Thursday, March 24, 2016

കാലം
















പത്മവിഭുഷണും, ജ്ഞാനപീഠവും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയെടുത്ത മലയാളത്തിന്റെ സ്വന്തം ശ്രീ എം. ടി വാസുദേവൻ നായരെക്കുറിച്ച്ഒരു മുഖവുരയുടെ ആവശ്യകത ഉണ്ടന്നു തോന്നുന്നില്ല. നോവലുകൾ, കഥകൾ, നാടകം,
പ്രബന്ധങ്ങൾ, യാത്രാവിവരണം, തിരക്കഥകൾ തുടങ്ങി സാഹിത്യത്തിന്റെ എല്ലാ വശങ്ങളിലുംഅദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ അദ്ദഹത്തിന്റെ പ്രശസ്തമായ നോവലാണ്
"കാലം"..........
ജീവിതാന്തരീക്ഷങ്ങളോട് ഇഴുകിച്ചേർന്ന പ്രമേയമാണ് നോവലിന്റേത്. ഇവിടെ
'സേതുമാധവൻ' എന്ന നായക കഥാപാത്രത്തിലൂടെ ഒരു ജീവിതം വരച്ചുകാട്ടിയിരിക്കുന്നു.
കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ്
ഈ നോവൽ. കടന്നുപോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർ
ഒടുവിൽ മുന്നിൽ കാണുന്നത് രക്തം വാർന്നുതീർന്ന മണ്ണിന്റെ മൃതശരീരമാണ്. അയാൾക്ക് കൂട്ടായി സ്വന്തം നിഴൽ മാത്രം
ശേഷിക്കുന്നു. ജീവിത സാഹചര്യങ്ങളിൽപ്പെട്ട്
ഉഴലുന്ന ഈ കഥയിലെ നായകൻ നേട്ടങ്ങളുടെ കൊടുമുടി തേടിയലയുന്നു. വർണ്ണാഭമായ
ഒരു ലോകംതനിക്കു വേണ്ടി എവിടെയോ ഉണ്ടെന്നു കരുതുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ പോലെ, സമൃദ്ധികൾ കിനാവു കണ്ടുകൊണ്ട് എങ്ങും എത്താതെ പോയ ജീവിതങ്ങളുടെ
നേർക്കാഴ്ച മനോഹരമായി ആവിഷ്കരിച്ച 'കാല'ത്തിലൂടെ ഒന്നു സഞ്ചരിക്കാം.....
സ്വപ്നങ്ങളുടെ ചിറകിലേറി സഞ്ചരിക്കുന്ന ബാല്യത്തിൽ തന്നെ കൂട്ടുകടുംബത്തിലെ ദാരിദ്ര്യത്തിൽ മനംമടുത്തുതുടങ്ങിയ ബാലനായിരുന്നു സേതുമാധവൻ. വർഷങ്ങൾ കഴിയും തോറും സ്വപ്നങ്ങൾക്ക് നിറം കൂടുകയും, അവ നടക്കാതെ വരികയും ചെയ്യുന്ന ഒരു യുവാവിന് സംഭവിക്കുന്ന അപാകതകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കലാലയത്തിന്റെ മാസ്മരിക ലോകത്തെത്തുമ്പോഴും താൻ ഒന്നുമല്ലാതാകുന്നു എന്ന അപകർഷതാബോധം അയാളെ വേട്ടയാടുന്നു..... സഹപാഠിയുടെ അച്ഛനെ കണ്ട് സ്വന്തം അച്ഛനെ താരതമ്യം ചെയ്യുകയും, അമ്മയുടെ പിശുക്കും കണക്കുപറച്ചിലും വലിയ അപരാധമായി കാണുകയും ചെയ്തുകൊണ്ടിരുന്നു. വീട്ടിലെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ അയാൾ കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു സുമിത്ര. സുന്ദരിയും വായാടിയുമായ അവളുമായുള്ള സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. കാലം