Thursday, March 24, 2016

രണ്ടാം മണിയറ



കഴിഞ്ഞ ആഗസ്റ്റ് മാസം.
പീരുമേട് ആർ.ടി. ഓഫീസിന്റെ മൂന്നാംനിലയിലെ തുറന്നിട്ട ജനാലയിലൂടെ തണുത്തകാറ്റ് ഒരു പരാതിക്കാരനെപ്പോലെ കടന്നു വന്നു. സമയം ഉച്ചകഴിഞ്ഞു. ഒരു മൂഡില്ല. ഒപ്പം കാറ്റിന്റെ പ്രലോഭനവും .ജോയിൻറ് ആർ.ടി.ഒ ജയിംസ് സാറിന്റെ ക്യാബിനിൽ ഞാൻ എത്തി.
"എന്താ സാർ .ഇന്നത്തെ പരിപാടി?"
"മഴക്കോളുണ്ട് മനൂ... വളളക്കടവ് ഫോറസ്റ്റ് വരെ വേണേൽ ഒന്ന് പോവാം "
"മഴ പെയ്താലോ". എനിക്ക് സംശയം.
" എന്നാൽ കാട്ടിലെ മഴ കാണാൻ പോകാം", ജയിംസ് സാറിന്റെ ചിരിയിൽ കൂട്ടിക്കുഴച്ച പ്ലാനിംഗ് !. ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജീഷ് സാറിനെ ഒന്ന് വിളിച്ചു .പത്ത് അക്കങ്ങളുടെ അകലത്തിൽ ഫോൺ റിംഗ് ചെയ്തു.
"ഹലോ ... അജീഷ് സാറല്ലേ ... ഞാനാ .. ജോ: ആർ.ടി.ഒ. ജയിംസ് .കാട്ടിലെ മഴ ഒന്ന് കണ്ടാൽ കൊളളാം എന്ന് ഒരു മോഹം. നടക്കുമോ ?"
ഫോൺ ലൗഡ് സ്പീക്കറിലിട്ടു .
"അല്പം ഇരുട്ട് വീണാലേ മഴ ആസ്വദിക്കാൻ പറ്റൂ .. എന്തായാലും കാടിന്റെ കന്യാകാത്വത്തിലേക്ക് സ്വാഗതം. നിങ്ങൾ എത്ര പേരുണ്ട്?"
"ഒരഞ്ചു പേർ കാണും."
ഒരു നാലരയാവുമ്പോഴേക്കും എത്താൻ പറ്റുമോ ? അപ്പോഴേക്കും സഞ്ചാരികൾ എല്ലാം പോയിട്ടുണ്ടാവും.
"തീർച്ചയായും വരും. " ഞങ്ങൾ ഒന്നിച്ച് പറഞ്ഞു.
" എങ്കിൽ കാട്ടിൽ താമസിക്കാനുളള സകല സന്നാഹങ്ങളുമായി വന്നോളൂ .. ബാക്കി ഇവിടെ വന്നിട്ട് പറയാം". ഫോൺ കട്ടായി.
ഒരു മഴ എന്റെ മനസ്സിലും പെയ്തു. പത്ത് മിനിട്ടിനകം യൂണിഫോം മാറ്റി രണ്ടുദിവസത്തേക്കുള്ള വസ്ത്രങ്ങളും മറ്റും ഒരു ബാഗിൽ കുത്തിക്കയറ്റി ഓഫീസിനു താഴെ എത്തി.
'കാട്ടിലെ മഴ' എന്ന ടോപ്പിക്ക് കേട്ടപ്പൊഴേക്കും പലരും കളിയാക്കി.
"വട്ടാണല്ലേ?" എന്നൊക്കെ ചോദിക്കാൻ തുടങ്ങി. അതല്ലേലും അങ്ങനാണല്ലോ .. വ്യത്യസ്തമായ ഒന്നിനേയും ഉൾക്കൊള്ളാനാവാത്ത പതിവ് മലയാളിക്ക് സ്വന്തം. അതുകൊണ്ട് അരസികൻമാരെ ഒഴിവാക്കി ജയിംസ് സാർ, ഇൻസ്പെക്ടർ റിച്ചാർഡ് , ഞാൻ ,ഞങ്ങളുടെ സുഹൃത്ത് അജിൽ. നാൽവർ സംഘം മേഘങ്ങൾ മൂടിയ ആകാശത്തെ വിശ്വസിച്ച് വളളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലേക്ക് യാത്ര തിരിച്ചു ...
