Thursday, March 24, 2016

കൃഷിയെ സ്നേഹിക്കൂ


കഷ്ടിച്ച് അഞ്ചു സെന്റു പോലുമില്ലാത്ത ഭൂമിയിൽ വീടുവെച്ചു കഴിഞ്ഞപ്പോൾ ബാക്കി വന്ന സ്ഥലം തീരെ കുറവായിരുന്നു.എന്നിട്ടും എന്റെ അമ്മൂമ്മ ഇത്തിരിപ്പോന്ന സ്ഥലം അങ്ങേയറ്റം ഉപയോഗപ്രദമാക്കി. സെപ്ടിക് ടാങ്കിന്റെ മുകളിൽ പോലും മണ്ണിട്ട് ഉപയോഗശൂന്യമായ ടൈൽസുകൾ ആകർഷകമായ രീതിയിൽ ഉറപ്പിച്ച് അത്യന്തം മനോഹരമായ ഒരു പൂന്തോട്ടവും ,പച്ചക്കറിത്തോട്ടവും ഉണ്ടാക്കി.ആരേയും കൊതിപ്പിക്കുന്ന പച്ചക്കറിത്തോട്ടത്തിന്റെ സമ്യദ്ധി ഒരത്ഭുതത്തോടെ നോക്കി നിന്നിരുന്ന നാട്ട്കാരോട് അമ്മൂമ്മ പറഞ്ഞിരുന്നത് ഒരു പിടി മണ്ണ് കൈക്കുമ്പിളിലെടുത്താൽ അതിൽ വിത്തുകളുടെ മുള പൊട്ടാനുള്ള ധ്യാനം നമുക്ക് തൊട്ടറിയാമെന്നാണ്.
വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, പാവൽ, വഴുതന, മത്തൻ, പടവലം, പയർ ഇതൊക്കെ കൂടാതെ കിഴങ്ങു വർഗ്ഗങ്ങളും കൃഷി ചെയ്തിരുന്നു.പാവൽ, പടവലം, വെള്ളരി തുടങ്ങിയവയിൽ കായീച്ചയുടെ ആക്രമണം ഒഴിവാക്കാൻ അവ കായ്ചതിന്റെ പിറ്റേ ദിവസം തന്നെ കായകൾ കടലാസു കൊണ്ട് പൊതിയുന്നതും കാണാം. രാസ വളങ്ങൾ തീരെ ഉപയോഗിച്ചിരുന്നില്ല. മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകിരിച്ചോറ് മണ്ണിര കമ്പോസ്റ്റ്, കരിയിലകൾ എന്നിവയൊക്കെ ചേർത്താണ് കൃഷി ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നത് .വിത്ത് ,മണ്ണ് പാകപ്പെടുത്തൽ, പാവൽ, പടവലങ്ങ ഇവക്കൊക്കെ പന്തൽ ഇടൽ ഇതൊക്കെ ചെയ്തിരുന്നത് അമ്മൂമ്മ തന്നെയായിരുന്നു.
കൃഷി ചെയ്യാൻ വിശാലമായ തോട്ടവും ,പറമ്പും, വയലും ഒന്നും വേണമെന്നില്ല.ഇത്തിരി മണ്ണും, വെള്ളവും, ഒത്തിരി സൂര്യപ്രകാശവും ലഭിക്കുന്ന എവിടേയും കൃഷി ചെയ്യാമെന്ന് അമ്മമ്മയുടെ കൃഷി രീതിയിൽ നിന്ന് മനസ്സിലാക്കാം.അമ്മൂമ്മ ഇന്നില്ലെങ്കിലും കൃഷി എന്ന് കേൾക്കുമ്പോൾ എനിക്ക് ആദ്യം മനസ്സിൽ വരിക അമ്മൂമ്മയുടെ ഈ വാക്കുകളാണ്.കാലാകാലങ്ങളിൽ ലഭിച്ചിരുന്ന പച്ചക്കറികളും, ഇലക്കറികളുമൊക്കെയുണ്ടായിരുന്ന എന്റെ വീട്ടിൽ ഇപ്പോഴും ചെടിച്ചട്ടികളിൽ ആണെങ്കിലും അൽപ സ്വൽപം വീട്ടാവശ്യത്തിനുള്ളത് കിട്ടിക്കൊണ്ടിരിക്കുന്നത് ഒരു പക്ഷെ അമ്മൂമ്മയുടെ പ്രയത്നത്തിന്റെ ഫലമായി ട്ടാണെന്നാണ് ഞാനിന്നും വിശ്വസിക്കുന്നത്.
