Monday, March 28, 2016

വിഷം തീണ്ടാത്ത പച്ചക്കറികൾ

അന്യ നാടുകളിൽ നിന്നും അതിർത്തി കടന്നു വരുന്ന വിഷ പച്ചക്കറി വണ്ടി വന്നില്ലങ്കിൽ കാളനും,ഓലനും, അവിയലും എന്തിനു നല്ലൊരു വിഷുക്കണി പോലും മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. പൈതൃകമായി കിട്ടിയ കൃഷി സമ്പത്ത് നമ്മുടെ മടി കാരണം നാമാവശേഷമാകുന്നു.
നമ്മെ വിഷം തീറ്റിച്ച്, മാറാരോഗത്തിനടിമകളാക്കി കാശ് കൊയ്യുന്ന പണക്കൊതിയന്മാരായ കമ്പനികള്‍.നാളത്തെ തലമുറ രോഗങ്ങളുടെ തീച്ചൂളയില്‍ എറിയപ്പെടാതിരിക്കാന്‍ നാം രംഗത്തിറങ്ങിയേ പറ്റൂ. ഇവിടെ തിരിച്ചറിവാണ് വേണ്ടത്.
ഇഞ്ചിഞ്ചായി കൊല്ലുന്ന കീടനാശിനികളാണ് ദിവസവും രുചിയോടെ കഴിക്കുന്നതെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിൽ കുടുംബശ്രീകൾ, ക്ലബുകൾ, സ്കൂളുകൾ, പഞ്ചായത്ത് എന്നിവയ്ക്ക് വലിയൊരു പങ്കുണ്ട്. അതു കൊണ്ടായിരിക്കാം ജൈവക്യഷി വളരെ വേഗത്തില്‍ പുരോഗതി പ്രാപിക്കുന്നത്. അവിടെയാണ് ജൈവ കൃഷിയുടെ പ്രസക്തി. മണ്ണിന്റെ സ്വാഭാവികമായ വളക്കൂറിനെയും ജൈവികപോഷണത്തെയും നിലനിര്‍ത്തി രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ജൈവവസ്തുക്കളെ മാത്രമുപയോഗിക്കുകയാണ് ജൈവകൃഷിയുടെ രീതി.
അയൽ വീടുകളിലെ മട്ടുപ്പാവിലും, പറമ്പുകളിലും പച്ചക്കറികൾ നിറസമൃദ്ദിയോടെ നില്ക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. പിന്നെയൊരിതും - അസൂയ അല്ലാട്ടോ. നാം കണ്ട് ശീലിച്ചത് ക്യഷിയുടെ സാങ്കേതിക വിദ്യയാണ്. എന്നാൽ പ്രക്യതി വിഭവങ്ങള്‍ക്കിണങ്ങുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ജൈവകൃഷി ലക്ഷ്യമിടുന്നത്. ജൈവകൃഷി അസ്ഥിവാരം ഉറപ്പിക്കുന്നത് മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍ നിരവധി ജൈവ വളങ്ങള്‍ സ്വന്തം മണ്ണിൽ നിന്നും ഉണ്ടാക്കി എടുക്കുകയാണ്.
അസോള - ഒരു ചെറു സസ്യമാണ്. ശുദ്ധജലത്തില്‍ വളരുന്നു.വീട്ടുവളപ്പിലും മട്ടുപ്പാവിലും വളര്‍ത്താം.പ്രോട്ടീനും, വിറ്റാമിനുകളും, ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. കൃഷിയിറക്കി ഒരാഴ്ചക്കുള്ളില്‍ വിളവെടുക്കാം. കോഴിക്ക് തീറ്റയായും, പയറിനു പുതയിടാനും നല്ലതാണ്.
ചാണകപ്പൊടി - പശു, എരുമ, പോത്ത് തുടങ്ങിയ കന്നുകാലികളുടെ ചാണകം ആണ് ഉപയോഗിക്കുന്നത്. പച്ച ചാണകം നേര്‍പ്പിച്ച് ചുവട്ടലൊഴിക്കാം, ഗോ മൂത്രം നേർപ്പിച്ച് ഒഴിക്കുന്നതും ചെടിക്ക് ഗുണകരം ആണ്.
മഞ്ഞക്കെണി - വെള്ളീച്ചയ്ക്കെതിരെ മഞ്ഞ നിറത്തിലുള്ള ടിന്‍, പേപ്പര്‍, ഷീറ്റ്, തുടങ്ങിയവയില്‍ ഗ്രീസ്,വാസ്ലിനോ പുരട്ടി വയ്ച്ചാൽ ഈച്ച ആകർഷിച്ച് അതിൽ വീരചരമമടയും.
ഇലച്ചാര്‍ - മനുഷ്യനും ക്യഷിക്കും അപകടകരമല്ലാത്ത ഇലകള്‍ കോട്ടന്‍ തുണിയില്‍ കെട്ടിവെയ്ക്കുക. പച്ച ചാണകം, ശര്‍ക്കര, യീസ്റ്റ് എന്നിവ വെള്ളത്തില്‍ കലര്‍ത്തി ഇലക്കൂട്ട് കിഴി മുക്കി വച്ച് ദിവസവും രാവിലെയും വൈകിട്ടും 10 മിനിറ്റ് ഇളക്കുക.
കോഴിവളം - മൂത്രാശയം ഇല്ലാത്തതിനാല്‍ കാഷ്ടത്തിലൂടെ മൂത്രവും പുറം തള്ളുന്നു. ഇത് നല്ലൊരു വളം ആണ്. തണലത്ത് ഉണക്കിയെടുക്കണം. ചൂട് കൂടുതല്‍ ആയതിനാല്‍ ചെടിക്ക് ചേര്‍ക്കുമ്പോള്‍ വെള്ളവും ഒഴിക്കണo.
ജീവാമൃതം - ചാണകം -1 kg ഗോമൂത്രം -1/2litre തേങ്ങാ വെള്ളം -100 gm മുള വന്ന പയര്‍ -100 gm ക്യഷിയിടത്തെ മണ്ണ് 100 gm ശുദ്ധജലം -20 ltre പ്ളാസ്റ്റിക് ബക്കറ്റില്‍ വെള്ളത്തോടൊപ്പം ചേരുവകകള്‍ കലര്‍ത്തുക, ചാക്ക് കൊണ്ട് മൂടുക. രണ്ട് ദിവസം രാവിലയും വൈകിട്ടും ഇളക്കുക. മൂന്നാം നാള്‍ വളം റെഡി....
കൊങ്ങിണി സത്ത് - കൊങ്ങിണി (വേലിപ്പരത്തി)യുടെ ഇലയും പൂവും കായും 250 gm 1 1/4 litre വെള്ളത്തില്‍ തിളപ്പിച്ച് തണുത്ത ശേഷം അരിച്ചെടുക്കുക.
കഞ്ഞി വെള്ളം - കറിവേപ്പിലയെ ബാധിക്കുന്ന 'അരക്ക്'ന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ കഞ്ഞിവെള്ളം ആഴ്ചയില്‍ ഒരിക്കല്‍ നേര്‍പ്പിച്ച് ഒഴിക്കാം..
പുകയില കഷായം - 250 ഗം പുകയില നുറുക്കി രാത്രിയിൽ വെള്ളത്തിലിടുക. പിറ്റേന്ന് ലയിപ്പിച്ച സോപ്പ് 

വെള്ളത്തിൽ യോജിപ്പിച്ച് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിക്കാം..
പപ്പായ ഇല സത്ത് - പാവത്താനെപ്പോലെ കാണുമെങ്കിലും ആള് ഭയങ്കരനാ. 100 മി.ലിറ്റർ വെള്ളത്തിൽ 50 gm നുറുക്കിയ ഇല രാത്രിയിൽ ഇട്ടു വയ്ക്കുക .പിറ്റേന്ന് ഞെരടി പിഴിഞ്ഞ് സത്ത് വെള്ളം ചേർത്ത് തളിച്ചാൽ ഇല തീനി പുഴുക്കൾ പമ്പ കടക്കും.
വെളുത്തുള്ളി മുളക് സത്ത് - 50gm വെളുത്തുള്ളിയും , 25gm പച്ച മുളകും, 50gm ഇഞ്ചിയും എടുത്ത് 100മി.ലിറ്റർ വെള്ളത്തിൽ കുതിർത്ത് അടുത്ത ദിവസം മുളകും, വെളുത്തുള്ളിയും, ഇഞ്ചിയും തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് ആക്കി 3ലിറ്റർ വെള്ളത്തിൽ ഇളക്കി അരിച്ചു തളിക്കുക. കായീച്ച , തണ്ട് തുരപ്പൻ, ഇലച്ചാടികൾ, പുഴുക്കൾ എല്ലാം വന്ന വഴിയെ ഓടും
വേപ്പിൻ കഷായം - മുഖം ചുളിക്കണ്ട നിങ്ങൾക്കല്ല, 'നിമാ വിരകൾ 'ക്കാണ്.100gm വേപ്പില 6 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച്‌ തണുത്ത ശേഷം തളിക്കാം, ചെടി നടുന്നതിനു ഒരാഴ്ച മുന്പ് വേണമെന്ന് മാത്രം, കഷായം കുടിച്ച് ഓടട്ടെ.
ഫിഷ്‌ അമിനോ ആസിഡ് - 1kg മത്തിയും 1kg ശർക്കരയും അരിഞ്ഞ് വായു കേറാത്ത കുപ്പിയിൽ അടച്ചു ഇരുട്ടു മുറിയിൽ വക്കുക, 1 മാസം ദിവസം കഴിഞ്ഞു അരിച്ച് 2മില്ലിക്ക് ഒരു ലിറ്റർ എന്ന കണക്കിന് തളിക്കാം, പെട്ടന്ന് പൂവിടും,കായ്ക്കും.
പച്ചില കഷായം - പറമ്പിലെ കളകൾ പോലും കളയേണ്ട. ചെറുതായി കൊത്തി അരിഞ്ഞ് വീപ്പയിൽ ഇടുക, വെള്ളം 250 ലിറ്റർ, 250 ഗ്രാം വീതം ശർക്കര, ഉപ്പ്,വാളൻ പുളി എന്നിവ കലക്കി ഒഴിക്കുക, ദിവസവും രണ്ടു നേരം ഇളക്കി 15 ദിവസത്തിന് ശേഷം ഇരട്ടി വെള്ളം ചേർത്ത് ചെടി ചുവട്ടിൽ ഒഴിക്കാം
അമൃത പാനി - 1kg പച്ച ചാണകം, 1 ലിറ്റർ ഗോമൂത്രം, 25gm കറുത്ത ശർക്കര, 10 ലിറ്റർ വെള്ളത്തിൽ കലക്കി വയ്ക്കുക, 3 ദിവസവും അഞ്ചു തവണ ഇളക്കണം. 3 ദിവസം കഴിഞ്ഞു അരിച്ചെടുത്ത് പത്തിരട്ടി വെള്ളം ചേര്ത്ത് ചെടിയിൽ തളിക്കാം. വളർച്ചയും, പ്രതിരോധ ശേഷിയും സഹായിക്കുന്ന വളർച്ചാത്വരകമാണ്.
കൂവളപ്പഴം -മഞ്ഞൾ പ്പൊടി മിശ്രിതം - 3 കൂവളപ്പഴം 1 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച്‌ സത്ത് ഊറ്റി 100gm മഞ്ഞൾ പൊടി ചേർത്ത്,12 മണിക്കൂർ വച്ച് 10 ലിറ്റർ വെള്ളം ചേർത്ത് തളിക്കുക .
പെരുവല സത്ത് - ഇലയും പൂവും അരച്ചു 20gm 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചാൽ മീലിമുട്ടകൾ, ശൽക്ക കീടങ്ങളെയും തുരത്താം.
നാറ്റ പൂച്ചെടി -സോപ്പ് മിശ്രിതം - ഇളം ഇലയും പൂവും തണ്ടും ചതച്ച് 1 ലിറ്റർ നീരിൽ സോപ്പ് ലായനിയിൽ ,60gm ബാർ സോപ്പിന് അരലിറ്റെർ വെള്ളം ചേർത്ത് തളിക്കാം, ഇല പേനിനും, നീരൂറ്റി കുടിക്കുന്ന പ്രാണിയേയും തുരത്താം.