കാറ്റ് ..ശക്തമാണ്. അതിനെ കീറിമുറിച്ച് ഞാൻ ആക്സിലറേറ്റർ ഞെരിച്ചു .. പറഞ്ഞസമയത്തിന് മുൻപ് ഞാൻ വണ്ടി ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു.
വള്ളക്കടവ്: പെരിയാർ ടൈഗർ റിസർവിന്റെ പ്രവേശന കവാടം. ഗവി വഴി പതിവ് റോഡ് ഉണ്ടെങ്കിലും സഞ്ചാരികൾക്ക് അനുവാദമില്ലാത്ത ഇടത്തേക്ക് ആണ് യാത്ര.
ചൂടു ചായയുടെ സ്വാഗതം നുണഞ്ഞ് റേഞ്ച് ഓഫീസറെ കാത്ത് ചെക്ക്പോസ്റ്റിലിരുന്നു.പത്ത് മിനുട്ടിനകം തെളിഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എത്തി. കയ്യിൽ ഒരു വലിയ ബാഗ്.
" ഇതെന്നതാ സർ? സല്യൂട്ട് ചെയ്ത ശേഷം ഞാൻ ചോദിച്ചു.
"Sവലുകൾ ആണ് . തല തോർത്തേണ്ടേ? "
അതെന്തിനാ? .. അജിലിന് സംശയം!
" കാട്ടിലെ മഴ കാണുകയല്ല, അനുഭവിക്കുകയാണ് വേണ്ടത്! അതിന് ആ മഴ നിശബ്ദതയിൽ നനയണം."
ഫോറസ്റ്റ് ജീപ്പിലാണ് തുടർയാത്ര! ബാഗും ഞങ്ങളും ജീപ്പിൽ ഇടം പിടിച്ചു .ഡ്രൈവർ സുരേഷ് വണ്ടി മുന്നോട്ടെടുത്തു ....
.
കാട്ടിലെ മഴ എന്ന ആശയം ഞങ്ങൾ ആറു പേർക്കും ഒരു പോലെ ഇഷ്ടപ്പെട്ട ആശയം ആയി മാറി. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട വനയാത്രയിൽ .. മഴ പേടിച്ച് പറക്കുന്ന കിളികളും കാറ്റിൽ കൂറ്റൻ തലകൾ ഉയർത്തി ചങ്കൂറ്റത്തോടെ നിൽക്കുന്ന മരങ്ങളും ഞങ്ങളെ വനത്തിന്റെ നിഗൂഢതയിലേക്ക് മായികമായി ആനയിച്ചു .കരിങ്കുരങ്ങുകൾ ചില്ലാട്ടമാടുന്ന വനം ഒരു കല്യാണവീടിന്റെ പിന്നാമ്പുറം പോലെ തോന്നിച്ചു.
" കാടിന്റെ കന്യകാത്വം" എന്ന ആ പദപ്രയോഗം എന്നെ ഒരു നവവരന്റെ ഉൻമേഷത്തിലെത്തിച്ചു .ഫോണിൽ റേഞ്ച് നഷ്ടപ്പെട്ട് ഞങ്ങൾ അപ്പൊഴേക്കും പുറംലോകവുമായുള്ള ബന്ധം' വിഛേദിച്ചിരുന്നു .ഇടയ്ക്കിടെ ജീപ്പിൽ വയർലെസിന്റെ ഒച്ചയടപ്പ് കലർന്ന ചുമ മാത്രം.
ഞങ്ങൾ വിശാലമായ ഒരു പാറപ്പുറത്തിനടുത്തെത്തി. ജീപ്പ് നിന്നു .ഇറങ്ങാൻ നിർദ്ദേശം കിട്ടേണ്ട താമസം, കുലുങ്ങിക്കുലുങ്ങി വല്ലാതായ ശരീരം ഒന്ന് നിവർക്കാനായി ഞങ്ങൾ ചാടിയിറങ്ങി.
ഒരു തിട്ടയിൽ ചവിട്ടിച്ചവിട്ടി പാറപ്പുറത്തെത്തി .കാട് കയറുമ്പോൾ ഏറെ ബുദ്ധിമുട്ടിക്കുന്ന ചോരകുടിയൻ അട്ടകൾ പാറപ്പുറത്ത് കാണില്ല .അതാണ് ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം.
