Tuesday, March 29, 2016

റാന്തല്‍



ചങ്കരുട്ടിക്ക് വയസ്സ് 36 കഴിഞ്ഞപ്പോള്‍ ആണ് ചാമളയുമായി കല്യാണം ഉറപ്പിച്ചത്. ചെറുപ്രായത്തിലേ അനാഥനായ ചങ്കരുട്ടി വിദ്യാഭ്യാസം ഇല്ലെങ്കിലും അദ്ധ്വാനി ആയിരുന്നു. സ്വപ്രയത്നം കൊണ്ട് പത്തുപറക്കണ്ടവും 8 സെന്റു പറമ്പും അതിലൊരു വീടും ഉണ്ടാക്കി. പാടത്തും പറമ്പിലും രാപ്പകല്‍ അദ്ധ്വാനിക്കുന്നതില്‍ മുഴുകിയ ചങ്കരുട്ടിക്ക് കല്യാണം എന്ന ചിന്ത പോലും ഉണ്ടായിരുന്നില്ല.
പെണ്ണുങ്ങളോട് നേരെ മുഖത്ത് നോക്കി സംസാരിക്ക പോലും ചെയ്യാത്ത ഈ നാണംകുണുങ്ങിക്ക് ഗാര്ഹിക ജീവിതത്തെ പറ്റി പരിജ്ഞാനം തീരെ ഉണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു, അരിവാള്‍ ജാനകിയും സ്പാനര്‍ മേരിയും മറ്റും നടത്തുന്ന സ്റ്റഡിക്ലാസ്സുകളെ പറ്റി കേട്ടിട്ട്പോലും ഉണ്ടായിരുന്നില്ല. നാട്ടിലെ കല്യാണങ്ങളില്‍ പങ്കു ചേരുമ്പോള്‍ സദ്യക്ക് പ്രഥമന്‍ ഏതൊക്കെ എന്നത് മാത്രം ആയിരുന്നു ചങ്കരുട്ടിയുടെ താല്പര്യം.
കല്യാണത്തെ പറ്റിയോ ഭാവികലാപരിപാടികളെ പറ്റിയോ ആലോചിക്കാതെ നടന്ന ചങ്കരുട്ടിയെ അമ്മായിക്കരയിലെ ചില കാര്ന്നോമ്മാരും പ്രമാണിമാരും നിര്ബ്ബന്ധിച്ചാണ് കല്യാണത്തിന് സമ്മതിപ്പിച്ചത്. കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ പെറും, കുട്ട്യോള്‍ ഉണ്ടാകും എന്നൊക്കെ അയല്പക്കത്തെ തള്ളമാര്‍ പറയണ കേട്ട അറിവ് മാത്രം. എന്ത്, എങ്ങിനെ, എപ്പോള്‍ ഇതൊന്നും ചിന്തിക്കുക പോലും ഉണ്ടായിട്ടില്ല. എന്തെങ്കിലും ആകട്ടെ, വരുന്നെടത്തു വച്ച് കാണാം, അമ്മായിക്കര ഭഗോതി കാത്തോളും എന്ന വിശ്വാസത്തോടെ ചങ്കരുട്ടി കല്യാണത്തിന്റെട ഒരുക്കങ്ങള്‍ തുടങ്ങി.
കല്യാണത്തലേന്നു രാത്രി മുറ്റത്തു കൂടിയവരില്‍ ഒരു കാര്ന്നോര്‍ “ഇനി താമസിപ്പിക്കണ്ടാ ചങ്കരുട്ട്യേ, ചാമളയ്ക്ക് മൂന്നാല് പിള്ളേരെ ഇണ്ടാക്കി കൊടുത്ത് സുഖായിട്ട് ജീവിച്ചോ” എന്ന വെടി പൊട്ടിച്ചപ്പോള്‍ ചങ്കരുട്ടിയുടെ മനസ്സില്‍ അഗ്നിപര്‍വതം പൊട്ടി. അതെങ്ങന്യാ പറ്റ്വാ എന്ന അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് “വാണിയംകുളം ചന്തേല് ഇപ്പൊ ഒരു പോത്തിനെ വാങ്ങ്യാ ഒരു കുട്ടി പ്രീ” എന്ന് രാമന്നായരുടെ കതിന. എല്ലാരും കൂടി ആര്‍ത്തലച്ച് ചിരിച്ചപ്പോള്‍ തന്നെ ആക്കിയതാണ് എന്ന ബോധം ചങ്കരുട്ടിക്ക് ഉണ്ടായി. എല്ലാം കൂടി ആയപ്പോള്‍ ദേഷ്യവും സങ്കടവും മൂത്ത് ഇപ്പൊ തന്നെ ചത്താല്‍ മതി എന്ന് ചങ്കരുട്ടിക്കു തോന്നി.
