Tuesday, March 29, 2016

മധുരം മലയാളം.



ഭാഷ എന്നാല്‍ എന്ത് ?
.......................................
പ്രകൃതിയില്‍ ഏറ്റവുംശ്രേഷ്ഠതയുളള ജീവി മനുഷ്യനാണ്. അവന് സഹജീവികളുമായി ആശയവിനിമയം ചെയ്യുന്നതിന് കണ്ടെത്തിയ ഉപാധിയാണ് ഭാഷ. ദൈവദാനമായി ലഭിച്ച സംഭാഷണശക്തി നാവിന്റെ സഹായത്തോടെ മനുഷ്യന്‍ നിര്‍വ്വഹിക്കുന്നു. മറ്റു ജീവജാലങ്ങളൊക്കെ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളാണ് അവയുടെ ആശയവിനിമയം. പക്ഷിഗണങ്ങള്‍ക്കും മൃഗാദികള്‍ക്കും പലവിധത്തിലുളള ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനുളള കഴിവാണ് പ്രകൃതി ഒരുക്കിക്കൊടുത്തിരിക്കുന്നത്. ആദിമകാലത്തില്‍നിന്നും എല്ലാ ഭാഷകള്‍ക്കും വളര്‍ച്ച കൈവന്നിട്ടുണ്ട്.
വായ്മൊഴിയും വരമൊഴിയും
.............................................
വായ്മൊഴി, വരമൊഴി എന്ന രണ്ടുഘടകങ്ങള്‍ ഏതൊരു ഭാഷയ്ക്കും ഉണ്ട്.സംസാരിക്കുന്നത് വായ്മൊഴിയും എഴുതി അറിയിക്കുന്നതിനെ വരമൊഴിയെന്നും പറയുന്നു. ഒരുഭാഷയില്‍ ആദ്യം രൂപംകൊളളുന്നത് വായ്മൊഴിയാണ്. ഇതുകൂടാതെ ആംഗികഭാഷ എന്ന മൂനാമതൊരിനവുമുണ്ട്. ആംഗ്യങ്ങള്‍ അഥവാ ചേഷ്ടകള്‍ കൊണ്ട് ആശയം കൈമാറ്റംനടത്തുന്ന രീതിയാണിത്. ശബ്ദങ്ങളെ എഴുതികാണിക്കുന്ന വരകള്‍ അഥവാ ചിത്രങ്ങളെ ലിപി എന്നുപറയുന്നു.
വ്യത്യസ്ത ഭാഷകള്‍
..................................
ഓരോ ഭാഷയ്ക്കും ഓരോ ശബ്ദങ്ങളും അര്‍ത്ഥങ്ങളുമാണ്. ഓരോന്നിനും ഓരോ തരത്തിലുളള ലിപികളുമുണ്ട്. കാലാന്തരത്തില്‍ ലിപികള്‍ പ്രായോഗികമാക്കപ്പെടുകയും ക്രമപ്പെടുകയും ചെയ്തു.
മലയാളം
................
മലയാളത്തിൽ സാധാരണ ഉപയോഗിക്കുന്ന പല വാക്കുകളും മലയാളത്തിന്റെ തനതു പദങ്ങളല്ല. വിവിധ ഭാഷകളില്‍നിന്നും കടം കൊണ്ടവയാണ് പലതും. നല്ലൊരു പങ്കും സംസ്കൃതത്തില്‍നിന്നുകിട്ടിയവയാണ്. നൂറുകണക്കിന് പദങ്ങള്‍. തമിഴില്‍നിന്നും മറാഠിയില്‍നിന്നും മറ്റു വിദേശ ഭാഷകളില്‍ നിന്നുമൊക്കെ അനവധി പദങ്ങള്‍ നമ്മുടെ ഭാഷയില്‍ കലര്‍ന്നിട്ടുണ്ട്. ക്രിസ്തുമതം പ്രചരിച്ചതോടെ സുറിയാനി പദങ്ങളും പോര്‍ച്ചുഗീസുകാരുടെ വരവോടെ ലാറ്റിന്‍ വാക്കുകളും മലയാളത്തില്‍ കടന്നുകൂടി .
