Wednesday, March 30, 2016

വയലാർ രാമവർമ്മ



സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ
ദ്വിഗ്‌വിജയത്തിനെൻ സർഗ്ഗ ശക്തിയാ
മിക്കുതിരയെ വിട്ടയക്കുന്നു ഞാൻ
ആരൊരാളിക്കതിരയെക്കെട്ടുവാൻ
ആരൊരാളിതിൻ മാർഗ്ഗം മുടക്കുവാൻ
പടവാളിനേക്കാളും വീണക്കേ വൈകാരിക
പരിവർത്തനങ്ങളെ മനസ്സിൽ തീർക്കാനാവൂ
കാലം കനിവില്ലാതെ നമ്മിൽ നിന്നും തട്ടിപ്പറിച്ചെടുത്ത നമ്മുടെ സ്വന്തം വയലാർ
പുന്നപ്ര വയലാറിന്റെ സമരാങ്കണഭൂവിൽ നിന്നും തൂലിക പടവാളാക്കി ആദർശ ശുദ്ധിയും മാനവികതയും മലയാളിക്കു പകർന്നു തന്ന കാവ്യ വിസ്മയം.
വെള്ളാരപ്പള്ളി കേരളവർമ്മയുടേയും വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടിയുടേയും മകനായി 1928 മാർച്ച് 25ന്നാണ് വയലാർ ജനിച്ചത്.
സംസ്കൃത പഠനം ഗുരുകുല സമ്പ്രദായത്തിലായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഗാഢബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ കവിതകളും വിപ്ലവ വീര്യം നിറഞ്ഞവയായിരുന്നു.
കമ്യൂണിസ്റ്റാശയങ്ങൾ ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ നാടക ഗാനങ്ങൾ ഒരു കാലത്ത് കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചുയർന്നിരുന്നു. പ്രസിദ്ധമായ
"ബലികുടീരങ്ങളെ...... ബലികുടീരങ്ങളെ
സ്മരണകളിരമ്പും..... രണ സ്മാരകങ്ങളേ....
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമരപുളകങ്ങൾ തൻ.... സിന്ദൂരമാലകൾ °
മലയാളിയിൽ വിപ്ലവ വീര്യം ജ്വലിപ്പിച്ച ഗാനം!
പിന്നീട് ചലചിത്രഗാനങ്ങളിൽ ശ്രദ്ധയൂന്നി
ചലച്ചിത്രഗാനങ്ങളെ കവിതകളാക്കി മാറ്റിയ കവിയാണ് വയലാർ.
ഭാവാവിഷ്ക്കാരത്തിന്റെ സൂക്ഷ്മത രചനകളിൽ നിറഞ്ഞുനിന്നു.
മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലം സുവർണ്ണകാലം എന്നൊക്കെ അറിയപ്പെട്ടിരുന്നത് വയലാർ ദേവരാജൻ കൂട്ടുകെട്ടിന്റെ കാലമായിരുന്നു.
ഹൃദയഹാരിയായ ബിംബങ്ങളിലൂടെ...... സംഗീത സാന്ദ്രമായ പദാവലിയിലൂടെ........... മലയാളിയുടെ ഹൃദയത്തിന് കാല്പനിക ഭാവത്തിന്റെ അനുഭൂതി പകരാൻ വയലാറിന്റെ ഗാനങ്ങൾക്കേ കഴിഞ്ഞിട്ടുള്ളു.
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെയോർമ്മ വരും
ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
ശകുന്തളേ നിന്നെയോർമ്മ വരും
വയലാറിനു മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ബിംബങ്ങൾ
ആനന്ദ നിർവൃതിക്ക് കാവ്യാസ്വാദനത്തിൽ കവിഞ്ഞ് മറ്റൊന്നുമില്ല.എന്നാൽ
കലയുടെ പിന്നിൽ ആദർശത്തിന്റെ ജ്വാല ഉണ്ടായിരിക്കണമെന്നു് വയലാറിനു നിർബ്ബന്ധമായിരുന്നു.
വള്ളത്തോൾ കുമാരനാശാൻ എന്നിവരേക്കാൾ ചങ്ങമ്പുഴയാണ് വയലാറിനെ കൂടുതൽ സ്വാധീനിച്ചിരുന്നത്‌..... പക്ഷെ ചങ്ങമ്പുഴ വിഷാദ കവിയെങ്കിൽ വയലാർ വിപ്ലവത്തിന്റേയും ഊർജ്ജ്വസ്വലതയുടേയും കവിയായിരുന്നു.
