Thursday, March 24, 2016

എന്റെ കൃഷി..


                                                            Sajimon Sajimon C G

കുറച്ചു നാൾ മുൻപ് ഒരു പത്രത്തിൽ കണ്ട വാർത്ത എന്നിൽ ഭീതിയുളവാക്കി .ചന്തയിൽ നിന്നും നമ്മൾ വാങ്ങുന്ന മലക്കറികളിൽ എല്ലാം അതിമാരകമായ അളവിൽ വിഷം ചേർത്തതാണത്രേ .
ഏറ്റവും കൂടുതൽ വിഷം ചീര ,കാബേജ് ,മുളക് ,തുടങ്ങിയവയിൽ ആണ് .
ഞാൻ ഓർക്കുകയായിരുന്നു പണ്ടൊക്കെ നമ്മൾ കുട്ടികളോട് ഇലക്കറികളും പച്ചക്കറികളും കഴിക്കാൻ നിർബന്ധിക്കും .."ഇലക്കറി തിന്നാൽ കണ്ണിനു കാഴ്ച ശക്തി ഉണ്ടാകും വൈറ്റമിൻ A ആണ്" എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചിരുന്നു ...എന്നാൽ ആ നമ്മൾ ഇന്ന് കുട്ടികളോട് "ഈ ഇലക്കറി കഴിച്ചാൽ ഒള്ള കാഴ്ച കൂടി നഷ്ടപ്പെടും" എന്ന് പറയേണ്ട സാഹചര്യം ആണ് വന്നിരിക്കുന്നത് .
നമ്മൾ മലയാളികൾ ഒന്നോർക്കണം .പണ്ടൊക്കെ വീടുകളുടെ പിന്നാം പുറങ്ങളിൽ സമൃദ്ധമായ അടുക്കളത്തോട്ടം ഉണ്ടായിരുന്നു ..ഒരു വളവും പ്രയോഗിക്കാതെ തന്നെ അവയിൽ നിന്നും നമ്മുടെ അമ്മമാർ വെണ്ടയും ,കത്തിരിക്കയും ,പാവലും ഒക്കെ വിളയിചെടുത്തിരുന്നു ..ഇന്ന് കണ്ണീർ സീരിയലുകളുടെ എണ്ണം കൂടിയതിനൊപ്പം അടുക്കളത്തോട്ടവും അപ്രത്യക്ഷമായി ....എങ്കിലും മഞ്ജു വാര്യർ ഒരു തരംഗം ഉണ്ടാക്കിയിട്ടുണ്ട് ..അടുക്കളത്തോട്ടം എന്ന ആശയത്തിൽ ..തമിഴൻ രാസവളം ഇട്ടുണ്ടാക്കുന്ന പച്ചക്കറികൾ നമുക്കായും ..തൊട്ടപ്പുറത്ത് അതുപയോഗിക്കാതെ അവനുവേണ്ടി മറ്റൊരു തോട്ടവും നട്ട്‌ നനയ്ക്കുന്നുണ്ടത്രേ...നോക്കണേ തമിഴന്റെ ബുദ്ധി !...നമ്മൾ മലയാളികൾ എന്നാ ഇതൊക്കെ മനസ്സിലാക്കുക?
ശരി നമുക്ക് വിഷയത്തിലേക്ക് വരാം .തിരക്കേറിയ മാർക്കറ്റിലെ ചതഞ്ഞരഞ്ഞ പച്ചക്കറികൾ പൊന്നും വിലക്ക്‌ തിരക്കിട്ടുവാങ്ങുന്നതിനിടയിൽ തോന്നിയ ചെറിയൊരു സംശയമാണു എന്നെ ജൈവ പച്ചക്കറിയെന്ന പല്ലവിയിലേക്ക്‌ തിരിച്ചുവിട്ടത്‌...
നോക്കു ..ഒരു സാംബാർകൂട്ട്‌ 100 രൂപ..അതിൽ തന്നെ എല്ലാ പച്ചക്കറികളുടേയും തിരിവാകുന്ന അവശകലാകാരന്മാരാം തുണ്ടുകൾ ഒരുനുള്ളുവീതം വാരിയിട്ട്‌ 2 1/2 കിലോ തികച്ച്‌ ഒരു കൂടിൽ കിട്ടിയപ്പൊ വല്യ സന്തോഷം..
വീട്ടിലെത്തിയാൽ പകുതിയും നമ്മൾക്ക്‌ ആവശ്യമില്ലാത്തവ .കുറെ അഴുകിയതും . ഒരുദിവസം കഴിഞ്ഞാൽ അതൊക്കെ തെങ്ങിൻ ചുവട്ടിലും വെയ്റ്റ്‌ ബാസ്കറ്റിലും സുരക്ഷിതം....
ഒരു സാബാറുവയ്ക്കാൻ ലോകത്തുള്ള മുഴുവൻ പച്ചക്കറി എന്തിനു.....???
