Wednesday, March 23, 2016

"ഒഴിവുദിവസത്തെ കളി"













                                                                                                                          


2015ല്‍ സംസ്ഥാന സർക്കാരിൻറെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയത് ''ഒഴിവുദിവസത്തെ കളി'' ആണ്. പതിനഞ്ചു വർഷം മുൻപ് ഉണ്ണി ആര്‍. എഴുതിയ കഥയാണ് സംവിധായകന്‍ സനൽകുമാര്‍ ശശിധരന്‍ അഭ്രപാളിയിലേക്ക് പകർത്തിയത്. സനൽകുമാറിൻറെ ആദ്യചിത്രം ആവേണ്ടിയിരുന്നത് "ഒഴിവു ദിവസത്തെ കളി" ആയിരുന്നു. (റിലീസ് ചെയ്ത ആദ്യചിത്രമായ 'ഒരാള്‍പൊക്ക'ത്തിനു 2014 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു)

ഇന്നും നിലനിക്കുന്ന ജാതിവ്യവസ്ഥയെ കൃത്യമായ ചലച്ചിത്ര വ്യാകരണത്തിലൂടെ ശക്തമായി വിമര്ശിച്ച സൃഷ്ടിയാണ് ഒഴിവുദിവസത്തെ കളി. കഥയുടെ അതേ സൗന്ദര്യവും ലാവണ്യവും ഒട്ടും ചോരാതെ തന്നെ സിനിമയിലൂടെ അതിമനോഹരമായി വരച്ചു കാട്ടുകയാണ് സംവിധായകന്‍ സനൽകുമാര്‍ ശശിധരന്‍. സംവിധായകന്റെ വാക്കുകളില്‍ "ഓർഗാനിക് ആയി സംഭവിക്കുന്നതാണ് എന്റെ സിനിമ. അത് നല്കുനന്ന തൃപ്തിയാണ് എന്റെ ആഹാരം" എന്ന് പറയുമ്പോള്‍ തന്നെ ഈ മാധ്യമത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപാട് വ്യക്തമാണല്ലോ.

സനൽകുമാര്‍ ഉണ്ണിയോട് ഈ കഥ സിനിമയാക്കാന്‍ ചോദിച്ചപ്പോൾ ഉണ്ണി ഒരേ ഒരു കാര്യമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. 'കഥയില്‍ ഒരു ദളിത്‌ ഇഷ്യൂ ഡിസ്കസ് ചെയ്യപ്പെടുന്നുണ്ട്. അത് തീരെ ലൌഡ് അല്ല. അത് വിട്ടുപോകരുത്.' കഥയുടെ ഒരു പ്രധാന കാര്യം അതുകൂടിയാണ് എന്ന്‍. അക്കാര്യം മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് സനല്‍ ഫിലിം ചെയ്തത്. ചരിത്രം സവർണ്ണനിർമ്മിതിയായ ഒരു സത്യം ആണെന്ന് പണ്ടേ നമുക്ക് അറിയാമെങ്കിലും അത് അംഗീകരിക്കാനും അതിന്റെ കൊടുംക്രൂരതകള്‍ പരസ്യമായിപ്പറയാനും നാമിപ്പോഴും ഭയപെടുന്നു. ആ ഭയം പരമ്പരാഗതമായി കൈമാറി വരുന്നും ഉണ്ട്. വരേണ്യ വർഗ്ഗം ഭരണകർത്താക്കളും ന്യായധിപരും ആവുമ്പോൾ കളികളിൽ ഇപ്പോഴും കള്ളൻ ദളിതന്‍ തന്നെ. പിടിക്കപ്പെട്ടാലും ഇല്ലെങ്കിലും ശിക്ഷ അവനു തന്നെ. അവരുടെ ജോലികള്‍ ചെയ്യാന്‍ ഒരു അടിമയെ പോലെ അവൻ വേണമായിരുന്നു. അവന്റെ രാഷ്ട്രീയം പോലും അവർക്ക് വർഗ്ഗീയത ആവുമ്പോൾ, അരാഷ്ട്രീയ വാദം പോലും അവരെ സംരക്ഷിക്കും എന്ന് അവർക്ക് ഉറപ്പുണ്ട്. ജാതീയമായ അടിച്ചമർത്തലിന്റെ കഥകള്‍ നിത്യേനയെന്നോണം കൂടുതലായി പുറത്തേക്കുവരുന്ന ഒരു കാലഘട്ടത്തിലാണ് ഒഴിവുദിവസത്തെ കളി അംഗീകരിക്കപ്പെടുന്നത്. നമ്മുടെ ജനാധിപത്യം കേവലം ജാതിയില്‍ പടുത്തുവെച്ചതാണെന്നും നിയമവും അധികാരശ്രേണിയും ഇന്നും അതിൽനിന്നും മുക്തമല്ലെന്നും എല്ലായ്‌പ്പോഴും അവിടെ ഇരയാക്കപ്പെടുന്നത് ജാതിശ്രേണിയില്‍ താഴെക്കിടയില്‍ ഉള്ളവനാണെന്നും സിനിമ പറയുന്നു.

“ഏറ്റവും ദുഷ്‌കരമായ കാലത്താവും ഏറ്റവും കഴമ്പുള്ള സൃഷ്ടികള്‍ വരിക” എന്ന വാക്കുകള്‍ അർത്‌ഥവത്താക്കുന്നു “ഒഴിവുദിവസത്തെ കളി”. ഒരു പുസ്തകസിദ്ധാന്തത്തിന്റെയുംവിധിപ്രസ്താവത്തിന്റെയും അകമ്പടിയില്ലാതെ ഒരൊഴിവു ദിവസത്തെ സംഭവങ്ങളിലൂടെ ഇതു ദൃശ്യവൽക്കരിക്കുന്നതിലെ കല ഒന്നു കാണേണ്ടതുതന്നെയാണ്. കട്ടില്ലാത്ത സ്റ്റെഡിക്യാം സൗന്ദര്യവും വനഹൃദയത്തിലെ ബിംബസമൃദ്ധിയും ഭാഷണത്തിലെ നാട്ടുചന്തവും ശബ്ദലേഖനത്തിലെ സൂക്ഷ്മതയും ചില ഉദാഹരണങ്ങൾ മാത്രം. വർത്തമാന സാമൂഹ്യ– രാഷ്ട്രീയ ജീവിതത്തിന്റെ കാപട്യങ്ങള്‍ സത്യസന്ധമായി ചിത്രീകരിച്ച ഈ സിനിമ ജാതീയതയും സ്ത്രീവിരുദ്ധതയും തുറന്ന് കാട്ടി മലയാളി മനസ്സുകളെ തട്ടിയുണർത്തി എന്നത് തന്നെയാണ് മികച്ച ചിത്രമായി ഒളിവുകാലത്തെ കളിയെ തെരഞ്ഞെടുക്കാന്‍ കാരണമായതും.

കോടികള്‍ മുടക്കി കണ്ണഞ്ചിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍ നിർമ്മി ക്കപ്പെടുമ്പോള്‍ ചുരുങ്ങിയ ചിലവില്‍ 10ദിവസം കൊണ്ട് നിലവാരമുള്ള സിനിമയൊരുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായകന്‍ സനൽകുമാര്‍ ശശിധരന്‍. ഒഴിവുദിവസത്തെ കളി ചിത്രീകരിച്ചത് വെറും 10 ദിവസം കൊണ്ടാണ്. അവാര്‍ഡ് സിനിമയെന്ന ലേബലിലേക്ക് ഒതുങ്ങുന്ന ചിത്രമല്ല ഒഴിവുദിവസത്തെ കളി. പച്ചയായ ജീവിത സന്ദർഭങ്ങളെ രസകരമായിത്തന്നെ സംവിധായകന്‍ ആദ്യാവസാനം പറയുന്നുണ്ട്. അവസാന ഘട്ടത്തിലുള്ള അരമണിക്കൂറില്‍ കൂടുതല്‍ നീളുന്ന സിംഗിള്‍ ഷോട്ട് തുടങ്ങി ചർച്ച ചെയ്യപ്പെടേണ്ട നിരവധി കാര്യങ്ങള്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ അഭിനേതാക്കളില്‍ കൂടുതലും നാടക നടന്മാരാണെന്നതും ശ്രദ്ധേയമാണ്. സിനിമയിലെ ഏക സ്ത്രീ കഥാപാത്രം അഭിജ മാത്രമാണ്.

