Monday, March 28, 2016

ഉലുരു _മരുഭൂമിയിലേക്കൊരു തീത്ഥയാത്ര



ഒരു തീർത്ഥയാത്രയുടെ മൌനവും വിനോദയാത്രയുടെ വാചാലതയും കലർന്ന ഒരു യാത്രയായിരുന്നു അത്. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നും രണ്ടുമണിക്കൂർ വിമാനയാത്രയുടെ അവസാനം മരുഭൂമിയെന്നു തോന്നിക്കുന്ന ഉലുരു - പാശ്ചാത്യന്റെ അയേർസ് റോക്ക് - എത്തുന്നു. എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയാത്തതിനാൽ കുറച്ചൊക്കെ ഇന്റർനെറ്റ്‌ ഗവേഷണം നടത്തിയതിൻറെ വെളിച്ചത്തിൽ ഒരു ചെറിയ ആകാംക്ഷയോടെയാണ് കറുത്ത മനുഷ്യരെ ഞാൻ അവിടെ തേടിയത്. ഏതാണ്ട് ആഫ്രിക്കൻ പോലെ തോന്നിച്ചെങ്കിലും ചില ദക്ഷിണേന്ത്യൻ ഗോത്രവർഗങ്ങളെ ഓർമപ്പെടുത്തുന്ന മുഖങ്ങൾ.
കുടിലുകൾ പോലെ ചമച്ച ടൂറിസം കെട്ടിടങ്ങൾ, കണ്ണെത്താദൂരം ചുവന്നു പഴുത്ത മണ്ണ്, ഉണങ്ങിയ പുൽച്ചെടികൾ, തറയിൽ കുന്തിച്ചിരിക്കുന്ന 'അബ്-ഒറിജിനി'കൾ - കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ, വാചാലയായ ടൂർ ഗൈഡ്. എയർ കണ്ടിഷൻ ചെയ്യാഞ്ഞിട്ടും ഈ ടൂറിസം കെട്ടിടങ്ങൾക്കുള്ളിൽ ചെറിയ ഒരു തണുപ്പുണ്ട്. ഒരു മ്യുസിയം പോലെ ശില്പങ്ങളും ചിത്രങ്ങളും വച്ചിരിക്കുന്നു. എത്ര വർണ്ണമയമായ ചിത്രങ്ങൾ! കൂടുതലും ഇഴജന്തുക്കളുടെതാണ്. വെറും പുള്ളിക്കുത്തുകൾ കൊണ്ട് വരച്ചിരിക്കുന്നു. ഓരോന്നിനും ചുരുങ്ങിയത് 30 ഡോളർ എങ്കിലും വിലയുണ്ട്‌. ഞങ്ങൾ തങ്ങിയ കോട്ടേജ് ഒരു വലിയ കോംപ്ലെക്സ് ആയിരുന്നു. അവിടെ ജോലി ചെയ്യുന്ന ഒരു ഈജിപ്ഷ്യൻ ആണ് പറഞ്ഞത് ടൂറിസം കെട്ടിടങ്ങൾക്ക് മുൻപിൽ കുന്തിച്ചിരുന്നവരാണ് മനോഹരമായ ആ ചിത്രങ്ങൾ ചെയ്തതെന്നും അതിന് കൂലിയായ തുഛ പ്രതിഫലം വാങ്ങാൻ കാത്തിരുന്നതായിരുന്നു അവരെന്നും. ആരെങ്കിലും അവ വാങ്ങിയാലേ പുറത്തിരിക്കുന്ന ചിത്രകാർക്കു പണം ഇവർ കൊടുക്കുകയുള്ളുവത്രേ. ഇന്ത്യൻ എന്നു കേട്ടാലേ ജാതിയുടെ പേരിലുള്ള തരംതിരിവ്, അയിത്തം എന്നൊക്കെ വലിയ ഉത്കൺഠയോടെ ചോദിക്കുന്ന വെള്ളക്കാരുടെ 'ഹ്യുമാനിറ്റെര്യൻ' മുഖങ്ങളുടെ തനിനിറം മറക്കാൻ ഇന്റർനെറ്റ്‌ ൽ ഗവേഷണം ചെയ്ത 'ദി ഗ്രേറ്റ്‌ ഓസ്ട്രെലിയൻ ഡ്രീംടൈം' മനസ്സിൽ നിറച്ചുകൊണ്ട് കിടന്നുറങ്ങി.