എന്നാൽ പലരും ഉപഭോക്തൃ സംസ്ക്കാരത്തിന്റെ കുത്തൊഴുക്കിൽ കൃഷി സൗകര്യപൂർവ്വം ഉപേക്ഷിക്കപ്പെടുകയാണിന്ന്. അതിന്റെ ശാപവും പേറി നിൽപ്പാണ് ഗ്രാമത്തിലെ പല വീടുകളും - ഈയടുത്ത കാലത്തായി സംസ്ഥാനത്തിനകത്തും ,പുറത്തും നിന്നു വരുന്ന പച്ചക്കറി കളിലെല്ലാം രാസവള പ്രയോഗം വേണ്ടുവോളം ഉണ്ടന്നുള്ള തിരിച്ചറിവ് നമ്മൾ മലയാളികളെ വീണ്ടും കൃഷിയിടങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നുണ്ട്.
ഇങ്ങനെയുള്ള തിരിച്ചറിവിലൂടെ കൃഷി ഒരു സംസ്ക്കാരമായി കുട്ടികളിൽ വളർത്തിയെടുക്കാൻ ശ്രദ്ധിച്ച ഒരു നാട്ടിൻ പുറത്ത് കാരൻ എന്റെ വീടിനടുത്ത് തന്നെയുണ്ട്. കുട്ടികളെക്കൊണ്ട് തന്നെ വിത്തിറക്കി, പരിപാലിപ്പിച്ച് ,കൊയ്യിച്ച് അരിയുണ്ടാക്കുന്നു.ഇതിനോടൊപ്പം മറ്റ് കാർഷിക വിളകളും ഉത്പാദിപ്പിക്കുന്നു. അതുപോലെ കേരളത്തിലെ ചില സ്കൂളുകൾ ഈയടുത്ത കാലത്ത് കൃഷി ഒരു സംസ്ക്കാരമായി കുട്ടികളിൽ വളർത്തിയെടുക്കാൻ ശ്രദ്ധിക്കുന്നുമുണ്ട്.
ഇതൊക്കെ കാണുമ്പോൾ വരാനിരിക്കുന്ന തലമുറ കൃഷിയെ ഗൗരവമായി എടുക്കും എന്നുള്ള കാര്യം നമുക്കുറപ്പാണ്.നമുക്ക് കിട്ടുന്ന ഇത്തിരി വട്ടത്തിൽ അത് ഫ്ളാറ്റിലായാലും, പൂച്ചെടികൾക്കൊപ്പം തക്കാളി, മുളക് ഇഞ്ചി അങ്ങനെ നമുക്ക് കഴിയുന്ന കൊച്ചു കൊച്ചു വിളകൾ - രാസവളത്തിന്റെ കലർപ്പില്ലാതെ പച്ചപ്പ് തുടിക്കുന്ന പ്രകൃതി തനിമയോടെ പാകം ചെയ്യാൻ കിട്ടുന്ന പച്ചക്കറികൾ, അതിന്റെ രുചി അതിൽ നിന്നു കിട്ടുന്ന സംതൃപ്തി. ഇവയൊക്കെ അനുഭവിച്ചറിയണം. അതെ എന്റെ അമ്മമ്മ പറഞ്ഞിരുന്ന പോലെ ഒരു പിടി മണ്ണ് കൈക്കുമ്പിളിലെടുത്താൽ അതിൽ വിത്തുകളുടെ മുള പൊട്ടാനുള്ള ധ്യാനം നമുക്ക് തൊട്ടറിയാൻ സാധിക്കട്ടെ.;ഒപ്പം നുക്ക് കൃഷിയെ സ്നേഹിക്കാം........ മണ്ണിനേയും........

No comments:

Post a Comment