Monday, March 28, 2016

ഇരിഞ്ഞാലക്കുട



കേരളത്തിലെ ഗ്രാമങ്ങള്‍ എല്ലാം അതിവേഗം നഗരങ്ങളായി മാറുകയാണല്ലോ. ഇന്ന് ഗ്രാമങ്ങളേയും നഗരങ്ങളേയും വേര്‍തിരിച്ച് പറയാന്‍ പോലും ബുദ്ധിമുട്ടായി വരുന്നു. കേരള ചരിത്രത്തില്‍ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു ഗ്രാമ - നഗരമാണ് ഇരിഞ്ഞാലക്കുട. സംഭവബഹുലമായ പല ചരിത്രമുഹൂര്ത്തങ്ങള്ക്കും സാക്ഷ്യം വഹിക്കുവാനും, സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ പരിവര്ത്തന പ്രക്രിയയുമായി ഇഴചേര്‍ന്ന് നില്ക്കുവാനും ഭാഗ്യം ലഭിച്ചിട്ടുള്ള ഈ കൊച്ചുപട്ടണം അനന്യമായ സവിശേഷതകളുടെ ഉടമകൂടിയാണ്‌.
ഭൂപ്രകൃതിയും മണ്‍തരവും പ്രധാനമാനദണ്ഡമായി കണക്കാക്കിയാല്‍ തീരപ്രദേശവും ഇടപ്രദേശവും ചേര്‍ന്നതാണ് ഇരിഞ്ഞാലക്കുട. ഭൂമിയുടെ കിടപ്പനുസരിച്ച് ഇരിഞ്ഞാലക്കുടയെ രണ്ടു പ്രധാന മേഖലകളായി തിരിക്കാം - കിഴക്കന്‍ മേഖല, പടിഞ്ഞാറന്‍ മേഖല. കിഴക്കന്‍ മേഖലയെ കുന്നിന്‍ പ്രദേശം, ചെരിവ് പ്രദേശം, താഴ്വാരം എന്നിങ്ങനെ തരം തിരിക്കാം.
ഇരിഞ്ഞാലക്കുടയുടെ പടിഞ്ഞാറെ അതിര്ത്തിയിലൂടെ കടന്നുപോകുന്ന കനോലികനാല്‍ വളരെ പ്രധാനപ്പെട്ട ഒരു ജലപാതയായിരുന്നു. വടക്ക് പൊന്നാനി മുതല്‍ തെക്ക് കൊച്ചി വരെ ചരക്ക് ഗതാഗതത്തിന് പ്രധാനമായും ഈ പാതയാണ് ഉപയോഗിച്ചിരുന്നത്. പല സാംസ്കാരിക മുന്നറ്റങ്ങള്ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈ നാടിന് സമ്പന്നമായൊരു സാംസ്കാരിക പൈതൃകമുണ്ട്. കാര്ഷിക വൃത്തിയുമായി കാലങ്ങളായി അഭേദ്യമായ ബന്ധം പുലര്ത്തു
ന്ന ജനവിഭാഗങ്ങളാണ് ഇരിഞ്ഞാലക്കുടയില്‍ ഭൂരിഭാഗവുമെന്നതിനാല്‍ ആ മേഖലയുമായി ബന്ധപ്പെട്ട സാംസ്കാരിക പാരമ്പര്യമാണ് പ്രധാനമായും ഈ പ്രദേശത്തിനുള്ളത്.
തൃശ്ശൂരില്‍ നിന്നും 22 കിലോമീറ്റര്‍ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഇരിഞ്ഞാലക്കുടയുടെ സ്ഥലനാമം തന്നെ വിവിധ വ്യാഖ്യാനങ്ങള്ക്ക് ‌ വിധേയമായി ഭവിച്ചിരിക്കുന്നു. വടക്കുള്ള ചാലക്കുടിപ്പുഴയ്‌ക്കും, തെക്ക്‌ സ്ഥിതി ചെയ്യുന്ന കുറുമാലിപ്പുഴയ്‌ക്കും ഇടയിലുള്ള പ്രദേശമെന്ന നിലയില്‍ 'ഇരുചാലുക്ക്‌ ഇടൈ' എന്ന പേര്‍ വന്നത്‌ ലോപിച്ച്‌ ഇരിഞ്ഞാലക്കുടയായി എന്ന വിശ്വാസവുമുണ്ട്‌. കുലീപനി മഹര്ഷി ശ്രീ കൂടല്മാണിക്യം ക്ഷേത്രത്തില്‍ നടത്തിയ യാഗാന്ത്യത്തില്‍ യജ്ഞദേവന്‍ പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തിന്റെ കൂടെ ഇരുന്ന സംഭവത്തെ സൂചിപ്പിക്കുന്ന 'ഇരുന്നുശാലയില്‍ കൂടെ' എന്ന പരാമര്ശത്തിന്റെ ചുരുക്കപ്പേരാണ്‌ ഇരിഞ്ഞാലക്കുട എന്നും വിശ്‌സിക്കപ്പെടുന്നു.
