Wednesday, March 30, 2016

മകളേ , നിന്നോട്

പിറക്കാതിരിക്കുക ഇനി നീ വീണ്ടു-
മീ ഘോരഭൂവിലൊരു മകളായി
അമ്മയായി നല്ലൊരു പാതിയായി
നന്മ നിറയും പ്രിയകൂട്ടുകാരിയായി .
ഉയിരിന്നാദ്യം മുതല്‍ നീ നിറമാര്‍ന്ന
കനവുകള്‍ നെയ്തുവെന്നാകിലും
ബീഭത്സമായൊരു ലാവാപ്രവാഹം
മനതാരിലെപ്പോഴും നിനച്ചിരിക്കേണം.
ക്ഷമിക്കൂ കുരുന്നേ നീ , ഈ പ്രപഞ്ചത്തോട്‌

പെണ്ണിന്‍റെ നേര്‍ക്കുയരും ക്രൂരതയോട്
അവളെ ആവാഹിയ്ക്കും ആചാര -
അനാചാരക്കൊടുവാളിന്‍ മൂര്‍ച്ചയോട് .
നാളെ , ഈ ജീവന്‍റെ താളം തുടരുവാന്‍
നീ വേണം എന്നോര്‍ക്കുന്നൊരു നാള്‍ വരും.
നിന്‍റെ ഉയിരുമുടലും തളിര്‍ക്കുന്ന നാള്‍ വരും
നിന്‍ സേവ ചെയ്യാന്‍ ആയിരങ്ങള്‍ വരും
ഒപ്പം കളിച്ചിടാന്‍ കൈകള്‍ കോര്‍ത്തു
കിന്നാരമോതുവാന്‍ സൗഹൃദം പങ്കിടാന്‍
ഒരു താലിച്ചരടിനാല്‍ സ്വന്തമാക്കാന്‍
ഒരു കുഞ്ഞിക്കാലു നല്കാന്‍
തളരുമ്പോള്‍ മാറോടു ചേര്‍ത്തണയ്ക്കാന്‍
ഒരു പെണ്ണിനെ കിട്ടാത്ത നാള്‍ വരും.
ഒരു സ്നേഹത്തലോടല്‍ ഒരു പ്രണയചുംബനം
തേടി അലയുന്ന കാഴ്ചകളുണ്ടാകും.
ആത്മാക്കളലയുന്ന ജന്മങ്ങള്‍ ഉണ്ടാവും.
ഒരു പെണ്‍തരിയ്ക്കായി നോമ്പ് നോല്‍ക്കും.
ഒരു പെണ്‍തരിയ്ക്കായി കുരുതി ഏകും.
ഒരു നാരിയ്ക്ക് വേണ്ടി കബന്ധങ്ങള്‍ ഉണ്ടാവും.
ഇന്നത്തെ പ്രഭാതത്തിനൊരു പ്രദോഷമുണ്ടാവും.
കണ്ണുകള്‍ തുറക്കുക ,നല്‍കുക അല്പം തണല്‍
നാളെ ഒരു സ്നേഹസ്പര്‍ശത്തിലലിഞ്ഞുറങ്ങാന്‍.

No comments:

Post a Comment