തക്കാളിയും, വഴുതിനയും പാകി കഴിഞ്ഞു 4 - 6 ദിവസമെടുക്കും മുള പൊട്ടാൻ, മുളകിന് 8-9 ദിവസം വേണം,ക്യാപ്സിക്കം 5-7 ദിവസം വേണo, കാബേജിനും കോളിഫ്ലവറിനും വെള്ളരിക്കുo 3-4 ദിവസം വേണം, പാവലിനും പടവലത്തിനും 6-7 ദിവസം വേണ്ടി വരും, വെണ്ട്ക്കാ 5-6 ദിവസവും. അതുകൊണ്ട് വിത്ത് പാകിയ ശേഷം കിളിർത്തില്ല എന്ന പരാതി വേണ്ട. ഒരു വിളയുടെ പകുതിയാകുമ്പോള്‍ വിത്തെടുക്കാം. മൂന്ന് തുല്യ അളവില്‍ ഭാഗിച്ചാല്‍ നടുഭാഗത്തെ വിത്താണ് എടുക്കേണ്ടത്. ആരോഗ്യമുള്ളവ പുറം തോട് നന്നായി ഉണങ്ങിയാല്‍ പാകാന്‍ തയ്യാറായി.
പാവല്‍, പയര്‍, പടവലം, കുമ്പളം, പീച്ചില്‍, എന്നിവ നേരിട്ട് പാകാം. ചീര, വഴുതിന എന്നിവ മണലോടുകൂടി വിതറാം. 6 മണിക്കൂര്‍ സൂര്യപ്രകാശവും വെള്ളവും ലഭിക്കത്തക്ക വിധത്തില്‍ വേണം ക്യഷിയിടം ഒരുക്കേണ്ടത്. ദീര്‍ഘകാല വിളയാണ് - കറിവേപ്പ് ,മുരിങ്ങ ,,നാരകം തുടങ്ങിയവ സൈഡിൽ നടാം. തണലില്‍ - ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരകിഴങ്ങ് നടാം.
ഇതിനിടയില്‍ കാന്താരി,മുളക് നടാം. കീടാക്രമണം ഒഴിവാക്കാം.. മട്ടുപ്പാവ് ക്യഷിക്ക് ഗ്രോബാഗ്, സിമന്റ് ചാക്ക്, പെയ്ന്റ്റ് ബക്കറ്റ്, വലിയ കാനുകള്‍ മുറിച്ചും ക്യഷി ചെയ്യാം. ഗ്രോബാഗിന്റെ അടിയിലായി ഇഷ്ടിക അടുക്കണം. നേരിട്ട് വച്ചാൽ ടെറസ്സിൽ വെള്ളമിറങ്ങും .
നടീല്‍ മിശ്രിതം - മണല്‍, മണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ കൂട്ടിയോജിപ്പിച്ച ശേഷം തൈകളോ, വിത്തുകളോ നടാവുന്നതാണ്. തൈകള്‍ നട്ട ശേഷം മൂന്ന് ദിവസം തണല്‍ നല്‍കണം. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലെ ജൈവവളങ്ങള്‍ ഉദാ ; കാലിവളം, കോഴിവളം, എല്ലംപൊടി, കമ്പോസ്റ്റ്, പച്ചില വളം, കടലപ്പിണ്ണാക്ക് നേര്‍പ്പിച്ചത് എന്നിവ നല്‍കാം വേനലില്‍ രണ്ട് നന, മഴയുള്ളപ്പോള്‍ ഒരു നനയും ആണ് വേണ്ടത്.
മണ്ണിനെയും മനുഷ്യനെയും നശിപ്പിക്കുന്ന രാസ വളങ്ങൾ ഒഴിവാക്കി, ആരോഗ്യത്തോടെ ജീവിക്കാൻ, മടി കളഞ്ഞു മണ്ണിലിറങ്ങിയേ മതിയാവൂ . മറ്റാർക്കും വേണ്ടിയല്ല നമുക്ക് വേണ്ടി. നമ്മുടെ മട്ടുപ്പാവിലും പറമ്പിലും വിഷം തീണ്ടാത്ത പച്ചക്കറി സമൃദ്ധിയോടെ നിറഞ്ഞു നിൽക്കട്ടെ. നാളെ എങ്കിലും നന്മ നമ്മുടെ കുഞ്ഞുങ്ങൾക്ക് കിട്ടട്ടെ.
ആശംസകളോടെ നിർത്തട്ടെ ....

No comments:

Post a Comment