പിറ്റേന്ന് അതിരാവിലെ 5 മണിക്ക് യാത്രതുടങ്ങി. ഞങ്ങൾ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ തന്നെയാണ് ടൂർ ഗൈഡ്. എല്ലാവർക്കും ഒരു കുപ്പി വെള്ളം തന്നിട്ട് രണ്ടുമണിക്കൂർ യാത്രയിൽ സിപ് ചെയ്തു മാത്രം കുടിക്കണം - ഡിഹൈഡ്റേറ്റ് ആവാതിരിക്കാൻ എന്നും പറഞ്ഞു. ആറു മണിക്കാണ് സൂര്യ ഉദയം. ഞങ്ങൾ പോയത് മരുഭൂമിക്കു നടുവിൽ 9 കിലോമീറ്റർ ചുറ്റളവിൽ നിൽക്കുന്ന ഒരു വലിയ പാറയും, അത് ഉദയ സൂര്യൻറെ പൊൻകിരണങ്ങൾ പതിക്കുമ്പോൾ സ്വർണ്ണമയമായി വെട്ടിത്തിളങ്ങുന്നതും കാണാൻ ആണ്. വഴി നീളെ പലവിധ ഇഴ ജന്തുക്കളെ കാണാം. ഗോത്രവർഗ്ഗത്തിന്റെ ഭക്ഷണവും ഭാവനയും അതുമാത്രമാണെന്ന് തോന്നി. ആറുമണിക്ക് കൃത്യം അഞ്ചുമിനിറ്റുമുൻപ് ഞങ്ങൾ തയ്യാറായി നിന്നു. കണ്ണും മനസ്സും ഒപ്പിയെടുക്കാത്തത് ക്യാമറകൾ പകർത്തുമെന്ന് കരുതി പലരും ക്യാമറയിലൂടെ നോക്കി നിന്നു. പലവിധ വാഹനങ്ങളിലായി വന്ന 50 ഓളം ആളുകളുണ്ട്. സുര്യൻ ഉദിച്ചുതുടങ്ങി, പക്ഷെ എല്ലാവർക്കും ഇഛാഭംഗം വരുത്തിക്കൊണ്ട് സുര്യൻ മേഘങ്ങൾക്കുള്ളിൽ മറഞ്ഞു. 6 മണി മുതൽ അഞ്ചു നിമിഷം മാത്രമേ ഈ കാഴ്ച കാണാൻ സാധിക്കുകയുള്ളുവെന്നും അഞ്ചു നിമിഷം കഴിഞ്ഞതിനാൽ നിങ്ങൾക്ക് ഭാഗ്യം ഇല്ല എന്നും പറഞ്ഞ് ഞങ്ങളുടെ ഗൈഡ് ബസ്സിനരികിലേക്ക്‌ നടന്നു. മറ്റു ടൂറിസ്റ്റ് വണ്ടികൾ നീങ്ങിത്തുടങ്ങി. മനസ്സിൽ ആദിത്യഹൃദയം ജപിച്ച് ഞങ്ങൾ മാത്രം കുറച്ച് കൂടി കാത്തിരുന്നു. അദ്ഭുതം തന്നെ, അടുത്ത നിമിഷം മറനീക്കി സുര്യദേവൻ വെളിയിൽ വന്നു. എന്നാൽ ആങ്കിൾ കടന്നതിനാൽ ഉദ്ദേശിച്ച ദൃശ്യം കാണാൻ കഴിയും എന്ന് കരുതിയതല്ല. പക്ഷെ ഉലുരു ഒരു സ്വർണമേരു പോലെ വെട്ടിത്തിളങ്ങി. പതുക്കെ അത് ചുവന്നും തുടങ്ങി. ഞങ്ങളുടെ ഗൈഡ് അദ്ഭുതം മറയ്ക്കാനാവാത്ത മുഖത്തോടെ നിന്നത് ഇന്നും ഓർക്കുന്നു. ഇതൊരു തീർത്ഥയാത്രയാണെന്നും ഒരു പുണ്യഭൂമിയിലാണ് ഞങ്ങൾ നിൽക്കുന്നതെന്നും പെട്ടെന്ന് ഒരു വെളിപാടുപോലെ തോന്നിച്ചു. ഗൈഡ് വളരെയധികം വാചാലനായി. പല ദശലക്ഷം വർഷങ്ങൾക്കുമുൻപ് ഗോണ്ട്വാന എന്ന ഭൂഖണ്ഡം ഉണ്ടായിരുന്നപ്പോൾ ഈ ഭാഗമായിരുന്നു നടുവിൽ. ഈ ആദിമ ഗോത്രക്കാർ അങ്ങനെ നമ്മുടെ ഭാരതത്തിൽ നിന്നും നടന്നുവന്നതാണ് ഇവിടേക്ക് എന്നും പറഞ്ഞു ആ ഗൈഡ്. അവരുടെ ചില വാക്കുകൾ നമ്മുടെ സംസ്കൃതവുമായി സാമ്യമുള്ളവയാണെന്ന് എനിക്ക് തോന്നി. എങ്ങും നിറഞ്ഞുനില്ക്കുന്ന ഊർജമാണ് പരബ്രഹ്മം എന്ന തത്വം ഇവരും പിൻ തുടരുന്നു. അവർ ഊർജത്തിനെ 'ത്ജുകുർപ്പ' എന്ന് പറയും. സൃഷ്ടിക്കുമുൻപും സംഹാരത്തിനു ശേഷവും അവശേഷിക്കുന്ന ഊർജമാണ് അത്. അബോറിജിനൽ 'ഡ്രീം ടൈം' എന്നാണ് ഇതിന്റെ വെസ്റ്റേൺ വ്യാഖ്യാനം. ഭൂമിയെ അതിന്റെ അച്ചുതണ്ടിൽ ഒരു ആങ്കിളിൽ നിർത്തുന്നതിൽ ഈ പാറയ്ക്ക് ഒരു പ്രധാന പങ്കുണ്ടെന്ന് ഗൈഡ് പറഞ്ഞപ്പോൾ നമ്മുടെ പുരാണങ്ങളിൽ ഇത് പരാമർശിച്ചിട്ടുണ്ട് എന്നോർത്തുപോയി. വരാഹ അവതാര സമയം പാതാളത്തിൽ നിന്നും ഭൂമിയെ കോരിയെടുത്തപ്പോൾ തേറ്റകളിൽ ഒട്ടിയിരുന്ന മണ്ണ് നാലു ദിശകളിലേക്ക് വീണതാണ് ഹിമവാൻ, വിന്ധ്യൻ, ആൻഡിസ്, പിന്നെ ഈ ഉലുരുവും.