ക്ഷേത്രത്തിനു മുന്നില്‍ നിന്നിരുന്ന വലിയ ആലിനെ സൂചിപ്പിക്കുന്ന “വിരിഞ്ഞ ആല്കൂ്ടൈ” എന്ന പദം രൂപപരിണാമം പ്രാപിച്ച്‌ ഇരിഞ്ഞാലക്കുടയായി എന്ന വേറൊരു വാദം നിലനില്ക്കുന്നു. ജൈനമത സ്വാധീനം ചേര്ന്ന സ്ഥലങ്ങള്ക്ക് ‌ 'ഇരിങ്ങ' എന്ന ശബ്ദവുമായി ബന്ധമുണ്ടെന്നും അതുകൊണ്ടു തന്നെ ഇരിഞ്ഞാലക്കുടയ്‌ക്ക്‌ പ്രസ്‌തുത നാമം ലഭിച്ചതെന്നും സ്ഥലനാമ ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നു. കുലശേഖരപ്പെരുമാളായ സ്ഥാണുരവിവര്മ്മ‌യുടെ ലിഖിതത്തില്‍ ഇരിഞ്ഞാലക്കുടയെ 'ഇരിങ്കാടിക്കൂടല്‍' എന്നും ദേവനെ 'തിരുവിരുങ്കാടി തിരുവടി' എന്നും പരാമര്ശി്ച്ചിട്ടുണ്ട്‌.
ബുദ്ധന്മാരുടേയും ജൈനന്മാരുടേയും ക്ഷേത്രങ്ങൾ ഇവിടെ ഒരുമിച്ച് നില നിന്നിരുന്നു. ഈ ക്ഷേത്രങ്ങളെ കല്ലുകൾ എന്നാണല്ലോ വിളിച്ചിരുന്നത്. കൂടൽ എന്നാൽ സംഘം (ബുദ്ധ സന്യാസിമാരുടെ) എന്നുമാണർത്ഥം. അങ്ങനെ ഇരു ക്ഷേത്രങ്ങളുടേയും സംഘം എന്ന അർത്ഥത്തിൽ ഇരുംങ്കാൽ കൂടൽ എന്നും അത് ഇരിഞ്ഞാലക്കുട എന്നുമായതുമാണെന്നാണ് പുതിയ സിദ്ധാന്തം.
ചരിത്ര പശ്ചാത്തലവും സാംസ്കാരിക പാരമ്പര്യവും, സമര സ്മരണകളും ഇഴചേര്ന്ന ശ്രേഷ്ഠമായ ഒരു പൈതൃകം ഇരിഞ്ഞാലക്കുടയ്ക്ക് ഉണ്ട്. ചരിത്രത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കുമ്പോള്‍, അടിമത്തത്തിനും, ഉച്ചനീചത്വത്തിനും, അനീതിക്കുമെതിരായി നടത്തിയ ഒട്ടേറെ ആവേശോജ്ജ്വല സമരങ്ങളുടെ കഥ ഇരിഞ്ഞാലക്കുടയ്ക്ക് പറയാനുണ്ട്. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പ്രഥമ സമ്മേളന പതാക ഇരിഞ്ഞാലക്കുട അയ്യങ്കാവ് മൈതാനത്ത് ഉയര്ത്തിയ സംഭവം ചരിത്രസ്മരണീയം ആണ്. ഇരിഞ്ഞാലക്കുട കൂടല്മാ്ണിക്യ ക്ഷേത്രപരിസരത്ത് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും, ക്ഷേത്രപ്രവേശനത്തിനും വേണ്ടി നടന്ന കുട്ടന്കു്ളം സമരം അയിത്തോച്ചാടനത്തിനായി കേരളത്തിലുടനീളം നടന്ന സമരങ്ങളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു. കുട്ടംകുളം സമരം സമൂഹത്തില്‍ ഭ്രഷ്ട് കല്പ്പിച്ചിരുന്ന അവര്ണ്ണ ജനവിഭാഗങ്ങളുടെ സാമൂഹ്യമുന്നറ്റത്തിന്റെ പ്രോജ്വലമായ അദ്ധ്യായമായിരുന്നു.
