Thursday, March 24, 2016

ജലമാനേജ്മെന്റ് എന്ത്? എങ്ങനെ?


വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. ആഗോളതാപനം പോലെ തന്നെ ആഗോളതലപ്രശ്നമായി ജലവും ഇന്ന് മാറിയിരിക്കുന്നു. ജലത്തിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയ തലമുറ ജലത്തിന്റെ വിവേകപൂർവ്വമായ ഉപയോഗം മനസ്സിലാക്കിയവരും നിയന്ത്രിതമായ ഉപയോഗം പ്രാവർത്തികമാക്കിയവരും ജലസംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിച്ചവരുമായിരുന്നു. വീടുകളിൽ ഉപയോഗിച്ചിരുന്ന കിണ്ടിയും ചെടിയുടെ ചുവട്ടിൽ കുടം വച്ചുള്ള ജലസേചനരീതിയും വീടുകളിലെ കാവുകൾ, കുളങ്ങൾ, കിണറുകൾ, എന്നിവയും തലക്കുളങ്ങളും, തോടുകളുടെ ഇരുവശങ്ങളിലും കൈതപോലുള്ള ചെടികൾ വച്ചുപിടിപ്പിക്കുന്നതും എല്ലാം അതിന്റെ ദൃഷ്ടാന്തങ്ങളാണ്. ജലത്തെ സ്നേഹിച്ചവരും, മഴയെ ഇഷ്ടപ്പെട്ടവരുമായിരുന്നു നമ്മുടെ പിൻമുറക്കാർ.
ആധുനിക സമൂഹം മേൽപറഞ്ഞതെല്ലാം വിസ്മരിച്ച് പ്രവർത്തിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സ്വാർത്ഥ ചിന്തയും ആധുനിക സൌകര്യങ്ങളോടുള്ള ഭ്രമവും, ഭാവിയെക്കുറിച്ചുള്ള ചിന്തയില്ലായ്മയും മൂലം ജലസംരക്ഷണം വിവേകപൂർവ്വമായ ഉപയോഗവും ഉപേക്ഷിച്ചു എന്ന് മാത്രമല്ല ലഭ്യമായ വെള്ളത്തെ നശിപ്പിക്കാനും തുടങ്ങി. മാത്രമല്ല, പ്രകൃതിയുടെ വരദാനമായ വെള്ളം എല്ലാവരുടെയും അവകാശമാണെന്നും അത് സൌജന്യമായി ഉപയോഗിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ടെന്നും ഉള്ള ബോധം വെള്ളക്കച്ചവടക്കാരുടെ പ്രചാരണ കോലാഹലങ്ങളിൽപ്പെട്ട് നഷ്ടമായിക്കൊണ്ടുരിക്കുന്നു. ഫലമോ സാധാരണക്കാരന് ജലത്തിന്മേലുള്ള അവകാശം നഷ്ടമാകുകയും, അവന് അത് നഷ്ടമാകുകയും ചെയ്യും.