ദൌർബല്യങ്ങൾക്കോ ചാപല്യങ്ങൾക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല
.
ജീവിതത്തെ അങ്ങേയറ്റം സ്നേഹിച്ച.... ജീവിച്ചു മതിയാവാത്ത കവിയായിരുന്നു..
അതു കൊണ്ടാണ് അദ്ദേഹം
ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ......
സന്ധ്യകളുണ്ടോ..... ചന്ദ്രികയുണ്ടോ...
ഗന്ധർവ്വ ഗീതമുണ്ടോ.....
വസുന്ധരേ.... കൊതിതീരും വരെ ഇവിടെ പ്രേമിച്ചു
മരിച്ചവരുണ്ടോ....
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി......
എനിക്കിനിയൊരു ജന്മം കൂടി........
എന്നു പാടിയത്
നാടൻ ശൈലികളും ലളിതകോമള പദാവലിയുംവൃത്ത സംഗീതവും കൊണ്ട് സാധാരണ ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ വസ്തുനിഷ്ഠമായി കാണാൻ വയലാറിന്റെ സർഗ്ഗ വൈഭവത്തിനു കഴിഞ്ഞിട്ടുണ്ടു്
അദ്ദേഹം നമുക്കു മുന്നിൽ കാഴ്ചവെച്ചത് നിറമുള്ള ജീവിതങ്ങൾ ആയിരുന്നു.
ജീവസ്സുറ്റ പദങ്ങൾ കൊണ്ടു് അന്തരംഗത്തിൽ കുരുത്ത ആശയങ്ങൾ ആസ്വാദക മനസ്സിൽ വികാരങ്ങൾ സൃഷ്ടിക്കാൻ വയലാറിന് അപാരമായ സിദ്ധിയാണ്
ശ്രീകോവിൽ തിരുനടയിങ്കൽ കർപ്പൂര മലകൾ
കൈകൂപ്പിത്തൊഴുതുരുകുമ്പോൾ
പത്മരാഗപ്രഭ വിടർത്തും തൃപ്പദങ്ങൾ ചുംബിക്കും
കൃഷ്ണ തുളസിപ്പൂക്കളാകാൻ വരുന്നു ഞങ്ങൾ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഏതു നിരീശ്വരവാദിയും അറിയതെ കൈകൂപ്പിപ്പോകും
വെണ്ണ തോൽക്കുമുടലോടെ
ഇളം വെണ്ണിലാവിൻ തളിർ പോലെ
രാഗിണീ.... മനോഹാരിണീ
രാത്രി രാത്രി വിടരും നീ.....
അനുരാഗ പുഷ്പിണീ...
..
ഏതു സന്യാസിയും വിഷയാസക്തനായിപ്പോവും
അതാണ് വയലാർ കവിതയുടെ ശക്തി..... ചരിത്രത്തിനപ്പുറത്തു നിന്നൊഴുകുന്ന കാവ്യ ഗംഗ
നഷ്ടപ്പെടുത്തലുകൾ നൽകുന്ന ശൂന്യത ഒരിക്കലും നികത്താൻ കഴിയാത്തതാണ്
പക്ഷെ മരണം...... അതു പ്രകൃതിയുടെ അനിവാര്യതയാണ്......
എഴുതിത്തീരാത്ത ഗാനങ്ങൾ ബാക്കിവെച്ച് 1975 ഒക്ടോബർ ഇരുപത്തിയേഴാം തീയ്യതി നാല്പത്തേഴാമത്തെ വയസ്സിൽ അദ്ദേഹം ലോകത്തോട് വിട പറഞ്ഞു...
മലയാളികൾ നെഞ്ചിലേറ്റിയ ഒട്ടനേകം സുരഭില ഗാനങ്ങളുണ്ടു്
ആ ഗാനങ്ങൾക്ക് മരണമില്ല
ചക്രവാളത്തിൻ മതിൽക്കെട്ടിന്മേൽ കൈയ്യും കുത്തി
നില്ക്കും ഞാൻ പ്രപഞ്ചത്തിൻ ഭ്രമണം നിയന്ത്രിക്കാൻ!
ഗോളങ്ങളെടുത്തു ഞാൻ പന്തടിക്കുമ്പോൾ, വിദ്യു-
ന്നാളങ്ങൾ കെടുത്തിയും കത്തിച്ചും രസിക്കുമ്പോൾ
നീരവ നീലാകാശ മേഖലകളിൽ, നാളെ
താരകേ നിന്നെക്കൊണ്ടു നർത്തനം ചെയ്യിക്കും ഞാൻ!
കുതിരപ്പുറത്തു ഞാൻ പാഞ്ഞു പോവുമ്പോൾ കൈയ്യിൽ
കുതറിത്തുള്ളിക്കൊണ്ടെൻ ചാട്ടവാറിളകുമ്പോൾ
ഞടുങ്ങിപ്പോകുന്നില്ലെ നിമിഷങ്ങളിൽ കുള-
മ്പടികൾ പതിയുമ്പോളീയണ്ഡകടാഹങ്ങൾ?
കാലമാണവിശ്രമം പായുമെന്നശ്വം....... സ്നേഹ-
ജ്വാലയാണെന്നിൽക്കാണും ചൈതന്യം.....സനാതനം!
പ്രകാശം മാത്രം ജ്വലിപ്പിച്ചുകൊണ്ടു് അകാലത്തിൽ പൊലിഞ്ഞു പോയ ആ ദീപ നാളത്തിന്നു മുന്നിൽ......... കാവ്യ തേജസ്സിന്നു മുന്നിൽ
നമ്രശിരസ്ക്കയായി...............

1 comment: