Tuesday, March 29, 2016

വേനൽ..



പുരുഷനേയും സ്ത്രീയേയും ഭിന്നമായ വിപരീത ഭാവങ്ങളായി കണ്ട് അത്തരം വൈപരീത്യങ്ങളുടെ കൂടിച്ചേരലിനെ ധന, ഋണ , കണങ്ങളൂടെ അനിവാര്യമായ കൂടിച്ചേരൽ പോലെ ജീവിത ദർശനം നടത്തുന്നത് കവികളുടെ ഒരു രീതിയാണ്. ഒന്നിന്റെ പരിഹാരം മറ്റൊന്ന് എന്ന നിലയിൽ ഉള്ള ഒരു തരം പാരസ്പര സഹകരണമാണ് ബന്ധങ്ങളുടെ നിലനിൽപ്പിന്നാധാരവും എന്നതിനാൽ നമുക്കതിനെ തള്ളിക്കളയാനുമാവില്ല.
"ഒരറുതിയില്ലാതെ കത്തിപ്പിടിച്ച വേനലാണു ഞാനെങ്കിലു-
മവളൊരുകുഞ്ഞു പകൽമഴയായെന്നിൽ നനഞ്ഞിറങ്ങി.."
സ്വയം വേനലായും, അവളെ അത് തണുപ്പിക്കുന്ന മഴയായും കാണുവാൻ ഉള്ള ത്വര അത്തരം ചിന്തകളിൽ നിന്നുമുണ്ടാവുന്ന സൗന്ദര്യാവിഷ്കാരമാണെന്നും പറയാം.
"മഴ പങ്കിട്ടൊരു നേർത്ത നൂലിൽ കോർത്ത്‌
രാത്രിയുടെ പനിചൂടിൽ കിതപ്പാറ്റിയൊറ്റയുടലായുറങ്ങി.."
പിന്നീടുള്ള വരികളിലും ഈ വികാരം ജനിപ്പിക്കും വിധമാണു കവിത ചിട്ടപ്പെടുത്തിയിട്ടുള്ളതും. പനിചൂടിൽ കുളിർമയായും അവളുടെ സാമീപ്യം. എന്നാൽ ആ തലത്തിൽ നിന്നും കവിതയെ തികച്ചും വ്യത്യസ്ഥമായൊരു പ്രമേയതലത്തിലേക്ക് കയ്യടക്കത്തോടെ പരിവർത്തനം ചെയ്ത് കടലിനക്കരെയിക്കരെ നിർത്തി പ്രവാസ നോവുകളുടെ തീവ്രതയിലേക്കും വായനയെ കൂട്ടിക്കൊണ്ട് പോകുമ്പോൾ ....
അജി മുണ്ടക്കയത്തിന്റെ "വേനൽ " കവിത മികവേറിയതും മിഴിവേറിയതുമായൊരു രചനയായ് മാറുന്നു.
________________________________________
വേനൽ..
ഒരറുതിയില്ലാതെ കത്തിപ്പിടിച്ച വേനലാണു ഞാനെങ്കിലു-
മവളൊരുകുഞ്ഞു പകൽമഴയായെന്നിൽ നനഞ്ഞിറങ്ങി..
മഴപങ്കിട്ടൊരു നേർത്ത നൂലിൽകോർത്ത്‌
രാത്രിയുടെ പനിചൂടിൽ കിതപ്പാറ്റിയൊറ്റയുടലായുറങ്ങി..
വിയർപ്പൊപ്പി നിലാവ് കൂട്ടിരുന്നു..
കുഞ്ഞുനക്ഷത്രങ്ങളോരംപറ്റി കിനാവുകൾ വീതിച്ചെടുത്തു..
പെയ്യണമിനിയുമതെന്നാണെന്നറിയാതെൻ
കരളു പറിച്ചുനടന്നതീ ഉഷ്ണപ്പുണ്ണിന്നാഴങ്ങളിൽ.!
ഇങ്ങിവിടെ, മണൽപെയ്യുന്ന വരണ്ട ചൂടുകാറ്റിൽ
തിരയുന്നുണ്ട് മഴപ്പെയ്ത്തിന്റെ പുതുമണം..
അങ്ങവിടെ, തോരാത്ത മിഴികളുമായി
വരണ്ടുണങ്ങുന്നുണ്ടൊരു കടലും വേനൽമഴയും..
വേരടർത്താതെ വേവുകയാണിരു വേനൽക്കിനാവുകൾ..

No comments:

Post a Comment