Thursday, March 24, 2016

പെരുന്തച്ചന്



പുരാവൃത്തങ്ങളിൽ കേട്ടുപഴകിയ പെരുന്തച്ചന് കഥ അഭ്രപാളിയിലേക്ക് പകര്ത്തിയ രണ്ടു പേർ കഥയുടെ തച്ചൻ എം ടി യും , കന്നിയങ്കം കൊണ്ട് തന്നെ കളം വിട്ട അജയനും .
ഈ രണ്ടു പ്രതിഭകൾ കൈകോർത്തു ചമച്ച പെരുന്തച്ചൻ എന്ന കാവ്യ സിനിമ കാലാതിവർത്തിയാവുന്നത് സിനിമയുടെ കയ്യടക്കം ആവോളം അവരിൽ് ഉണ്ടായിരുന്നതു കൊണ്ടാണ്.
പ്രതിഭയുടെ ചലനങ്ങള് കാണാതെ, അംഗീകരിക്കാതെ പോകുന്ന മലയാളിയുടെ മനസ്സിൽ അഭിനയകലയുടെ തച്ചനായി ഇന്നും തിലകൻ എന്ന മഹാനടന് നമ്മുടെ ഉള്ളിൽഉണ്ടെന്നതാണ് വാസ്തവം.
എം ടി യുടെ തൂലിക ഇത്തരമൊരു മിത്ത് തിരക്കഥയായിപണിതെടുക്കുമ്പോൾ നാം പ്രതീക്ഷിച്ച മാസ്മരികത അക്ഷരങ്ങളില് സൂക്ഷിച്ചുവെച്ചിരുന്നു.
അണയാന് പോകുന്ന വിളക്കിലെ നാളം എന്ന ദൃശ്യത്തില് ആരംഭിച്ച് തന്റെ ജ്ഞാനത്തിന്റെ ഗ്രന്ഥപ്പുരയില് എരിഞ്ഞു തീരുന്ന തച്ചനോടൊപ്പം നെഞ്ചിടിപ്പോടെ കരഞ്ഞത് നമ്മളും ആയിരുന്നില്ലേ ??? അഗ്നിയില് ആരംഭിച്ച് അഗ്നി ഏറ്റെടുക്കുന്ന അപൂർവ്വജന്മമായി തച്ചന്റെ ജീവിതം തിരശീലയില് കാണുമ്പോള് നാം അകപെട്ടു കിടക്കുന്ന ചില കാവ്യനിമിഷങ്ങളും അദ്ദേഹത്തിന്റെ കഥയില് ഉണ്ട്.
കളിക്കൂട്ടുകാരനായ ഉണ്ണിതമ്പുരാൻ,
നെടുമുടിവേണുവിന്റെ അതിമനോഹരമായ കഥാപാത്രം അന്തപ്പുരദാസൻ് ആകേണ്ടി വന്ന അനേകായിരം പുരുഷ ജന്മങ്ങളുടെ പ്രതിനിധി ആയിരുന്നു. തന്മയത്വത്തോടെ വേണു ആ കഥാപാത്രത്തെഅവതരി- പ്പിച്ചപ്പോൾ നന്മയുടെ മനസ്സില് എന്നും ധര്മ്മസങ്കടങ്ങളുടെ കടൽ ഒളിപ്പിച്ചു വെക്കുന്ന ഒരാളെ യാണ് നാം കണ്ടത്.
നമുക്ക് സുപരിചിതമായ തച്ചൻ കഥയിലെ സന്ദര്ഭങ്ങള് അടുക്കുംചിട്ടയൊടെ വന്നു പോകുന്നു ..