യാത്ര തുടങ്ങുന്നതിനു മുൻപേക്കാളും ഉത്സാഹത്തോടെ അവിടെ നിന്നും ഉലുരുവിൻറെ അടുത്തേക്ക് ഞങ്ങൾ ബസ്സിൽ പോയി. പല വലിപ്പത്തിലുള്ള ഗുഹകളും കൊച്ചു കൊച്ചു നീർക്കുഴികളും നിറഞ്ഞ കിലോമീറ്റർ കളോളം നീണ്ടും പരന്നും കിടക്കുന്ന ഉയരമേറിയ ചുവന്ന പാറ. ഗുഹാഭിത്തികളിൽ മനോഹരമായ ചിത്രങ്ങൾ ആദിമജീവിത കഥകൾ പറയുന്നു. ചിലതെല്ലാം വളരെ ഗഹനമാണ്. ചുവന്ന പാറയാണ്‌ - വലിപ്പം കൊണ്ട് പർവതം ആണെന്നേ തോന്നൂ. എത്രത്തോളം ഉയരമുണ്ടോ, അതിന്റെ പലമടങ്ങ്‌ ഭൂമിക്കടിയിലേക്കും ഉണ്ടെന്നറിയാൻ കഴിഞ്ഞു. മുകളിലേക്ക് ട്രെക്കിംഗ് ന് ഒരു പാതയുണ്ട്. ഓസ്ട്രേലിയയുടെ സാമ്രാജ്യത്വമുഖവും ടൂറിസം കെട്ടിടത്തിനു വെളിയിൽ കുന്തിച്ചിരുന്നവരുടെ നിസ്സഹായമുഖവും തരുന്ന ഒരു ഐറണി, ഒരു കോണ്ട്രാസ്റ്റ് ആണ് ഈ യാത്രയിൽ ഉടനീളം മനസ്സിൽ മിഴിച്ചു നിന്നത്. അതിന്റെ തുടർച്ചയെന്നോണം ട്രെക്കിംഗ് പാതയുടെ തുടക്കത്തിൽ ഗോത്രവർഗക്കാരന്റെ വിലാപം ഒരു അപേക്ഷയായി എഴുതി വച്ചിരിക്കുന്നു - "ഈ മേരു ഞങ്ങൾ ആരാധിക്കുന്ന ഏറ്റവും പവിത്രമായ ഒരു സങ്കേതമാണ്. ഇതിൽ കാൽകൾ പതിച്ച് ഇതിന്റെ കൊടുമുടിയിലേക്ക് പോവുക എന്നത് ഇതിനെയും ഞങ്ങളുടെ വിശ്വാസങ്ങളെയും അവമാനിക്കുന്നതിനു തുല്യമാണ്" എന്ന്. ഈ പോസ്റ്റ്‌ നിലനിർത്തിക്കൊണ്ടുതന്നെയാണ് ഓസ്ട്രെലിയൻ ഗവണ്മെന്റ് ട്രെക്കിംഗ് നു ഏർപ്പാടുകൾ ചെയ്തിരിക്കുന്നത്. ആദിമഗോത്രവർഗ്ഗത്തിന്റെ സംസ്കാരവും ജീവിതവും ഭാവിയും ഈ യാചനയിലൊതുങ്ങിയത് ഒരു നെടുവീർപ്പോടെ ഞാൻ നോക്കി നിന്നു. അമ്പതിനായിരം വർഷങ്ങളായി ഇടമുറിയാതെ നിലനിന്നുപോരുന്ന സംസ്കാരവും ആചാരങ്ങളുമാണ് ടൂറിസം എന്ന പേരിൽ കളങ്കപ്പെടുന്നതെന്നോർത്തപ്പോൾ വെള്ളത്തോലുള്ള എല്ലാ മനുഷ്യരോടും അകാരണമായി ദേഷ്യവും തോന്നി. വിജയകരമായി മുകളിലെക്കേത്തുന്നവരേക്കാൾ കൂടുതലാണ് അവിടെ നിന്നും വീണു മരിക്കുന്നതെന്നു ഗൈഡ് പറഞ്ഞപ്പോൾ ഒട്ടും വിഷമം തോന്നിയുമില്ല. തുടർന്നുള്ള യാത്രയിൽ അവരെക്കുറിച്ച് ഗൈഡിനോട്‌ ചോദിച്ചുകൊണ്ടേ ഇരുന്നു. ഇരുനൂറു വർഷത്തോളം ശ്രമിച്ചിട്ടും പുറം ലോകം അറിയാത്തതാണ് അവരുടെ ഒട്ടുമിക്ക ആചാരങ്ങളും എന്നറിയാൻ കഴിഞ്ഞു. ഉലുരുവിന്റെ മടക്കുകളിലേക്ക് അപ്രത്യക്ഷരാവുന്ന ഗോത്രവർഗക്കാർ അവരുടെ മരണവും ജനനവും അവിടെ പങ്കിടുന്നതും ഓർമ്മകൾ ഗുഹാചിത്രത്തിലൂടെ പതിച്ചിടുന്നതും ഗൈഡിന്റെ വാക്കുകളിലൂടെ ഞാൻ കണ്ടു.