കച്ചവട ആവശ്യവുമായി ബന്ധപ്പെട്ട് അറബികള്‍ കേരളത്തില്‍ വന്നതോടെ ഒട്ടനവധി പദങ്ങള്‍ അറബികള്‍ സംഭാവന ചെയ്തു. അതുപോലെ ഹിന്ദി, പേര്‍ഷ്യന്‍, പോര്‍ച്ചുഗീസു പദങ്ങള്‍ ഭാഷയില്‍ വ്യാപകമായുണ്ട്. മലയാളം ദ്രാവിഡ ഭാഷയായി തിരിയുന്നത് കൊല്ലവര്‍ഷാരംഭത്തോടു കൂടിയാകുന്നു. അതിനുമുമ്പ് കേരളീയ കവികള്‍പോലും തമിഴില്‍ കാവ്യനിര്‍മ്മാണം നടത്തിയിരുന്നതായി പതിറ്റിപ്പത്ത് മുതലായ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാലറിയാം.
വരമൊഴിയെ ക്ലിപ്തപ്പെടുത്താനും ഭാഷയുടെ ചട്ടക്കൂടിനുള്ളിൽ ഒതുക്കിനിർത്തി കൃത്യമായ ആശയവിനിമയം സാധ്യമാക്കാനുമായാണ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നത്. ഇവ വളരെ പ്രധാനപ്പെട്ട ഉപകരണങ്ങളാണ് . അനവസരത്തിലോ , തെറ്റായ സ്ഥലത്തോ ഉള്ള ഉപയോഗം മൊഴിയുടെ ആശയത്തെത്തന്നെ തകിടം മറിക്കാം. ഒരു മൂളലിന്റെ സംഗീതം മാറിയാൽ ആശയം മാറുന്നതു പോലെ.
ഇന്ന് ഇതു പലർക്കും കൃത്യമായി ഉപയോഗിക്കാൻ അറിയില്ല എന്നതാണ് വാസ്തവം. വായ്‌ മൊഴിയെത്തന്നെ വരമൊഴിയായി പകർത്തി എഴുതുന്ന രീതി അവലംബിച്ചു കാണുന്നു . അങ്ങിനെയെങ്കിൽ അച്ചടിഭാഷ എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല.
കൃത്യമായ അച്ചടിഭാഷയിൽ എപ്പോഴും വ്യാപരിക്കുക സാധ്യമല്ല. ദേശകാലങ്ങൾക്കനുസൃതമായി ഭാഷയുടെ ഈണവും, പദങ്ങളുടെ അർത്ഥവും മാറിക്കൊണ്ടിരിക്കും.
എഴുത്തുഭാഷയിലെങ്കിലും ആവുന്ന കൃത്യത പാലിക്കാൻ നമുക്കാവണം.
പ്രധാനപ്പെട്ട ചിഹ്നങ്ങളും അവയുടെ പ്രയോഗരീതികളും ഇതാ
1)ബിന്ദു (പൂര്‍ണ്ണവിരാമം) [.] full stop .
ആശയത്തിനു പൂര്‍ണ്ണത വന്നു, വാക്യം അവസാനിച്ചു എന്നാണ്‌ ബിന്ദു കാണിക്കുന്നത്‌.
ഉദാ :
സൂര്യന്‍ കിഴക്കുദിച്ചു.
ഇവിടെ വാക്യം പൂര്‍ണ്ണമായി. ആശയം വ്യക്തമായി.
പദങ്ങള്‍ മുഴുവനും എഴുതുന്നതിന് പകരം എളുപ്പത്തിനും സൗകര്യത്തിനും വേണ്ടി അവയുടെ ആദ്യാക്ഷരങ്ങള്‍ മാത്രം എഴുതാറുണ്ടല്ലോ . ഇവക്കിടയില്‍ ബിന്ദുവാണ് ചേര്‍ക്കാറുളളത്.
ഉദാ: സ്വ .ലേ ( സ്വന്തം ലേഖകന്‍ )
വി.സി ( വൈസ് ചാന്‍സലര് ) ‍
2) രോധിനി(അര്‍ദ്ധവിരാമം) [;]
Semi colon
ഒരു വാചകത്തില്‍ വരുന്ന രണ്ടു ഭാഗങ്ങളെ വേര്‍തിരിക്കാന്‍ അര്‍ദ്ധവിരാമം ഉപയോഗിക്കുന്നു.
ഉദാ:
ആ വീട്ടില്‍ അന്ന് ആരും ആഹാരം കഴിച്ചില്ല; അവരുടെ ആഹാരം ആരോ മോഷ്‌ടിച്ചിരുന്നു.
