Monday, March 28, 2016

സോഷ്യൽ മീഡിയ (നവ സാമൂഹ്യ മാധ്യമങ്ങൾ.)



ആധുനിക പത്രപ്രവർത്തനത്തിന് ഏതാണ്ട് അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. പക്ഷേ ഇന്നത്തെപ്പോലെ മാധ്യമങ്ങളാൽ മനുഷ്യജീവിതം സ്വാധീനിക്കപ്പെട്ട കാലം മുമ്പുണ്ടായിരുന്നില്ല. മനുഷ്യന്റെ ചിന്തയും പ്രവൃത്തിയും സ്വപ്നവും മൂല്യബോധവുമൊക്കെ മാധ്യമങ്ങളാൽ ചിട്ടപ്പെടുന്നതാണ് ഈ വർത്തവമാനകാലം. ഇന്ന് മാധ്യമലോകം എന്ന് വിവക്ഷിക്കുന്നത് പരമ്പരാഗത മാധ്യമങ്ങളായ അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ , റേഡിയോ സിനിമ എന്നിവ മാത്രമല്ല. ഇന്റർനെറ്റും ബ്ലോഗുകളും മൈക്രോബ്ലോഗും ഫേസ്ബുക്കും, ട്വിറ്ററും മൊബൈല്‍ ഫോണ്‍ സേവനങ്ങളും മറ്റും അടങ്ങിയ നവസാമൂഹ്യമാധ്യമങ്ങളും ഗൂഗിളും ഒക്കെ ഉൾപ്പെട്ട കൂട്ടുകുടുംബത്തെയാണ്. മൂലധനത്തിന്റെയും സാങ്കേതികവിദ്യയുടെയും നേതൃത്വത്തിൽ അരങ്ങേറിയ മാധ്യമങ്ങളുടെ ഈ മഹാപ്രാഭവത്തിന്റെ പിന്നിൽ ലിബറൽ ജനാധിപത്യത്തിനും മുതലാളിത്തത്തിനും കൈവന്ന ഏറെക്കുറെ സാർവ്വത്രികമായ മേധാവിത്വത്തിനും സുപ്രധാന പങ്കുണ്ടെന്ന് സംശയമില്ല.
ആരംഭകാലം മുതൽ ബഹുജനമാധ്യമങ്ങളുടെ ഒരു അടിസ്ഥാന ദൗത്യം ദൂരത്തെയും സമയത്തെയും കീഴടക്കുക എന്നതാണ്. എത്രയും ദൂരത്ത് നിന്നുമുള്ള വാര്ത്തകൾ ഏറ്റവും വേഗം എത്തിക്കുക എന്നതാണീ ദൗത്യം. ഇന്ന് ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന സംഭവങ്ങളും അതേ നിമിഷം ലക്ഷക്കണക്കിന് മൈലുകൾ അകലെയിരുന്നു പോലും അറിയാനും നേരിട്ട് കാണാനുമുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നു. ദൂരവും സമയവും കീഴടക്കാനുള്ള ചരിത്രയുദ്ധത്തില്‍ അന്തിമ വിജയം മാധ്യമം കൈവരിച്ചെന്ന് അർഥം . വിജ്ഞാനം വിരൽത്തുമ്പിൽ എന്നത് ആലങ്കാരികപ്രയോഗമല്ല, അക്ഷരാർത്ഥത്തിൽ യാഥാർത്യമായിരിക്കുന്നു. സൂര്യനു കീഴിലോ അതിനപ്പുറത്തോ ഉള്ള എന്ത് വിഷയം സംബന്ധിച്ചായാലും- ഇന്ന് ഗൂഗിൾ എന്ന മഹാവിസ്മയത്തിൽ ഒന്ന് തൊടേണ്ടതേയുള്ളൂ. വിജ്ഞാനവും വിനോദവും പകരുക എന്ന മാധ്യമങ്ങളുടെ രണ്ട് പരമ്പരാഗത ദൗത്യങ്ങളും നിറവേറ്റാൻ ഇനി ബാക്കിയില്ലാതായിരിക്കുന്നു.. പുതുമാധ്യമങ്ങളുടെ ഈ ആരോഹണം പരമ്പരാഗത മാധ്യമങ്ങളുടെ - അച്ചടി, ടി വി- അവരോഹണത്തിനും വഴി വച്ചിരിക്കുന്നു.
