Thursday, March 24, 2016

ഡാര്‍ജീലിങ് കുന്നുകളിലെ മാസ്മരിക ലോകം.



യാത്രകളെ സ്നേഹിക്കുന്നവരേ ഇതാ നമുക്ക് ഒരുമിച്ച് നടക്കാം. ലോകത്തെ തന്നെ ചായകൊണ്ട് കീഴടക്കിയ ഡാര്‍ജീലിങ് എന്ന മനോഹരമായ ഹില്‍ സ്റ്റേഷനിലേയ്ക്കാവട്ടെ ഇന്ന് നമ്മുടെ യാത്ര. പശ്ചിമ ബംഗാളിന്റെ വടക്കന്‍ പ്രവിശ്യയായ സമതലങ്ങളെ കാത്ത് സൂക്ഷിക്കുന്ന മലകളാണ് 'ശിവചൈതന്യം വഹിക്കുന്നവന്‍' എന്നര്‍ത്ഥം വരുന്ന ഡാര്‍ജീലിങ് നഗരം. ബ്രിട്ടീഷ് ഭരണകാലത്ത് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിക്കുന്നതു വരെ സിക്കിം എന്ന രാജ്യത്തിന് കീഴിലായിരുന്നു ഇവിടം. ഇപ്പോള്‍ പശ്ചിമബംഗാള്‍ സംസ്ഥാനത്തില്‍ ഗോര്‍ക്ഖ സമുദായത്തിന് (ethnic Nepalis) സ്വയംഭരണാവകാശം ഉളള പ്രത്യേക നഗരമാണ് ഡാര്‍ജീലിങ് . ഗോര്‍ക്ഖകള്‍ക്ക് പുറമേ ബുട്ടിയ(bhutia), ലെപ്ച്ച(lepcha) എന്നീ സമുദായക്കാരും അധിവസിക്കുന്നുണ്ട് ഇവിടെ. സംസാരഭാഷ അധികവും നേപ്പാളി തന്നെ.
ഏകദേശം 3000km ദൂരമുണ്ട് കേരളത്തില്‍ നിന്നും പശ്ചിമബംഗാളിലേയ്ക്ക്. ഗുവഹാത്തിയ്ക്ക് പോകുന്ന ട്രെയിനിലാണ് നമുക്ക് ഇവിടെ നിന്നും യാത്ര തിരിക്കേണ്ടത്. രണ്ടാം ക്ളാസ് കമ്പാര്‍ട്ട്മെന്റെല്ലാം ബംഗാളി ജോലിക്കാരെക്കൊണ്ട് നിറഞ്ഞൊഴുകാന്‍ സാധ്യതയുളളതുകൊണ്ട് എ.സി കമ്പാര്‍ട്ട്മെന്റിലെ സമൃദ്ധിയിലാവാം യാത്ര. രണ്ട് പകലും രണ്ട് രാത്രിയും ട്രെയിനില്‍ കഴിച്ച് കൂട്ടേണ്ടതുകൊണ്ട് കഴിക്കാന്‍ ആവശ്യത്തിലേറെ ഭക്ഷണസാധനങ്ങളും സമയം കൊല്ലാന്‍ അത്യാവശ്യം പുസ്തകങ്ങളും കരുതിയിട്ടുണ്ട് നമ്മള്‍. അങ്ങനെ ചടുലതാളത്തോടെ, ചിലപ്പോള്‍ നാണംകുണുങ്ങി , രാത്രികളില്‍ രൗദ്രമാര്‍ന്ന് തീവണ്ടി ഓടിക്കൊണ്ടിരിക്കെ സൊറ പറഞ്ഞും ഉണ്ടും ഉറങ്ങിയും നമ്മള്‍ താണ്ടുന്നത് ആറ് സംസ്ഥാനങ്ങളാണ്. കൊല്‍ക്കത്തയില്‍ നിന്നും ആറ് മണിക്കൂര്‍ യാത്രയുണ്ട് നമുക്കിറങ്ങാനുളള ജല്‍പായ് ഗുരിയിലേയ്ക്ക്.