3) അങ്കുശം(അല്‍പ്പവിരാമം)[,]
Comma
അല്‍പ്പമാത്ര നിര്‍ത്തേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ അല്‍പ്പവിരാമം ഉപയോഗിക്കുന്നു. ഒരേ സ്വഭാവം വരുന്ന വാക്കുകള്‍ക്കിടയിലും സംബോധനക്ക് ശേഷവും ഈ ചിഹ്നം ചേര്‍ക്കുന്നു.
ഉദാ:
1.രണ്ടിടങ്ങഴി, ഓടയില്‍നിന്ന്, രണ്ടാമൂഴം,ആടുജീവിതം എന്നിവ മലയാളത്തിലെ പ്രസിദ്ധ നോവലുകളാണ്‌.
2. കവനലീലയിലെന്നുറ്റതോഴരാം
കനകതൂലികേ, കാനനപ്രാന്തമേ,
3. ബസ്‌ വരാന്‍ സമയമായി ' വേഗം പുറപ്പെട്ടോളൂ.
4)ഭിത്തിക [:] Colon
തുല്യ പ്രധാനങ്ങളായ രണ്ട് ആശയങ്ങളുടെ മധ്യത്തില്‍ ഉപയോഗിക്കുന്നു. വാക്യത്തിലെ രണ്ടാം ഭാഗം ആദ്യഭാഗത്തിന്‍റെ വിശദീകരണമായ്‌ വരുമ്പോഴും ഒരു വ്യക്‌തിയുടെ സംഭാഷണത്തിന്‌ മുന്‍പും ഉപയോഗിക്കുന്നു.
ഉദാ;
1. നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം രണ്ടാണ്‌: അജ്ഞതയും അഹങ്കാരവും.
2. നിന്നിലെ മധുരം ഞാന്‍ നുകര്‍ന്നു:
പകരമെന്‍ നെഞ്ചിലെയാര്‍പ്പും പാട്ടും.
3. അഭിമാനത്തോടെ അപ്പന്‍ പറഞ്ഞു: ഇവന്‍ എന്‍റെ പ്രിയ പുത്രന്‍.
5) കാകു (ചോദ്യചിഹ്‌നം) [?]
Interrogation
ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളുടെ അവസാനം ചേര്‍ക്കേണ്ട ചിഹ്‌നം.
ഉദാ:
1. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?
2. എനിക്ക് എവിടെയാണ്‌ തെറ്റുപറ്റിയത്‌?
6) വിക്ഷേപണി(ആശ്ചര്യ ചിഹ്നം,സ്‌തോഭ ചിഹ്നം) [!]
Exclamation mark
ആശ്ചര്യം സ്‌തോഭം എന്നിവ ജനിപ്പിക്കുന്നു.
ഉദ:
1.എന്തു തേജസ്‌!എന്തു സൌന്ദര്യം!
2.ഹായ്‌! ഈ ഉദ്യാനം എത്ര മനോഹരം!
3. കഷ്‌ടം!
7) ഉദ്ധരണി (“ ”) Quotation Mark
സംഭാഷണത്തില്‍ മറ്റുള്ളവരുടെ വാക്യങ്ങളോ വാക്കുകളോ ചേര്‍ക്കുമ്പോള്‍ ഉപയോഗിക്കുന്ന ചിഹ്നമാണ്‌ ഉദ്ധരണി.
ഉദാ:
കുഞ്ചന്‍ നമ്പ്യാരുടെ 'സ്യമന്തകം' ഓട്ടന്‍തുള്ളലില്‍ നിന്നും എടുത്ത വരികളാണ്
‌ “ചിരുതപ്പെണ്ണേ!കരുതിക്കോനീ
ചരതം നിന്നുടെ കോപ്പുകളെല്ലാം”
ഉദ്ധാരണത്തിന്‍റെ ഉള്ളില്‍ വരുന്ന ഉദ്ധരണികള്‍ക്ക് ഏക ഉദ്ധരണി [‘ ’] Single quotation mark നല്‍കുന്നു.
ഉദാ:
വിവേകാനന്ദസ്വാമികള്‍ പറയുന്നു “തര്‍ജ്ജമ ചെയ്യാന്‍ വൈഷമ്യമുള്ള ചില പദങ്ങളുണ്ട്‌ ‘ആനന്ദം’ എന്നതിന്‍റെ അര്‍ത്ഥം ദ്യോതിപ്പിക്കുന്ന യാതൊരു ശബ്‌ദവും ഇംഗ്ളീഷിലില്ല.”