വായുകഴിഞ്ഞാൽ മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും
ജീവൻ നില നിർത്താൻ ആവശ്യമായ രണ്ടാമത്തെ ഘടകമാണ് വെള്ളം. ഭൂമിയിൽ ഉപരിതലത്തിന്റെ 71 ശതമാനവും വെള്ളമാണ്. ലഭ്യമാകുന്ന വെള്ളത്തിന്റെ 97.5 ശതമാനവും ഉപ്പുവെള്ളമാണ്. (1.78 ശതമാനം വീതം മഞ്ഞപ്പാളികളായും ഭൂഗർഭജലമായും സ്ഥിതി ചെയ്യുന്നു.) അവശേഷിക്കുന്ന 2.5 ശതമാനത്തിന്റെ 0.3 ശതമാനം മാത്രമാണ് ജീവജാലങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നത്. ലോകജനസംഖ്യ പ്രതിവർഷം 85 ദശലക്ഷം വീതം വർദ്ധിക്കുന്നു. അതനുസരിച്ച് ജലത്തിന്റെ ആവശ്യവും വർദ്ധിക്കുന്നു. ലോകത്ത് ഉപയോഗിക്കുന്ന അഞ്ചിൽ ഒരു ഭാഗം ഭൂഗർഭജല സ്ത്രോതസ്സുകളിൽ നിന്നാണ് ലഭിക്കുന്നത്. 3000 മി.മീറ്ററിലധികം മഴ ലഭിക്കുന്ന കേരളത്തിൽ വരൾച്ചയും കുടിവെള്ള ക്ഷാമവും ഉണ്ടാകുന്നു. (കുറഞ്ഞ മഴ ദിവസങ്ങൾ, ചരിഞ്ഞ ഭൂപ്രകൃതി എന്നിവ മൂലം വെള്ളം വളരെ വേഗം കടലിലെത്തുന്നു). ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പശ്നങ്ങളിലൊന്ന് കുടിവെള്ള മലിനീകരണമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ യുണൈറ്റഡ് നാഷൻസ് എൻവയോണ്മെന്റ് പ്രോഗ്രാം കണക്കാക്കുന്നു. ആഗോളതലത്തിലായാലും ദേശീയതലത്തിസായാലും സംസ്ഥാനതലത്തിലായാലും സുരക്ഷിതമായ കുടിവെള്ളം ഗൌരപ്പെട്ട പ്രശ്നമാണ്. നമ്മുടെ നാട്ടിൽ മഴക്കാലത്ത് പോലും കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശങ്ങളുണ്ട്. രഷ്ട്രങ്ങൾ തമ്മിലും (ഉദാ. ഇന്ത്യയും ബംഗ്ലാദേശും) സംസ്ഥാനങ്ങൾ തമ്മിലും (ഉദാ. കാവേരീ നദീജലതർക്കം, മല്ലപ്പെരിയാർ പ്രശ്നം) പ്രദേശങ്ങൾ തമ്മിലും വെള്ളം സംബദ്ധിച്ച് തർക്കങ്ങളും ഏറ്റു മുട്ടലുകളും ഉണ്ടാകുന്നു. എല്ലാവർക്കും അവകാശപ്പെട്ട വെള്ളം ചിലർ കയ്യടക്കി വെള്ളത്തെ കച്ചവടച്ചരക്കാക്കിക്കൊണ്ടിരിക്കുന്നു. ചിലർ അമിതമായി ചൂഷണം ചെയ്യുന്നു. സുക്ഷിതത്വത്തിന്റെ പേരു പറഞ്ഞ് കുപ്പിവെള്ളം വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. ജലത്തിന്റെ അമിതോപയോഗവും ദുരുപയോഗവും നടക്കുന്നു. ജലക്ഷാമം കുടിവെള്ളത്തെ മാത്രമല്ല കൃഷിയേയും ബാധിക്കുന്നു. കുന്നിടിക്കലും, വയൽ നികത്തലും, മണലൂറ്റും, വനനശീകരണവും, ജലാശയങ്ങൾ നികത്തലും ജലപ്രശ്നമായി ഇപ്പോഴും ഗൌരവമായി പരിഗണിക്കാതെ ജനം ഇതെല്ലാം കയ്യും കെട്ടി നോക്കി കാണുന്നു.
നമ്മുടെ ജലസ്രോതസ്സുകൾ മുന്നു തരത്തിലാണ്. മഴവെള്ളം. (ഏറ്റവും ശുദ്ധം. നേരിട്ട് ശേഖരിക്കാം.) ഉപരിതലജലം. (അരുവികൾ, തടാകങ്ങൾ, നദികൾ, സമുദ്രങ്ങൾ, കുളങ്ങൾ.) ഭൂഗർഭജലം.( ഭൂമിയുടെ ഉപരിതലത്തിലൂടെ അരിച്ചിറങ്ങി രൂപപ്പെടുന്നജലം)
ഏറ്റവും കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് കൃഷിക്കാണ്. അതു കഴിഞ്ഞാൽ പിന്നെ കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് വ്യവസായികാവശ്യങ്ങൾക്കാണ്. മൂന്നാമതായി വെള്ളം ഉപയോഗിക്കുന്നത് ഗാർഹികാവശ്യങ്ങൾക്കാണ്. വൈദ്യുതി ഉൽപ്പാദനത്തിന് വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പാഴാകുന്നില്ല. ജലഗതാഗതത്തിനായും വെള്ളം ഉപയോഗിക്കുന്നു.
ചുരുക്കി പറഞ്ഞാൽ ജലമാനേജ്മെന്റ് എന്ത് എങ്ങനെ എന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം. കിട്ടുന്ന വെള്ളത്തെ എങ്ങനെ സംരക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാം, മലിനപ്പെടാതിരിക്കാൻ എന്തു ചെയ്യണം, എന്ത് ആവശ്യങ്ങൾക്ക് ഉപയോഗിക്കണം, ദുരുപയോഗവും അമിത ഉപയോഗവും പാഴാക്കലും എങ്ങനെ തടയാം, കുറച്ച് വെള്ളം ഉപയോഗിച്ച് എങ്ങനെ ആവശ്യങ്ങൾ നിറവേറ്റാം എന്നിവയെല്ലാം ജലമാനേജ്മെന്റിന്റെ ഭാഗമായി ഓരോരുത്തരും സമൂഹം കൂട്ടായും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതാണ്.
ഞാൻ നല്ല വെള്ളം പണം കൊടുത്ത് വാങ്ങി സുഖമായി ജീവിച്ചു കൊള്ളാം. കുടിവെള്ള പ്രശ്നമൊന്നും എനിക്കൊരു പ്രശ്നമല്ല എന്ന് ആരും കരുതരുത്. വെള്ളം സംരക്ഷിക്കാനും മലിനമാക്കാതിരിക്കാനും ശ്രദ്ധിച്ച് ഉപയോഗിക്കാനുമുള്ള സാമൂഹ്യബോധം എല്ലാവരിലും ഉണ്ടാകണം. എന്റെ കാര്യം ഞാൻ തനിയേ നോക്കിക്കോളാം എന്ന ആധുനിക സ്വർത്ഥമനഃസ്ഥിതി വെള്ളത്തിന്റെ കാര്യത്തിലെങ്കിലും സാധ്യമല്ല. ഒരാളുടെ വീട്ടിലെ കിണറ്റിലേക്ക് അയൽക്കാരന്റെ വീട്ടിലെ കക്കൂസ് ടാങ്കിൽ നിന്നും മണ്ണിനടിയിലൂടെ മാലിന്യങ്ങൾ ഒലിച്ചിറങ്ങുന്നത് എങ്ങനെ തടയും.? എന്റെ വെള്ളം എന്ന മനോഭാവം മാറ്റി നമ്മുടെ വെള്ളം എന്ന് ചിന്തിച്ചേ മതിയാവൂ.
മണ്ണും വെള്ളവും ജൈവസമ്പത്തും മറ്റ് പ്രകൃതി വിഭവങ്ങളും നശിപ്പിക്കാതെ നാളത്തെ തലമുറക്കായി കരുതി വയ്ക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ്. വെള്ളത്തെ സംരക്ഷിച്ചുകൊണ്ടു മാത്രമെ അതിനു കഴിയൂ. അതിനു വേണ്ടി ആത്മാർത്ഥമായ ഒരു പ്രതിജ്ഞ നാം ഓരോരുത്തരും എടുത്താൽ നമ്മുടെ മക്കളെയും മക്കളുടെ മക്കളേയും കുറിച്ച് നമുക്ക് ആശങ്കപ്പെടേണ്ടി വരില്ല.
ഓരോ തുള്ളി ജലവും അമൂല്യമാണ്! ജലം പാഴാക്കരുത്!! ജലം മലിനമാക്കരുത്!!

No comments:

Post a Comment