മിക്കവാറും രാത്രിയാവും നമ്മള്‍ അവിടെ എത്തിച്ചേരുക.
അതെ രാത്രിയോടുകൂടി ട്രെയിന്‍ ജല്‍പായ് ഗുരി സ്റ്റേഷന്‍ അടുക്കുകയാണ്. വലിയ തിരക്കുളള സ്റ്റേഷന്‍. നമ്മള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി പുറത്ത് കടക്കുമ്പോഴേക്കും ട്രാവല്‍ ഏജന്റ്സ് പൊതിയാന്‍ തുടങ്ങും . ഇന്ന് രാത്രിയിലെ താമസം തുടങ്ങി നാളെ ഡാര്‍ജീലിങ് ലേയ്ക്കുളള യാത്രയും താമസവും മറ്റന്നാളത്തെ തിരിച്ചുളള യാത്ര വരെ അടങ്ങിയ പാക്കേജുകള്‍ ഉണ്ട്. നമുക്കതാവും സൗകര്യം. അപ്പോള്‍ ഇന്ന് രാത്രി ഇവിടെ ഹോട്ടലില്‍ ഉറങ്ങി നാളെ രാവിലെ യാത്ര തുടങ്ങാം . റൂം ബോയ് കൊണ്ടുവന്ന ചൂളയില്‍ ഉണ്ടാക്കിയ ചപ്പാത്തിയ്ക്കും കടുകെണ്ണയില്‍ പാകം ചെയ്ത കറികള്‍ക്കും എന്താ രുചി അല്ലേ?
രാവിലേ യാത്ര തുടങ്ങുന്നത് ബെഡ് കോഫിയുടെ ഊര്‍ജ്ജത്തിലാണ്. ഇവിടെ ബംഗാളില്‍ പ്രാതല്‍ വളരെ താമസിച്ചേ കിട്ടുകയുളളു. കാറില്‍ നമ്മോടൊപ്പമുളള മറ്റ് യാത്രക്കാര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ തന്നെ. സിലിഗുരി ആര്‍മി ക്യാമ്പിലെ നയനമനോഹരമായ കാഴ്ചകള്‍ പിന്നിട്ട് നമ്മള്‍ മലകള്‍ കയറി തുടങ്ങുകയായി. വളരെ വീതി കുറഞ്ഞ കുത്തനെയുളള റോഡുകളാണ് പൊതുവേ. ഒരു രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കാണും യാത്ര തുടങ്ങിയിട്ട്. അതാ കുത്തനെയുളള ചരിവുകളില്‍ കെട്ടിടങ്ങള്‍ കണ്ടു തുടങ്ങി. നമ്മള്‍ കുര്‍സോങ് പട്ടണം അടുക്കുകയാണ്. ഇവിടെ നിന്ന് പ്രഭാതഭക്ഷണം കഴിച്ചിട്ട് വീണ്ടും യാത്ര തുടരേണ്ടതുണ്ട്. പൂരിയും സബ്ജിയും നല്ല കടുപ്പത്തിലുളള ചായയും. അടിച്ച് വിടാം അല്ലേ. ഇനിയുളള യാത്ര മയങ്ങിത്തീര്‍ക്കാനാണ് എന്റെ പരിപാടി. നിങ്ങളും ഉറങ്ങിക്കോളൂ. ഉച്ചയോടു കൂടി ഡാര്‍ജീലിങ് നഗരം അടുക്കുമ്പോള്‍ എല്ലാവരും ഉറക്കം വിട്ട് ഉഷാറാണ്. ദൂരെ നിന്ന് നോക്കുമ്പോള്‍ മലഞ്ചെരുവുകളില്‍ പുറ്റ് പോലെ അടുക്കി വച്ചിരിക്കുന്ന കെട്ടിടങ്ങള്‍ കണ്ട് തുടങ്ങി. തീപ്പെട്ടിക്കൂടുകള്‍ ചേര്‍ത്ത് വച്ചിരിക്കുന്നത് പോലെ തോന്നും. നഗരത്തിന്
ഉളളിലെത്തുമ്പോള്‍ കെട്ടിടങ്ങള്‍ വലുപ്പംവെച്ച് മുട്ടിഉരുമ്മി നില്‍ക്കുന്നത്, റോഡിനോട് ചേര്‍ന്നൊഴുകുന്ന ടോയ് ട്രെയിന്‍ (locomotive track) പാത, കൂട്ടത്തോടെ കെട്ടുപിണഞ്ഞ് മലയോരം കയറിപ്പോകുന്ന പൈപ്പ് ലൈനുകള്‍ ഇതെല്ലാം നമുക്ക് പുതുമ തരുന്ന കാഴ്ചകള്‍ തന്നെ.