മാധ്യമങ്ങളുടെ ആവിർഭാവം മുതൽ മൂലധനനിയന്ത്രിതമായി മാത്രം ചരിച്ചിരുന്ന പ്രയാണത്തിനാദ്യമായി ദിശാമാറ്റം സംഭവിച്ചു. ഇന്ന് ഒരു വൻകിട മാധ്യമക്കുത്തകയുടെയും ഔദാര്യമില്ലാതെ തന്റെ ബ്ലോഗുകളിലൂടെയോ യൂട്യൂബിലൂടെയോ ഫേസ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ ഏതൊരു വാർത്തയുടെയും സന്ദേശത്തിന്റെയും ചിത്രത്തിന്റെയും സാന്നിദ്ധ്യം ആഗോളദൃശ്യപഥത്തിൽ തന്നെ ഉറപ്പിക്കാൻ വ്യക്തികൾ ക്ക് സാധ്യമാണ്. ഇതിനാവശ്യമായ ഉപകരണം ഒരു മൊബൈൽ ഫോൺ മാത്രം! സാധാരണക്കാർക്കു പോലും മാധ്യമലോകം പ്രാപ്യമായി.
മറ്റ് മാധ്യമങ്ങളിൽ നി്ന്ന് വ്യത്യസ്തമായി കരണവും പ്രതികരണവും ഉടനടിയാകുമ്പോള്‍ ആശയവിനിമയം മാത്രമല്ല സൃഷ്ടിപരത എന്ന മനുഷ്യന്റെ മറ്റൊരു അടിസ്ഥാന ചോദനയും സഫലം. ഇവയ്ക്ക് പുറമേ മറ്റൊരു സാമൂഹ്യപ്രയോജനം കൂടി ഈ നവമാധ്യമങ്ങളിൽ നിന്നുണ്ട്. പൊതുദുരന്തങ്ങളില്‍ ഇരകള്‍ക്ക് അതിവേഗം സഹായവും പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കാനും സാമൂഹ്യമീഡിയയ്ക്കുള്ള ശേഷി ചെറുതല്ല,
പക്ഷേ ഇതിനർത്ഥം നവീനമാധ്യമങ്ങളും സോഷ്യൽ മീഡിയയും യാതൊരു കുഴപ്പവുമില്ലാത്ത പ്രതിഭാസമാണെന്നല്ല. നിലവിലുള്ള സമൂഹത്തിന്റെ വർഗ്ഗബന്ധങ്ങളിലും അധികാരസമവാക്യങ്ങളിലും നിന്ന് സോഷ്യൽ മീഡിയയും മോചിതമല്ല. അവയിലൂടെ പ്രചരിക്കപ്പെടുന്ന സന്ദേശങ്ങളുടെ ആധികാരികത സംബന്ധിച്ച ഉറപ്പില്ലായ്മ, പരിചയക്കുറവോ അജ്ഞതയോ മൂലമുള്ള തെറ്റായ സന്ദേശപ്രചാരത്തിലേറെ അപായകരവും കുറ്റകരവുമായ പ്രചരണങ്ങൾ ഇവ സോഷ്യൽ മീഡിയയുടെ ദോഷ വശങ്ങളാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള ബോധപൂര്‍വ്വമായ നുണ-അപവാദപ്രചാരണവും വിദ്വേഷഭാഷണവും സ്ത്രീകളെയും കുട്ടികളെയും ലൈംഗികകുറ്റങ്ങൾക്ക് ഇരകളാക്കാനുള്ള സാധ്യതകളുമാണ്. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മതങ്ങള്‍ക്കും രാജ്യങ്ങൾക്കും എതിരെ തന്നെ ഈ വക കുപ്രചരണം ഇതിലൂടെ അനായാസമാണ്. സാമൂഹ്യമാധ്യമം എല്ലാ തരം തീവ്രവാദികള്ക്കും പ്രിയങ്കര വേദിയായത് ഇതിനാലാണ്. സ്ത്രീവിരുദ്ധത, ശിശുലൈംഗികത, വര്ഗ്ഗീയത എന്നിവ ഏറ്റവും ഫലപ്രദമായി വിപണനം ചെയ്യപ്പെടാനും ഇത് ദുരുപയോഗിക്കുന്നുണ്ട്.
കൂടാതെ സ്മാർട്ട് ഫോണുകളിലെ ജനപ്രിയ ആപ്ലിക്കേഷനായ വാ‌ട്സ്‌ആപ്പ് ഉപയോഗം വര്ദ്ധി്ച്ചതോടെ നിരവധി സാമൂഹ്യ പ്രശ്നങ്ങളും ഉയര്‍ന്നിരിക്കുന്നു. പല വിവാഹ മോചന കേസുകളിലും വാ‌ട്സ്‌ആപ് വഴിയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വില്ലനാകുന്നു. കാമുകനോ കാമുകിക്കോ അയച്ച വാ‌ട്സ്‌ആപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ മിക്ക വിവാഹ മോചന കേസുകളിലും ദമ്പതികൾ തെളിവായി ഹാജരാക്കുന്നതില്‍ൽ പ്രധാനം.
വാ‌ട്സ്‌ആപ് ഉപയോഗം വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും വിള്ളലുകൾ വീഴ്ത്തുന്നു. . വിവാഹ മോചനക്കേസുകൾ കുതിച്ചുയരുന്ന കേരളത്തിൽ വാ‌ട്സ്‌ആപ്പ് അതിന്റെ വേഗത പതിന്മടങ്ങാക്കാനുള്ള സാധ്യത ഏറെയാണ്. സെൽഫി ഭ്രമവും അത് വാ‌ട്സ്‌ആപ്പ് , ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ പങ്കു വെക്കുന്നതും പങ്കാളികൾക്കിടയിലെ പ്രശ്നങ്ങൾക്കു കാരണമാകുന്നു. വിശ്വാസപൂർവ്വം മറ്റൊരാൾക്ക് ആപ്പില്‍ ഷെയർ ചെയ്യുന്ന സ്വകാര്യ വിഷയങ്ങൾ പരസ്യമാകുവാനുള്ള സാധ്യത ഏറെയാണ്. സോളാർ കേസിലെ വിവാദ നായിക സരിതയുടെ സ്വകാര്യ രംഗങ്ങൾ വാ‌ട്സ്‌ആപില്‍ കൊടുങ്കാറ്റായത് അടുത്തിടെയാണ്.
''ഫേസ്ബുക്കിൽ ഒരു അക്കൗണ്ടില്ലെങ്കിൽ താലിമാലയില്ലാത്ത സുമംഗലിയെപ്പോലെയാണ് ഇന്ന് നമുക്ക് . വായു ജലം വസ്ത്രം ആഹാരം എന്നത് പോലെ ഫേസ് ബുക്കും ഒരു ഒരു അവിഭാജ്യ ഘടക മായിരിക്കെ
സൗഹൃദക്കൂട്ടായ്മകളിലും ചാറ്റിങ് റൂമുകളിലും നമ്മുടെ സദാചാര ബോധത്തെ കൗമാരവും യുവതയും പരസ്യമായി വെല്ലുവിളിക്കുകയാണ്. സർവ്വ വിജ്ഞാനീയങ്ങളുടെ കലവറയായ ഇന്റെര്‍നെറ്റിൽ വിദ്യയുടെ മധു നുകരുന്നതിന് പകരം അശ്ലീലതയുടെ നുര നുണഞ്ഞ് മദോന്മത്തരാവുകയാണ് അവർ .
ഒരടിവസ്ത്രം വാങ്ങിയാൽ കൂടി അതിന്റെ ചിത്രമെടുത്ത് ഇന്റര്നെെറ്റിൽ പോസ്റ്റ് ചെയ്തില്ലെങ്കിൽ ഒരു പോള കണ്ണടക്കാൻ കഴിയില്ല'', ഇതാണ് മലയാളിയുടെ ഏറ്റവും പുതിയ സംസ്‌കാരം. ശാരീരികാവയവങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടവും നിന്നും ഇരുന്നും, ചെരിഞ്ഞും മറിഞ്ഞും, അര്‍ദ്ധനഗ്നരായും പൂര്‍ണ്ണ നഗ്നരായും ഫോട്ടോകളെടുത്ത് സൗഹൃദക്കൂട്ടായ്മകളിൽ ഷെയർ ചെയ്യുന്നവർ , പണ്ടുള്ളവർ പറയാൻ മടിച്ചതെല്ലാം പച്ചക്ക് വിളിച്ച് പറഞ്ഞ് ഊറ്റം കൊള്ളുന്നവർ , ഇങ്ങനെ നീളുന്നു ഇന്റെർനെറ്റ് ലോകത്തെ പുതിയ തലമുറയുടെ ലീലാവിലാസങ്ങൾ .
രാത്രിയിൽ ഏറെനേരം ഫേസ് ബൂകിലും വാട്സ് ആപിലും ചിലവഴിക്കുന്നത് കൌമാരക്കാരില്‍ ഉറക്ക കുറവിലേക്കും ക്രമേണ വിഷാദ രോഗത്തിലേക്കും നയിക്കും.