പിറ്റേന്ന് മുഴുവനും പലതരം മലകളിലും സഞ്ചരിച്ചു. 'ഗോർജ്' എന്നറിയപ്പെടുന്ന മലയിടുക്കുകളിൽ നിന്ന് വരുന്ന കാറ്റിന്റെ ഹുംകാരം ചിലപ്പോൾ പാട്ടുപോലെയും ചിലപ്പോൾ ഒരു താക്കീതുപോലെയും തോന്നി. ചില മലകൾ ഗാംഭീര്യത്തോടെ ഒത്ത വടിവത്തിൽ ഉയർന്നു നിൽക്കുന്നു - ശിവലിംഗം പോലെ - പ്രകൃതി പുരുഷനിൽ നിന്നോ, മറിച്ചോ ഒരു നിലനിൽപ്പില്ലെന്ന് ഓർമപ്പെടുത്തുന്ന പോലെ.
രാത്രി മരുഭൂമിയിലേക്ക് വീണ്ടുമൊരു യാത്ര. ഒരു സ്റ്റാർലിറ്റ് ഡിന്നർ. മുകളിൽ നക്ഷത്രത്തിളക്കം. ഒരാൾ പ്രോജെക്ടർ വച്ച് നക്ഷത്രങ്ങളുടെ കഥകൾ പറഞ്ഞു തരുന്നു. ഫ്രഷ്‌ ആയി ആഹാരം വിളമ്പാൻ മേശകൾക്കിടയിലൂടെ നടന്നുനീങ്ങുന്ന സുന്ദരിമാർ. പ്രത്യേകം പറഞ്ഞ് ഏർപ്പാടാക്കിയ വെജിറ്റെറിയൻ ആഹാരം, തണുത്ത കാറ്റ്, പതിഞ്ഞ സ്വരത്തിൽ ഒരാൾ അബോറിജിനി വാദ്യമായ 'ഡിടെരിഡൂ' വായിക്കുന്നു. പകൽ കണ്ട ആദിമ ഗോത്രം ഇപ്പോൾ ഓർമ്മ മാത്രം. ആകാശവും ഭൂമിയും അതിലടങ്ങുന്ന സർവവും ഒരേ സ്പന്ദനത്തിൽ ഒരു സുഖാലസ്യത്തിലാവുന്നത് മനസ്സും ആത്മാവും നിറക്കുന്ന ഒരു അനുഭൂതിയാവുന്നു.
സുഖകരമായ സ്വപ്നങ്ങളില്ലാത്ത ഒരു രാത്രിക്കുശേഷം യാത്രയുടെ അവസാനത്തെ ദിവസം ഉണർന്നത് ഒരു പുത്തൻ ഉന്മേഷത്തോടെയായിരുന്നു. ടൂറിസം കെട്ടിടത്തിൽ പോയി എന്ത് സുവനീർ ആണ് വാങ്ങേണ്ടതെന്നു തിരഞ്ഞു. ഒടുവിൽ ഒരു ബൂമറാങ് എടുത്തുവെളിയിൽ വരുമ്പോൾ ഒരു നാളെല്ലാം കുത്തിയിരുന്നിട്ടും പണം കിട്ടാതെ പിറ്റേന്ന് വീണ്ടും വന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗോത്രവർഗക്കാരെ കണ്ടു. ലക്ഷ്യത്തിൽ കൊള്ളാതെ എറിഞ്ഞിടത്ത് തന്നെ വന്നു വീഴുന്ന ബൂമറാങ്ങുകളാണ് അവരോരോരുത്തരും എന്നെനിക്കു തോന്നി. തിരിച്ചുകയറി ചുവപ്പും കറുപ്പും വെള്ളയും മഞ്ഞയും കലർന്ന ഒരു പാമ്പിന്റെ ചിത്രവും വാങ്ങി എയർപോർട്ടിലേക്ക് വണ്ടികയറിയപ്പോൾ ഓപ്പെറ ഹൗസും, ബീച്ചും, തിരക്കും നിറഞ്ഞ സിഡ്നി എനിക്ക് തികട്ടിതുടങ്ങിയിരുന്നു.

No comments:

Post a Comment