Monday, March 28, 2016

ചിലരങ്ങിനെയാണ്.

കവിത. 
ചിലരങ്ങിനെയാണ്.
റഫീക്ക്.ആറളം..
സമൂഹമെന്നാല്‍ ഞാനും നിങ്ങളും നമ്മുടെ ജീവിതങ്ങളും കൂടിച്ചേര്‍ന്ന് പരസ്പരം സ്വാധീനിക്കപ്പെടുന്ന ചങ്ങലയാണ്.കണ്ടുമുട്ടുന്ന വ്യക്തികളും, പരിചയപ്പെടുന്ന സാഹചര്യങ്ങളും നമ്മുടെ വീക്ഷണങ്ങളിലൂടെ നോക്കി കാണുമ്പോള്‍ രസകരമായോ ദുഖകരമായോ അനുഭവപ്പെടാം.വ്യക്തികളും അവരുടെ സ്വഭാവവും, ബിംബങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ജീവിക്കുന്ന ചുറ്റുപാടുകളും വളര്‍ന്ന് വന്ന അന്തരീക്ഷങ്ങളും വ്യക്തികളുടെ സ്വഭാവ രൂപത്തെ വെളിവാക്കുന്നു.ചിലര്‍ കാലാന്തരത്തില്‍ മാറപ്പെടുന്നു. മറ്റ് ചിലര്‍ സ്വന്തം വിശ്വാസങ്ങളില്‍ അടിയുറച്ചു ജീവിക്കുന്നു.ഭൂമി ഈ സമിശ്ര സ്വഭാവങ്ങളെ എന്നും കൈ നീട്ടി സ്വീകരിക്കുന്നു.
'നമുക്ക് ചുറ്റും കാണുന്ന ചില വ്യക്തികളിലേക്കോ അല്ലെങ്കില്‍ നമ്മളിലെ നമ്മിലേക്കോ വിരല്‍ ചൂണ്ടുന്നു.കൈക്കുമ്പിളില്‍ പിടിച്ചെടുത്ത മഴത്തുള്ളികള്‍ പോലെ സുവ്യക്തമായ ,ഉള്ളടക്കമാണ്‌ കവിതയുടെ ആകര്‍ഷണം..
======================
ചിലരങ്ങിനെയാണ്...
--------------------------
ചിലരങ്ങിനെയാണ്,
മുറുക്കാന്‍,
ചെല്ലവുംതിരഞ്ഞു,
വീടിന്‍റെ കിടപ്പറവരെ,കയറിച്ചെല്ലും...
മുറുക്കിച്ചുവപ്പിച്ച്,ഉമ്മറത്തിരുന്നു,മുറ്റത്തേക്കുനീട്ടിത്തുപ്പും,
ചുണ്ടുതുടച്ചു,
വെറ്റിലക്കറചുവരില്‍തേച്ച്,
പടിയിറങ്ങിപോകും..
ചിലരങ്ങിനെയാണ്....
കടലിന്‍റെ,ആഴമളക്കും പോല്‍,
ചൂണ്ടുവിരല്‍,
മണലില്‍ താഴ്ത്തി.
പുഴയുടെഉത്ഭവംതിരയും,കുഴിച്ചു
കുഴിചൊടുക്കം,കണ്ണീരില്‍ഉപ്പുതിരയും...
ചിലരങ്ങിനെയാണ്,
തമസ്സിന്‍മറവില്‍,
കിളിക്കൊഞ്ചലിന്നുറവിടംതേടി,
പക്ഷിസങ്കേതംതിരയും,
ഒടുക്കംവടവൃക്ഷവേരുകള്‍,പച്ചയ്ക്കുപിഴുതെടുക്കും...
ചിലരങ്ങിനെയാണ്,
കുതിച്ചോടി,
കിതച്ചുകുളിര്‍ക്കാറ്റിന്‍,
ഒയ്യാരംകാതോര്‍ക്കും,
ഒടുക്കംവിപ്ലവച്ചൂടിനെ,
ശീതീകരചരടില്‍ബന്ധിക്കും,
വിധിനടപ്പിലാക്കും....
ചിലരങ്ങിനെയാണ്,
പുഴയോര,
കാഴ്ചകളില്‍മതിമറന്ന്,
ഒഴുക്കിനൊപ്പംമത്സരിക്കും,
ഒടുക്കംതാളംപിഴച്ചൊരു,
തിരയോടൊപ്പംകരപറ്റാന്‍വെമ്പും...
ചിലരങ്ങിനെയാണ്,
ചക്രവാളസീമയില്‍,അസ്തമനസൂര്യന്‍റെശോണിമ,
പകരുംസായാഹ്നവേളയില്‍,