ഇവിടന്നു തുടങ്ങി ന്റെ കൃഷിയുടെ തുടക്കം...തൊട്ടടുത്ത്‌ തരിശായ്‌ കിടന്ന ഒരു നാൽപ്പതു സെന്റു സ്ഥലം പാട്ടത്തിനെടുത്തു..ജെ സി ബി വിളിച്ച്‌ ഇളക്കിയൊരുക്കി ..പണം ഇത്തിരി ചിലവായി...അതുകാരുമാക്കിയില്ല..അന്യസംസ്ഥാന തൊഴിലാളികളായ തമിഴരെ കൂട്ടി 3 ദിവസം സ്ഥലമൊരുക്കൽ..10 അടി ചതുരം വരത്തക്കവിധം ചെറിയ തട്ടുകളാക്കി...ഓരോ തട്ടുകൾക്കിടയിലും ഒരടി വീതിക്ക്‌ ചെറിയതോടും നിർമ്മിച്ചു..നനക്ക്‌ എളുപ്പം കൂടെ ജലനഷ്ടവും കുറയ്ക്കാം...
കൂടുതൽ അറിവൊന്നും എനിക്കുണ്ടായിരുന്നില്ല എന്നാലും മോഹം , അതിലങ്ങുറച്ചു ന്റെ മനസ്സ്‌.. പച്ചക്കറിയുടെ വിത്തുകൾ സുലഭമാണിപ്പോൾ .കൃഷിക്കാവശ്യമായ എല്ലാ സാധനങ്ങളും കിട്ടുന്ന കടയിൽ നിന്നും പാവലും ,പടവലും , വള്ളിപ്പയറും , വെണ്ടയും , വെള്ളരിയും കുംബളവും , പിന്നെ കുറച്ചു ചീരവിത്തും വാങ്ങി
തട്ടുകളാാക്കിയമണ്ണിൽ ഒരടി വട്ടത്തിൽ ചെറിയ തടമെടുത്ത്‌ ചകിരിച്ചോറും ചാണകവും ട്രൈക്കോടോമയും കലർത്തി അടിവളമായ്‌ ചേർത്ത്‌ തടം കുറച്ചു മണ്ണിട്ട്‌ മൂടി നനച്ചിട്ടു... മൂന്നാലു തട്ടുകൾ നീളത്തിൽ തോടുകീറി ഒരുച്ചാൺ അകലത്തിൽ ഇതേപ്രക്രീയ ആവർത്തിച്ചു ..
വൈകിട്ട്‌ കഞ്ഞിവെള്ളത്തിൽ കുതിർത്തവിത്തുകളിൽ പയറും പടവലവും ,പാവലും നീളത്തിലുള്ള തോടിലും , വെണ്ടയും ചീരയും തടമെടുത്തതിലും , കുമ്പളവും വെള്ളരിയും ഇത്തിരി മാറ്റി അകലെ തട്ടിലും നട്ടു നനച്ചിട്ടു..
3 ദിവസം കഴിഞ്ഞപ്പോൾ ന്റെ സ്വപ്നങ്ങൾക്ക്‌ തളിരിട്ടു..പാവലിനും , പടവലത്തിനും , വള്ളിപ്പയറിനും കാലുകൾ പാകി കയറുകൊണ്ട്‌ ഒരു പന്തലും കൂടെ ഇട്ടപ്പൊ ന്റെ തോട്ടം അധിമനോഹരമായി.. നനയോടൊപ്പം പരിരക്ഷക്കിടയിൽ ശത്രുക്കളോടെന്നപോലെ വന്നുകൂടിയ ചില പ്രാണികൾ എനിക്കൊരു തലവേദനയായ്‌ ഭവിച്ചു.. വേപ്പെണ്ണയും ,പുകയിലക്കഷായവും തളിച്ചപ്പോൾ കീടങ്ങൾ വിടപറഞ്ഞു . പയറിലും വെണ്ടയിലും ന്റെ സ്വപ്നങ്ങൾക്ക്‌ പൂവിട്ടു..
ചെറിയതോതിൽ ജൈവവളം എല്ലാ ചെടികൾക്കും കൊടുത്തപ്പൊ
ന്റെ സ്വപ്നത്തോട്ടം വിളവെടുക്കാറായി..
ഇപ്പം ദാണ്ടെ..എനിക്കാവശ്യം കഴിഞ്ഞ്‌ ബാക്കിയുണ്ട്‌ പച്ചക്കറികൾ.. ജൈവപച്ചക്കറീന്നു കേട്ടപ്പൊ വാങ്ങാൻ ഇഷ്ടം പോലെയാളും..
നോക്കു കൂട്ടുകാരെ..സ്വന്തം ആവശ്യത്തിനെങ്കിൽ നമ്മുടെ ടെറസിന്റെ മുകളിലൊ മുറ്റത്തൊ ഗ്രോബാഗിൽ ഇതൊക്കെ ചെയ്യാം.പക്ഷെ ഉത്സാഹമുള്ളൊരു മനസ്സ് വേണം ..ഇതു ഉപയോഗം മാത്രമല്ല നല്ലൊരു മാനസിക സംതൃപ്തിയും തരുന്നു .വീട്ടിലെ പപ്പായ മരം പോലും ആരും ശ്രദ്ധിക്കപ്പെടാതെ പഴുത്തു കൊഴിയുന്നു . നിത്യം രാവിലേയും വൈകിട്ടും ഇത്തിരി കഷ്ടപ്പെട്ടാൽ ഒത്തിരി മെച്ചത്തോടെ സന്തോഷ സംതൃപ്തിയോടെ ആരോഗ്യമുള്ള ഭക്ഷണം നമ്മുടെ കുടുംബങ്ങൾക്ക്‌ സാധ്യമാക്കാം എന്നതിൽ ഒരു സംശയവും വേണ്ടാട്ടൊ !!
അപ്പൊ എന്താ തുടങ്ങുകയല്ലേ ????

No comments:

Post a Comment