Thursday, March 24, 2016

പ്രാഞ്ചിയേട്ടൻ & ഡി സൈന്റ്റ്‌


''തോറ്റവനെ തോറ്റവന്റെ വിഷമം അറിയൂ..... പുണ്യാളാ
ഈ സംഭാഷണം കേൾക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല.
ഈ സംഭാഷണത്തിലാണ് സിനിമയുടെ സ്പന്ദനം തന്നെ..
അതെ
വളരെയേറെ ജനപ്രീതി നേടിയ രഞ്ജിത്തിന്റെ
പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്ന്റ്
മലയാള ചലച്ചിത്രങ്ങളിൽ കാണാത്ത വളരെ വിരളമായ ഒരു വിഷയത്തെയാണ് രഞ്ജിത് ഇതിൽ പ്രമേയമാക്കിയിരിക്കുന്നത്.
യാഥാസ്ഥിതികനും കച്ചവടക്കാരനുമായ ചെറമ്മൽ ഫ്രാൻസിസിന്റെ ജീവിതത്തിലെ പ്രതിസന്ധികളും അപ്രതീക്ഷിതമായുണ്ടായ മാറ്റങ്ങളുമാണ് കഥാതന്തു
ജീവിതത്തിന്റെ സുപ്രാധനവും നിർണ്ണായകവുമായ ഘട്ടങ്ങളിലെല്ലാം കല്ലറയിൽ ചെന്ന് അപ്പനപ്പൂപ്പന്മാരേയും സഹോദരങ്ങളേയും പുണ്യാളനേയും പ്രാർത്ഥിക്കുകയും അവരുടെ മൌനാനുവാദത്തോടെ മാത്രം തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ശീലമാണ് പ്രാഞ്ചിയേട്ടൻ എന്ന ചെറമ്മൽ ഈനാശു ഫ്രാൻസിസിന്
കുറേ ജീവിതാനുഭവങ്ങൾ തളർത്തിയ പ്രാഞ്ചി പള്ളിയിൽ പ്രാർത്ഥിക്കാനെത്തുകയും പുണ്യാളൻ നേരിട്ടു പ്രത്യക്ഷപ്പെട്ടതായി അനുഭവപ്പെടുകയും അദ്ദേഹത്തോട് ഇന്നുവരെ ഉണ്ടായ സംഭവങ്ങൾ ഓരോന്നായി അനാവരണം ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് കഥയുടെ ആഖ്യാനം.
അതിഭാവുകത്വം ഒട്ടും തീണ്ടാതെ ശുദ്ധമായ തൃശ്ശൂർ ടlang ൽ ഉള്ള സംസാരരീതി, സന്ദർഭാനുസരണം ഉള്ള നർമ്മം എന്നിവ പ്രേക്ഷക മനസ്സുകളെ ആസ്വാദന തലത്തിലെത്തിക്കാൻ സംവിധായകനു കഴിഞ്ഞു.
വിദ്യാഭ്യാസത്തിന്റെ കുറവ് മറച്ചു പിടിക്കാൻ പേരും പ്രശസ്തിയുമുണ്ടെങ്കിൽ സാധിക്കുമെന്ന കരുതുന്ന പ്രാഞ്ചി...... പരാജയപ്പെടുമ്പോൾ അതിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുമ്പോൾ ഉണ്ടാവുന്ന സംഭവ വികാസങ്ങൾ.... എന്നിവ പ്രേക്ഷകനെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളുടെ ആത്മഗതങ്ങൾ ചിത്രീകരിക്കുന്നിടത്തു പോലും ഉണ്ട് വ്യത്യസ്തത .
നാം നിത്യവും കാണുന്ന സാധാരണ ജനങ്ങൾ തന്നെയാണ് പ്രാഞ്ചിയേട്ടന്റെ ചുറ്റുമുള്ളവർ. വാസുമേനോൻ ഉതുപ്പ് ബാഹുലേയൻ
പത്മശ്രീ ഡോ.ജോസ്‌ ഡോ. ഓമന ...... നിറമുള്ള ജീവിത ചിത്രങ്ങൾ!
സാധാരണ ചട്ടക്കൂട്ടിൽ നിന്നും വ്യത്യസ്തമായാണ് കഥയുടെ ഗതി,