ചുറ്റുമുള്ളിടം ദുർഘടമായതിനാൽ ആനകൾ ഇവിടെ വരാറില്ല. മഴ തുടങ്ങിയാൽ കുരങ്ങും വരാറില്ല. ഏതാണ്ട് സുരക്ഷിതം എന്ന് പറയാവുന്ന ഒരിടം. അത്രേയുളളൂ .. രാത്രിയിൽ വനം എപ്പോൾ വേണമെങ്കിലും അപകടകാരിയാകാം.
വെട്ടം മങ്ങിത്തുടങ്ങി .. ഇരുട്ടും മഴക്കാറും മണിയറ വെളിച്ചം കെടുത്തും പോലെ.
വസ്ത്രം മാറി .. ടവൽ മാത്രമുടുത്ത് ഞങ്ങൾ അഞ്ചു പേർ പാറപ്പുറത്ത് .. ഡ്രൈവർ സുരേഷ് ജീപ്പിലും.
മൊബൈലുകളും ക്യാമറയും ഓഫ് ചെയ്ത് ജീപ്പിൽ വച്ചു.
ഇരുളിന്‍റെ മറ പതിയെ കനക്കാന്‍ തുടങ്ങി. മഴയുടെ ചെറിയ താളം. ഒരു ചാറ്റൽ മഴ! മഴത്തുള്ളികള്‍ ചിതറി വീഴാന്‍ തുടങ്ങി.
'"ഇനി ഭയം തോന്നും വരെ ആരും സംസാരിക്കരുത്. ഒരു ധ്യാനം പോലെ ഇത് ആസ്വദിക്കുക". ഒരു ആചാര്യഭാവത്തിൽ അജീഷ് സാർ പറഞ്ഞു.
ഇരുട്ടാകുന്ന കൂടാരം .. മൗനം എന്ന അനുഭൂതി .. മഴ എന്ന ആലിംഗനം ... കാടിന്റെ മണിയറയിൽ പ്രകൃതിയോട് പരിരംഭണം.!
നാട്ടില്‍ മഴവന്ന് വീഴുന്ന പ്രതലത്തിന് അനുസരിച്ചാണ് ശബ്ദങ്ങൾ ..തകരഷീറ്റിൽ വെള്ളം വീഴുന്ന ഒച്ചയും വാഹനങ്ങളുടെ ശബ്ദവും ചേർന്ന് ആകെ ബഹളമയം '
എന്നാല്‍ , കാട്ടിലെ മഴ അങ്ങനെയല്ല! ഇലകളിലും തറയിലെ വെള്ളത്തിലും മഴ വന്ന് വീഴുന്ന ശബ്ദം മാത്രം! ജീവികൾ കാണികളെപ്പോലെ നിശ്ശബ്ദരാവും. ഒരു കിളിയൊച്ച പോലും കേൾക്കില്ല. ചുറ്റും മഴയുടെ ഗസൽ മാത്രം .!
കാത് കൂർപ്പിച്ച് വേണം ഈ രാമഴ നനയാൻ ..! വധുവിന്റെ ചിണുക്കം പോലെ അത് കിന്നാരം പറയും .പുതപ്പിന്റെ .ഉരസൽ പോലെ കാറ്റ് വന്ന് പുതപ്പിച്ചും പുതപ്പഴിച്ചും നമ്മളെ ഉൻമാദികളാക്കും!
മഴ കനത്തു. ചരൽ വാരി എറിയും പോലെ മഴ വന്ന് ദേഹത്ത് വീണ് ചിതറി.
ഒരു രതിമൂർഛ പോലെ. ഞങ്ങൾ കോരിത്തരിച്ച് തണുത്ത് വിറച്ചു മുടിയിഴകൾ നെറ്റിയിലേക്ക് തളർന്ന് വീണു ! കാട് എന്ന കന്യകയെ പ്രാപിച്ച നവവരനെപ്പോലെ ഞാൻ ആ പാറപ്പുറത്ത് പിന്നിലേക്ക് കൈകൾ കുത്തി ഇരുന്നു ..എവിടെയോ ഒരു മിന്നൽ വെട്ടം ..! ആ ഇരുട്ടിൽ ഞങ്ങൾ അഞ്ച് ആൾ രൂപങ്ങൾ ! ഹാർമോണിയത്തിൽ നിന്ന് ഗസൽ ഒഴുകും പോലെ ഒരു അനുഭൂതി ! ആ ഗസലിന് മനസ്സിൽ ആയിരം കൈയ്യടികള്‍ നൽകി!
