Thursday, March 24, 2016

തേനീച്ച വളർത്തൽ



എന്റെ വീട്ടിൽ ഇപ്പോഴും അനായാസമായി ഇവയെ വളർത്തുന്നുണ്ട്. ഇന്ത്യയിൽ പ്രധാനമായും അഞ്ചു തരം തേനീച്ചകൾ ആണ് ഉള്ളത്. പെരുംതേനീച്ച, കോൽ തേനീച്ച, ഇറ്റാലിയൻ തേനീച്ച, ഞൊടിയൽ, ചെറു തേനീച്ച. ഇതിൽ പെരും തേനീച്ചയും, കോൽ തേനീച്ചയും ഇണക്കി വളർത്താൻ ബുദ്ധി മുട്ടാണ്. ഇവ ജനവാസ കേന്ദ്രങ്ങളിൽ നിന്നും അകന്നു ജീവിക്കാൻ ഇഷ്ട്ടപെടുന്നു. ഒറ്റ അട മാത്രമേ ഉണ്ടാവുകയുള്ളൂ. ധാരാളം തേൻ ശേഖരിക്കാൻ ഇവക്കു കഴിയും. പൊതുവെ വലിയ മരങ്ങളിൽ ആണ് താമസം. ആക്രമണസ്വഭാവം വളരെ കൂടുതൽ ആണ്.
ഇണക്കി വലർത്താവുന്ന തേനീച്ചകൾ മൂന്നു തരം.
1-ഇറ്റാലിയൻ തേനീച്ച: - ഇവ കേരളത്തിലെ കാലാവസ്ഥക്ക്‌ അത്ര അനുയോജ്യം അല്ല. കാരണം മറ്റു തേനീച്ചകളെക്കാൾ വേഗം കുറവാണ്. അതിനാൽ പ്രാപ്പിടിയൻ പോലെയുള്ള പക്ഷികൾ കൂട്ടത്തോടെ ആക്രമിക്കുകയും ഇവയെ കൊന്നൊടുക്കുകയും ചെയ്യാറുണ്ട്.
2- ഞൊടിയൽ:- ഇവയെ വൻ തോതിൽ വ്യാവാസയിക അടിസ്ഥാനത്തിൽ വളർത്തുന്നു. വളരെ വേഗം ഇണക്കി വളർത്താം. അല്പം സൂക്ഷ്മത വേണമെന്ന് മാത്രം.
ഒരു തേനീച്ച കോളനിയിൽ റാണി, വേലക്കാരി ഈച്ചകൾ, ആണീച്ചകൾ എന്നിങ്ങനെ മൂന്നു തരം തേനീച്ചകൾ ഉണ്ടാകും. ആണീച്ചകൾ എണ്ണത്തിൽ കുറവാണ്. മടിയൻ ഈച്ചകൾ എന്നും ഇവയെ വിളിക്കാറുണ്ട് . റാണിയുമായി ഇണ ചേരുക എന്നത് മാത്രമാണ് ഇവയുടെ ധർമം. വേലക്കാരി ഈച്ചകൾ ആണ് എണ്ണത്തിൽ കൂടുതൽ. റാണി ഈച്ച ഇണ ചേർന്നും ഇണ ചേരാതെയും മുട്ട ഇടുന്നു. ഇണ ചേരാതെ ഇടുന്ന മുട്ട വിരിയുന്ന ഈച്ചകൾ ആണീച്ചകൾ ആയി മാറുന്നു. ഇണ ചേർന്ന് ഇടുന്ന മുട്ട വിരിയുന്ന കുഞ്ഞുങ്ങൾ പെണ്ണിച്ചകൾ ആകുന്നു. റാണി ഈച്ച വിരിയാൻ പതിനഞ്ചു ദിവസം എടുക്കുന്നു. ആണീച്ചകൾ വിരിയാൻ 22 ദിവസം എടുക്കും. വേലക്കാരി ഈച്ചകൾ 21 ദിവസം കൊണ്ട് വിരിയുന്നു. റാണി മൂന്നു മുതൽ നാല് വർഷം വരെ ജീവിക്കുന്നു. ജോലിക്കാരി ഈച്ചകൾ 45 ദിവസം വരെ ജീവിക്കുന്നു.
റാണി ഇടുന്ന മുട്ട വിരിഞ്ഞു വരുന്ന പുഴുവിൽ ജോലിക്കാരി ഈച്ചകൾ ആകാൻ ഉള്ള പുഴുക്കൾക്ക് ആദ്യ മൂന്നു ദിവസം റോയൽ ജെല്ലി എന്ന ആഹാരം കൊടുക്കും. ഇത് മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞു ഈച്ചകളുടെ തലയിൽ നിന്നും ഒഴുകി വരുന്ന ഒരു ദ്രാവകം ആണ്. റോയൽ ജെല്ലി ആദ്യ മൂന്നു ദിവസം ഇതാണ് ഇവയുടെ ആഹാരം. നാലാം ദിവസം മുതൽ ബീ ബ്രെട്‌ എന്ന ആഹാരം കൊടുക്കുന്നു. തേനും പൂമ്പൊടിയും ചേർന്ന ഒരു മിശ്രിതം ആണിത്. എട്ടാം ദിവസം മുതൽ അവ സമാധിയിൽ ആവുകയും, 21 ദിവസം കഴിയുമ്പോൾ ഈച്ചയായി പുറത്തു വരികയും ചെയ്യുന്നു.
വിരിഞ്ഞിറങ്ങുന്ന ഈച്ചയുടെ പ്രധാന ജോലി കൂട് വൃത്തിയാക്കുക ആണ് . പിന്നീട് റോയൽ ജെല്ലി ശേഖരിച്ച് കൊടുക്കുക, റാണിക്ക് മുട്ടയിടാനുള്ള അറ നിർമിക്കുക എന്നി ജോലിയിൽ ഏർപ്പെടുന്നു. കുറെ കൂടി വലുതായാൽ തേൻ തേടി പോകുക, കൂട് നിയന്ത്രിക്കുക, കൂടിനു കാവൽ നില്ക്കുക, കൂട്ടിലേക്ക് ആവശ്യമുള്ള ജലം ശേഖരിക്കുക, കുഞ്ഞുങ്ങളെ പാരിപാലിക്കുക തുടങ്ങി എല്ലാ ജോലികളും ചെയ്യുന്നു. ഒരു തേനീച്ച ഏതാണ്ട് മൂന്നു മുതൽ നാല് കിലോമീറ്റർ വരെ സഞ്ചരിക്കാറുണ്ട് . മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ പറ്റും. 25 മില്ലി ഗ്രാം തേൻ ശേഖരിക്കാൻ കഴിയും ഇവക്ക്. ശരീര ഭാരം 45 മില്ലി ഗ്രാം, നാവിന്റെ നീളം 4'mm ആണ്.
നാവു കൊണ്ട് തേൻ വലിച്ചു ഉദരത്തിലെത്തിച്ചു ഉമി നീരുമായി കലർന്ന് പകുതി ദഹിച്ച ആഹാരമായി ആണ് നമുക്ക് ലഭിക്കുന്നത്. പകുതി ദഹിച്ച ആഹാരം ആയതിനാൽ തേൻ കഴിക്കുമ്പോൾ നേരിട്ട് രക്തത്തത്തിലേക്ക് വലിച്ചെടുക്കുന്നു. അത് കൊണ്ടാണ് ആയുർവേദ മരുന്നുകൾ തേനുമായി ചേർത്ത് കൊടുക്കാറുള്ളത്.
സാധാരണ വേലക്കാരി ഈച്ചയെ വളർത്തുന്ന അതെ മുട്ടയാണ്‌ റാണിയായി വളർത്തുന്നത്. റോയൽ ജെല്ലി കൂടുതൽ കൊടുത്തു ബീ ബ്രഡ് കൊടുക്കാതെ വളരുന്ന ഈച്ച പതിനഞ്ചു ദിവസത്തത്തിനുള്ളിൽ വിരിഞ്ഞിറങ്ങുന്നു ഇവ. വളർച്ച പൂർത്തിയാകുമ്പോൾ കുറെ ജോലിക്കാരി ഈച്ചകളുമായി ചേർന്ന് കൂട് വിട്ടു പോകുന്നു.
ചെറു തേനീച്ചകൾ നമ്മുടെ വീടുകളിലെ ചെറിയ വിള്ളലുകളിൽ കൂട് കൂട്ടുന്നു. ഇവ തീരെ അക്രമകാരികൾ അല്ല. ഇവയുടെ തേൻ വളരെ ഔഷധഗുണം ഉള്ളതാണ്. തുളസി പോലെയുള്ള സസ്യങ്ങളുടെ പൂക്കളിൽ നിന്നും തേൻ ശേഖരിക്കാൻ ഇവക്കെ കഴിയാറുള്ളൂ. ജീവിത രീതി മറ്റു തേനീച്ചയെ പോലെ തന്നെ.
ഇനി തേൻ സംസ്കരിക്കുന്ന വിധത്തെ പറ്റി പറയാം.
തേൻ എടുത്ത ശേഷം അത് ശെരിയായി സംസ്കരിക്കണം. കാരണം തേനിൽ 18 മുതൽ 25 ശതമാനം വരെ വെള്ളം ആണ്. ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച്‌ അതിൽ തേൻ പാത്രം ഇറക്കി വെച്ച് ചൂടാക്കണം. തിളപ്പിക്കരുത്, തിളച്ചാൽ തേൻ വിഷമാകും. അതിനു മുകളിൽ വരുന്ന പത കോരി കളയണം. അതിനു ശേഷം കുപ്പിയിൽ ആക്കി സൂക്ഷിക്കാം. മികച്ച വിലയുണ്ട്‌ തേനിന്. അല്പം പരിചരണം കൊടുത്താൽ നല്ലൊരു വരുമാനമാർഗം ആക്കാം തേനീച്ച കൃഷി.
അപ്പോൾ ഈ മധുരമുള്ള ഈ കൃഷി ഒന്ന് പരീക്ഷിച്ചു നോക്കുകയല്ലേ കൂട്ടുകാരേ...?

No comments:

Post a Comment