Monday, March 28, 2016

The Shawshank Redemption.



1994 ല്‍ പുറത്തിറങ്ങിയ ഒരു ഹോളിവുഡ്‌ ചലച്ചിത്രം. ഹോളിവുഡിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്ന്. 1998ല്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിട്യൂറ്റിന്‍റെ മികച്ച 100 സിനിമകളിലേക്ക് പരിഗണിച്ചെങ്കിലും അതില്‍ ഉള്‍പ്പെടുത്തിയില്ല. പക്ഷെ ഒന്‍പതു വര്‍ഷത്തിനു ശേഷം ലോകം കണ്ട മികച്ച സിനിമകളില്‍ ഒന്നായി AFI 100 Years...100 Movies ലിസ്റ്റില്‍ 72ആം സ്ഥാനത്തില്‍ ഈ ചിത്രം എത്തി.
ചിത്രത്തിന്‍റെ കഥാബീജം Stephen King എന്ന എഴുത്തുകാരന്റെ Rita Hayworth and Shawshank Redemption എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്. ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയതും സംവിധായകന്‍ ആയ Frank Darabont ആണ്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവുകളില്‍ ഒന്നാവുകയും ചെയ്തു. Frank Darabont തന്‍റെ കഥാപാത്രങ്ങള്‍ ആയി ടോം ക്രൂയിസിനെയും ഹാരിസണ്‍ ഫോര്‍ഡിനെയും ആണ് പരിഗണിച്ചത്. എന്നാല്‍ അത് മാറി ടിംറോബ്ബിന്‍സ്, മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവരാണ് ആ സ്ഥാനത്തേക്ക് വന്ന്. അവരുടെ സിനിമാ ജീവിതത്തിലെയും നാഴിക കല്ലായിരുന്നു ആ സിനിമയിലെ ആന്‍ഡി-റെഡ് എന്ന കഥാപാത്രങ്ങള്‍.
കഥാപാത്ര രൂപീകരണത്തിലും സംഭാഷണത്തിലും സംവിധായകന്‍ കാണിച്ചിരിക്കുന്ന കയ്യടക്കം ആരെയും അതിശയിപ്പിക്കുന്നതാണ്. സിനിമയിലെ ഭൂരിഭാഗവും ഓഹിയോവിലെ Mansfieldല്‍ Ohio State Reformatory വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. പരിമിതമായ സാഹചര്യങ്ങളില്‍ വെച്ചും കൂടുതല്‍ മിഴിവുറ്റ ഒരു സിനിമ അനുഭവം ആണ് ഈ സിനിമയിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്‌.
അച്ചടക്കത്തോടെ കൈകാര്യം ചെയ്തില്ലേല്‍ എപ്പോള്‍ വേണമെങ്കിലും പാളി പോകാവുന്ന ഒരു കഥ അതിന്‍റെ എല്ലാ രസച്ചരടുകളിലും കോര്‍ത്തിണക്കിയാണ് സംവിധായകന്‍ നമുക്ക് സമ്മാനിച്ചത്‌. വേഷങ്ങള്‍ പകര്‍ന്നാടിയവരുടെ മഹത്തായ അഭിനയ മുഹൂര്‍ത്തങ്ങളും ഈ സിനിമയെ ലോകത്തിലെ ഏറ്റവും നല്ല സിനിമകളുടെ ഗണത്തില്‍ എത്തിച്ചു. പാശ്ചാത്തലസംഗീതം നിര്‍വഹിച്ച തോമസ്‌ ന്യൂമാന്റെയും, ക്യാമറ കൈകാര്യം ചെയ്ത റോജര്‍ ഡീക്കിന്‍സിന്റെയും അസാധ്യ പ്രതിഭാ സ്പര്‍ശം ഒരിക്കലും മറക്കാനാവില്ല.
1947ല്‍ യുവ ബാങ്കര്‍ ആയ ആന്‍ഡി ടുഫ്രെന്സ് ഒരു കൊലപാതക കേസില്‍ പ്രതിയാകുന്നത് കൂടിയാണ് കഥ തുടങ്ങുന്നത്. അദ്ദേഹത്തിന്റെ തന്നെ ഭാര്യയേയും കാമുകനെയും കൊന്നു എന്ന കുറ്റത്തിലാണ് കോടതി വാദം കേൾക്കുന്നത്. ഇരട്ട ജീവപര്യന്തമാണ് ആന്ഡിക്ക് കോടതി വിധിച്ചത്. പരോളിനു പോലും സാധ്യത ഇല്ലാത്ത ജീവപര്യന്ത തടവ്‌ ഷ്വാഷാങ്ക് ജയിലില്‍. ആദ്യമായി ജയിലില്‍ എത്തുന്ന ഒരാളുടെ വിഷാദ ഭാവങ്ങള്‍ ഒന്നും ആന്‍ഡിയുടെ മുഖത്ത് ഉണ്ടായിരുന്നില്ല.
ശരീരം മാത്രമായിരുന്നു ജയിലില്‍, അദ്ദേഹത്തിന്റെ മനസ്സ് അപ്പോഴും ജയിലിനു പുറത്തായിരുന്നു. ആൻഡിയുടെ ഈ പ്രത്യേകതകള്‍ ഒക്കെ ശ്രദ്ധിച്ച് കുറെ സൌഹൃദങ്ങള്‍ ആൻഡി സമ്പാദിച്ചു. അതിലെ പ്രധാനി ആയിരുന്നു റെഡ് എന്ന വിളിപ്പേരുള്ള എല്ലിസ് റെഡിങ്ങ്. ആൻഡി്യും റെഡും നല്ല സുഹൃത്തുക്കളായി. ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചെക്കാവുന്ന ഒരു അവസ്ഥയില്‍ നിന്നാണ് ആൻഡി തുടങ്ങുന്നത്.
ഒരുപാട് ജോലികള്‍ ജയിലില്‍ മാറി മാറി ചെയ്തു. ജയില്‍ വാർഡന്റെയും ജയില്‍ പോലീസുകാരുടെയും സൌഹൃദം ആൻഡി‍ സമ്പാദിച്ചു. ആ സൗഹൃദത്തില്‍ നിന്നാണ് ആൻഡിക്ക് ജയില്‍ വായനശാലയുടെ നടത്താന്‍ അനുവാദം ലഭിക്കുന്നത്. ജയില്‍ വായനശാല വികസനത്തിന്‌ ഫണ്ട്‌ ആവശ്യപ്പെട്ട് നിരവധി തവണയാണ് ആൻഡി് സർക്കാരിന് കത്തുകള്‍ അയച്ചത്. പക്ഷെ ഒരിക്കലും മറുപടി വന്നില്ല. എല്ലാവരുടെയും കളിയാക്കലുകളെ അവഗണിച്ച് വീണ്ടും വീണ്ടും ആൻഡി കത്തുകള്‍ എഴുതി. അവസാനം സർക്കാരിന് ആൻഡിയുടെ കത്തുകള്‍ അവഗണിക്കാന്‍ വയ്യെന്നായി. വായനശാലയ്ക്ക് ഫണ്ട്‌ അനുവദിച്ചു. ഒരു പ്രതിസന്ധികളിലും തളരാതെ പോരാടുന്ന ഒരു യുവാവിനെ ആണ് ആന്‍ഡിയില്‍ നമുക്ക് കാണാനാകുക....
50 വര്‍ഷങ്ങള്‍ ആ ജയിലില്‍ നിന്നും ശിക്ഷ കാലാവധി കഴിഞ്ഞ് മോചിതനായി പുറത്തെത്തിയ ബ്രൂക്ക് എന്ന വയസ്സന് ജീവിതവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയാണ്.
ആന്‍ഡി പറയുന്ന ഒരു പ്രധാന പെട്ട ഡയലോഗ് ഉണ്ട്...
"I guess it comes down to a simple choice, really. Get busy living or get busy dying".
ഒന്നുകില്‍ ജീവിക്കുന്നതില്‍ മുഴുകുക.., അല്ലെങ്കില്‍ മരിക്കുന്നതില്‍ മുഴുകുക... ഇതില്‍ ഏതു വേണമെന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം.
ജയിലിലെ മൈക്കില്‍ കൂടി ആന്‍ഡി ഇടുന്ന ഒരു ഓപ്പെറ ഗാനം കേട്ട് എല്ലാ തടവുകാരും പോലീസുകാരും എല്ലാം നിശ്ചലമായി നില്‍ക്കുന്ന ഒരു രംഗമുണ്ട്. അതിമനോഹരമായ രംഗം. ഈ തടവറയിലും അവര്‍ക്ക് ആ ഗാനം നല്‍കുന്ന ഊര്‍ജം വളരെ വലിയതായിരുന്നു. റെഡ് പറയുന്നുണ്ട്.." ഈ ഇറ്റാലിയൻ ലേഡി എന്താണ് പാടുന്നത് എന്നുപോലും അറിയില്ല, പക്ഷെ അത് അറിയാൻ ആഗ്രഹിച്ചിരുന്നില്ല. ഒരു നിമിഷം കൊണ്ട് എല്ലാവരും ആ ജയിലിൽ നിന്ന് സ്വതന്ത്രരായതുപോലെ തോന്നി എന്ന്".
ഒരു ദിവസം രാവിലെ ആന്‍ഡിയെ സെല്ലില്‍ നിന്നും കാണാതാവുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരമായ കാര്യങ്ങളും ആന്‍ഡിയുടെ മാസ്റ്റര്‍ പ്ലാനും എല്ലാവരും മനസ്സിലാക്കുന്നതാണ് കഥയുടെ മര്‍മ ഭാഗം. 19 വര്‍ഷങ്ങള്‍ കൊണ്ട് തുരന്നു ഉണ്ടാക്കിയ ഒരു തുരങ്കത്തിലൂടെ ആന്‍ഡി രക്ഷപ്പെടുകയാണ്. നല്ല മഴയും ഇടിയും ഉള്ള രാത്രിയില്‍ ആര്‍ക്കും സംശയം ഉണ്ടാക്കാതെ വിദഗ്തമായാണ് ആന്‍ഡി ജയില്‍ ചാടുന്നത്. കൂടെ തന്നെ വാര്‍ഡന്‍റെ എല്ലാ കള്ളകളികളും വെളിച്ചത് കൊണ്ട് വന്നതും പണം എല്ലാം വിദഗ്തമായി കൈവശപ്പെടുത്തുന്നതും എല്ലാം ആന്‍ഡിയിലെ ബാങ്കറെ വളരെ ശക്തമായി തന്നെ പ്രേക്ഷകനെ ആസ്വദിപ്പിക്കുന്നു.
40 വര്‍ഷത്തെ ജയില്‍ ജീവിതം കഴിഞ്ഞ് റെഡ് പുറത്തിറങ്ങി, ജീവിക്കാന്‍ വേണ്ടി കഷ്ട്ടപ്പെടുന്നു. ജീവിതവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ ബ്രൂക്ക് ആത്മഹത്യ ചെയ്ത അതേ റൂമില്‍ ഇരിക്കുമ്പോള്‍ പണ്ട് കൂട്ടുകാരന് കൊടുത്ത വാക്ക് ഓര്‍മിച്ച് റെഡ് ആന്‍ഡിയെ തേടി ഇറങ്ങുകയാണ്. പ്രതീക്ഷകള്‍ ആണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് എന്ന ശക്തമായ സന്ദേശം കൂടി ആണ് ഈ സിനിമ മുന്നോട്ട് വെക്കുന്നത്. കൂടാതെ നിരന്തരമായ പരിശ്രമം, ചിട്ടയായ ജീവിതം, തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പ്രതിസന്ധികളില്‍ തളരാത്ത മനസ്സ് ഇവയാണ് ജീവിത വിജയത്തിന് ആധാരം എന്നു കൂടിയാണ് ഈ സിനിമ പ്രേക്ഷകനോട് പറയുന്നത്.
ANDY: You know what the Mexicans say about the Pacific?
RED: No.
ANDY: They say it has no memory. That's where I want to live the rest of my life. A warm place with no memory.
അതേ ഓര്‍മ്മകള്‍ ഇല്ലാത്ത ഒരിടത്ത് ജീവിക്കണം.
ആന്‍ഡി യെ തേടി റെഡ് മെക്സിക്കോയിലെ കടല്‍ തീരത്ത് എത്തുന്നതും ആ കൂട്ടുകാര്‍ ഒന്നാവുന്നിടത്തുമാണ് സിനിമ അവസാനിക്കുന്നത്.
റെഡ്ന്‍റെ കഥാപാത്രം ഇങ്ങനെ പറയുന്നു.
"I find I'm so excited that I can barely sit still or hold a thought in my head. I think it's the excitement only a free man can feel. A free man at a start of a long journey whose conclusion is uncertain. I hope I can make it across the border. I hope to see my friend and shake his hand. I hope the Pacific is as blue as it has been in my dreams. I hope."
ജീവിതത്തിലെ പ്രതീക്ഷകളുടെയും, സൗഹൃദത്തിന്റെയും ഒരു പുതിയ ഗാഥ തന്നെയാണ് അവര്‍ രചിച്ചത്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഉള്ളില്‍ അവരും കൂടി ഉണ്ടായിരിക്കും, തീര്‍ച്ച.
ഒരുപാട് അക്കാദമി അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം നിര്‍ഭാഗ്യവശാല്‍ ഒരു ബോക്സ്‌ ഓഫീസ് തരംഗം ആയില്ല. അതേ വർഷം തന്നെ ഇറങ്ങിയ "Forrest Gump, Pulp Fiction" എന്നീ ചിത്രങ്ങള്‍ വന്‍ വിജയങ്ങള്‍ നേടിയപ്പോള്‍ അതിനു പിന്നില്‍ അതിന്‍റെ നിഴല്‍ ആകാന്‍ ആയിരുന്നു ഈ സിനിമയുടെ ദുര്‍വിധി. പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം കാസെറ്റിലൂടെയും CD, DVD തുടങ്ങിയവയിലൂടെയും ഈ സിനിമ പിന്നെയും ജീവിച്ചു. ഏറ്റവും കൂടുതല്‍ പേര് കണ്ട സിനിമ കൂടിയായി ഇത്.
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഒരുപാട് മനസ്സുകളില്‍, നല്ല സിനിമയെ സ്നേഹിക്കുന്ന ഏതൊരാളുടെയും മനസ്സില്‍ നിലനില്‍ക്കുന്ന ഒരു സിനിമയാണ് "ദി ഷ്വാഷാങ്ക് റിഡംപ്ഷന്‍..."

No comments:

Post a Comment