ചുരുങ്ങിയ സമയം കൊണ്ട് ഇതൊക്കെ ആരോട് ചോദിക്കും, എങ്ങനെ മനസ്സിലാക്കും എന്ന് വിചാരിച്ച് വ്യാധി പൂണ്ടു ബോധക്കേടിന്റെ വക്കില്‍ നില്ക്കു മ്പോളാണ് ചങ്കരുട്ടി കിഷ്ണേട്ടനെ കണ്ടത്. പ്രായത്തില്‍ മൂത്തതും ചെറുപ്പത്തിലേ ചെറുപ്പത്തിലേ ചില ഗുലുമാലുകള്‍ ഒപ്പിച്ചു കള്ളവണ്ടി കയറി ബോംബയ്ക്ക് വിട്ടവനും ആണ് കിഷ്ണേട്ടന്‍. നാട്ടിലെ പെമ്പിള്ളാരോട് ശൃംഗരിച്ചു നടന്ന് അസാന്മാര്ഗ്ഗികലൈംഗികവാദം കലക്കികുടിച്ചവന്‍ ആയതുകൊണ്ട് വിഷയത്തില്‍ ജ്ഞാനം ഉണ്ടാവും കിഷ്ണേട്ടന്‍ എന്ന് ചങ്കരുട്ടി ഉറപ്പിച്ചു.
ആയിടെ ലീവില്‍ വന്ന കിഷ്ണേട്ടനെ ചങ്കരുട്ടി ആരും കാണാതെ സ്വകാര്യമായി പറമ്പിന്റെ‍ ഒരു മൂലയിലേക്ക് വിളിച്ച് കൊണ്ടുപോയി. “കിഷ്ണേട്ടാ, കല്യാണം കഴിഞ്ഞാ കുട്ട്യോള് ണ്ടാവും ല്ല്യേ? എങ്ങന്യാ ണ്ടാവാന്നു നിക്ക് അറീല്ല്യ. ഒന്ന് പഠിപ്പിച്ചു താ” എന്ന് അപേക്ഷിച്ചു. “അതിനു സ്റ്റഡി ക്ലാസ്സും പ്രാക്ടിക്കലും നടത്താന്‍ ഇപ്പൊ എവടെ സമയം. ഇതൊക്കെ നേരത്തേ പഠിച്ച്വെക്കേണ്ടേ” എന്ന് കിഷ്ണേട്ടന്റെ മറുചോദ്യം. “എന്ത് ചെയ്തിട്ടാണേലും വേണ്ടില്ല്യാ, ഇത്തിരി കാശ് മൊടക്ക്യാലും വേണ്ടില്ല്യാ നിക്ക് പ്പൊ തന്നെ അറിയണം” എന്ന് ചങ്കരുട്ടി. “ശ്ശെടാ ഇത് നല്ല കൂത്ത്‌. നാളെ നിന്റെ കല്യാണം. എന്റെ ലീവു തീര്ന്നു, മറ്റന്നാ പെലര്ച്ചെ ഞാന്‍ ബോംബയ്ക്ക് വണ്ടി കേറും. ഇതിന്റെ എടേല് എവട്യാ സമയം? നീ വേറെ വല്ലോരേം പിടിക്ക്.” എന്ന് കിഷ്ണേട്ടന്‍.
“ഇക്കാര്യത്തില് എനിക്ക് വേറാരേം വിശ്വാസം ല്ല്യാ, കിഷ്ണേട്ടന്‍ ആവണം ന്റെം ഗുരു” എന്ന് കട്ടായമായി ചങ്കരുട്ടി പറഞ്ഞപ്പോള്‍ കിഷ്ണേട്ടന്‍ ഒന്നയഞ്ഞു. “ഇല്ല്യാന്ന്ച്ചാ ഞാന്‍ തൂങ്ങി ചാവും” എന്ന ഡയലോഗും കാച്ചി പൊട്ടിക്കരഞ്ഞു കാല്ക്കല്‍ വീഴലും കൂടി ആയപ്പോള്‍ കിഷ്ണേട്ടന് ഗുരുസ്ഥാനം ഏറ്റെടുക്കാതെ വയ്യ എന്നായി. കുറച്ചുസമയം ആലോചിച്ച്, ഒരു കള്ളച്ചിരിയോടെ “ശരി, നീ സമാധാനിക്ക്, ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട്. നീ ഞാന്‍ പറേണ പോലെ ചെയ്‌താല്‍ മതി” എന്നും പറഞ്ഞ് ചങ്കരുട്ടിയുടെ ചെവിയില്‍ സ്വകാര്യം പറഞ്ഞു.