ഒരു കൗതുകത്തോടെ തുടങ്ങുകയും, പിന്നീട് ലഹരിയായി വിവേകത്തെ കാർന്നു തിന്നുന്നതുമാണ് മൊബൈൽ അവിഹിത ബന്ധങ്ങൾ . ഒരു മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്നവന് മുന്നിൽ കർണ്ണാനന്തകരമായ മധുരം വിളമ്പുന്ന പെൺ കുട്ടികളും കുടുംബ രഹസ്യങ്ങളുടെ മുഴുവൻ അറകളും തുറന്നു കൊടുക്കുന്ന കുടുംബിനികളും ഏറി വരികയാണ്. ഒരു ഇലക്‌ട്രോണിക് ഉപകരണം എങ്ങനെ നമ്മുടെ കുടുംബ ബന്ധങ്ങളെ തകർക്കുന്നു.
കാക്കത്തൊള്ളായിരം മൊബൈൽ കമ്പനികൾ ഫ്രീയായി നല്കുന്ന സിം കാർഡുകൾ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ ഒരു വശത്തും, കൂണ് പോലെ മുളച്ച് പൊന്തുന്ന മൊബൈൽ ടവറുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മറുവശത്തും നിലയുറപ്പിച്ചിരിക്കുന്നു.
നമ്മുടെയൊക്കെ വീടുകളുടെ അകത്തളങ്ങളിൽ ഇന്റർനെറ്റും മൊബൈലും വ്യാപകമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ഒരു തരത്തിലും നിഷേധിക്കാൻ കഴിയാത്ത പച്ചയായ സത്യമാണ്. അത്യാധുനിക സൗകര്യമുള്ള മുറികളിലിരുന്ന് നമ്മുടെ മക്കള്‍ യാതൊ രു നിയന്ത്രണവുമില്ലാതെ വിളയാടുകയാണ്. സ്വകാര്യതയുടെ ഓരോ നിമിഷവും സസൂക്ഷ്മം ഒപ്പിയെടുത്ത് നെറ്റ്‌വർക്കുകളിലിരുന്ന് അറിയുന്നവർക്കും അല്ലാത്തവർക്കും വിതരണം ചെയ്യുമ്പോൾ അവരറിയുന്നില്ല സ്വന്തം മാനമാണ് വിൽക്കുന്നതെന്നു. സകല സൗകര്യങ്ങളും അന്നവും നൽകി വളർത്തുന്ന മാതാപിതാക്കൾ കേവല രൂപങ്ങളായി മാറിയിരിക്കുന്നു.
കുട്ടികളെ അവർ കയറാൻ പാടുളളതും അല്ലാത്തതുമായ സൈറ്റുകൾ പറഞ്ഞു മനസ്സിലാക്കണം. അവർ ഇൻറർനെറ്റിൽ കയറുന്നത് മുതിർന്നവരുടെ സാന്നിധ്യത്തിൽ ആക്കണം.
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യം നാൾക്കു നാൾ വർദ്ധിക്കുകയാണ്. പൊലീസ് മാത്രം മനസ്സ് വെച്ചാൽ നിയന്ത്രിക്കാവുന്നതല്ല അത്. ജനങ്ങളും വലിയ പങ്ക് വഹിക്കണം. കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ ആദ്യം ശ്രദ്ധിക്കണം . വഞ്ചനയിൽ പെട്ടാൽ കേസ് നടത്താനും കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ധീരത കാണിക്കണം. ഈ രണ്ട് സമീപനവും ശക്തിപ്പെട്ടാൽ പൊലീസിന്റെ സഹായത്തോടെ നമുക്ക് ഈ മേഖലയെ ശുദ്ധീകരിക്കാം,
നാലുരീതിയിൽ സൈബർ പരാതികൾ പൊലീസിന് കൈമാറാം. 9497900000 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കാം.എന്നാൽ, ഇവിടെ നിന്ന് പരാതിക്കാർക്ക് മറുപടി കിട്ടില്ല. കിട്ടിയ സന്ദേശം നല്കിയവരെക്കുറിച്ച രഹസ്യം സൂക്ഷിച്ചുതന്നെ ജില്ലാ സൈബർസെല്ലിനും അവിടെ നിന്ന് പൊലീസ്സ്റ്റേഷനിലേക്കും കൈമാറും. പരാതിയെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തി തുടര് നടപടിയെടുക്കും.