ഊതിവീര്‍പ്പിച്ച,ബലൂണ്‍സ്വപ്നങ്ങളായ്,
മോഹവിഹംഗമായലയും....
=======================
(ചിലര്‍ അങ്ങിനെയാണ്; അനുവാദം ചോദിക്കാതെ കടന്ന് വരും.ജീവിതത്തിന്‍റെ ഏത് മുക്കിലും മൂലയിലും കയറിയിറങ്ങും. ചിലപ്പോള്‍ തൊട്ട് തലോടി, മറ്റ് ചിലപ്പോള്‍ ശകാരിച്ച്, ഒന്നിനെയും കൂസാതെ സമഗ്രാധിപത്യത്തോടെ എല്ലാത്തിലും ഇടപ്പെട്ട് ഒരു അടയാളം രേഖപ്പെടുത്തി ഇറങ്ങി പോകും. അവരുടെ യാത്ര ചിലപ്പോള്‍ സന്തോഷമോ,നൊമ്പരമോ ആകാം. പക്ഷേ, ‘അടയാളം’ മായാതെ കിടക്കും. എത്ര മായ്ച്ചാലും പോകാത്ത ചിത്രമായി.
ചിലര്‍ ആഴം അളക്കുന്നവരാണ്.ബന്ധങ്ങളുടെ നൂലിഴകള്‍ അടര്‍ത്തിയെടുത്ത്‌ അവയുടെ നിറവും രുചിയും മണവും വേര്‍ത്തിരിച്ചു കൊണ്ടിരിക്കുന്നു.പരാജയ ഭീതിയോ,സംശയത്തിന്‍റെ മുള്‍മുനകളോ ആകാം ഒന്നിലും സംതൃപ്തിയില്ലാത്ത ഈ ജീവിതങ്ങളുടെ അനിശ്ചിതാവസ്ഥക്കുള്ള ഹേതുക്കള്‍.
ചിലര്‍ ഇരുട്ടില്‍ തപ്പുന്നു. അന്യമായ ഇടങ്ങളില്‍ മികച്ചതിനെ തേടുന്നു, അവിടെ സ്വപനങ്ങളെ അറിയാന്‍ ശ്രമിക്കുന്നു.മൂഢ ചിന്തകള്‍ ഭ്രാന്തായി മാറുമ്പോള്‍, എല്ലാം തകര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുന്നു.
ചിലര്‍ വിപ്ലവത്തിലേക്കുള്ള ഓട്ടമാണ്. കുതിച്ച്,കിതച്ച് ഇടക്കൊന്ന് ചിന്തിച്ച്. പിന്നെ, വിപ്ലവത്തിന്‍റെ പരാജയ മുഖത്തെ കാണുമ്പോള്‍ തണുത്തുറഞ്ഞ മനസ്സുമായി തിരിച്ച് നടക്കുന്നവര്‍.
ചിലര്‍ ജീവിതത്തിന്‍റെ ഒഴുക്കിന്‍റെ ആലസ്യത്തിലും, മായ കാഴ്ച്ചകളിലും മതിമറന്ന് മുന്നോട്ട് പോകുന്നവര്‍.ഒടുവില്‍ താളം പിഴക്കുമ്പോള്‍, ആള്‍ക്കൂട്ടത്തില്‍ പരിഹാസ കഥാപാത്രമാകുമ്പോള്‍,കിട്ടുന്ന വഴികളിലൂടെ സഞ്ചരിച്ച് ദുരിതങ്ങളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നവര്‍.
ചിലര്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെ.. ഉള്ളതോ ,ഇല്ലാത്തതോ ആയ കഴിവിനെയോ ആഗ്രഹത്തെയോ വിഫലമായി ചിന്തിച്ച്, മോഹഭംഗങ്ങളുമായി ജീവിക്കുന്നവര്‍.
ഈ കവിത വ്യക്തിപരമായി വളരെയധികം അടുത്ത് നില്‍ക്കുന്നു എന്നതിനാല്‍ ഒരു പ്രതേക സ്നേഹം കവിയോട് അറിയിക്കുന്നു.അര്‍ത്ഥപൂര്‍ണ്ണമായതും,ലളിതമായതും, ആശയ സംവേദനം നടത്തുന്നതും ആയ കവിയുടെ രചനകള്‍ തുടരട്ടെയെന്ന് ആശംസിക്കുന്നു

No comments:

Post a Comment