സ്വന്തം വീടും നാടും വിട്ടു തച്ചു ശാസ്ത്രത്തിന്റെ നവധാര തേടിയലഞ്ഞ തച്ചന് ഒടുവിലെത്തുന്നത് കുഞ്ഞുങ്ങള് ഇല്ലാതെ വിഷമിക്കുന്ന കൊട്ടാരത്തില്. സഹപാഠിയുടെ വേദനതിരിച്ചറിയുന്ന തച്ചന് തന്റെ പ്രാര്ത്ഥനയില് ധ്യാനിച്ചു നല്കുന്നത് ആശ്വാസത്തിന്റെ പുതുശില്പമാണ്.
ദേവീ രൂപത്തിനു മാതൃകയാവുന്ന തമ്പുരാട്ടി രാത്രിയുടെ യാമങ്ങളില് അയാൾക്ക് മുന്നില് വശ്യ ലാവണ്യത്തിന്റെ മോഹവലയങ്ങള് തുറന്നിടുന്നത് പറയാതെ പറയുന്നു എം.ടി.
കൊത്തിയുണ്ടാക്കിയ മൂർത്തീ രൂപം ദൈവിക ഭാവം പ്രാപിക്കും മുൻപ് ഒരു വരി കൊത്താൻ മറന്നു പോയ തച്ചൻ തീണ്ടാപാടകലെ നിശ്ചലനാവുന്നത് ഒരു വംശത്തിനു പറ്റിപ്പോയ കൈകുറ്റപ്പാടാണ് എന്നും വായിച്ചെടുക്കാം ഈ ദ്രിശ്യകവിതയിൽ നിന്ന്.
ഏതൊരു ജന്മത്തിനും ജീവിതത്തിൽഒരു തിരിച്ചു നടത്ത മുണ്ട് സ്വജീവിതതിലേക്ക് തന്നെ. ഊർന്നു പോയ സ്വകാര്യ ജീവിതത്തിലേക്ക്, മടങ്ങുന്ന തച്ചന് ഏക തുണയാവുന്നത് അയാളുടെ മകൻ ആണ് കലയിലും കൈവിരുതിലും തന്നെക്കാൾ മിടുക്കൻ ഒരു കുട്ടിക്കളിപോലെ താൻ തീർത്ത വെള്ളം തുപ്പുന്ന മരപ്പാവയും , കണ്ണൻ തീർ്ക്കുന്ന പ്രതിയോഗിപാവയും. അച്ഛന്റെ കരവിരുതിനു മുകളിൽ മകൻ തീര്ക്കുന്ന ചെറിയ വിജയമെങ്കിലും തച്ചന്റെ മുഖത്തു തന്നെയാണ് ആ അടി വന്നു വീഴുന്നത്.
കാലം കഥാഗതിയിൽ ആവര്ത്തിക്കുകയാണ് ...
പുതു തലമുറയുടെ പ്രതിനിധിയായി തച്ചന്റെ മകൻ കണ്ണന് .
അച്ഛനെക്കാൾ മിടുക്കനെന്ന് കീര്ത്തി ... അകാലത്തിൽ വരുന്ന പ്രശംസകൾ അഹങ്കാരത്തിന്റെ മുളയായി വരുന്നത് ഇവിടെയാണ് .പണ്ടു തച്ചന് മാതൃക യായ തമ്പുരാട്ടിയുടെ മകൾ അമ്മയുടെ വാശിയും വീറും ആവോളം പകര്ന്നു കിട്ടിയവൾ അച്ഛൻ എന്ന ഉണ്ണിനമ്പൂതിരിക്കും അനുസരിക്കേണ്ട പ്രകൃതം. അമ്മയുടെ ആഗ്രഹം സാധിക്കാൻ സരസ്വതീ മണ്ഡപം പണികഴിപ്പിക്കാൻ ഒരുങ്ങുന്നു ... തർക്ക ശാസ്ത്രത്തിലും തച്ചു ശാസ്ത്രത്തിലും യുവ ഊര്ജ്ജം തിരുമംഗലം നീലകണ്ഠൻ്. ആകാരത്തിലും ഭാവപകര്ച്ചയിലും മനോജ് കെ ജയൻ് എന്ന നടന്റെ കയ്യിൽ ഭദ്രമായിരുന്നു ആ വേഷം
സരസ്വതീ മണ്ഡപം പണികഴി പ്പിക്കൽ മാത്രമല്ല നീലകണ്ഠന്റെ വരവിന്റെ ലക്ഷ്യം തമ്പുരാട്ടി കുട്ടിയെ വേളിയും കഴിക്കാം എന്ന മോഹവും അഴകിയ രാവണൻ എന്നു പലപ്പോഴും തോന്നി പോകുന്ന നീലകണ്ഠ നുണ്ട് .ന്യൂ ജനറേഷൻ ഐക്യം എന്ന് തോന്നും വിധം , നീലകണ്ഠനു കൂട്ടായി എത്തുന്നത് തച്ചന്റെ മകനായ കണ്ണൻ
നീലകണ്ഠനോടൊപ്പമുള്ള കൂടിച്ചേരലും പ്രശംസയും കൌമാരത്തിന്റെ എടുത്തുചാട്ടവും അഹങ്കാരിയാക്കിയ കണ്ണന്, പലപ്പോഴും അച്ഛൻ ആവുംവിധം ഉപദേശം നല്കുന്നുണ്ട്
“സിദ്ധികള് ദൈവാനുഗ്രഹമാണ് ' ആചാര ഉപചാരങ്ങള് ലംഘിച്ചാല് തച്ചനാവാം ; പക്ഷെ സിദ്ധനാവില്ല” ഈ ഉപദേശം ചെവി കൊള്ളാതെ പോയതാണ് തച്ചന്റെ മകന്റെ പരാജയം.
കർ്മ്മ മേഖലയിലെ കൈപ്പുണ്യം പ്രണയ വഴിയിലേക്ക് മാറി സഞ്ചരിച്ചപ്പോൾ തച്ചനും മകനും തമ്മിലുള്ള ഭാഷണം തർക്കത്തിലേക്കും ശാസ്തത്തിലേക്കും വഴിമാറി പോകുന്നഎഴുത്തു വിദ്യ
എം ടി പുറത്തടുക്കുന്ന സന്ദർഭമാണിത്. ”തമ്പുരാട്ടിക്കു താണവനോട് പ്രണയവും കാമവും തോന്നിയാല് കലാപം ഉണ്ടാകുന്നെങ്കില് അഭയം നല്കാൻ ആശാരിപ്പുര ഉണ്ടാകും" എന്ന മകന്റെ മറുപടിക്ക് മുന്നിൽ പകച്ചു പോകുന്ന തച്ചന് പൈതൃകങ്ങളുടെ മൂല്യം ഓര്മ്മപ്പെടുത്തി മറിച്ചിടാന് ശ്രമിക്കുന്നുണ്ട്
“സ്മൃതിക്ക് ഭാഷ്യം ചമയ്ക്കാന് നീയാര് ?” എന്ന് ചോദിക്കുന്ന തച്ചനെ തള്ളിപ്പറയുന്ന മകൻ " പെറ്റ തള്ള പറച്ചിയായത്കൊണ്ട് സൌകര്യ പൂർവ്വം മറന്നു ബ്രാഹ്മണ ബീജമാണെങ്കിൽ ശ്രേഷ്ഠൻ എന്നു വാദിക്കാൻ അതാണ് പെരുന്തച്ചൻ."
സമകാലിക ഭാരതത്തിൽ ആഴത്തില് വായിക്കേണ്ട ഒന്നായി പെരുന്തച്ചൻ് കഥ വർഷങ്ങൾക്കു മുൻപ് സ്വതന്ത്ര ഭാഷ്യത്തിലൂടെ പറഞ്ഞുവെച്ചു എം. ടി
തനിക്കു തന്നെ പാരയായ കണ്ണനെ ഒതുക്കാനും കൈവിട്ടു പോയ തമ്പുരാട്ടിയെ മാനം കെടുത്താനും പ്രമാണിമാരുമായി വന്ന നീലകണ്ഠനെ ഒറ്റ നോട്ടത്തിൽ തളച്ചിടുന്ന രംഗം ചെറുപ്രായത്തിൽ ഉർവ്വശി അവാർഡു വാങ്ങിയ മോനിഷയുടെ അഭിനയത്തികവ് വീണ്ടും നമ്മെ ബോധ്യപെടുത്തുന്നു. എങ്കിലും കിട്ടാക്കനിയല്ല തമ്പുരാട്ടി എന്ന തോന്നൽ നീലകണ്ഠനെ പിന്നെയും ആശിപ്പിക്കുന്നുണ്ട്.
എന്നാൽ നിസ്സഹായതയുടെ പടുകുഴിയിൽ വീണ ഉണ്ണിനമ്പൂതിരി നെഞ്ചകം തകർ്ന്നു വിലപിക്കുന്ന കാഴ്ച മലയാളിയുടെ ആസ്വാദന സങ്കല്പ്പത്തിൽ രണ്ടു മഹാനടന്മാരുടെ മത്സരമാണ് അനുഭവപ്പെടുത്തിയത്.
“ദിവ്യനായ നിന്റെ മകൻ തീർന്നു കിട്ടണേ എന്ന് പ്രാര്ത്ഥന നടത്തിയിട്ടുണ്ട് രാമാ ഞാൻ" നെടുമുടിവേണുവിന്റെ..ഉണ്ണിനമ്പൂതിരി മലയാളത്തിന്റെ പെരുന്തച്ചൻ തിലകനോട് ക്ഷമ ചോദിച്ചു കൊണ്ട് പറയുന്ന വാക്കുകളിൽ വികാരങ്ങളുടെ മഹാസാഗരം അലയടിപ്പിക്കുന്നുണ്ട് ഓരോ അനുവാചകനിലും ....
“കൊടിമരം വീതുളി എറിഞ്ഞു വീഴ്ത്തുന്ന പ്രിയ മിത്രമേ പെരുന്തച്ചാ ... അരിഞ്ഞു വീഴ്ത്താമോ എന്നെ ? എത്ര ആത്മബലമുള്ളവനും പതറി പോകുന്ന ചോദ്യം…മൗനത്തിന്റെ സങ്കട തോർത്തു കൊണ്ടാണ് തച്ചൻ ആ മുഹർ്ത്തം തുടച്ചകറ്റുന്നത് .
ചെറുപ്പത്തിന്റെ ചോരത്തിളപ്പും തമ്പുരാട്ടിയുമായുള്ള പ്രണയവും കണ്ണനെ കുറച്ചൊന്നുമല്ല അഹങ്ഗാരത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നത്. സത്യവും കടപ്പാടും ബന്ധങ്ങളും ഒപ്പം സ്വാർത്ഥതയുംഒരേപോലെവേട്ടയാടുമ്പോൾ,തന്നെയും തന്റെ ജന്മത്തെയും തിച്ചറിയാതെ പോയ മകനോട് പറയാനരുതാത്ത സത്യത്തെ ഒളിപ്പിച്ചു വെക്കേണ്ടി വന്ന തച്ചൻ ചില തീരുമാനങ്ങൾ കൈകൊള്ളുകയാണ്.
കൈക്കരുത്തോ മനക്കരുത്തോ അല്ല . പ്രകൃതിയെ അമ്മയായ് കാണാനും പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും സൃഷ്ട്ടിയുടെ ഭാഗം ആകുമ്പോൾ മാത്രമേ സൃഷ്ടി പൂർണതയിൽ തിളക്കമാർന്നതാകൂ എന്ന് സരസ്വതീമണ്ഡപ നിർമാണ വേളയിൽ കാലിടറിപോകുന്ന മകനെ അഛൻ്ഓർമപ്പെടുത്തുന്നു.
സരസ്വതീമണ്ഡപത്തിന്റെ നിർമ്മാണം പൂർത്തിയാവും വേളയിൽ പതറിപ്പോയ മകന് തച്ചനെ ആശ്രയിക്കേണ്ടി വരുന്നു
കണ്ടു പഠിക്കാത്ത മകന്റെ കുരുത്തക്കേടിനു വഴക്കു പറഞ്ഞിട്ടും പ്രണയം അന്ധനാക്കിയ അവൻ തമ്പുരാട്ടിയുടെ അംഗലാവണ്യത്തിൽ മയങ്ങവേ ആത്മ മിത്രത്തോടും അതിലുപരി തമ്പുരാട്ടിയുടെ അമ്മയോടും പുലര്ത്തേണ്ട നീതി തച്ചനിൽ നിറയുകയും സ്വപുത്രനെ തന്റെ ജീവ വായുവായ വീതുളിയാൽ കാലപുരിക്ക് അയക്കുകയും ചെയ്യേണ്ടി വരുന്നപരിസമാപ്തിയിൽ നിലവിളികളുടെ , കുത്തുവാക്കുകളുടെ , പരിദേവനങ്ങളുടെ അഗ്നിയിൽ വെന്തൊടുങ്ങുന്ന തച്ചനോ, അകാലത്തിൽ പൊലിഞ്ഞ മകനോ ശരി എന്ന ചോദ്യം നമ്മിലേക്ക്എറിഞ്ഞുതന്ന് പെരുന്തച്ചൻ എന്ന കാവ്യചിത്രം അവസാനിക്കുന്നു ...
പെരുന്തച്ചൻ എന്ന സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും നെഞ്ചിൽ ഒരു നെരിപ്പോടായി എന്നും ഈ സിനിമ ചെർത്തുവെക്കും.
തിലകൻ എന്ന മഹാനടന്റെ അഭിനയത്തികവ്, മറ്റൊരു നടനെയും നമുക്ക് ഈ സ്ഥാനത്ത് ചിന്തിക്കാൻ പോലും കഴിയാത്ത വിധം മികവുറ്റതാക്കിയിരിക്കുന്നു അർഹിക്കുന്ന അംഗീകാരം മലയാളത്തിന്റെ പെരുന്തച്ചന് കൊടുത്തില്ല എന്നുള്ള കുറ്റബോധം എന്നും മലയാള സിനിമയെ വേട്ടയാടുക തന്നെ ചെയ്യും
നെടുമുടി വേണു, വിനയപ്രസാദ് , മനോജ് കെ ജയൻ,ബാബു നമ്പൂതിരി, ,പ്രശാന്ത് എന്നിവരോടൊപ്പം ,നമ്മെ വിട്ടുപോയ മോനിഷ, എം എസ് ത്രിപ്പൂണിത്തുറ അടൂർ പങ്കജം എന്നിവരുടെയും അഭിനയത്തികവായിരുന്നു പെരുന്തച്ചൻ എന്ന ചലച്ചിത്ര കാവ്യം.
പ്രണാമം....
മലയാളത്തിന്റെ പെരുന്തച്ചന്……………..
ഒപ്പം കാലയവനികക്കുള്ളിൽ മറഞ്ഞ എല്ലാ കലകാരന്മാര്ക്കും…………
അണിയറയിൽ …………………
രചന :എം.ടി. വാസുദേവൻ നായർ
സംവിധാനം : അജയൻ
നിർമാണം : ജി. ജയകുമാർ
സംഗീതം ജോൺസൺ (പശ്ചാത്തലസംഗീതം) ഛായാഗ്രഹണം സന്തോഷ് ശിവൻ ചിത്രസംയോജനം എം.എസ്. മണി സ്റ്റുഡിയോ ഭാവചിത്ര വിതരണം ഭാവചിത്ര റിലീസിങ് തീയതി 1990 

No comments:

Post a Comment