താമസിക്കാനുളള ഹോട്ടലിനു മുന്നില്‍ വണ്ടി ഇറങ്ങുമ്പോള്‍ കൂടെയുളള ഡ്രൈവര്‍ ഓര്‍മ്മപ്പെടുത്തി 'മാഡം , നിങ്ങള്‍ ഒരു മണിക്കൂറിനുളളില്‍ തയ്യാറായിക്കോളൂ. കാഴ്ചകാണിക്കാന്‍ കൊണ്ട് പോവാന്‍ വേറെ വണ്ടി വരും'. അങ്ങനെ കുളിയും,ഭക്ഷണവും എല്ലാം പെട്ടെന്ന് നടത്തി റെഡിയായി നില്‍ക്കുമ്പോള്‍ നമ്മുടെ വാഹനവും എത്തിക്കഴിഞ്ഞു. 'മാഡം ഡാര്‍ജീലിങിലേയ്ക്ക് സ്വാഗതം. ഞാന്‍ നിങ്ങളെ എല്ലാ സ്ഥലങ്ങളും ചുറ്റിക്കാണിക്കാം. ' നമ്മുടെ സാരഥിയാണ്. 30 വയസ് തോന്നിക്കുന്ന നല്ല പ്രസന്ന മുഖമുളള നേപ്പാളി യുവാവ്. ബിററ്സ് എന്നാണത്രേ അവന്റെ ഓമനപ്പേര്. അവന്റെ വണ്ടിയില്‍ നിന്നുയരുന്ന ഹിന്ദി ഗാനങ്ങളും നല്ല ബീറ്റ്സ് തന്നെ.
ഹിലാരിയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട മൌണ്ഢനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാഴ്ചകള്‍ പ്രധാനമായും അവിടുത്തെ മ്യൂസിയം തന്നെ. ഹിലാരിയുടെ വലിയ ഒരു പ്രതിമയാണ് വാതില്‍ക്കല്‍ നമ്മെ സ്വാഗതം ചെയ്യുന്നത്. മ്യൂസിയത്തിനുളളില്‍ ഹിലാരിയും ടെന്‍സിനും പര്‍വ്വതാരോഹണത്തിന് ഉപയോഗിച്ച ആയുധങ്ങളും ഉടുപ്പുകളും സുക്ഷിച്ചിട്ടുണ്ട്. മ്യൂസിയത്തിനടുത്തായി ഒരു ചെറിയ കാഴ്ചബംഗ്ളാവും കാണുവാന്‍ കഴിയും.
