍ അറിയില്ല. "
" ഒപ്പില്ലെങ്കില് പാസ്പോർട്ട് കിട്ടില്ല".ഓഫീസര്‍.
"വിരലടയാളം മതിയോ സാര്‍ ? "
കുട്ടികള്‍ രണ്ട് പേരെയും മേശക്കരികില് കൊണ്ട് വന്നു.
" മഷി കൊണ്ട് വന്നിട്ടുണ്ടോ? "
"ഇല്ലസാര്‍ " .
"പാഡിൽ മഷി തീർന്നിട്ടുണ്ട്. പുറത്ത് പോയി വാങ്ങി വരേണ്ടി വരും ".
ഓഫീസര്‍പറഞ്ഞു.
കുട്ടികളെ അമ്മയെ ഏല്പിച്ചു കടയിലേക്ക് നടന്നു.
" വലിയ കുപ്പി മഷിയെ ഉള്ളൂ".കടക്കാരൻ.
വലുതെങ്കി വലുത് ഒരെണ്ണം വാങ്ങി.
ഓഫീസില്‍ മേശപ്പുറത്തിരുന്ന പേപ്പറുകൾ റൂമിൽ പാറി നടക്കുന്നു.
"എന്തുപറ്റി? " ഞാന്‍ ആശങ്കയോടെ ചോദിച്ചു.
. " ' കുട്ടി വലിച്ചതാ. . '"
പറന്നു നടക്കുന്ന ഒരപേക്ഷയെ പിടിച്ചു പെങ്ങളുടെ കരയുന്ന മറുപടി.
ഓഫീസറും ഇരുന്നു പെറുക്കുന്നുണ്ട്.
മഷിക്കുപ്പി കൊടുത്തു. ഓഫീസര് മഷി പാഡിലൊഴിച്ചു കുപ്പി മേശപ്പുറത്തു‍ വച്ചു.
അപേക്ഷകളെല്ലാം ഒരുവിധം പെറുക്കി ഞങ്ങള്‍ അടുക്കി വച്ചു.
"ഇനി കുട്ടികളെ കൊണ്ടു വാ , ".
ഓഫീസര്‍ കസേരയിലേക്ക് ഇരുന്നുകൊണ്ടു പറഞ്ഞു .
ഒരാളുടെ വിരൽ പേപ്പറില്‍ പതിപ്പിച്ചു.
അത്ഭുതം ഉദ്യോഗസ്ഥൻറെ വെളുത്ത ഷർട്ട് നീലയായ് മാറുന്നു.
ഒരു കുട്ടിയുടെ കയ്യില്‍ അതേ മഷിക്കുപ്പി. തല തിരിച്ചു പിടിച്ചിരിക്കുന്നു. ഭാഗ്യം ഒരു തുള്ളി മഷിയും പുറത്തു പോയിട്ടില്ല. എല്ലാം സാറിന്റെ ഷർട്ടിലും അവളുടെ മുഖത്തും കഴുത്തിലും അമ്മയുടെ നെഞ്ചത്തും.
" ഇനി ആ കുട്ടിയുടെ വിരലു പതിപ്പിക്ക്". "
സാറിന്റെ നീലത്തിൽ പൊതിഞ്ഞ നിലവിളി.
മഷിയിൽ പൊതിഞ്ഞ ആദ്യത്തെ മുതലിനെ ഏറ്റുവാങ്ങി ഞാനും ആ പൊങ്കാല യില്‍ പങ്കു ചേര്‍ന്നു. മുഖത്ത് തന്നെ അവൾ ആദ്യഭിഷേകം നടത്തി.
ആകെ ഒരു നീല മയം.
"പോട്ടെ സാര്‍".
രണ്ടു മുതലുകളെയും ഒരുവിധം ഒപ്പിടുവിച്ച് ഞാന്‍ ദയനീയമായി ചോദിച്ചു.
ഫുള്നീലയായ് ജാഥയായി ഞങ്ങള്‍ പുറത്തേക്ക്. പുറത്ത് നില്ക്കുന്ന ആരാധകര്‍ ഞങ്ങള്ക്ക് നിശ്ശബ്ദരായി അത്ഭുത പരതന്ത്രരായി വഴിയൊരുക്കി.
ഓഫീസിനു പിറകിലൂടെ ഓടി രക്ഷപെടാൻ വഴിയുണ്ടോ എന്ന് ഞാന്‍ പാളി നോക്കി. സമാധാനം എമർജൻസി എക്സിറ്റ് എന്നു വെണ്ടയ്ക്ക വലുപ്പത്തിൽ എഴുതി വച്ചിട്ടുണ്ട്.
സാറിന്റെ ഭാഗ്യം.സാറു വാതില്‍ തുറന്നു അതിലൂടെ ഓടി രക്ഷപെട്ടു.
ഞാന്‍ കുട്ടികളെയും കൊണ്ട് വണ്ടിയിലേക്ക് ഊളിയിട്ടു.

No comments:

Post a Comment