Tuesday, March 29, 2016

വരികളിൽ തെളിയുന്ന മായാത്ത സൂര്യൻ - ഗിരിഷ് പുത്തഞ്ചേരി


മലയാള സംഗീത ലോകത്ത് മനോഹരമായ കാവ്യപുഷപങ്ങളാൽ, ഗാനശകലങ്ങളാൽ സൗരഭ്യം പടർത്തിയ ജനപ്രിയ ചലച്ചിത്ര ഗാന രചയിതാവാണ് ശ്രീ.ഗിരീഷ് പുത്തഞ്ചേരി.മലയാണ്മയുടെ നന്മയും ലാളിത്യവും ഗൃഹാതുരത്വമുണർത്തുന്ന സുന്ദരമായ വരികളിലൂടെ ജനഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിച്ച പ്രിയ കവിയാണ് പുത്തഞ്ചേരി.
മലയാളി എന്നും നേഞ്ചോട് ചേർത്ത് മൂളി പാടുന്ന ഇഷ്ട ഗാനങ്ങളിൽ ഏറെയും സമ്മാനിച്ച ഗീരിഷ് പുത്തഞ്ചേരിയുടെ കാവ്യ സിദ്ധി അപാരമാണ്.ഒരു കാലഘട്ടത്തിന്റെ സംഗീത ആസ്വാദനത്തിന് പുതിയ ഭാഷ്യം നൽകിയ ആ സൂര്യതേജസിന്റെ വരികൾ ഇന്നും ആസ്വാദക മനസ്സിൽ മായതെ നിൽക്കുന്നു.
പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവും ഭക്തിയും കാവ്യക്ഷരങ്ങളിൽ സ്ഫുടം ചെയ്ത് മനസ്സിലേക്ക് നിറക്കാനുള്ള പുത്തഞ്ചേരിയുടെ കലാവൈഭവം ശ്രദ്ധേയമാണ്.
കാവ്യകൈരളിയുടെ സിംഹാസനത്തിൽ ഇരുന്ന് കൊണ്ട് ദൈവത്തിന്റെ അനുഗ്രഹാശിസ്സുകളോടെ കലാ മൂല്യമേറിയ ഒരു പാട് പാട്ടുകൾ ഋതുഭേദങ്ങൾ ചാലിച്ച് കൊണ്ട് 1989- 2010 കാലയളവിൽ മലയാളിക്ക് സമ്മാനിച്ച പുത്തഞ്ചേരി നക്ഷത്ര ലോകത്തിലേക്ക് യാത്രയായിട്ട് 6 വർഷങ്ങൾ ആയി.
ആകാശദീപങ്ങൾ സാക്ഷിയാക്കി, സൂര്യ കിരിടം വീണുടഞ്ഞ പോലെ ശോകാർദ്ദമായ ഓർമ്മകൾ ഭൂമിയിൽ ബാക്കി നിർത്തി അങ്ങകലെ സദാ മിന്നിതിളങ്ങുന്ന ആ മഹാപ്രതിഭയെ, കവിയെ ,തിരകഥാകൃത്തിനെ ഓർക്കാത്ത സംഗീതപ്രേമികൾ മലയാളത്തിൽ ഉണ്ടാവില്ല
വയലാറിന് ശേഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എന്നെ സ്വാധീനിച്ച ചലച്ചിത്ര ഗാനരചിയതാവാണ് എന്റെ സുഹൃത്ത് കൂടിയായ ഗീരിഷ് പുത്തഞ്ചേരി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ആർട്സ് കോളജിൽ ഞാൻ അദ്ധ്യാപകനായിരുന്ന സമയത്ത് അദേഹത്തിന്റെ സൗഹൃദ ശീതളിമ അനുഭവിക്കാൻ എനിക്ക് സാധിച്ചത് എന്റെ മഹാ ഭാഗ്യമായി കരുതുന്നു
പുളിക്കൂർ കൃഷ്ണ പണിക്കരുടെയും മീനാക്ഷി അമ്മയുടെയും മകനായി 1959ൽ കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിലാണ് ജനനം. പുത്തഞ്ചേരി ഗവ.എൽ.പി സ്കൂൾ, മൊടക്കല്ലൂർ യൂ.പി സ്കൂൾ, പാലോറ സെക്കൻഡറി സ്ക്കൂൾ, ഗവ: ആർടസ് ആന്റ് സയൻസ് കോളേജ് കോഴിക്കോട് എന്നിവടങ്ങളിലായിരുന്നും വിദ്യാഭ്യാസം.
