Friday, March 25, 2016

ഉദയനാണ് താരം



മലയാളസിനിമയിലെ എക്കാലത്തേയും ഹിറ്റുചിത്രങ്ങളിലൊന്നായ ''ഉദയനാണ് താരം'' എന്ന ചിത്രത്തിലൂടെയാണ് മലയാളികള് ആദ്യമായി രാമോജി ഫിലിം സിറ്റി എന്ന പ്രതിഭാസത്തെ പരിചയപ്പെടുന്നത്. എന്നാല് അതിനു മുന്പും ചില മലയാള സിനിമകള് ഭാഗികമായിട്ടെങ്കിലും ഇവിടെ ചിത്രീകരിച്ചിരുന്നു. അവയില് എടുത്തുപറയേണ്ട ഒന്ന്, കാക്കകുയില് എന്ന ചിത്രത്തിലെ ഗോവിന്ദ ഗോവിന്ദ എന്ന ഗാനരംഗമാണ്. മോഹന്ലാലും കൂട്ടരും ആടിത്തിമിര്ത്ത ബോംബെ ചേരി ഇന്നും ഇവിടെയുണ്ട്.
ബോംബെയിലെ ചേരി മാത്രമല്ല, ഫ്ലാറ്റു സമുച്ചയങ്ങളും ഷോപ്പിംഗ് കോംപ്ലക്സുകളുമടങ്ങിയ ടൗണ്ഷിപ്പുകള്, വിമാനത്താവളം, റെയില്വേസ്റ്റേഷന്, ക്ഷേത്രം പള്ളി, മസ്ജിദ് എന്നുവേണ്ട ജയ്പ്പൂര് കൊട്ടാരത്തിന്റെയും ടാജ്മഹലിന്റെയും പ്രതിരൂപങ്ങള് വരെ ഇതിനകത്തുണ്ട്. ഗാനരംഗങ്ങളില്, നായികാനായകന്മാരുടെ വസ്ത്രങ്ങള്ക്കനുസരിച്ച് പൂന്തോട്ടത്തിലെ പുഷ്പങ്ങളുടെ നിറം മാറുന്നതു കണ്ട് അദ്ഭുതപെട്ടിട്ടില്ലെ? അതും രാമോജി ഫിലിം സിറ്റിയുടെ പ്രത്യേകതയാണ്. പതിനായിരം ചതുരശ്രയടിയിലധികം വരുന്ന കൃത്രിമ പൂന്തോട്ടം. നിങ്ങളുടെ നിറങ്ങള്ക്കനുസരിച്ച് അവിടത്തെ പുഷ്പങ്ങളുടെ നിറം ക്രമീകരിച്ച് ഫോട്ടോ എടുക്കുവാനാകും.
1962 മുതല്, സിനിമാ-മാധ്യമ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന രാമോജി റാവു എന്ന വ്യക്തിയുടെ സ്വപ്നസാക്ഷാത്ക്കാരമായിരുന്നു, 1995 ല് പ്രവര്ത്തനം ആരംഭിച്ച, രാമോജി ഫിലിം സിറ്റി എന്ന അദ്ഭുത നഗരം. ഒരു സിനിമ നിര്മ്മിക്കുവാനാവശ്യമായ എല്ലാ സൗകര്യങ്ങളും 2500 ഏക്കറില് വ്യാപിച്ചുകിടക്കുന്ന ഈ സിനിമാ നഗരത്തിലുണ്ട്. വിവിധ തരത്തിലുള്ള ലൊക്കേഷനുകള്, എഡിറ്റിംഗ്, മിക്സിംഗ് സ്റ്റുഡിയോകള് എന്നുവേണ്ട, എക്സ്ട്രാ നടീനടന്മാരെ നല്കുന്നതുള്പ്പടെയുള്ള എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ചുരുക്കം പറഞ്ഞാല് കൈ നിറയെ കാശും ഒരു തിരക്കഥയുമായി ഇവിടെയെത്തിയാല് സിനിമയുമായി തിരികെ പോകാം.
കേരളീയ വാസ്തുകലയില് നിര്മ്മിച്ച ഒരു നാലുകെട്ടും ഇതിനകത്തുണ്ട്. പ്രേമ്നസീര് ഹൗസ് എന്നാണ് അതിന് പേര് നല്കിയിരിക്കുന്നത്. ഒരു ഫൈവ് സ്റ്റാര് ഹോട്ടലും രണ്ട് ത്രീ സ്റ്റാര് ഹോട്ടലും ഉള്പ്പടെ താമസ സൗകര്യവും ഇവിടെയുണ്ട്.
സിനിമാ നിര്മ്മാണത്തിനു മാത്രമല്ല ആളുകള് ഇവിടെ എത്തുന്നത്. ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളില് ഒന്നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ നഗരമായ രാമോജി ഫിലിം സിറ്റി. സ്കൂള്-കോളേജ് ടൂര് പാക്കേജുകള്, ഫാമിലി പാക്കേജ്, ഹണിമൂണ് പാക്കേജ് തുടങ്ങി നിരവധി പാക്കേജുകള് രാമോജി ഫിലിം സിറ്റി ഒരുക്കിയിട്ടുണ്ട്.
ചൈനാടൗണ്, 1993 മാര്ച്ച് 13, തുടങ്ങി ഒരുപാട് ഹിറ്റ് സിനിമകള് ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. നിരവധി ഇന്ത്യന് സിനിമകള്ക്കൊപ്പം പല വിദേശ സിനിമകളുടെ യും ചിത്രീകരണം ദിവസേന ഇവിടെ നടക്കാറുണ്ട്. രാജസ്ഥാന് ഗ്രാമത്തിന്റെ മാതൃകയില് നിര്മ്മിച്ച റെസ്റ്റോറണ്ടടക്കം നിരവധി ആകര്ഷണങ്ങള് ഇവിടെയുണ്ട്, കുട്ടികള്ക്ക് ഇഷ്ടപ്പെടുന്ന നിരവധി ഗെയിമുകളും.
ഹൈദരാബാദ് സിറ്റിയില് നിന്നും നിരവധി ടൂറിസ്റ്റ് ഏജന്സികള്, രാമോജി ഫിലിം സിറ്റി ടൂര് നടത്തുന്നുണ്ട്. ആയിരം രൂപവരെയാണ് ഓരാള്ക്ക് ചാര്ജ്ജ് ചെയ്യുന്നത്.

No comments:

Post a Comment