Thursday, March 24, 2016

സുവർണ്ണ ക്ഷേത്രം (ഗോൾഡൻ ടെമ്പിൾ)


ഡിസംബറിലെ മരവിപ്പിക്കുന്ന മഞ്ഞുമൂടിയ പ്രഭാതം. അമൃത്സർ ബസ് സ്റ്റാന്റിൽ നിന്നും ബസ്സുകളുടെ നിലയ്ക്കാത്ത ഹോണ്‍ മുഴക്കവും യാത്രക്കാരുടെ നെട്ടോട്ടവും. അതെല്ലാം കടന്ന്, മുന്നില്‍ കണ്ട ഒരു സൈക്കിൾ റിക്ഷക്കാരനോട് പോകേണ്ട സ്ഥലം പറഞ്ഞ് കയറി ഇരുന്നു. വസ്ത്രക്കടകളുടെ ഇടയിലൂടെ ഇടുങ്ങിയ വഴിയിലെ വാഹനങ്ങളെയും മനുഷ്യമൃഗാദികളേയും മറികടന്ന് മെല്ലെ മെല്ലെ മുന്നോട്ടുള്ള നീക്കം. അൽപസമയത്തിനുള്ളിൽ പ്രധാന കവാടത്തിന്റെ മുന്നിൽ ഇറങ്ങി. നേരെ ചെന്ന് ചെരുപ്പുകൾ സൂക്ഷിക്കാന്‍ കൊടുത്ത് ചുറ്റും നോക്കി. അച്ചടക്കത്തോടെ പോകുന്നവരും വരുന്നവരും. ചിലർ സാമാനങ്ങൾ തലയിണയാക്കി വിശ്രമിക്കുന്നു. ദർശനി ദേവ്ടി എന്നറിയപ്പെടുന്ന വടക്ക് ഭാഗത്തെ പ്രധാന കവാടം. വിക്ടോറിയന്‍ ക്ലോക്ക് ടവറിന്റെ താഴെ ആണ് ഇത്. കവാടത്തിന്റെ മുന്നിൽ ഒഴുകുന്ന തണുത്ത വെള്ളം. അതിൽ കാൽ കഴുകി, വലിയ തൂവാല കൊണ്ട് തല മൂടിയ ശേഷം മെല്ലെ പടികൾ ഇറങ്ങി. താഴെ എത്തിയ ഞാൻ വേറെ ഏതോ ഒരു ലോകത്താണ് എന്ന് തോന്നി. കണ്ണീരു പോലെ ശുദ്ധമായ ജലം നിറഞ്ഞ ഒരു വലിയ തടാകം. അതിനു ചുറ്റും മാർബിൾ നിരത്തിയ നടപ്പാത. അതിനു ചുറ്റും ഉയർന്ന കെട്ടിടങ്ങൾ. തടാകത്തിന്റെ നടുവിൽ ഉദയരശ്മിയിൽ സ്വർണ്ണ പ്രഭാപൂരിതമായി എന്റെ് മുന്നിൽ - ഗോൾഡൻ ടെമ്പിൾ എന്നറിയപ്പെടുന്ന സുവർണ്ണ ക്ഷേത്രം. ക്ഷേത്രത്തിന് നാല് പ്രവേശനദ്വാരങ്ങള്‍ ഉണ്ട്. സിഖ് മതത്തിന്റെ സുതാര്യതയുടെ സൂചകമാണ് ഇത്. എല്ലാ മതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദിക്കുന്നു. കാലുകളിൽ അരിച്ചുകയറുന്ന തണുപ്പ് വകവെക്കാതെ പ്രദക്ഷിണം ചെയ്ത് ഹർമന്ദിർ സാഹേബിന്‍റെ കവാടത്തിനു മുന്നിൽ എത്തി. അച്ചടക്കത്തോടെ വരിവരിയായി നില്ക്കുന്ന ജനങ്ങൾ. ഹർമന്ദിർ സാഹേബ് രണ്ടു നിലയുള്ള കെട്ടിടം ആണ്. താഴത്തെ നില വെളുത്ത മാർബിൾ കൊണ്ട് മൂടിയിട്ടുണ്ട്‌. മുകൾ നില സ്വർണ്ണം പതിച്ചതാണ്. രണ്ടാം നിലയുടെ മുകളില്‍ കമഴ്ത്തി വെച്ച താമരയുടെ രൂപത്തിൽ ഉള്ള സ്വർണ്ണ താഴികക്കുടം. ഉദ്ദേശം 100 കിലോ സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയതാണ് ഇത്. ലോകത്തിലെ പ്രശ്നങ്ങളോട് സിഖ് മതത്തിനുള്ള ഉത്‌കണ്‌ഠയെ സൂചിതമാക്കുന്നു കമഴ്ത്തി വെച്ച താമരയുടെ രൂപത്തിൽ ഉള്ള താഴികക്കുടം.
