Monday, March 28, 2016

നെൽ കൃഷി



കൃഷിയിൽ നിന്നാണ് സംസ്‌കാരം രൂപീകൃതമാകുന്നത് !!
നമ്മൾ അരി ആഹാരം കഴിക്കുന്നവരാണ്. കേരളത്തിലെ പരമ്പരാഗതമായ കൃഷിയാണ് നെൽകൃഷി. മൂന്ന് കൃഷിവേളകളാണ് നമുക്കുള്ളത്. വിരിപ്പ് എന്നു പറയുന്ന ഒന്നാം വിള. ചിങ്ങം-കന്നിയോടെ തുടങ്ങി ധനു-മകരത്തോടെ അവസാനിക്കുന്നു. രണ്ടാമത്തേത്, മുണ്ടകൻ കൊയ്ത്ത്. (മകര കൊയ്ത്ത് എന്നും അറിയപ്പെടുന്നു). മൂത്താമത്തേത് ആഴം കൂടിയ കുണ്ടുപാടങ്ങളിലും കായൽനിലങ്ങളിലും ചെയ്യുന്ന പുഞ്ചകൃഷി. ഇങ്ങനെ മൂന്ന് വേളകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്.
ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കേരളത്തിലെ പ്രധാന കാർഷികമേഖലകളിലൊന്നാണ് കുട്ടനാട്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നായ കുട്ടനാട് കാർഷികവൃത്തി പ്രധാന്യമുള്ളതും, നെൽകൃഷിയുടെ പ്രധാന കേന്ദ്രവുമാണ്. സമുദ്രനിരപ്പിനു താഴെ കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. നെൽ കൃഷിയും കൊയ്ത്തുമൊക്കെ ഉത്സവമായി കൊണ്ടാടിയിരുന്ന നമ്മുടെ കൊച്ചു കേരളം, ഇന്ന് നെൽകൃഷിയിൽ നിന്നും അകന്നു പോകുന്ന കാഴ്ചയാണ് കാണുന്നത്.
2002-2003ൽ സംസ്ഥാനത്ത് നെൽ വയലുകളായി 3,11,000 ഹെക്ടർ നിലം ഉണ്ടായിരുന്നത് 2012-2013 കാലഘട്ടത്തിൽ 2,13,000 ന് താഴെ പോയിരിക്കുകയാണ്. സംസ്ഥാനത്തെ നെല്ലുൽപ്പാദനം 2002-2003 കാലഘട്ടത്തിൽ 6,89,000 മെട്രിക്ക് ടൺ എന്നത് 5,18,888 മെട്രിക്ക് ടൺ എന്ന നിലയിലേക്ക് കുറഞ്ഞിരിക്കുകയാണ്. 25000 ഏക്കർ പൊക്കാള് പാടശേഖരങ്ങളിൽ കൃഷി ഉണ്ടായിരുന്നത് 5000 ഏക്കറായി ചുരുങ്ങിയിരിക്കുന്നു. സമൃദ്ധമായി നെൽകൃഷിചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയിരുന്ന നമ്മൾ, ഇന്ന് വൻ വില കൊടുത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അരി വാങ്ങി നിത്യവൃത്തി കഴിക്കുന്നു. വയലുകളിൽ നെല്ലു വിളയിക്കുന്നതിനു പകരം വ്യവസായം വിളയിക്കുവാനാണ് നമുക്ക് താത്പര്യം.
പരമ്പരാഗതമായ മോടൻകൃഷി രീതി, ചെരിവ് പ്രദേശങ്ങളിൽ ഭൂമി തട്ടുകളാക്കി നെൽക്കൃഷിചെയ്യുന്ന പള്ളിയാൽ കൃഷി രീതി, കോഴിക്കോട് ജില്ലയിൽ പ്രചാരത്തിലുള്ള കരിങ്കൊറ നെൽകൃഷി രീതി, ഒരാളോളം പൊക്കത്തിൽ വളരുന്ന ലവണ പ്രതിരോധ ശേഷിയുള്ള പൊക്കാളി നെൽകൃഷി, വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയായ കൈപ്പാട്, ഒരേ കൃഷിയിടത്തിൽ തന്നെ മൂപ്പിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകളുള്ള രണ്ട് വിത്തിനങ്ങൾ (മൂന്നും) ഒരേ സമയം കൃഷിയിറക്കി പാകമാകുന്നതനുസരിച്ച് പല ഘട്ടങ്ങളിലായി വിളവെടുക്കുന്ന കൂട്ടമുണ്ടകൻ കൃഷിരീതി, തെങ്ങിൻ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന കരനെൽകൃഷി ഇതൊക്കെ നമുക്ക് ഇന്ന് ഓർമ്മകൾ മാത്രം. പുതു തലമുറ ചിലപ്പോൾ ഇതൊക്കെ കേൾക്കുന്നതു തന്നെ അത്ഭുമായിട്ടായിരിക്കും.
കേരളത്തിൽ നെൽകൃഷി നടത്തേണ്ടതല്ലെന്നും പാടശേഖരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്ന സർക്കാർ നയങ്ങളും, ഭൂവിനിയോഗ നിയമം, നെൽവയൽ നീർത്തട നിയമം, ഭക്ഷ്യസുരക്ഷാ പദ്ധതികൾ, ഇവയെല്ലാം നാം അറിയുന്നില്ല എന്ന് നടിക്കുന്നു. നെല്ലുസംഭരണത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അനാസ്ഥ കർഷകരെ നെൽ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുന്നതിനും ആത്മഹത്യയ്ക്ക് നിർബദ്ധിതരാക്കുന്നതിനും വഴിയൊരുക്കുന്നതായി നാം കണുന്നു. കൃഷിയിൽ നിന്നാണ് സംസ്‌കാരം രൂപീകൃതമാകുന്നത്. കേരളത്തിലെ ഗ്രാമീണ കർഷകരുടെ പരമ്പരാഗതമായ അറിവുകളും കഴിവുകളും നഷ്ടമായിക്കൊണ്ടിരിക്കുന്നു. എന്തെല്ലാം കൃഷി രീതികളായിരുന്നു നമുക്ക് ഉണ്ടായിരുന്നത്. ഇന്ന് എല്ലാം പഴങ്കഥകളാണ്!
കാർഷിക മേഖലയിലാണ് 65 ശതമാനം തൊഴിലാളികളും ജോലി ചെയ്യ്തിരുന്നത്. നെൽക്കൃഷി ചെയ്യുന്ന മേഖലകൾ ക്രമേണ തകർന്നു. ഇപ്പോൾ കേരളത്തിന് ചോറുണ്ണണമെങ്കിൽ തമിഴ്‌നാടും ആന്ധ്രാപ്രദേശും മധ്യപ്രദേശും ബീഹാറും ഗുജറാത്തും കനിയണം എന്ന അവസ്ഥയാണ്. വലിയ പ്രതിസന്ധിയെയാണ് നമ്മുടെ കർഷകർ നേരിട്ടു കൊണ്ടിരിക്കുന്നത്. കേരളം ഹരിതാഭയുടെ സ്വന്തം നാടായിരുന്നു. ഇന്ന് എവിടെ നോക്കിയാലും വില്ലകളും, ഫ്ളാറ്റുകളും പാറമടകളും ഇഷ്ടിക വ്യവസായവും മെറ്റൽ ക്രഷറുകളും നിറഞ്ഞു കാണുന്നു. നമ്മുടെ സ്വന്തം വയലുകൾ, പാടങ്ങൾ, മണ്ണിനെ സ്നേഹിക്കുന്ന മണ്ണിൽ മുത്തു വിളയിക്കുന്ന കർഷകർ എല്ലാം ഓർമ്മകൾ മാത്രമായി. അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കാർഷിക മേഖല ഇനി എത്രനാൾ പിടിച്ചു നില്‍ക്കുമെന്ന് കണ്ടു തന്നെ അറിയണം.
നമുക്കറിയാം, മനുഷ്യരാശിയുടെ ഭക്ഷണത്തിന്റെ അഞ്ചിൽ ഒന്ന് കലോറി ലഭിക്കുന്നത് നെല്ല് കുത്തിയ അരിയുടെ ഭക്ഷണത്തിൽ നിന്നാണ്. അങ്ങനെയുള്ള അരി ആയിരുന്നു മലയാളിയുടെ പത്തായത്തിൽ ഉണ്ടായിരുന്നത്. ഇന്ന് നാം വാങ്ങിക്കഴിക്കുന്ന അരിയാണെങ്കിൽ മായം കലർന്നതും ഗുണ നിലവാരം ഇല്ലാത്തതുമായ അരിയാണ്. അരി ആഹാരം കഴിക്കുന്ന മലയാളികളുടെ ഈ ഗതികേട് അവർ തന്നെ സ്വയം സൃഷ്ടിച്ചതല്ലേ?
നെൽ കൃഷിയെ ഉപേക്ഷിച്ചാലും അരി ആഹാരം ഉപേക്ഷിക്കാൻ നമുക്ക് ആവില്ലല്ലോ.!!

No comments:

Post a Comment