നളചരിതത്തിലൂടെ ചിരസ്മരണീയനായ ഉണ്ണായിവാര്യരെയും, ക്ഷേത്ര കലകളുടെ സംഗമവേദിയായ കൂടല്മാണിക്യ ക്ഷേത്രത്തേയും പരാമര്ശിക്കാതെ ഇരിഞ്ഞാലക്കുടയുടെ ചരിത്രം പൂര്ത്തിയാകില്ല. നളചരിതമെന്ന ലക്ഷണമൊത്ത ഒരൊറ്റ ആട്ടകഥ കൊണ്ട് മലയാള സാഹിത്യരംഗത്ത് ചിരപ്രതിഷ്ഠിതനായ പ്രതിഭയായിരുന്നു ഉണ്ണായിവാര്യര്‍. കൂത്തും കൂടിയാട്ടവും സമ്പുഷ്ടമാക്കിയ ഇരിഞ്ഞാലക്കുടയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ജീവല്‍ സ്രോതസ്സ് കൂടല്‍ മാണിക്യക്ഷേത്രമാണ്.
നളചരിതം ആട്ടക്കഥ കൂടാതെ രാമായണത്തിലെയും മഹാഭാരതത്തിലെയും മറ്റ് ആട്ടക്കഥകളും ഉണ്ണായി വാര്യരുടെ കൃതികളില്‍ ഉൾപ്പെടും. ശ്രീ സംഗമേശനെ അഭിസംബോധന ചെയ്ത്കൊണ്ട്, അമ്പത് ദശകങ്ങളിലൂടെ, അഞ്ഞൂറ്റിമുപ്പത്തിനാലു ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന സ്തോത്രരൂപത്തിലുള്ള ഒരു മാലയായി വര്ണ്ണിക്കാവുന്ന അതിമനോഹരമായ സ്തോത്രകാവ്യമാണ് ഉണ്ണായിവാര്യരുടെ “ശ്രീരാമപഞ്ചശതി”. കൂടിയാട്ടം കലാകാരനും പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിക്കപ്പെടുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്.
ഉണ്ണായിവാര്യരും, കൂത്ത്, കുടിയാട്ടം എന്നീ നാട്യപ്രധാനമായ കലകളെ ഇന്നും ഉപാസിക്കുന്ന അമ്മന്നൂര്‍ ചാക്യന്മാരും ഇരിഞ്ഞാലക്കുടയുടെ അഭിമാനമായി വിരാജിക്കുന്നു. അമ്മന്നൂര്‍ ഗുരുകുലം, ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം, നടനകൈരളി തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്ത്തി ച്ചുവരുന്നുണ്ട്. സാഹിത്യലോകത്ത് പ്രശസ്തനായ പി. സച്ചിദാനന്ദന്‍, പിന്നണി ഗായകനായ ജയചന്ദ്രന്‍, സിനിമാ നടന്മാരായ ഇന്നസെന്റ്, ഇടവേള ബാബു, സാഹിത്യകാരൻ കെ വി രാമനാഥന്‍ ഇവരെല്ലാം ഈ നാടിന്റെ സംഭാവനകൾ ആണ്.
പ്രധാന വീഥിക്ക് നടുവിൽ തന്നെ സ്ഥിതി ചെയ്യുന്ന ആൽമരം ഇരിഞ്ഞാലക്കുടയുടെ പ്രത്യേകതയാണ്‌. ഇതിനു ചുറ്റുമായി നിരവധി ചടങ്ങുകൾ അരങ്ങേറുന്നത് പഴയ തറക്കൂട്ടം പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. കെ.പി.എൽ ഓയിൽ മിത്സ്, കെ.എൽ.എഫ് ഓയിൽ മിത്സ് കെ.എൽ.എഫ് ഓയിൽ, അലേങ്ങാടൻസ് മെറ്റൽസ്, ഡെലീഷ്യസ് കശുവണ്ടി, കെ.എസ്. കാലിത്തീറ്റ, ചന്ദ്രിക ആയുർവേദിക് സോപ്പ്, ചാമ്പ്യൻ പടക്ക നിർമ്മാണശാല, സി.കെ.കെ മെറ്റൽസ്, പപ്പായി ഐസ്ക്രീംസ്, തുടങ്ങിയ വ്യവസായങ്ങൾ ഇരിഞ്ഞാലക്കുടയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
കേരളത്തിലെ ക്രിസ്തീയദേവാലയങ്ങളില്‍ പ്രസിദ്ധമായ ഒന്നാണ് ഇരിഞ്ഞാലക്കുടയിലെ സെയിന്റ് തോമസ്‌ കത്തീഡ്രൽ. ജനുവരി രണ്ടാമത്തെ ആഴ്ചയില്‍ കേമമായി നടക്കുന്ന ഇവിടത്തെ പിണ്ടിപ്പെരുന്നാൾ (ഇടവക ഉത്സവം) വളരെ പ്രസിദ്ധമാണ്.
പ്രശസ്ത സാംസ്കാരിക സാമൂഹിക സംരംഭങ്ങളായ ഉണ്ണായിവാര്യർ കലാനിലയം, യജുർവേദ പാഠശാല എന്നിവ ഇരിഞ്ഞാലക്കുടയിലാണ്. ഇവയ്ക്കു പുറമേ പ്രസിദ്ധ വിദ്യാലയങ്ങളായ ക്രൈസ്റ്റ് കോളേജ്, സെൻറ് ജോസഫ്സ് കോളേജ്, നാഷണല്‍ ഹൈസ്കൂള്‍, ലിറ്റിൽ ഫ്ലവർ കോൺ‌വെന്റ് ഗേൾസ് ഹൈസ്കൂൾ, ഡോൺ ബോസ്കോ ഹൈസ്കൂൾ തുടങ്ങിയവയും ഇരിഞ്ഞാലക്കുടയുടെ അഭിമാനങ്ങള്‍ ആണ്.
മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ്‌ കൂടല്മാണിക്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഏകദേശം ഒരാൾ പൊക്കമുള്ള, കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്ന ചതുർബാഹുവാണ്‌ വിഗ്രഹം. ഇവിടെ ഉപദേവതകളില്ല എന്നത് ഒരു പ്രത്യേകതയാണ്. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം. പക്ഷെ അവിടെ അഭിഷേകമോ നിവേദ്യമോ ഒന്നും ഇല്ല.
സാധാരണ ക്ഷേത്രങ്ങളിൽ ഉള്ള പോലെ അഞ്ചു പൂജയും മൂന്ന് ശ്രീബലിയും ഇവിടെ ഇല്ല. എതൃത്ത പൂജ, ഉച്ച പൂജ,അത്താഴ പൂജ എന്നീ പൂജകൾ നടത്തുന്നു. ഉഷപൂജയും പന്തീരടിയും ഇല്ല. പുറത്തേക്ക് എഴുന്നള്ളിക്കുക ഉത്സവകാലങ്ങളിൽ മാത്രമേ പതിവുള്ളു. ഉത്സവബലിയും ഇല്ല, ശ്രീഭൂതബലി മാത്രമേ ഉള്ളു. ക്ഷേത്രത്തിൽ തെച്ചി, തുളസി മുതലായ പൂജാപുഷ്പങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും തെച്ചിയും തുളസിയും ക്ഷേത്രത്തിൽ വളരുന്നില്ല. പൂജയ്ക്കായി ചന്ദനത്തിരി, കർപ്പൂരം മുതലായവ ഉപയോഗിക്കുന്നില്ല. കേരളീയ വാസ്തുവിദ്യയുടെ പ്രത്യക്ഷ ഉദാഹരണമായ ഒരു കൂത്തമ്പലം ക്ഷേത്രതുല്യ പവിത്രതയോടെ നിലക്കൊള്ളുന്നു.
