Thursday, March 24, 2016

ബാംഗ്ളൂർ ടെയ്സ്



മനസ്സിൽ തട്ടിയ ഒത്തിരി സിനിമകൾ ഉണ്ട് ...എങ്കിലും അടുത്തകാലത്ത് കണ്ട ഒരു സിനിമ മനസ്സിൽ പതിഞ്ഞു ...അതൊരു ന്യൂ ജനറേഷൻ സിനിമ ആവാം ..എങ്കിലും പ്രായഭേദമന്യേ എല്ലാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമ ആയിരുന്നു അത് ....ചിത്രം "ബാംഗ്ളൂർ ടെയ്സ് " സംവിധാനം "അഞ്ജലീ മേനോൻ " ഒരു ജനപ്രീയ സിനിമ തന്നെയായിരുന്നു അത് ...ബോക്സ് ഓഫീസ് INR8.45 കോടി (7 ദിവസംകൊണ്ട്)എന്ന് കേൾക്കുമ്പോൾ തന്നെ അറിയാല്ലോ എത്രമാത്രം ജനപ്രീയം ആണെന്ന് .
സാധാരണ കൂട്ടുകാർ ഒന്നിച്ചു അടിച്ചുപൊളിക്കുന്നതൊക്കെ നമുക്ക് പരിചിതമാണ് ..ഇവിടെ ഒരു കുടുംബത്തിലെ മൂന്നുപേർ ...അതും കസിന്സ്.എന്തുകൊണ്ടോ അത് കണ്ടപ്പോ എന്റെ കുടുമ്പം, കുട്ടിക്കാലം ..എന്റെ കസിന്സ് ....എല്ലാം ഒത്തിരി മിസ്സ്‌ ചെയ്തു ...പാടത്തും തൊടിയിലും അവരൊന്നിച്ചു ഓടിനടന്നതും ..ഒന്നിച്ച്‌ യുറീക്കാ ക്ലാസ്സിനു പോകുന്നതും വഴിയിൽ കാണുന്ന മാങ്ങയും പേരക്കയും ഒക്കെപ്പറിച്ചു തിന്നു കാണുന്ന കിണറിൽ നിന്നും ശുദ്ധമായ പച്ചവെള്ളം കോരിക്കുടിച്ച് ....ആടിപ്പാടി നടന്നതും ..ഓണനാളുകളും , ഊഞ്ഞാലാട്ടവും , എല്ലാം എല്ലാം .....ഇന്നെല്ലാരും ജീവിതത്തിന്റെ പല വഴിയിൽ... എവിടെയൊക്കെയോ.....തമ്മിൽ കാണാതെ..... അറിയാതെ......
ഓ! നമുക്ക് പറഞ്ഞു തുടങ്ങിയിടത്തേക്ക് തിരിച്ചു വരാം ...
ഏതൊരാളിലും ഈ സിനിമ ഇഷ്ടം ജനിപ്പിക്കും തീർച്ച!...കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തോന്നി പലപ്പോഴും ...പ്രധാന കഥാപാത്രങ്ങൾ യുവതലമുറയുടെ ആരാധനാ പാത്രങ്ങളായ നെവിന്പോളി ,ഫഹദ് ഫാസിൽ , ദുല്‍ക്കർ സൽമാൻ,നസ്രിയാ .പാർവ്വതി എന്നിവർ ആണ് ... ഇവരുടെ നിഷ്ക്കളങ്കമായ കൂട്ടുകെട്ടാണ് കഥയുടെ പ്രമേയം .കൂട്ടുകുടുംബത്തിലൊക്കെയും സാധാരണ കാണാറുള്ള പുറമേ ചിരിച്ചു കാണിച്ചു ഉളളിൽ മത്സരവും ..കുശുമ്പും വച്ച് പുലർത്തുന്ന മുതിർന്നവരും, ഇതൊന്നും തങ്ങളെ ബാധിക്കാതെ കൂട്ടുകൂടി നടക്കുന്ന മക്കളെയും ഇവിടേയും കാണാം.ഏറെ രസകരമായി അവർ തങ്ങളുടെ കുട്ടിക്കാലവും കൂട്ടുകെട്ടും അവതരിപ്പിച്ചു .നമുക്കെല്ലാം ഉണ്ടാവും അതുപോലുള്ളൊരു ബാല്യകൌമാരങ്ങൾ ......സന്തോഷ്‌ വര്‍മ്മ യുടെ വരികള്‍ക്ക്ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ വിജയ്‌ യേശുദാസ്സിനോപ്പം ഗോപിസുന്ദറും വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട്