കല്യാണവും സദ്യയും ഭംഗിയായി നടന്ന് സന്ധ്യയായപ്പോഴേക്കും എല്ലാരും പിരിഞ്ഞു. വീട്ടില്‍ ചങ്കരുട്ടിയും ചാമളയും മാത്രം. കുത്തിയിരുന്ന് മുഷിഞ്ഞ ചങ്കരുട്ടി പുറത്തേക്ക് ഇറങ്ങി, പാടത്തും പറമ്പിലും നടന്നുനോക്കി. തിരിച്ചുവന്ന ചങ്കരുട്ടി ചാമളയുണ്ടാക്കിയ മെളഗൂഷ്യോം കൂര്ക്കഉപ്പേരിയും കൂട്ടി ചോറുണ്ടു. അത് കഴിഞ്ഞ്, തൊഴുത്തില്‍ കാലികള്ക്ക് വൈക്കോലും വെള്ളവും ഉണ്ടെന്ന് തിട്ടപ്പെടുത്തി വീട്ടിനകത്തേക്ക്‌ കേറി. വിളക്കെല്ലാം അണച്ച ശേഷം ഒരു റാന്തലും കത്തിച്ച് തിണ്ണയില്‍ വന്നിരുന്നു.
കുറച്ചുസമയം കഴിഞ്ഞ്, തലയില്‍ തോര്‍ത്തുമുണ്ടിട്ട് കിഷ്ണേട്ടന്‍ കയറി വന്നു. “ഒക്കെ റെഡിയല്ലേ” എന്ന കിഷ്ണേട്ടന്റെ് ചോദ്യത്തിന് ചങ്കരുട്ടി തലയാട്ടി. “എന്നാ നീ ഇവടെ ഇരുന്നാ മതി, ഞാം കേറി നോക്കീട്ട് വരാം” എന്നും പറഞ്ഞ് കിഷ്ണേട്ടന്‍ അകത്തു കയറി വാതില്‍ അടച്ചു. അകത്ത് ആദ്യം ചില പൊട്ടലും ചീറ്റലും, പിന്നെ അടക്കിപിടിച്ച ചിരിയും. അതെല്ലാം കേട്ട് ചങ്കരുട്ടി തിണ്ണയില്‍ തന്നെ ഇരുന്നു. അല്പ സമയം കഴിഞ്ഞ് കിഷ്ണേട്ടന്‍ പുറത്തു വന്നു.
ആകാംക്ഷയോടെ തന്നെ നോക്കിയ ചങ്കരുട്ടിയോട് കിഷ്ണേട്ടന്‍ “ഓള് വമ്പത്തി തന്നെ..... നാളെ മുതല് ഞാന്‍ കാണിച്ച പോലെ ചെയ്താ മതി. ബാക്കി ഓള് നോക്കിക്കോളും” എന്ന് ഉപദേശം നല്കി്. “അപ്പോ ഞാം പോട്ടെടാ, ഇനി അടുത്ത തവണ ലീവിന് വരുമ്പോ കാണാം” എന്നും പറഞ്ഞ് കിഷ്ണേട്ടന്‍ യാത്രയായി. കിഷ്ണേട്ടന്‍ പോയ ശേഷം റാന്തല്‍ അണച്ച് ചങ്കരുട്ടി തിണ്ണയില്‍ തന്നെ ചുരുണ്ട് കൂടി.
----------------------------------------------------------------------
മാസങ്ങള്‍ കഴിഞ്ഞ്, ലീവിന് വന്ന കിഷ്ണേട്ടന്‍ വൈന്നേരം കള്ളടിക്കാന്‍ ഷാപ്പിലേക്ക് നടക്കുമ്പോള്‍ ആണ് പാടത്ത് നിന്നും വരുന്ന ചങ്കരുട്ടിയെ കണ്ടത്. “എന്താണ്ടാ ചങ്കരുട്ട്യേ സുഖല്ലേ” എന്ന കിഷ്ണേട്ടന്റെ ചോദ്യത്തിന് “അതെ, നല്ല സുഖം” എന്ന് ചങ്കരുട്ടി മറുപടി നല്കി. “എങ്ങനേണ്ട് കെട്ട്യോളുടെ കൂടെ നെന്‍റെ പൊറുതി” എന്ന ചോദ്യത്തിന് “അസ്സലായി നടക്കുന്നു. കിഷ്ണേട്ടന്‍ കാണിച്ചുതന്ന സൂത്രം തന്നെ ഇപ്പോളും” എന്ന ഉത്തരവും കിട്ടി.
“ന്ന് വെച്ചാ?”
“എല്ലാ ദിവസോം രാത്ര്യാവുമ്പോ ഞാന്‍ റാന്തലും കൊണ്ട് തിണ്ണയില് വന്നിരിക്കും.”
“ന്നട്ട്?”
“ന്നട്ടെന്താ? ആളോള് വരും, പോകും. വരും, പോകും.

No comments:

Post a Comment