Thursday, March 24, 2016

ചിദംബര സ്മരണ



ചില പുസ്തകങ്ങള്‍ അങ്ങനെ ആണ് .വായിച്ചു കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞാലും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.ഹൃദയത്തോട് ചേര്‍ത്തു മുറുകെപിടിക്കും
ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ തോന്നുന്ന ഒരു പുസ്തകം.
പിന്നെയും ഒരിക്കല്‍ കൂടി വായിക്കണം എന്ന് തോന്നുന്ന ഒന്ന്.
ഹൃദയത്തോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു പുസ്തകം.
അതായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ " ചിദംബര സ്മരണ"
അദ്ദേഹത്തിന്‍റെ കവിതകള്‍ പോലെ തന്നെ മനോഹരം ആയ ആത്മകഥ.
ചിലപ്പോള്‍ പൊട്ടിച്ചിരിച്ചു പോകുന്നവ....
ചിലപ്പോള്‍ പൊട്ടിക്കരഞ്ഞു പോകുന്നവ...
ചില കുമ്പസാരങ്ങള്‍...ചിലപ്പോള്‍ വികാരം കൊണ്ട് ത്രസിപ്പിക്കുന്നവ..
ചിലപ്പോള്‍ വിപ്ലവത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നവ..
ചിലപ്പോള്‍ നെഞ്ചില്‍ തറക്കുന്ന വിശപ്പിന്റെ ദയനീയത ..
ചില തുറന്നു പറച്ചിലുകള്‍..
"ചില ജീവിത രംഗങ്ങള്‍ മങ്ങിപ്പോകാതെ മനസ്സില്‍ അവശേഷിക്കുന്നു. അവയ്ക്ക് വാഗ്‌രൂപം നല്‍കണമെന്നു തോന്നി. അതിന്റെ ഫലമാണ് ഈ കുറിപ്പുകള്‍. ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെയ്ക്കുന്നു." പുസ്തകത്തിന്റെ തുടക്കത്തിൽ ചുള്ളിക്കാട് തന്നെ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു . അതെ എന്റെ ജീവിതത്തിലെ ആ മഹാത്ഭുതങ്ങളിൽ ഒന്നാണു "ചിദംബര സ്മരണ"
പിറക്കാൻ ഇരിക്കുന്ന മകനെ സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ ഗർഭശ്ചിദ്രം ചെയ്ത കഥ പറയുന്ന ഭാഗം നോക്കുക ഒന്നാം അധ്യായത്തില്‍ .
"അച്ഛാ, എന്റെ പൊന്നച്ഛാ, എന്നെ കൊല്ലല്ലേ അച്ഛാ. സപ്താശ്വരഥത്തില്‍ എഴുന്നള്ളുന്ന ജപാകുസുമസങ്കാശനും സര്‍വ്വപാപഘ്നനും ആയ സൂര്യദേവന്റെ മഹാദ്യുതി ഞാനും ഒരിക്കല്‍ കണ്ടു കൊള്ളട്ടെ അച്ഛാ. സമുദ്രവസനയും രത്നഗര്‍ഭയുമായ ഭൂമീദേവിയെ ഒരിക്കലെങ്കിലും ഞാനും സ്പര്‍ശിച്ചു കൊള്ളട്ടെ അച്ഛാ. ഈരേഴുപതിന്നാല് ലോകങ്ങളിലും വച്ച് ഏറ്റവും മാധുര്യമേറിയ അമൃതമായ മാതൃസ്തന്യം ഒരു തുള്ളി ഞാനും രുചിച്ചു കൊള്ളട്ടെ അച്ഛാ....അച്ഛാ, എന്റെ പൊന്നച്ഛാ, എന്നെ കൊല്ലല്ലേ."
ഇല്ല ഞാനൊന്നും കേട്ടില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ,വിറയ്ക്കുന്ന കൈയ്യോടെ എന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വച്ച് കൊല്ലാനുള്ള സമ്മതപത്രം ഞാനൊപ്പിട്ടു കൊടുത്തു."