കുട്ടനും (നിവിൻ പൊളി),കുഞ്ഞുവിനും (നസ്രിയ)..അർജുനും(ദുൽക്കർ സൽമാൻ)ഓരോ കഥകൾ പറയാനുണ്ട് . ഒരു നാടൻ പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കു എന്ന് അടിയുറച്ചു വിശ്വസിക്കുന്ന കുട്ടൻ,എന്നാൽ..മീനാക്ഷി(ഇഷ തൽവാർ) എന്ന യാത്രാവിമാനത്തിലെ ആതിഥേയയെ കണ്ടുമുട്ടുന്ന കുട്ടന്റെ ജീവിതവും മാറുന്നു. മീനാക്ഷിക്ക്‌, തന്നെ ഒരിക്കലും മനസ്സിലാക്കാൻ സാധിക്കിലെന്നും , അവൾക്ക് തന്നോടു യഥാർഥ സ്നേഹമെല്ലെന്നും കുട്ടൻ മനസ്സിലാക്കുന്നു. ആദ്യത്തെ പ്രണയം പരാജയപ്പെട്ട അവൻ ഒടുവിൽ വിവാഹം കഴിക്കുന്നത്‌ ഒരു "മദാമ്മയെ" ..കുഞ്ഞുവിന്റെ വിവാഹം ആഘോഷത്തിനോപ്പം നർമ്മവും കലർത്തി നന്നായി അവതരിപ്പിച്ചു .പരിഭ്രമം കുറയ്ക്കാൻ അവൾ സിഗരറ്റ് വലിക്കുന്നതും ,കുട്ടനും ,അർജുനും ഒളിച്ചു മുറിയിൽ കടക്കുന്നതും ഒക്കെ ,പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കംപൊട്ടിക്കുന്നവയായിരുന്നു .എങ്കിലും കുഞ്ഞുവിന്റെ ആ നിഷ്ക്കളങ്കമായ ചിരി മങ്ങിപ്പോകാൻ ഏറെ ദിവസങ്ങൾ വേണ്ടി വന്നില്ല.അധികം സംസാരിക്കാത്ത പ്രകൃതം ആയ അവളുടെ ഭർത്താവ്ശിവദാസ് ( ഫഹദ് ഫാസിൽ ).
സിനിമയുടെ പകുതി വരെ പ്രേക്ഷക മനസ്സിൽ ഒരു വില്ലന്റെ പരിവേഷം ആയിരുന്നു ഭഗത് ഭാസിലിന്റെ കഥാപാത്രം .എന്നാൽ അത് മാറാൻ അധികം സമയം വേണ്ടി വന്നില്ല .ഒരു ദുരന്ത കഥയുടെ ശേഷിപ്പാണ് ശിവയുടെ ജീവിതം എന്നറിയുമ്പോൾ ദിവ്യ(കുഞ്ചു ) യ്ക്കൊപ്പം നമ്മളും അവനെ സ്നേഹിച്ചു തുടങ്ങുന്നു .വെറും ഒരു മോട്ടോർ ബൈക്ക് മെക്കാനിക്കായ ആർജുനിലേ കഴിവ്‌ മനസ്സിലാക്കി സക്കറിയ എന്ന പരിശീലകൻ അവനെ മോട്ടോർ ബൈക്ക് മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനികുന്നു. റേസിംഗ് ക്ലബ്ബിൽ എത്തുന്ന അർജുൻ അവിടെവച്ച് ദാസ് തൻറെ പഴയ കാമുകി നടാശാ (നിത്യ മേനോൻ) ആയി ഇഷ്ടമായിരുന്ന കഥ അറിയുന്നു , വളരെ കാലം ആത്മാർഥമായി പ്രേമിച്ച് ഒടുവിൽ നടാശയുടെ മരണത്താൽ ആണ് ദാസ് ഇത്തരമൊരു മാനസികാവസ്ഥയിലെത്തിപ്പെട്ടത്‌ എന്നു മനസ്സിലാക്കുന്ന ദിവ്യ(കുഞ്ചു ) തിരിച്ചു വന്ന് ദാസിന്റെ പ്രശ്നം പരിഹരിക്കുന്നു.ഒടുവിൽ അവളുടെ തന്മയത്വമുള്ള ഇടപെടൽ അവനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരുന്നു . എന്നാൽ ഇവർ മൂന്നുപേരിൽ എന്നെ ആകർഷിച്ചത് അർജുൻ (ദുൽക്കർ )എന്ന കഥാപാത്രമാണ് ..സ്വന്തം വ്യവസ്ഥകൾക്കനുസരിച്ച് ജീവതം ചിലവഴിക്കുന്ന ഒരു മോട്ടോർ ബൈക്ക് മകാനിക് ആണ് അർജുൻ.