ഹർമന്ദിർ സാഹേബിന്റെ ഉള്ളിൽ ആണ് ആദി ഗ്രന്ഥം വെച്ചിട്ടുള്ളത്‌. ഗുരു അർജൻ ദേവ് എഴുതിയ ഈ ഗ്രന്ഥം രത്നങ്ങൾ മൂടിയ ഒരു സിംഹാസനത്തിൽ ഇളം ചുവപ്പ് നിറമുള്ള പട്ടുതുണിയിൽ പൊതിഞ്ഞാണ് വെച്ചിട്ടുള്ളത്‌. പണ്ഡിതർ ഈ ഗ്രന്ഥം വെഞ്ചാമരം കൊണ്ട് വീശിക്കൊണ്ടേ ഇരിക്കും. ഒരു ഭാഗത്ത് മൂന്ന് മണിക്കൂർ വീതം ഉള്ള ഷിഫ്റ്റുകളിൽ പണ്ഡിതർ ഗ്രന്ഥപാരായണം നടത്തുന്നു. ഗ്രന്ഥം മുഴുവനായി പാരായണം ചെയ്യാൻ 48 മണിക്കൂർ സമയം വേണം. രാത്രി പത്തു മണിയോടെ ഗ്രന്ഥം ആഘോഷപപൂർവം ഒരു പല്ലക്കിൽ എഴുന്നള്ളിച്ച് അകാൽ തക്ത് എന്ന സ്ഥലത്തേക്ക് കൊണ്ട് പോകും. പിറ്റേന്ന് വെളുപ്പിന് നാല് മണിക്ക് ആഘോഷപൂർവം പല്ലക്കിൽ തിരിച്ചു ഹർമന്ദിർ സാഹെബിലേക്ക് കൊണ്ട് വരികയും ചെയ്യും. സിഖ് മതത്തിന്റെ ഭരണസമിതി ആയ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ആസ്ഥാനമാണ്‌ അകാൽ തക്ത്.
വടക്കേ മൂലയിൽ ഉള്ള ദേവാലയങ്ങൾ ഹിന്ദുക്കളുടെ 68 പുണ്യദേവാലയങ്ങൾ ആയി ഭയഭക്തി ബഹുമാനപുരസ്സരം വീക്ഷിക്കപ്പെടുന്നു. ഗുരു അർജന്‍ ദേവിന്റെ ഉപദേശങ്ങളിലെ വ്യാഖ്യാനപ്രകാരം 68 ക്ഷേത്രങ്ങളും ദർശനം നടത്തുന്നതിനു തുല്യമാണ് ഇവിടെ ഒരു പ്രാവശ്യം ദർശനം നടത്തുന്നത്.
വരി തെറ്റിക്കാതെ സാവധാനം മുന്നോട്ടു നീങ്ങി മതിയാവോളം ദർശനം നടത്തി. മറ്റു ക്ഷേത്രങ്ങളിൽ കാണുന്ന തിക്കും തിരക്കും ദർശനത്തിനു വേണ്ടിയുള്ള ഉന്തും തള്ളും ഒന്നും ഇല്ലാതെ തന്നെ മനസ്സറിഞ്ഞു പ്രാർത്ഥിക്കാൻ സാധിച്ചു. ഞാന്‍ ചെന്ന സമയത്ത്, അന്ന് ഒരു അവധി ദിവസം അല്ലായിരുന്നിട്ടും, ഏതാണ്ട് 15000ൽ കൂടുതൽ പേർ ദർശനത്തിനു വന്നിട്ടുണ്ടാവും. പക്ഷെ കാവർ ചീത്ത പറയാതെ, ആൾക്കാരെ തള്ളിനീക്കാതെ സ്വയം ക്രമീകരിച്ച രീതിയിൽ ജനങ്ങള്‍ ദർശനം നടത്തുന്നത് ഞാൻ ആദ്യമായിട്ടാണ് നമ്മുടെ രാജ്യത്ത് കണ്ടത്.