ചുള്ളിക്കാടിന്റെ ചിദംബര സ്മരണകളിലെ ഈ വരികള്‍ വായിച്ചപ്പോൾ ‍ എന്റെ ഹൃദയം വല്ലാതെ മിടിച്ചു.ഞാന്‍ വായന നിര്‍ത്തി.എന്റെ കണ്ണുകള്‍ നിറഞ്ഞു ... ഞാൻ പൊട്ടിക്കരഞ്ഞു പോയി. കാരണം ഇതെന്റെ ജീവിതവുമായി വല്ലാതെ ബന്ധപ്പെട്ടു കിടന്നതിനാലാവാം .ഒരിക്കല്‍ എന്നോടും "എനിക്ക് പിറക്കാതെ പോയ മകള്‍" വിലപിച്ചിട്ടുണ്ടാകാം ഇതു പോലെ....
എന്നിലെ അച്ചൻ വല്ലാതെ തേങ്ങുന്നുണ്ടിപ്പോഴും.
വിശപ്പും ദാഹവും കൊണ്ടു വലഞ്ഞ ഒരു തിരുവോണത്തിനു മുഷിഞ്ഞ വസ്ത്രധാരിയായ ചുള്ളിക്കാടു നിവർത്തി കെട്ടു ഒരു വീട്ടിൽ ഭിക്ഷാടകനെ പോലെ ഭക്ഷണം ഇരന്നു വാങ്ങി തിണ്ണയിൽ ഇരുന്നപ്പോൾ വീട്ടിലെ പെൺകുട്ടി "ഇതു പിച്ചക്കാരൻ അല്ല,ഞങ്ങളുടെ കോളേജിൽ സുഗത കുമാരിക്കും കടമ്മനിട്ടക്കും ഒപ്പം കവിത ചൊല്ലിയ കവി ചുള്ളിക്കാടു ആണു " എന്നു തിരിച്ചറിയുമ്പോൾ ആദ്ദേഹം ഭൂമിയിലേക്കു താണു പോകുന്ന രംഗം ഒരു തിരുവോണം റമദാനും ഒന്നിച്ചു വന്നപ്പോൾ ഈ മണലാര്യണ്യത്തിൽ ഞാനും പട്ടിണി ആയിരുന്നതിനാലാവാം
ഇതു കൂടുതൽ ഹൃദയത്തിൽസ്പര്‍ശിച്ചത് .
സ്കൂൾക്കാലത്ത് സ്ത്രീകളുടെ നീരാട്ടു ബൈനാക്കുലറിലൂടെ നോക്കി അവരുടെ നീരാട്ട് ആസ്വദിച്ച ചുള്ളിക്കാട് പ്രസവിച്ചു കിടന്ന മാലതി ചേച്ചിയോടു അമ്മിഞ്ഞ കുടിക്കണം എന്നു ആവശ്യപ്പെട്ടപ്പോൾ മാലതി ചേച്ചി ആരും കാണാതെ ചുള്ളിക്കാടിനു അമ്മിഞ്ഞ നൽകിയതു ആര്‍ത്തിയോടെ കുടിക്കുന്ന ഒരു രംഗം ഉണ്ട് .പണ്ടൊരിക്കല്‍ പഠിക്കാൻ പോയ വീട്ടിലെ ചേച്ചി അവിടെ ആരും ഇല്ലാത്തപ്പോൾ ഒരിക്കല്‍ എനിക്ക് അമ്മിഞ്ഞ നൽകിയതു ഇത് വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നു.
കലയോടുള്ള അഭിനിവേശം ,കടുത്ത പിപ്ലവത്തോടൊപ്പം ഉള്ള സഹയാത്ര, പാവങ്ങളോട് സഹാനുഭൂതി ,മനസിലെ പ്രണയം എല്ലാം തന്നെ ചുള്ളികാടിനെ പോലെ തന്നെ എന്നിലും ഒരിക്കല്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുമ്പോള്‍ ഈ പുസ്തകം വീണ്ടും വീണ്ടും കൂടുതല്‍ ഇഷ്ടപ്പെട്ടു പോകുന്നു.ഇനിയും ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ട് പറയാന്‍ എങ്കിലും ഒരു സന്ദർഭം കൂടി പറഞ്ഞു അവസാനിപ്പിക്കുന്നു.