ഇനി അർജുനിലേക്ക് നമുക്ക് ചെല്ലാം ....ഒരിക്കലെങ്കിലും ഒരാളെ നെഞ്ചോടു ചേർത്ത് പ്രണയിച്ചിട്ടുണ്ടെങ്കിൽ, അയാളെ ജീവിതത്തിൽ ഒരിക്കൽപ്പോലും നമ്മൾ ഒരിടത്തും തനിച്ചാക്കില്ല ...അഥവാ വിട്ടു പോയാലും ഒരിക്കലും ഒറ്റയ്ക്കാകില്ല .കാരണം അവരുടെ ഓർമ്മകൾ മതി ജീവിക്കാൻ ..അവളോടോന്നിച്ചു നടന്ന വഴിത്താരകൾ ...ഒന്നിച്ചു ചിലവിട്ട നിമിഷങ്ങൾ ,അവളുടെ ശബ്ദമില്ലാത്ത ചിരിയോച്ച ...ഇതെല്ലാം തൊട്ടടുത്തു നിന്നും അവനു കേൾക്കാൻ കഴിയും ..
ഒരു അദൃശ്യ സാന്നിധ്യമായി അവനോ അവളോ നമ്മോടൊപ്പം ഉണ്ടാകും ജീവിതാവസാനം വരെ ..
അർജുനും മടുത്തു തുടങ്ങിയിരുന്നു ...അവനു ജന്മം നൽകിയതെ- തെറ്റായിപ്പോയി എന്ന്‌ കരുതുന്ന അമ്മയും പട്ടാള ചിട്ടയിൽ മനസ്സിനെ മുറിവേൽപ്പിക്കുന്ന അച്ഛനും ...അവൻ ഒറ്റപ്പെട്ടു പോയിരുന്നു എല്ലാരിൽ നിന്നും ....
അപരിചിതരിൽ നന്നും അപരിചിതരിലേക്ക് ....അകലങ്ങളിലേക്ക് അവൻ ഓടിക്കൊണ്ടേയിരുന്നു ..യാത്ര തുടർന്ന് കൊണ്ടേയിരുന്നു ..ഒപ്പം കൂടെകൂട്ടാൻ ഒരു നല്ല ഓർമ പോലുമില്ലാത്ത അവനെ സ്നേഹിച്ചത് അവന്റെ കൂട്ടുകാരും കസിൻസും ആയ കുട്ടനും ,കുഞ്ചുവും മാത്രം .തുടർന്ന് വ്യത്യസ്തങ്ങളായ കാരണങ്ങളാൽ ഇവർ മൂവരും ബാംഗ്ലൂരിലേക്ക് പോകുന്നു. ...അവരുടെ സ്വപ്ന നഗരം ആയിരുന്നു ബാൻഗ്ലൂർ ..വീട്ടുകാരുടെ വേലിക്കെട്ടുകളില്ലാതെ അവസരം കിട്ടിയപ്പോഴൊക്കെ അവരാ നഗരം അടിച്ചുപൊളിച്ചു....മറിച്ചുവച്ചു. 
എങ്കിലും എപ്പോഴൊക്കെയോ ഒറ്റപ്പെടൽ അർജുനെ പൊള്ളിച്ചു കൊണ്ടേയിരുന്നു ...ഒടുവിൽ .അവനൊരു കൂട്ട് കണ്ടെത്തി ..ശബ്ദത്തിലൂടെ മാത്രം പരിചയപ്പെട്ട സൈറ(പാർവതി ) ..എന്ന റേഡിയോ ജോക്കി ..അരയ്ക്കു താഴെ തളർന്നുപോയിട്ടും ജീവിതത്തോടു തോറ്റു കൊടുക്കാൻ കൂട്ടാക്കാത്ത മിടുക്കി പെൺകുട്ടി ...അവളുടെയാ സത്യം അറിഞ്ഞപ്പോൾ അവനു കൂടുതൽ ഇഷ്ടം തോന്നി ...അവൾ പോകുന്നിടത്തെല്ലാം അവനും നിഴലുപോലെ ഒപ്പം പോയി ..ഒരിക്കൽ അവളതു കണ്ടു പിടിച്ചു ."കുറെനാൾ ആയല്ലോ ഇയാളെന്റെ പിറകെ നടക്കാൻ തുടങ്ങീട്ടു "എന്ന വാക്കുകൾക്കു മുന്നിൽ ആദ്യം പതറിപ്പോയെങ്കിലും പെട്ടന്നവൻ പറഞ്ഞു "ഞാൻ നിങ്ങളെയല്ല പിന്തുടരുന്നത് ...നിങ്ങളുടെ ഒപ്പമുള്ള കുട്ടിയെ ആണ് "എന്ന്‌. 