കടന്നുപോയി പഠനം കഴിഞ്ഞുവെങ്കിലും ഒരു ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പ് സേതുവിനെ വീണ്ടും അലോസരപ്പെടുത്തികൊണ്ടിരുന്നു. ഈ അവസ്ഥയിൽ നിന്നും താൽക്കാലികാശ്വാസത്തിനു വേണ്ടിയാണ് ചേട്ടന്റെ കുഞ്ഞിനെ കാണാനെന്ന വ്യാജേന അയാളെ അച്ഛന്റെ വീട്ടിലെത്തിക്കുന്നത്. അവിടെ വച്ച് തങ്കമണി എന്ന സുന്ദരിക്കുട്ടിയെ പരിചയപ്പെടുന്നു. നല്ല തറവാട്ടിലെ കുട്ടിയായ തങ്കമണി സുമിത്രയേക്കാൾ കേമമാണ് എന്ന തോന്നലിൽ അയാൾ സുമിത്രയെ മറന്നു തുടങ്ങുന്നു...... ഒരു ജോലി അനിവാര്യമാണെന്ന തിരിച്ചറിവിൽ ബിരുദധാരിയായിരുന്നിട്ടു കൂടി, ഏഴാംക്ലാസ് യോഗ്യത മാത്രം ആവശ്യമുള്ള ഒരു ജോലിക്കായി പുറപ്പെടുകയും അവടത്തെ സാഹചര്യവുമായി പൊരുത്തപ്പെടാതെ ആ തൊഴിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. പിന്നീട് പലപല ഉദ്യോഗങ്ങൾ, ഒരുപാട് സ്ഥലങ്ങൾ.......... ഇതിനിടയിൽ വീടും നാടുമായുള്ള ബന്ധം അന്യമായിരുന്നു... ആ മറവിയുടെ ഒഴുക്കിൽപ്പെട്ട് തങ്കമണിയും മാഞ്ഞുപോകുന്നു. ...... ഒരു കേസിൽ കള്ളസാക്ഷി പറയുന്നതിലൂടെയാണ് സേതു
ശ്രീനിവാസൻ മതലാളിയ പരിചയപ്പെടുന്നത്. പ്രതിഫലമായി ലഭിച്ചത് അയാളുടെ കമ്പനിയിലെ കണക്കപ്പിള്ള എന്ന സ്ഥാനവും. കാലം ശ്രീനിവാസനെ പരാലിസിസിന്റെ 
രൂപത്തിൽ തളർത്തുമ്പോൾ, അയാളുടെ സ്വത്തുക്കളും സുന്ദരിയായ ഭാര്യയുംസേതുവിന് സ്വന്തമാകുന്നു. 
എല്ലാം നേടിയെടുക്കുന്നതിനിടയിൽ അയാൾക്ക് നഷ്പ്പെട്ടത് സ്നേഹവും, സ്നേഹിച്ചവരുമായിരുന്നു.
ബാക്കിയായത് കുറേ പണം മാത്രം..... അങ്ങിനെ താൻ എന്തു നേടി എന്ന് നായകൻ ചിന്തിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.
കഥാന്ത്യത്തിൽ സേതു സ്വന്തംനാട്ടിലേക്ക് തിരിച്ചെത്തമ്പോൾ അയാൾക്ക് പ്രിയപ്പട്ടവരെല്ലാം ഓർമ്മയാവുന്നു..... അവിടെ വച്ച് അയാൾ ശോഷിച്ചവശയായ സുമിത്രയെ കാണുന്ന രംഗമുണ്ട്..... എനിക്കിഷ്ടമായിരുന്നു നിന്നെ എന്ന സേതുവിന്റെ
വാക്കുകൾക്ക് അവൾ പറഞ്ഞ മറുപടി, "ഇഷ്ടം സേതൂന് സേതൂനോട് മത്രേള്ളു" എന്നാണ്. ശരിക്കും അതുതന്നയാണ് 
ഈ നോവലിന്റെ ഇതിവൃത്തം.
കാലചക്രഗതിക്കനുശരിച്ച് സഞ്ചരിക്കുന്ന മനുഷ്യർ സമൃദ്ധികൾ മാത്രം സ്വപ്നം കണ്ടുകൊണ്ട് സ്നേഹം, ബന്ധം ഏന്നീ വികാരങ്ങളെ 
അടിച്ചമർത്തി മുന്നേറുമ്പോൾ എന്തു നേടുന്നു, എന്ന മഹത്തായ സന്ദേശമാണ് നോവലിസ്റ്റ്
"കാലം"എന്ന നോവലിലൂടെ വായനക്കാരിൽ എത്തിക്കുന്നത്.......

No comments:

Post a Comment