"ക്ഷമാപണം "എന്ന തന്റെ കവിത അങ്ങനെ ജനിച്ചതാണു.മദ്യപിച്ച് തന്റെ കാമുകിയുടെ മുന്നിൽ എത്തി പൊലിഞ്ഞു പോയ പ്രേമത്തിന്റെ കഥ പറയുന്ന ഭാഗം നോക്കൂ....
"മാപ്പു ചോദിപ്പൂ വിഷം കുടിച്ചിന്നലെ
രാത്രിയില്‍ ഞാന്‍ നിന്നരികിലിരുന്നുവോ?"
ചോര എരിയുന്ന തൊണ്ടയോടെ ആ കവിത മുഴുവന്‍ ഞാന്‍ ചൊല്ലിത്തീര്‍ത്തു. വിധി കാത്തുനില്‍ക്കുന്ന കൊലപതാകിയെപ്പോലെ, നെഞ്ചില്‍ കൈയമര്‍ത്തി ഞാന്‍ ചെവിയോര്‍ത്തു കിടന്നു. ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അവളുടെ കരുണാര്‍ദ്രമായ ശബ്ദം:
"മാപ്പു തരാന്‍ ഞാന്‍ ആരാണ് ബാലാ?"
എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. അപ്പുറത്ത് നിന്നു ഒരു തേങ്ങല്‍ കേട്ടുവോ? ഞാന്‍ റിസീവര്‍ താഴെ വെച്ചു.
പിന്നീടൊരിക്കല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തിരുന്ന് അവള്‍ക്കു വേണ്ടി ആ കവിത ഞാന്‍ വീണ്ടും ചൊല്ലി. അലയോടുങ്ങാത്ത കടല്‍ നോക്കി അവള്‍ നിശ്ശബ്ദയായി ഇരുന്നു. ആ കണ്ണുകളുടെ കരിനീലസമുദ്രത്തില്‍ എന്റെ സന്ധ്യ മുങ്ങി മരിച്ചു."
കോളേജില്‍ കവിത ചൊല്ലി കഴിഞ്ഞപ്പോള്‍ ആണ് പ്രിയകാമുകി എന്നേ വിട്ടു പോയത് എന്ന് ഞാന്‍ ഈ അവസരത്തില്‍ ഓര്‍ത്തു പോയി .ജീവിതത്തില്‍ പലപ്പോഴും കവി പകച്ചുനില്‍ക്കുന്നതായി ഈ പുസ്തകത്തില്‍ കാണാം .അത് പോലെ എത്രയോ തവണ ഞാനും .
വായിക്കാത്തവർ ഈ പുസ്തകം വായിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു.ഏതു ആൾക്കും മനസിലാവുന്ന ലളിതമായ ഭാഷയില്‍ ഹൃദയ സ്പർശിയായി , മറകൾ ഇല്ലാതെ തുറന്ന് എഴുതിയിരിക്കുന്നു. ആത്മകഥ ആയാല്‍ ഇങ്ങനെ വേണം.മലയാളസാഹിത്യത്തില്‍ ഞാന്‍ വായിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ച ആത്മകഥകളായിരുന്നു കവിയുടെ കാല്പാടുകള്‍, സ്വരഭേദങ്ങള്‍, എന്‍..എന്‍ പിള്ളയുടെ ഞാന്‍ ,ഒപ്പം ചിദംബര സ്മരണയും .ഞാന്‍ ആലോചിച്ചു,എന്തായിരിക്കാം ഇത്രയും കൂടുതല്‍ ചിദംബര സ്മരണ ഇഷ്ടപ്പെടാന്‍ കാരണം? ചില ജീവിത ചിത്രീകരണം നമ്മുടെ ജീവിതത്തോടു ചേർന്നു നിൽക്കുമ്പോൾ അതു നമ്മുടേതാകുന്നു.നമ്മളുടെ ഹൃദയത്തോട് ചേര്‍ത്തു വയ്കാന്‍ തോന്നുന്നു.
അതെ ,ചുള്ളിക്കാടു പറഞ്ഞതു പോലെ ,
"ജീവിതം ഒരു മഹാത്ഭുതമാണ്.ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെയ്ക്കുന്നു"

No comments:

Post a Comment