8 ) വലയം (കോഷ്‌ഠം) [ ( ) ] Bracket
ഒരു വാക്യത്തിനുള്ളില്‍ വരുന്ന മറ്റൊരു വാക്യം വലയത്തിലിട്ടു കാണിക്കുന്നു. അല്ലെങ്കില്‍ എന്നു സൂചിപ്പിക്കുന്നതിനും വലയം (Bracket) ആവശ്യമാണ്‌.
ഉദാ:
1. സാര്‍വ്വജനീനത(Universality) എന്നത്‌ ഉത്കൃഷ്ട്ട കലാരൂപങ്ങളുടെ ഒരു പ്രധാന ഗുണമാണ്‌.
2.ആവശ്യമില്ലാതെ സംസാരിക്കാതിരിക്കുക എന്നതാണ്‌ ബുദ്ധിമാന്‍മാരുടെ ലക്ഷണം(മൗനം വിദ്വാന്‌ ഭൂഷണം) എന്നു പറയാറുണ്ട്.
9) രേഖ [–] Dash
ചുരുക്കിപ്പറഞ്ഞ് വിശദീകരിക്കുമ്പോഴും ചിന്തയില്‍ മാറ്റം ഉണ്ടാകുമ്പോഴും ഭിന്നകര്‍ത്തൃകങ്ങള്‍ ഒന്നിക്കുമ്പോഴും രേഖ ഉപയോഗിക്കുന്നു.
ഉദാ:
വിപത്തില്‍ ധൈര്യം, ഐശ്വരത്തില്‍ ക്ഷമ, സദസ്സില്‍ വാക്‌സാമര്‍ത്‌ഥ്യം, യുദ്ധത്തില്‍ പരാക്രമം, യശസ്സില്‍ താല്‍പ്പര്യം, ശ്രതിയില്‍(വിശുദ്‌ധഗ്രന്‌ഥത്തില്‍)ശ്രദ്‌ധ – ഇവയെല്ലാം മഹാന്‍മാരുടെ സദ്‌ഗുണങ്ങളാണ്‌.
a) ഒരേ അര്‍ത്‌ഥത്തില്‍ രണ്ട് കാര്യങ്ങള്‍ അടുത്തടുത്ത് വരുമ്പോള്‍ രേഖ വാക്കുകളോട് അടുപ്പിച്ചു തന്നെ കൊടുക്കണം.
ധാര്‍മ്മിക–അദ്ധ്യാത്‌മിക സന്ദേശം
1974–1984
10) ശൃംഖല [-] Hyphen
എഴുതുമ്പോള്‍ ഒരു വരിയുടെ അവസാനത്തില്‍ മുറിഞ്ഞ വാക്യത്തോട് അടുത്ത വരിയെ ബന്‌ധിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്നു.
ഉദ:
1. വിട തരൂ, മതിപോകട്ടെ ഞാനുമെന്‍-
നടനവിദ്യയും മൂകസംഗീതവും!
2. അദ്ഭുതം ഫയലുകള്‍ ജാഥയായ്‌
നീങ്ങി സര്‍ക്കാ-
രാപ്പീസില്‍ നിന്നും തലസ്‌ഥാനത്തു;സത്യം!സത്യം!
3. യുദ്ധമൊന്നു വന്നാല്‍ അതിന്‍റെ പരി-
ണാമം, രണ്ടാലൊരു കക്ഷിയുടെ ജയവും
മറുകക്ഷിയുടെ പരാജയവുമാണല്ലോ.
11) വിശ്‌ളേഷം (മുകളില്‍ ഒരു കോമ മാത്രം) ['] Apostrophe
സംഭാഷണത്തില്‍ ചില വാക്കുകളുടെ ചില അക്ഷരങ്ങള്‍ ലോപിച്ചു പറയാറുണ്ട്. ഇങ്ങനെ വിട്ടു കളയുന്ന അക്ഷരങ്ങളുടെ സ്‌ഥാനത്ത് മുകളിലായ്‌ ഈ അടയാളം കൊടുക്കുന്നു.
ഉദാ:
1.എങ്ങു നീ, നിന്നാ'ദിമമന്ദമി-
തെന്നുള്‍കരുന്നുമുരുള്‍ക്കഴിച്ചു.
2. ദേവനിങ്ങെഴുന്നള്ളി നി'ക്കുന്നു
രണ്ടോ മൂന്നോ സേവകന്‍മാരോടൊപ്പം.
അറിവിന്‍ പാതയില്‍ ഹൃദയത്തില്‍ അക്ഷരതിരിനാളങ്ങള്‍ കൊളുത്തിയ എല്ലാ ഗുരുനാഥന്മാര്‍ക്കും നന്ദി 

No comments:

Post a Comment