ഇപ്പോ പതറിയത് സൈറ ആയിരുന്നു ...പിന്നെയും ഒത്തിരി സന്ദർഭങ്ങൾ അവരുടെ നിശബ്ദ സ്നേഹത്തിനു നമ്മളെയും ദൃക്സാക്ഷി ആക്കുന്നുണ്ട്‌...
ഒരിക്കൽ തനിക്കു കയറാൻ പറ്റാതെ ബസിനെ നോക്കി നിസ്സഹായയായി നിൽക്കുന്ന സൈറയുടെ പിന്നിൽ അവൻ അർജുൻ !പെട്ടന്നവൾ ചോദിച്ചു "തനിക്കീ പിന്നാലെ നടക്കുന്ന സ്വഭാവം അല്ലാതെ വേറെ പണിയൊന്നും ഇല്ലെ "?
അതിനവൻ മറുപടി പറഞ്ഞില്ല ..പകരം അടുത്തുവന്ന ഒരു ബസ്സിനു കുറുകെ നിന്ന് തടുത്തു നിർത്തി...അവളെ കയറ്റി....എന്നിട്ട് ഒപ്പം കയറി അവളുടെ അരികെ ഇരുന്നു അവളോടായി പതുക്കെ പറഞ്ഞു "എനിക്ക് തന്റെ പിന്നാലെ നടക്കാനല്ല ...ഒപ്പം നടക്കാനാണിഷ്ടം ".....
ആ ഒറ്റ വാചകം ആയിരുന്നു ആ സിനിമയുടെ കാതൽ...അതില്ലായിരുന്നെങ്കിൽ ആ സിനിമ ഒന്നുമായിരുന്നില്ല....കൂടെ നടന്നു പാട്ടുപാടുന്നതോ മരംചുറ്റി പ്രണയിക്കുന്നതോ ,ഒന്നുമല്ല പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നത്‌ എന്ന്‌ ആ ഒറ്റ വാചകം തെളിയിച്ചു ..
സൈറയും അതിൽ വീണുപോയി ...അവളുടെ മുഖം തുടുത്തു പോയി ..പതിയെ അവന്റെ നിസ്വാർഥമായ സ്നേഹം അവൾ തിരിച്ചറിഞ്ഞു ..ഒറ്റയ്ക്കായിപ്പോകും എന്ന്‌ തോന്നിയ അവസാന നിമിഷത്തിൽ അവൻ ഓടിച്ചെന്നു അവളുടെ അരികിലിരുന്നു ഈറൻ കണ്ണുകളോടെ "പോകണ്ട" എന്ന്‌ പറയുന്നു ...അതെ സൈറക്ക്‌ അർജുനെ വിട്ടു എങ്ങനെ പോകാൻ സാധിക്കും? ..അത്മാവില്ലാതെ ശരീരം മാത്രമായി അവളെങ്ങനെ പോകും?...
ചിലരങ്ങനെയാണ്. പ്രണയത്തെ തനിച്ചാക്കി ദൂരെപ്പോകാൻ അവർക്കാവില്ല...മരണം വന്നു വിളിച്ചാലല്ലാതെ ..സൈറക്കും അർജുനെ വിട്ടു പോകാനായില്ല...പിന്നൊരിക്കലും ..........................................
-----------------------------------------------------------------------------
(വിവാഹ ദിവസം കുട്ടന്റെയും മിഷേലിന്റെയും മുറിയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന അർജുനും, സാറയും, ദിവ്യയും, ദാസും ചേർന്ന് നിന്ന് ഒരു സെൽഫീ എടുക്കുന്നതോടെ ചലച്ചിത്രം അവസാനിക്കുന്നു.)
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
സംവിധാനം അഞ്ജലി മേനോൻ
നിർമ്മാണം അൻവർ റഷീദ്
സോഫിയ പോൾ
രചന അഞ്ജലി മേനോൻ
അഭിനേതാക്കൾ ദുൽക്കർ സൽമാൻ
നിവിൻ പോളി
നസ്രിയ നസീം
നിത്യ മേനോൻ
ഫഹദ് ഫാസിൽ
ഇഷ തൽവാർ
പാർവ്വതി ടി.കെ.
സംഗീതം ഗോപിസുന്ദർ
ഛായാഗ്രഹണം സമീർ താഹിർ
ചിത്രസംയോജനം പ്രവീൺ പ്രഭാകർ
സ്റ്റുഡിയോ അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ്, വീക്കൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്
വിതരണം എ & എ റിലീസസ്

No comments:

Post a Comment