ദർശനം കഴിഞ്ഞ് നേരെ ലങ്കർ എന്നറിയപ്പെടുന്ന ഊട്ടുപുരയിലേക്കു നടന്നു. ചെന്ന് കയറുമ്പോൾ കഴുകി വൃത്തിയാക്കിയ സ്റ്റീൽ പ്ലേറ്റും കോപ്പയും സ്പൂണും എല്ലാം വളരെ ആദരപൂർവം വിതരണം ചെയ്യുന്ന സേവകർ. അതെല്ലാം വാങ്ങി അകത്തേക്ക് വരിയായി കയറി. അവിടെ വിരിച്ച നിലത്ത് ചമ്രം പടിഞ്ഞ്‌ ഇരുന്നു. ഉച്ചനീചത്വമോ പണക്കാരൻ പാവപ്പെട്ടവൻ എന്ന വ്യത്യാസമോ ഇല്ലാതെ ഏതാണ്ട് ആയിരത്തോളം പേർ നിരന്ന് ഇരിക്കുന്നു അകത്തെ ഹാളിൽ.
വിളമ്പുകാർ ഓരോരുത്തരായി വന്നു. ആദ്യം ഖീർ എന്ന പാല്പായസം വിളമ്പി. പിന്നെ ഒരു മിക്സ് പരിപ്പ് കറി. അവസാനം ചപ്പാത്തി വന്നു. എല്ലാവരും കൈകള്‍ നീട്ടി ഭിക്ഷ സ്വീകരിക്കുന്നത് പോലെ ചപ്പാത്തികൾ ഏറ്റുവാങ്ങുന്നു. ജീവിതത്തിലെ ചുരുക്കമായി ലഭ്യമാകുന്ന അനുഭവങ്ങളിൽ ഒന്നാണിത്. ഭക്ഷണം മതിയാവോളം കഴിക്കാം. എല്ലാം സൌജന്യമാണ്. ഭക്ഷണം കഴിഞ്ഞ് പാത്രമെടുത്ത്‌ പുറത്തേക്ക് നടന്നു. അവിടെ നമ്മുടെ എച്ചിൽപാത്രങ്ങൾ വാങ്ങാന്‍ നിരനിരയായി ആളുകള്‍. അവർ അത് പാത്രം കഴുകുന്ന വിഭാഗത്തിന് കൈമാറുന്നു. അവിടെ കുറെ പേർ ആ പാത്രങ്ങൾ എല്ലാം വൃത്തിയായി കഴുകുന്നു. കഴുകിയ പാത്രങ്ങൾ വേറെ ഒരു കൂട്ടർ വൃത്തിയുള്ള തുണി കൊണ്ട് തുടച്ച് അടുക്കി വെക്കുന്നു.
മറ്റൊരു സ്ഥലത്ത് നിലത്തിരുന്ന് പച്ചക്കറി നുറുക്കുന്നവർ. പാചകസ്ഥലത്ത് വലിയ ചെമ്പുകളിൽ വേവുന്ന ഭക്ഷണം. മറ്റൊരു ഭാഗത്ത്‌ തുരുതുരെ ഉണ്ടാക്കിവരുന്ന ചൂടുള്ള ചപ്പാത്തികൾ. ഇതെല്ലാം ചെയ്യുന്നവർ സൌജന്യസേവകർ ആണെന്നുള്ളത്‌ ആശ്ചര്യജനകം. ലങ്കറിനു സംഭാവന നല്‍കുന്നതും അതിനു കുടുംബസമേതം സേവനം ചെയ്യുന്നതും എല്ലാം നല്ല മനസ്സോടെ വിനയപൂർവം തന്നെ. കുറച്ചു നേരം പാത്രങ്ങൾ തുടക്കാൻ ഞാനും കൂടി. ഉച്ചനീചത്വങ്ങൾ മറന്ന് എല്ലാവരും തുല്യർ ആണെന്ന മനോഭാവം വളർത്താന്‍ പതിനാറാം നൂറ്റാണ്ടില്‍ ഗുരു അമർ ദാസ് തുടങ്ങി വെച്ചതാണ് ഈ ലങ്കർ. 24x7 നടക്കുന്ന ഈ ലങ്കറിൽ ഏകദേശം എഴുപതിനായിരം പേര്‍ പ്രതിദിനം ഭക്ഷണം കഴിക്കുന്നു എന്നാണ് കണക്ക്. വിശേഷ ദിവസങ്ങളിലും ഒഴിവുദിവസങ്ങളിലും ഇത് ഒരു ലക്ഷത്തിൽ കവിയുമത്രേ.
കുറെ നല്ല ഓർമകളുമായി അമൃതസറിൽ നിന്നും ബസ്സിൽ തിരിക്കുമ്പോൾ മനസ്സിൽ നന്മയുടെ ഒരു പിടി ഓർമ്മകൾ മാത്രം.

No comments:

Post a Comment