.അജയ്യനായ നായകൻ നികൃഷ്ടനായ വില്ലൻ നായകൻ വില്ലനു മേൽ നേടുന്ന ആത്യന്തികമായ വിജയം എന്നീ പതിവു ഫോർമുലകളിൽ നിന്നു മാറി പുതുമയുള്ള ഒരന്തരീക്ഷമാണ് പ്രാഞ്ചിയേട്ടനിൽ കാണുക.
ജീവിതത്തെ ഒരു ചിരിയോടെ നേടാനാവുമെന്ന് പ്രാഞ്ചിയേട്ടൻ നമ്മെ പഠിപ്പിക്കുന്നു. പ്രാഞ്ചിക്കു പറ്റിയ വീഴ്ചകളിൽ നമ്മോടൊപ്പം പ്രാഞ്ചിയും ചിരിക്കുന്നു. പ്രസാദാത്മകമായ രീതിയിൽഅവതരിപ്പിച്ച കഥാസന്ദർഭങ്ങൾ വിസ്മയിപ്പിക്കുന്നവയാണ്.
ദുരന്തങ്ങളും പ്രശ്നങ്ങളും നിറഞ്ഞ ജീവിത കഥയും ആകാംക്ഷ മുറ്റിയ മുഹൂർത്തങ്ങളും ഇല്ലാതെ തന്നെ സിനിമ വിജയിപ്പിക്കാൻ സാധിക്കുമെന്ന് പ്രാഞ്ചിയേട്ടനിലൂടെ രഞ്ജിത് തെളിയിച്ചു.
പോളി എന്ന പയ്യന്റെ പിന്നാമ്പുറകഥകൾ തീരെ അറിയാതെ പോയി എന്നുള്ളത് ഒരു കരടായി നിൽക്കുന്നു.
കേന്ദ്ര കഥാപാത്രമായ ചെറമ്മൽ ഈനാശു ഫ്രാൻസിസിനെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്.അദ്ദേഹത്തിന്റെ അഭിനയ പാടവത്തെക്കുറിച്ച് മലയാളിക്കറിയാത്തതല്ല.തന്റെ ഭാവ ചലനങ്ങൾ കൊണ്ടും ചേഷ്ടകൾ കൊണ്ടും സാധാരണ കച്ചവടക്കാരനായ പ്രാഞ്ചിയേട്ടനെ മികവുറ്റതാക്കി.
സൂക്ഷ്മമായ ഭാവഹാവാദികളിലൂടെ പ്രാഞ്ചിയേട്ടന്റെ പ്രതിസന്ധികളോടുള്ള സമീപനം മമ്മുട്ടി ഉജ്ജ്വലമാക്കി
"ഒന്നു മോഹിപ്പിച്ച്..... അവളാ പോയി... ഞാൻ ഒന്നൂടൊന്ന് ഒതുങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ "
പ്രാഞ്ചിയേട്ടന്റെ പ്രേമം...... ഇതാണ്
"കിനാവിലെ ജനാലകൾ തുറന്നു വിട്ടതാരാണ്...." എന്ന ഗാനം സന്ദർഭാനുസരണമായി.
ഏതൊരു മനുഷ്യന്റെ ജീവിതത്തിലും നല്ല കാലവും മോശം കാലവും ഉണ്ടാവും. നമ്മുടെ മനസ്സ് എപ്പോഴും നമുക്കുണ്ടായ ദുരനുഭവങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. ദൈവം............... സ്നേഹം മാത്രമാണെന്ന് രഞ്ജിത് അടിവരയിട്ടു പറയുകയാണ് ഇവിടെ.
നമ്മുടെ ചെറിയ ആവശ്യങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ ദൈവം ചിരിക്കുകയാവാം..... അതിലും വലിയ നിയോഗങ്ങൾ അദ്ദേഹം നമുക്കായി കരുതി വെച്ചിട്ടുണ്ടാവാം!
സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ കറേ ചിരിയും ചിന്തകളും നിറഞ്ഞു നിൽക്കും
അതാണ് പ്രാഞ്ചിയേട്ടന്റെ വിജയം! നമ്മുടേയും !

No comments:

Post a Comment