ആകാശവാണിയ്ക്കു വേണ്ടി ഗാനങ്ങൾ എഴുതി കൊണ്ടാണ് ഗിരീഷ് ഗാനരചന രംഗത്ത് ഹരിശ്രീ കുറിച്ചത്.പിന്നീട് കാസറ്റ് കമ്പനികൾക്ക് വേണ്ടിയും ഗാനങ്ങൾ എഴുതിയിട്ടുണ്ട്.എൻക്വയറി എന്ന ചിത്രത്തിലെ ഗാനങ്ങൾ എടുതിയാണ് ചലച്ചിത്ര ഗാന രചനാ രംഗത്ത് കടന്ന് വരുന്നത്.
300 ൽ അധികം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ച പുത്തഞ്ചേരിക്ക് കേരള സർക്കാറിന്റെ ഏറ്റവും മികച്ച രചയിതാവിന്നുള്ള പുരസ്കാരം 7 തവണ ലഭിച്ചിട്ടുണ്ട്‌.ഒട്ടേറെ മറ്റ് പുരസ്ക്കാരങ്ങളും ഗീരിഷിനെ തേടിയെത്തിയിട്ടുണ്ട്.
അഗ്നിദേവൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് പുനരധിവാസം രാവണപ്രഭു, നന്ദനം, ഗൗരിശങ്കരം, കഥാവശേഷൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് ഗിരിഷിനെ പുരസ്ക്കാരങ്ങൾക്ക് അർഹനാക്കിയത് -
മനുഷ്യമനസ്സിന്റെ എല്ലാ ഭാവങ്ങളും കഥാസന്ദർഭങ്ങൾക്കനുസൃതമായിമായ് മൗലികമായ വരികളിലൂടെ തന്റെതായ കയ്യൊപ്പോട് കൂടി സമ്മാനിച്ച ഗിരിഷ് ബഹുമുഖപ്രതിഭയാണ്. ചൈതന്യമുള്ള പുത്തഞ്ചേരിയുടെ വരികളുടെ മാധുര്യം നുണരാത്ത മലയാള മനസ്സുകളില്ല
ആമ്പല്ലു രമ്പലത്തിൽ ആറാട്ട് (മായാമയൂര).'ഹരിമുരളീരവം (ആറാം തമ്പുരാൻ ) ഗോപി കേ ഹൃദയമൊരു വെൺശംഖ് പോലെ (നന്ദനം) ഒരു രാത്രി കുടി സമ്മർ ( ഇൻ ഇൻബത്ത് ലേഹം ) കരിമിഴി കുരുവിയെ കണ്ടില്ല., എന്റെ എല്ലാമെല്ലാ അല്ലേ (മീശ മാധവൻ) ആരാരൊള് പുലർമഴയിൽ (പട്ടാളം) തൊട്ടരുമ്മിയാരിക്കാൻ കൊതിയായി ( രസികൻ) തുടങ്ങിയ പുത്തഞ്ചേരിയുടെ വരികൾ, പ്രണയ വർണ്ണങ്ങളുടെ രസങ്ങൾ ഉണർത്തുന്നവയാണ്
ഇന്നലെ എന്റെ നെഞ്ചിലെ - (ബാലേട്ടൻ ) ,അമ്മ മഴക്കാറിന് കണ്ണു നിറഞ്ഞു - (മാടമ്പി ,)സൂര്യ കിരിടം വീണിടുത്തും - (ദേവസുരം) നിലാവേ മായുമോ.. (മിന്നാരം),നീയുറങ്ങിയോനിലാ വേ- (ഹിറ്റ്ലർ.) ഇത്തരംവരികൾ വിഷാദത്തിന്റെ കണ്ണുനീരിൽ ചാലിച്ചാണ് പുത്തഞ്ചേരിഎഴുതിയത്.
ഗ്രാമീണ സൗന്ദര്യത്തിന്റെ നിഷകളങ്കതയും നേർകാഴ്ചകളുടെ ആവിഷ്ക്കാരവുമാണ് പുത്തഞ്ചേരിയുടെ വരികൾ. സിനിമയിൽ ഒരു പാട്ട് ജനിക്കുന്നത് ഒരു പറ്റം കലാകാരൻമാരുടെ കുട്ടായ്മയുടെ ശ്രമമാണ്. കലാസമന്വയത്തിന്റെ ആവിഷ്ക്കാരമാണ് ചലച്ചിത്രഗാനങ്ങൾ .എന്നിരുന്നാലും ഗിരീഷ് തന്റേതായ കൈയൊപ്പ് ഈ രംഗത്ത് പതിപ്പിച്ചിട്ടുണ്ട്.
എന്ത് കൊണ്ട് ഗിരീഷിന്റെ പാട്ടുകൾ അന്നും, ഇന്നും ജനങ്ങൾ പാടുന്നു എന്ന് ചോദിച്ചാൽ അതിന് ഉത്തരം അർത്ഥഗർഭമായ വരികൾ അനന്യമായ പദസമ്പത്തോടെ വികാര വായ്പ്പോടുകൂടി ഗാനങ്ങളായി രചിക്കുന്നു എന്നതാണ്.ഏത് വികാരമായാലും തലമുറക്കൾക്കതീതമായി ഒരോരുത്തരും അവ ഇഷ്ടപ്പെട്ടു.
കവിതയെ കൊണ്ട് മാത്രം ജീവിതത്തിൽ രക്ഷപെടാൻ സാധ്യമല്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഗീരിഷ് ചലച്ചിത്ര ഗാനരചനാ രംഗത്ത് വന്നത്. കവിതയിലും ഗാനത്തിലും കഥയിലും ചലച്ചിത്രഭാഷ്യത്തിലും പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭയാണ് പുത്തഞ്ചേരി
ആയിരത്തോളം ഗാനങ്ങളും അതിലേറെ ലളിത ഗാനങ്ങൾക്കും വരികളെഴുതിയ പുത്തഞ്ചേരി കിന്നരി പുഴയോരം, പല്ലാവൂർ ദേവനാരായണൻ, വടക്കു നാഥൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
ഷഡ ജം, തനിച്ചല്ല ,എന്റെ പ്രിയപ്പെട്ട പാട്ടുകൾ എന്നിവ ഗിരീഷ് പുത്തഞ്ചേരിയുടെ കവിതാ സമാഹാരങ്ങളാണ്
ഭാര്യ ബീന, കുട്ടികൾ ജിതിൻ, ദിനനാഥ് എന്നിവരോടും കോഴിക്കോട് പറയഞ്ചേരിയാണ് താമസിച്ചിരുന്നത്. 2010 ഫെബ്രുവരി 10ന് ആ അമ്പതു വയസ്സുകാരൻ കൈ കുടന്ന നിറയെ ഒരിക്കലും മറക്കാത്ത ഒരായിരം ഗാനങ്ങൾ സമ്മാനിച്ച് കൊണ്ട് നക്ഷത്രങ്ങളുടെ ലോകത്തിലേക്ക് യാത്രയായി.
വരികളിൽ സൂര്യതേജസ്സ് വിടർത്തി മായാത്ത വരികൾ സൃഷ്ടിച്ച എഴുത്തിന്റെ തമ്പുരാന്റെ വിയോഗം വാക്കുകൾ കൊണ്ട് പറയാനാകുന്നതിലും അധികമാണ്.
പുത്തഞ്ചേരിയുടെ ഗാന വിശുദ്ധി കളഭം പോലെ, നിലാവിന്റെ വെളിച്ചം പോലെ ഏവർക്കും അനുഭവഭേദ്യമാണ്.കവിതയുടെ വിശുദ്ധ വഴികളിൽ അദ്ദേഹം കൊളുത്ത വെച്ച ദീപ നാളങ്ങൾ അങ്ങ് അകലെ നക്ഷത്ര മണ്ഡലങ്ങൾ വരെ പ്രഭ പരത്തുന്നവയാണ്.അകാലത്തിൽ പൊലിഞ്ഞ മഹാപ്രതിഭക്കു മുമ്പിൽ ഒരായിരം സ്മരണാഞ്ഞലികൾ സമർപ്പിക്കട്ടെ. അനശ്വര ഗാനങ്ങളിലുടെ എന്നുംആരാധകരുടെ മനസ്സിൽ ജ്വലിച്ച്‌ നിൽക്കുന്ന ചന്ദ്ര താരകമാണ് ശ്രീ ഗിരീഷ് പുത്തഞ്ചേരി. കാവ്യ ദേവതയുടെ വരദാനമായ പദസമ്പത്തുകളാൽ മലയാളിക്ക് ഹരിമുരളി രവം പോലെ ആനന്ദദായകമായ പാട്ടുകൾ സമ്മാനിച്ച പുത്തഞ്ചേരിയുടെ ഗാനങ്ങൾ മരിക്കുന്നില്ല. അമരഗീതങ്ങളാണ് ആ തൂലിക തുമ്പിൽ പിറന്നത്. നക്ഷത്രങ്ങളുടെ ലോകത്തെ മിന്നിതിളങ്ങുന്ന പാട്ടുകാരന് പ്രണാമം

No comments:

Post a Comment