അഞ്ച് സുഹൃത്തുക്കൾ ഒരു ഇലക്ഷന്‍ ദിവസം കിട്ടിയ അവധി ദിനത്തിൽ ഒരു സൗഹൃദ പാർട്ടിക്കായി ഒത്ത് ചേരുന്നു. മദ്യപിക്കാൻ തുടങ്ങുന്നതോടെ ഇവരുടെ ഓരോരുത്തരുടെയും ശരിയായ വ്യക്തിത്വം പതുക്കെ പതുക്കെ പുറത്ത് വരുന്നു. അങ്ങനെ രസകരമായി തുടങ്ങിയ പാർട്ടിയും കളികളും പതുക്കെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. ഭരണസംവിധാനവും അതിന്റെ മർദ്ദനോപാധികളും എങ്ങനെ ദളിതനും സ്ത്രീക്കും പരിസ്ഥിതിക്കും മേലെ കടന്നുകയറുന്നു എന്നതിന്റെ സൂക്ഷ്മാവിഷ്കാരം കൂടിയാണ് ഈ ചിത്രം.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം നഗരത്തിലെ സുഹൃത്തുക്കളായ ഒരുകൂട്ടം ചെറുപ്പക്കാര്‍ തിരക്കുകള്‍ മറന്ന് ഉല്ലസിക്കാനായി വനത്തിലേക്ക് യാത്ര പോകുന്നതും അവിടെയുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കടന്നുവരുന്നത്. മദ്യപാനം തുടങ്ങുന്നതോടെ ഓരോരുത്തരും അവരുടെ ശരിയായ സ്വത്വം കാണിക്കുന്നു. ബുദ്ധിജീവി ചമയുന്ന കഥാപാത്രത്തിന്റെയടക്കം ഉള്ളിലിരിപ്പ് എത്ര സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമാണെന്ന് നാം മനസ്സിലാക്കുന്നു. മദ്യപിച്ച സംഘം നേരമ്പോക്കിനായി കള്ളനും പൊലീസും കളിക്കുന്നതും കൂട്ടത്തില്‍ കള്ളനാകുന്ന ദാസന്‍ എന്ന ദളിത് യുവാവിനെ തൂക്കിലേറ്റി ശിക്ഷ നടപ്പാക്കുന്നതുമാണ് ചിത്രം. വര്‍ത്തമാനാകാല സാമൂഹ്യ– രാഷ്ട്രീയ പശ്ചാത്തലത്തിന്റെ സത്യസന്ധമായ നേർക്കാഴ്ചയാണ് ചിത്രമെന്ന് ജൂറി വിലയിരുത്തി. ജാതീയതയും സ്ത്രീവിരുദ്ധതയും മനസിന്റെ അടിത്തട്ടില്‍ അടിഞ്ഞു കിടക്കുന്ന മലയാളിയുടെ ജീവിതങ്ങളിലേക്കുള്ള അഗാധമായ കാഴ്ചകളാണ് ഈ ചിത്രമെന്നും ജൂറി വിലയിരുത്തി.

കോടികള്‍ മുടക്കി കണ്ണഞ്ചിപ്പിക്കുന്ന ഫ്രേമുകളുമായി ചലച്ചിത്രങ്ങള്‍ നിർമ്മിക്കപ്പെടുമ്പോള്‍ ചുരുങ്ങിയ ചിലവില്‍ 10 ദിവസം കൊണ്ട് നിലവാരമുള്ള സിനിമയൊരുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായകന്‍ സനൽകുകമാര്‍ ശശിധരന്‍. മലയാളിക്ക് അഭിമാനിക്കുവാന്‍ ഇനിയും കൂടുതല്‍ സൃഷ്ടികള്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം.
-------------------------------------------------------------------------------

അടികുറിപ്പ്: മലയാളം ടൈപ്പ് ചെയുമ്പോള്‍ പലവാക്കുകളും ര്‍, ല്‍, ള് എന്നൊക്കെയായാണ് കാണുന്നത്. എന്റെ ഈ പരിമിതി കൂട്ടുകാര്‍ സദയം ക്ഷമിക്കുമല്ലോ.

No comments:

Post a Comment