ക്ഷേത്രവളപ്പിന് അകത്തുള്ള തീർത്ഥം കുലീപിനി മഹർഷിഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം “കുലീപിനി തീർത്ഥം” എന്ന് അറിയപ്പെടുന്നു. ക്ഷേത്രത്തിലെ തീർത്ഥത്തിൽ മത്സ്യങ്ങൾ ഒഴികെ മറ്റ് ജലജന്തുക്കൾ സാധാരണമല്ല. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് മീനൂട്ട്.
കൂടൽമാണിക്യ സ്വാമി ഭക്തജനങ്ങളുടെ രോഗമോചകനായി ആരാധിക്കപ്പെടുന്നു. തുലാമാസം ഉത്രാടം നാൾ തണ്ടികകളിലായി പുന്നെല്ല്, നേന്ത്രക്കുല, പച്ചക്കറി മുതലായവ പോട്ടക്കച്ചേരിയിൽ നിന്നും കൊണ്ടുവരുന്നു. പ്രഖ്യാതമായ ഈ “തണ്ടിക വരവ്” കാണേണ്ട കാഴ്ച തന്നെയാണ്. ഈ വിഭവങ്ങൾ കൊണ്ട് ഭഗവാൻ പുത്തരി നിവേദ്യം ഒരുക്കി അത് കഴിഞ്ഞ് ഭക്തജനങ്ങൾക്ക് പുത്തരിസദ്യ നടത്തുന്നു. പിറ്റേന്ന് കുട്ടഞ്ചേരി മൂസ്സ് പ്രത്യേകം തയ്യാറാക്കുന്ന മുക്കിടി നിവേദ്യം ഭക്തർക്ക് നൽകുന്നു. മുക്കുടിനിവേദ്യം സേവിച്ചാൽ ഒരു വർഷത്തേക്ക് രോഗവിമുക്തരാകും എന്നാണ് വിശ്വാസം.
അമ്പലവാസികൾക്ക് താമരമാലയ്ക്ക് പുത്തൻ കൊടുക്കുക എന്നത് പ്രധാനമാണ്‌. പ്രതിബന്ധമുള്ള ഏത് കാര്യവും മാലയ്ക്കു മൂന്ന് പുത്തൻ ഉഴിഞ്ഞ് വച്ചാൽ ഉദ്ദേശിച്ച കാര്യം സഫലമായി തീരുമെന്നാൺ ജനങ്ങളുടെ വിശ്വാസം. വർഷകാലത്ത് അടിയന്തരങ്ങൾക്ക് ഈ വഴിപാട് കഴിച്ചാൽ മഴ തടസ്സപ്പെടില്ല എന്നും വിശ്വാസം ഉണ്ട്. വിവാഹങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ദൂരെ നിന്ന് പോലും ആള്ക്കാര്‍ ഈ വഴിപാട് ചെയ്യാനെത്തുന്നു.
കേരളത്തിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്ക്ക് തിരശ്ശീല വീഴുന്നത് കൂടല്മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തോടെ ആണ്. മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി, തിരുവോണം നാളിൽ ആറാട്ടായി പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ “ശുദ്ധി” തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ്‌ കാഴ്ച്ചശ്ശീവേലി തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ് ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്. തൃശ്ശൂർ പൂരത്തിന്റെ പിറ്റേ ദിവസമാണ്‌ ഇവിടെ ഉത്സവം തുടങ്ങുക. കൊടികയറി കഴിഞ്ഞാൽ കൂത്തമ്പലത്തിൽ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. ഉത്സവസമയത്തുള്ള കഥകളിയും മറ്റ് കലാപരിപാടികളും വളരെ പ്രസിദ്ധമാണ്. പതിനേഴ് ആനകളാണ് ഉത്സവ പ്രദക്ഷിണത്തിന് എഴുന്നള്ളിക്കുന്നത്. പഞ്ചാരി മേളം ഉത്സവത്തിന് മേളക്കൊഴുപ്പ് ഏകുന്നു. ഏഴ് ആനകളുടെ നെറ്റിപ്പട്ടം തനിത്തങ്കം കൊണ്ട് നിർമ്മിച്ചതാണ്‌. മറ്റ് പത്ത് ആനകളുടെ നെറ്റിപ്പട്ടങ്ങൾ വെള്ളികൊണ്ടും നിർമ്മിച്ചതാണ്‌. ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.

No comments:

Post a Comment