'ഇനി നമ്മള്‍ കാണുവാന്‍ പോകുന്നത് തേയിലത്തോട്ടങ്ങള്‍ അലങ്കരിച്ച താഴ്വാരങ്ങളാണ് , മാഡം .നിങ്ങള്‍ക്ക് അവിടുന്ന് നല്ല ക്വാളിറ്റി തേയിലയും വാങ്ങാന്‍ കിട്ടും'. ബിറ്റ്സ് നിന്റെ നേപ്പാളി കലര്‍ന്ന ഹിന്ദി അതീവഹൃദ്യം. അവന്‍ പറഞ്ഞത് ശരിയാണ് . കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചതന്നെ ചരിവുകളില്‍ തളിര്‍ത്ത് നില്‍ക്കുന്ന ഈ വസന്തം . നമുക്ക് ആ താഴ്വാരങ്ങളിലേയ്ക്ക് ഇറങ്ങിനിന്ന് പടവും പിടിക്കാം. ഗോര്‍ഖ്ക സമുദായത്തിന്റെ പാരമ്പര്യ വേഷം വേണമെങ്കില്‍ അതും വാടകയ്ക്ക് കിട്ടും. റോഡിനിരുവശവുമായി കെട്ടിയിരിക്കുന്ന കടകള്‍ കണ്ടില്ലേ. നല്ല കടുപ്പത്തിലുളള ഡാര്‍ജീലിങ് ചായകുടിച്ച് തേയിലയും വാങ്ങി മടങ്ങാം അവിടുന്ന്. ചായ സൗജന്യമാണ് കേട്ടോ. ചേതമില്ലാത്ത വിപണന തന്ത്രം.
സമയം ഇരുട്ടി തുടങ്ങി.തിരിച്ച് ഹോട്ടലിലേയ്ക്ക്. ബാക്കി കാഴ്ചകള്‍ നാളെയാകാം അല്ലേ? 'മാഡം, നാളെ ടൈഗര്‍ ഹില്‍സിലെ സൂര്യാേദയം. വെളുപ്പിന് 4മണിക്ക് പോവണം. മൂടല്‍മഞ്ഞ് ഇല്ലാതിരിക്കട്ടെ. ശുഭരാത്രി. ' ബിററ്സ് വിട പറയുകയാണ്. തിരക്കുളള നിരത്തിലൂടെ അവന്റെ സ്കോര്‍പിയോ മിന്നിമറയുമ്പോള്‍ എന്റെ മുന്നില്‍ മറ്റൊരു വെളിച്ചം തെളിയുകയാണ്.ഡാര്‍ജീലിങിലെ സന്ധ്യചുവപ്പിച്ച തെരുവുകള്‍. നമുക്കല്‍പ്പം നടക്കാം അല്ലേ?
എങ്ങും തിരക്ക് തന്നെ . നിരത്തിലൂടെ ഒഴുകുന്ന ജനക്കൂട്ടം നമ്മളില്‍ അതിശയം ജനിപ്പിക്കും. കൗമാരക്കാര്‍, ആവശ്യത്തിലേറെ അണിഞ്ഞൊരുങ്ങി ഉച്ചത്തില്‍ സംസാരിച്ച് നീങ്ങുന്ന പെണ്‍കുട്ടികള്‍, പ്രായമുളളവര്‍ എല്ലാവരും ഒരു കാര്യം ഉറപ്പിച്ച് തരും. ജീവിതം,അത് ആവോളം ആസ്വദിക്കാനുളളതാണ്. തെരുവിനിരുവശവുമുളള കടകളില്‍ തിരക്ക് കൂടുതല്‍ ചെറിയ ഹോട്ടലുകളിലാണ്. ഒഴുകി ഇറങ്ങുന്ന ഹിന്ദി പാട്ടുകള്‍ക്കൊപ്പം നമ്മളും നീങ്ങുകയാണ് ഈ തെരുവോര കാഴ്ചയിലേയ്ക്ക്.
നടന്ന് ക്ഷീണിച്ച് കാണും. നമുക്ക് ചായയും മോമോസും കഴിച്ചാലോ? തിരക്കൊഴിഞ്ഞ സമയം. ഹിന്ദിയും നേപ്പാളിയും ഇടകലര്‍ത്തി കടയുടമസ്ഥന്‍ സംസാരിച്ച് തുടങ്ങി.
''മാഡം, ഡാര്‍ജീലിങിലെ ചായ ആരിലും കൊതി ഉണര്‍ത്തും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചായ കുടിക്കാനായി റാണി ഗായത്രി ദേവിയും അവരുടെ ഭര്‍ത്താവ് ജയ് രാജകുമാരനും ഇവിടെ എത്തുമായിരുന്നു .
'കുച്ഛ് ബിഹാര്‍ കൊട്ടാരത്തിലെ റാണിയോ? ' ഞാന്‍ അവന്റെ മുന്നില്‍ അതിശയത്തോടെ ഇരിക്കുന്ന കൊച്ചുകുട്ടിയായി.
ദാ വരുന്നു അവന്റെ അടുത്ത ബോംബ്.
'മാഡത്തിനറിയുമോ, ജയ് രാജകുമാരന്‍ റാണിയെ കല്യാണം കഴിയ്ക്കാന്‍ ഇഷ്ടമുണ്ടെന്ന് പറയുന്നത് ഡാര്‍ജീലിങിലെ കുതിരസവാരിക്കിടയിലാണ്. '
'അതേയോ, എത്ര നന്നായി .' എന്ന് ഞാന്‍.
നമുക്ക് ഇവിടുന്ന് പെട്ടെന്ന് ഇറങ്ങാം, അല്ലെങ്കില്‍ ഇവന്‍ ചരിത്രത്തെ വളച്ചൊടിച്ച് കയ്യില്‍ തരും. (കുച്ഛ്ബിഹാര്‍ രാജ്യത്തിന് ഡാര്‍ജീലിങില്‍ ഗസ്റ്റ് ഹൗസ് ഉണ്ടായിരുന്നു എന്നതും, റാണി ഗായത്രി ദേവിയെ തന്റെ മൂന്നാമത്തെ ഭാര്യയായി ജയ് രാജകുമാരന്‍
ക്ഷണിക്കുന്നത് ലണ്ടനില്‍ വച്ചാണെന്നും റാണിയുടെ ആത്മകഥയില്‍ ഞാന്‍ വായിച്ചിരുന്നു) ടൂറിസം വികസനം ചരിത്ര മാര്‍ഗേ.......
ഇനി നമുക്ക് തിരിച്ച് നടന്നാലോ ഹോട്ടലിലേയ്ക്ക്. മൂടല്‍ മഞ്ഞ് സൂര്യനെ മറയ്ക്കാത്ത ഒരു പ്രഭാതം സ്വപ്നം കണ്ട് ഉറങ്ങാം.
കൊച്ചുവെളുപ്പാന്‍ കാലത്ത് ഉറക്കം നഷ്ടപ്പെട്ടതില്‍ ബിറ്റ്സിനോടുളള ഈര്‍ഷ്യയുമായി ചെന്നിറങ്ങുമ്പോള്‍ ടൈഗര്‍ഹില്‍സ് നൂറ് കണക്കിന് ആളുകളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. കാത്തിരുപ്പ് വ്യര്‍ത്ഥമായില്ല എന്നോര്‍പ്പിച്ച് കൊണ്ട് അഞ്ചരയോടെ ചക്രവാളത്തില്‍ സൂര്യതേജസ്സ് .കറങ്ങുന്ന ഗോളമായി തീക്ഷണ പ്രകാശത്തില്‍ സൂര്യനെ ആദ്യമായി കണ്ടു. തിരിഞ്ഞു നടക്കുമ്പോള്‍ മനസ് പറഞ്ഞു. ടൈഗര്‍ ഹില്‍സിലെ സൂര്യോദയം കണ്ടില്ലെങ്കില്‍ പിന്നെ എന്ത് കണ്ടു ?
ഇവിടെ നിന്നും 6km താഴെയുളള ടിബറ്റന്‍ മന്ദിറിലേയ്ക്കാണ് നാമിനി യാത്ര. ബുദ്ധ വിഹാരവും ഒത്തിരി ടിബറ്റന്‍ ചിത്രപ്പണികളും അലങ്കരിച്ച അമ്പലം കണ്ട് പുറത്തിറങ്ങുമ്പോള്‍ റോഡിനിരുവശവുമായി കാത്തിരിക്കുന്ന കച്ചവടക്കാരായ നേപ്പാളി സ്ത്രീകള്‍. കൂടുതലും അവര്‍ നെയ്ത തണുപ്പിനുളള വസ്ത്രങ്ങളും കരകൗശല വസ്തുക്കളുമാണ് വില്‍പ്പന. വിലപേശല്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ നടക്കുന്ന കച്ചവടം.
ഡാര്‍ജീലിങിലെ മറ്റൊരാകര്‍ഷണം ബുദ്ധന്റെ 15 ഓളം അവതാരങ്ങളെ സ്വര്‍ണ്ണംപൂശിയ വിഗ്രഹങ്ങളായി പുറംമതിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ജാപ്പനീസ് പഗോഡയാണ്. തൂവെളള ചായം പൂശിയ ഈ പഗോഡയ്ക്ക് ചുറ്റും മനോഹരമായി അലങ്കരിച്ച പൂന്തോട്ടവും ഉണ്ട്. 'മാഡം ,നിങ്ങള്‍ക്ക് റോപ് വേയില്‍(rope way)ക്കൂടി സഞ്ചരിക്കണ്ടേ '? ക്യാമറയുമായുളള നമ്മുടെ ഗുസ്തി കണ്ടാവണം ബിറ്റ്സ് എന്നെ ഓര്‍മ്മപ്പെടുത്തിയത്. ഇനി നമ്മള്‍ അങ്ങോട്ടേയ്ക്കാണ്. റോപ് വേയിലൂടെ മലകളെതൊട്ട് തേയിലക്കാടുകള്‍ക്ക് മുകളിലൂടെയുളള യാത്ര ആസ്വാദ്യകരം തന്നെ. നമ്മള്‍ മറുപുറം എത്തുമ്പോള്‍ ബിറ്റ്സ് അവിടെ കാത്ത് നില്‍ക്കുന്നുണ്ട് .നമ്മെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കും അവന്‍.
അവിടുന്ന് ടോയ് ട്രെയിനില്‍ ഈ ഉച്ച മയങ്ങിയ നേരത്ത് തിരികെ സിലിഗുരിയിലേക്ക്. ബിറ്റ്സിനോടും ഡാര്‍ജീലിങിനോടും യാത്ര പറയാറായി. 'ബിറ്റ്സ് നന്ദി നിന്റെ സേവനത്തിനും, സ്നേഹത്തിനും. '
അവന്‍ എന്നോട് നന്ദി പറയുന്നതിനൊപ്പം ഒന്നു കൂടി പറഞ്ഞു .' മാഡം , നിങ്ങള്‍ ഇനിയും വരൂ ഡാര്‍ജീലിങ് കാണാന്‍. പക്ഷെ യാത്രയില്‍ ഇത്രയും ഫോട്ടോകള്‍ എടുക്കരുത്. ആയുസ് കുറഞ്ഞ് പോകും. ഇത് ഞങ്ങള്‍ നേപ്പാളികളുടെ വിശ്വാസമാണ്.' ഞാന്‍ അല്‍ഭുതപ്പെടുകയാണ്, എവിടെപ്പോയാലും കുറഞ്ഞത് ഒരു വിശ്വാസമെങ്കിലും എന്റെ കൂടെപ്പോരും.
നിരത്തിന് നടുവിലൂടെ, വീടുകളുടെ ഒാരങ്ങളിലൂടെ,മലഞ്ചരിവുകളിലൂടെ ,തേയിലത്തോട്ടങ്ങളിലൂടെ ടോയ് ട്രെയിന്‍ മന്ദം മന്ദം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഷാര്‍മ്മിള ടാഗോറും രാജേഷ് ഖന്നയും മല്‍സരിച്ച് അഭിനയിച്ച് ഫലിപ്പിച്ച ആ ഗാനം ആരും മൂളിപ്പോകും...
മേരേ സപ്നോം കേ റാണി കബ് ആയേഗി തു

No comments:

Post a Comment