Thursday, March 24, 2016

തീര്‍ത്ഥ ഫൌണ്ടേഷൻ.



കേരളത്തിലെ ഓരോ ജനങ്ങളും കഴിച്ചു കൊണ്ടിരുന്നത് വിഷം കലര്‍ന്ന പച്ചക്കറിയാണ് എന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. എന്തിനും ഏതിനും വിഷമയം. നല്ല ശുദ്ധമായ പച്ചക്കറികളാണ് കടകളില്‍ വില്‍ക്കുന്നതെന്നാണ് ആദ്യമൊക്കെ പാവം ജനങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍, കഴിയ്ക്കുന്നതെല്ലാം മാരകമായ വിഷം മാത്രം. പച്ചക്കറി ഫ്രഷായിരിക്കാന്‍ എന്തെല്ലാം മാരകമായ വഴികളാണ് കച്ചവടക്കാര്‍ സ്വീകരിച്ച് വരുന്നത്. വിഷം കലര്‍ന്ന പച്ചക്കറികള്‍ കഴിച്ചാല്‍ ഇല്ലാത്ത പുതിയ അസുഖങ്ങള്‍ വരെ പിടിപ്പെടാം.
മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ്‌ ജൈവ കൃഷിരീതി. ദോഷ ഫലങ്ങളുണ്ടാക്കുന്ന ചേരുവകൾ ഉപയോഗിക്കുന്നതിന്‌ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ, ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് അനുരൂപമായതിനെ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ. പരമ്പരാഗത രീതികളും പുത്തൻ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം‌യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തിൽ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു.
ജൈവകൃഷിയില്‍ വ്യക്തിമുദ്ര പ്രാപിച്ച ഒരു സംഘടനയാണ് തീര്‍ഥ ഫൌണ്ടേഷൻ. നാടിന്‍റെ ഇന്നത്തെ അവസ്ഥയില്‍ ഈ സംഘടനയുടെ പ്രസക്തിയും പ്രാധാന്യവും ചെറുതല്ല. കോഴിക്കോട് ജില്ലയിലെ പയ്യോളി ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചതും ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഒരു പ്രസ്ഥാനമാണിത്. സത്യന്‍ ബുക്ക്‌ലാന്റ് ചെയര്‍മാനും, എന്‍.കെ. രവീന്ദ്രന്‍ (ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍), ബിജിത്ത് ബാല (ഫിലിം ഡയറക്ടര്‍), കെ.പ്രവീണ്‍ (ADGM, ഐഡിയ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍,കൊച്ചി), ബെന്നി ജെയിംസ് (ഹരിതവനം ഫാം ഹൗസ് വണ്ടിപ്പെരിയാര്‍), നവനീത്. സി നാരായണന്‍ (റിലയന്‍സ് , കോഴിക്കോട്), ജയലക്ഷ്മി സത്യചന്ദ്രന്‍ (ഹൗസ് വൈഫ്, കോഴിക്കോട്) എന്നിവര്‍ ട്രസ്റ്റി അംഗങ്ങളായാണ് തീര്‍ത്ഥ ഫൗണ്ടേഷന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ചെറു പ്രായത്തിൽ തന്നെ മരണത്തിനു കീഴടങ്ങിയ തന്റെ മകളുടെ സ്മരണയ്ക്കായി സത്യൻ തിരഞ്ഞെടുത്ത വഴിയാണ് വിഷമയമായ പച്ചക്കറികളിൽ നിന്നും സമൂഹത്തെ മോചിപ്പിയ്ക്കുന്നതിനുള്ള ക്രിയാത്മകമായ ഈ പ്രവർത്തനം. മകളുടെ പേരിൽ ആരംഭിച്ച, Indian Charitable Trust ആക്ട്‌ അനുസരിച്ച് രജിസ്ടർ ചെയ്ത സത്യൻ ചെയർമാനായുള്ള തീർത്ഥ ഫൌണ്ടേഷൻ, ജൈവകൃഷിയുടെ പ്രചരണത്തിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു തേരോട്ടം തന്നെയാണ് തുടർന്ന് നടത്തിയത്. ഇതേ പേരിൽ ആരംഭിച്ച ഫേസ് ബുക്ക് കൂട്ടായ്മ വഴി സംസ്ഥാനത്തിലെ 39,000 കുടുംബങ്ങളിൽ ജൈവ കൃഷിയുടെ മാധുര്യം പകർന്നു;
ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കാനായി കേരളത്തിലുടനീളം അമ്പതിലധികം ക്ലാസ്സുകളും മുന്നൂറ്റിഅന്‍പതിലധികം ശില്‍പ്പശാലകളും ഇതിനോടകം സത്യൻ സംഘടിപ്പിച്ചു. സാമ്പത്തിക നേട്ടം ലക്ഷ്യമാക്കാതെ നടത്തുന്ന ഇദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും ഈ ജൈത്രയാത്രയിൽ എണ്ണി പറയാൻ വിശേഷങ്ങൾ ഏറെ. സ്കൂൾ കുട്ടികൾക്കായി ജൈവ കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മത്സരങ്ങൾ നടത്തിയതിലൂടെ അവരിൽ അവബോധം സൃഷ്ടിയ്ക്കാൻ കഴിഞ്ഞു.. പ്രദേശത്തെ നാലായിരം കുടുംബങ്ങൾക്കായി സൗജന്യമായി വിത്തുകൾ വിതരണം ചെയ്തു. .വിത്തിന്റെ ലഭ്യത കുറഞ്ഞു തുടങ്ങിയതോടെ വിത്ത്‌ ബാങ്ക് എന്ന ആശയവും അദ്ദേഹം പ്രാവർത്തികമാക്കി. വിവിധ തരം വിത്തുകളുടെ ''കൊടുക്കല്‍ വാങ്ങല്‍''.. ഇതിനായി അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന മുറി വിത്ത്‌ ബാങ്ക് ആയി മാറ്റി. . 25 ഗ്രാം വിത്ത് നിക്ഷേപിച്ച് വിത്ത് ബാങ്കിൽ അക്കൗണ്ട് തുടങ്ങാം. ആവശ്യമുള്ള വിത്ത് കൈപ്പറ്റുന്നവർ മൂന്നു മാസം കഴിഞ്ഞ് അതേ അളവിൽ വിത്ത് തിരികെ നൽകണം. വിത്ത് പാഴാകാതിരിക്കാനും ഇത് പ്രയോജനപ്പെടും. ഇതാണ് വിത്ത് ബാങ്ക് എന്ന ആശയം.
2015 ഏപ്രില്‍ 19 ന് നടന്ന, 'തീർത്ഥ ഫൗണ്ടേഷൻ' സംഘടിപ്പിച്ച ”എന്റെ അടുക്കളത്തോട്ടം 2015” ന്റെ അവാർഡ് ദാനച്ചടങ്ങ് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നല്കിയ ആവേശം ചില്ലറയല്ല. ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി സിനിമാനടൻ ശ്രീനിവാസൻ സമ്മാനദാനം നിർവഹിയ്ക്കുംപോൾ തന്റെ മകൾ ഏറെ സന്തോഷിച്ച നിമിഷങ്ങൾ എന്നായിരിയ്ക്കും സത്യൻ ഓർത്തിരിയ്ക്കുക. സത്യന്റെ ഇനിയുള്ള സ്വപ്നം തന്റെ പ്രവർത്തനം ഒന്ന് കൂടി വിപുലീകരിച്ചു തന്റെ നാട്ടില്‍ ഒരു ഓര്‍ഗാനിക് വില്ലേജ് കൊണ്ട് വരിക എന്നതാണ്. പതിനാല് ഏക്കര്‍ സ്ഥലത്ത് ആദ്യ ഘട്ടത്തില്‍ രണ്ടു കോടി രൂപ ചിലവ് വരുന്ന ഓര്‍ഗാനിക് വില്ലേജ് ഗ്രിഫി ഗ്രൂപ്പുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മായം കലരാത്ത നല്ല ഭക്ഷണ സാധനങ്ങള്‍ ഉറപ്പ് നല്‍ക്കുക എന്നതാണ് ഈ സംരംഭം കൊണ്ട് ഉദേശിക്കുന്നത്. പദ്ധതി ആരംഭിക്കാന്‍ നഗരസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്
വിഷമുക്തമായ ഒരു കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ആത്യന്തികമായ ലക്ഷ്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കര്‍ഷക സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി കഴിയാവുന്ന സഹായങ്ങള്‍ ചെയ്യുകഎന്നതും ഇതിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിന്റെ ഭാഗമായി കാര്‍ഷിക സെമിനാറുകള്‍ അടുക്കളതോട്ടം നിര്‍മ്മാണ മത്സരം, സ്‌ക്കൂള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള കൃഷിത്തോട്ട നിര്‍മ്മാണം എന്നിവ തീര്‍ത്ഥ ഫൗണ്ടേഷന്‍ ചെയ്തു വരുന്നു. ജൈവ കൃഷി പ്രോത്സാഹിപ്പിയ്ക്കാൻ ഏറെ സഹായകമായ രണ്ടു പുസ്തകങ്ങൾ - ‘അടുക്കളത്തോട്ടത്തിലെ ജൈവ രീതികൾ‘ , ‘ഉരുളയും ഉപ്പേരിയും ‘ - ഇവർ പ്രസിദ്ധീകരിച്ചു.
TheerthaFoundation,
P.O. Payyoli – 673522
Kozhikode-KERALA
Mob: 98952 61045

No comments:

Post a Comment