cyberps@keralapolice.gov.in എന്ന വിലാസത്തിൽ ഇ' മെയിലാണ് മറ്റൊരു വഴി. ഇതേ വിലാസം തന്നെ പതിനാല് ജില്ലകളുടെ പേരിലും ഉണ്ട്. hitechcell@keralapolice.gov.in എന്ന പേരിൽ ഹൈടെക് സെല്ലിനും മെയിൽ അയക്കാം . കേരള പൊലീസ് വെബ്സൈറ്റില്‍ സൈബർസെല്ലിന്റെ വിപുലമായ ലിങ്ക് സൈറ്റ് സന്ദര്ശിച്ചാൽ ഇത് സംബന്ധിച്ച നിയമപരവും സാങ്കേതികവുമായ എല്ലാ നിര്ദേശശങ്ങളും ലഭ്യമാവും. 1091,100, 1090 എന്നീ പൊലീസ് പരാതി ഫോണ്‍ നമ്പറുകളിലേക്കും സൈബർപരാതികൾ നേരിട്ട് വിളിച്ച് പറയാം. രേഖാമൂലം പരാതി എഴുതി അയക്കുന്ന നാലാമത്തെ രീതിയാണ് ഏറെ ഫലപ്രദം. ഇങ്ങനെ അയക്കുന്ന പരാതികളിൽ പരാതിക്കാരെക്കുറിച്ച വിവരങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിക്കും. പരാതിപ്പെടുന്ന ആൾ എത്രത്തോളം ഈ കുറ്റകൃത്യത്തിൽ എതിർകക്ഷിക്ക് സഹായി ആയി എന്നതല്ല, എതിർകക്ഷിഎത്രത്തോളം പരാതിക്കാരെ ചീറ്റ് ചെയ്തു എന്നതാണ് സൈബർ കുറ്റാന്വേഷണത്തിന്റെ മുഖ്യ അന്വേഷണലക്ഷ്യം. അതിനാൽ പരാതിപ്പെടുന്നവര്ക്ക് ഒരു കാരണവശാലും പേടിക്കാനില്ല.
ഇനിയും ഉണർന്നു പ്രവര്‍ത്തിച്ചില്ലെങ്കിൽ പണവും പ്രശസ്തിയും സമ്പാദിക്കുന്നതിനിടക്ക് നമ്മുടെ മാനവും അഭിമാനവും അറിയാതെ ചോര്‍ന്നു പോകും എന്ന തിരിച്ചറിവ് ഉണ്ടായിരിക്കണം സോഷ്യല്‍ മീഡിയകള്‍ സാമൂഹിക വിപ്ലവങ്ങൾ സൃഷ്ടിക്കുന്നു എന്ന് ഊറ്റം കൊള്ളുന്ന നവയുഗത്തില്‍ വിവര സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ സാധ്യതകളെ ഇത്തരം ദുരുപയോഗങ്ങളുടെ പേര് പറഞ്ഞ് പൂർണ്ണമായി എഴുതിത്തള്ളാൻ കഴിയില്ല.
കാരണം അവിടെ അന്വേഷണ തൃഷ്ണയുള്ള വിദ്യാർഥികൾക്കും അല്ലാത്തവർക്കും പഠിക്കാനും വളരാനുമുള്ള അനന്ത സാധ്യതകളുണ്ട്. അതുകൊണ്ട് വിവേകപൂർണ്ണമായ ഉപയോഗമാണ് പ്രധാനം. നമ്മുടെ മഹിത മൂല്യങ്ങളെ നെഞ്ചേറ്റിയും ഉന്നതമായ സംസ്‌കാരങ്ങളെ മുറിവേല്പ്പി ക്കാതെയും നമ്മൾ മാറാൻ തയ്യാറാവണം.
സാമൂഹ്യ മീഡിയയുടെ ദുരുപയോഗം അതു നമ്മുടെ സാംസ്‌കാരിക അധ:പതനത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. കുടുംബ ബന്ധങ്ങളുടെ ഉള്ളറകളിലേക്ക് തുളച്ച് കയറിയ ഈ സംസ്‌കാര ശൂന്യതയെ കുറിച്ച് ചിന്തിച്ച്, തിരുത്തണം നാം. നമ്മുടെ അടുത്ത തലമുറകളും അത് മനസ്സിലാക്കി പെരുമാറട്ടെ എന്നാശംസിക്കുന്നു .

No comments:

Post a Comment