പോകാം .. മഴ കൂടുകയാണ്! ജയിംസ് സാറിന്റെ ശബ്ദം. കാട് എന്ന കന്യകയെ വാരിപ്പുണർന്ന ഞങ്ങൾ അനുസരിച്ചു.
ഓരോരുത്തരായി ജീപ്പിൽ കയറി പരിമിതഇടത്തിൽ നിന്ന് വസ്ത്രം മാറി തല തോർത്തി.
ജീപ്പ് സ്റ്റാർട്ട് ആയി. ഹെഡ് ലൈറ്റ് തെളിഞ്ഞു. ജീപ്പ് മുരണ്ട് മുന്നോട്ട് നീങ്ങി .. ഏതാണ്ട് ഒരു മണിക്കൂറിനടുത്ത് യാത്ര!
വഴിയിൽ ആനയുടെ ചൂര് അനുഭവപ്പെട്ടെങ്കിലും കാടിന്റെ ആതിഥേയർ വഴിമുടക്കിയില്ല..
കുറേ കഴിഞ്ഞു ഞങ്ങൾക്കായി ഒരുക്കിയിട്ടുള്ള ടെൻറുകൾ കണ്ടു!
എമർജൻസി ലാമ്പുകളുടെ പ്രകാശം മാത്രം!
കെട്ടിയുയർത്തിയ തറയിൽ ആറ് കൂടാരങ്ങൾ കെട്ടി ഉയർത്തിയിരിക്കുന്നു . ഒരെണ്ണത്തിൽ രണ്ടു പേർക്ക് കിടക്കാം .മറ്റൊരു ജീപ്പിൽ ഞങ്ങൾക്കുളള ഭക്ഷണവും വെളളവും എത്തി.
ചൂട് പറക്കുന്ന പുഴുങ്ങിയ കപ്പയും .. മുളക് വറുത്തരച്ച കോഴിക്കറിയും .ഇവിടെ മണിയറക്ക് ശേഷമാണ് സദ്യ എന്നൊരു വ്യത്യാസം മാത്രം.
ഭക്ഷണം കഴിച്ച് ഞങ്ങൾ ടെന്റിൽ കയറി സ്ളീപ്പിംഗ് ബാഗിനുള്ളിൽ നുഴഞ്ഞ് കയറി ! മഴയുടെ പരിരംഭണത്തെക്കുറിച്ച് കുശലം പറഞ്ഞ് കിടക്കുന്നതിനിടയിൽ ജയിംസ് സാറിന്റെ കൂടാരത്തിൽ നിന്ന് മൊബൈലിലൂടെ ഒരു പാട്ട് ഒഴുകി എത്തി .
"എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതീ ..........
ചുറ്റുമുളള കിടങ്ങിന്റെയും ഇലക്ട്രിക് വേലിയുടേയും സുരക്ഷിതത്വത്തിൽ ഞങ്ങൾ എപ്പൊഴോ ഉറങ്ങി ..
പിറ്റേന്ന് പുലർച്ചെ കാടിറങ്ങുമ്പോൾ ഞാൻ വണ്ടിയുടെ റിയർവ്യൂ മിറർ നോക്കി എന്റെ മുഖം കാണാൻ .. അതിൽ ഒരു നവ വരന്റെ കുസൃതിച്ചിരി ഉണ്ടോ എന്ന് നോക്കാൻ !
.................
ഈ വായനയിൽ നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു എങ്കിൽ ഒന്നേ പറയാനുള്ളൂ .. ഒരു യാത്ര പോകുന്ന ആളോട് ഒരിക്കലും "അവിടെ എന്തുണ്ട് കാണാൻ " എന്ന് ചോദിക്കരുത് !
കാഴ്ചക്ക് അപ്പുറം ഉളള അനുഭൂതികൾ ഒരു യാത്ര നമുക്ക് സമ്മാനിക്കാം എന്ന് വിശ്വസിക്കുക !!

1 comment: