Thursday, March 31, 2016

മൈലാടുംപാറ



"ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ."
ഏറെ നാളുകൾക്കുശേഷം അമ്മയോടൊപ്പം കുറച്ചുദിനങ്ങൾ. തിരക്കുകളില്ലാതെ ജനിച്ചുവളർന്ന നാട്ടിൽ. മനസിലപ്പോൾ ബാല്യകാലസ്മരണകൾ നിറഞ്ഞു.
നാലാം വയസിൽ, വീടുവാർക്കാനായി ഇറക്കിയിട്ടിരുന്ന മെറ്റൽകൂനയിലോടിക്കയറി വീണു താടിയിൽ തുന്നലിടേണ്ടി വന്നതാണ് ആദ്യ ഓർമ്മ. അതുകൊണ്ട് എസ് എസ് എൽ സി ബുക്കിൽ എഴുതാൻ ഒരു മായാത്ത അടയാളംകിട്ടി.
വീടിനുമുന്നിലെ റോഡിനപ്പുറം കണ്ണെത്താത്തിടത്തോളം
എൻ എസ് എസ് ന്റെ റബ്ബർ തോട്ടം. അതിനപ്പുറം എന്റെ പ്രാഥമിക വിദ്യാലയം. തോട്ടത്തിനു നടുവിലൂടെ സ്കുളിലേക്കു പോണ വഴിക്കൊരു ചെറിയ പാറയുണ്ട്. ഇതാണ് മൈലാടുംപാറ എന്നുപറഞ്ഞു ഞങ്ങൾ കൂട്ടുകാർ അവിടെ ആട്ടവും പാട്ടുമൊക്കെ നടത്തുമായിരുന്നു.റോഡുവക്കിൽ നിൽക്കുന്ന കൈതയുടെ മുള്ളു വളച്ചുകുത്തിവച്ചോ പാഞ്ചിയില പറിച്ചു പുസ്തകത്തിൽ വച്ചോ ആനപ്പിണ്ടത്തിൽ ചവുട്ടിയോ അടിയിൽനിന്നു രക്ഷപെടാനാവുമെന്നായിരുന്നു വിശ്വാസം. വഴിയിൽ കണ്ട വട്ടയിൽ നിന്നു വൃത്തിയുളള രണ്ടു ഇലയും പറിച്ചു സ്കുളിലെത്തും. ഉച്ചക്കു ചൂടു ഉപ്പുമാവു വട്ടയിലയിൽ പൊതിഞ്ഞു വീട്ടിൽ കൊണ്ടുവന്നു തേങ്ങയും പഞ്ചാരയും ചേർത്തുകഴിക്കും. അത്ര രുചിയുള്ള ഉപ്പുമാവുണ്ടാക്കാനുള്ള എന്റെ ശ്രമം ഇന്നും വിജയിച്ചിട്ടില്ല.
ഷേവിംഗ് ബ്രഷിന്റെ ആകൃതിയിലുള്ള മുരിക്കിൻപൂ പെറുക്കാൻ മത്സരിച്ചോടുമായിരുന്നു. വലുത് കിട്ടാൻ. ഇതളുകൾ പറിച്ചു കളഞ്ഞു ബ്രഷ് കവിളിൽ ഉരസി ഇക്കിളാക്കി കളിക്കും.
ഡിസംബർ മാസത്തോടെ റബ്ബറിലകളൊക്കെ പഴുത്തു കൊഴിയും.അതെല്ലാം തൂത്തുകൂട്ടി തീയിടുക നല്ല രസമുള്ള പണിയായിരുന്നു. മെത്തപോലെ കൂടിക്കിടക്കുന്ന ഇലകൾക്ക് മുകളിൽ ഉരുണ്ടുകളിക്കും. മാർച്ചുമാസത്തിൽ പെയ്യുന്ന മഴയ്ക്കു ശേഷം മുപ്ലിവണ്ടുകളുടെ ശല്യമാണ്‌. വീടിനുള്ളിലേക്ക് ഇവയുടെ നുഴഞ്ഞുകയറ്റം തടയാൻ ഒരു ഫലപ്രഥമായ മാർഗ്ഗം കണ്ടെത്താൻ ഒരു പ്രതിരോധ സേനയ്ക്കും ഇതുവരെ കഴിഞ്ഞിട്ടുമില്ല.
മെയ്‌ അവസാനത്തോടെ റബ്ബറിലകളിൽ തുരിശു തളിക്കാൻ ഹെലിക്കൊപ്റ്റെർ വരും. അടുത്തുള്ള മധുരമലയിൽ ഒരു ഹെലിപ്പാഡ് ഉണ്ട്‌. ദിവസം നേരത്തേ അറിയിക്കും. കിണറൊക്കെ മൂടിയിടണം അല്ലെങ്കിൽ തുരിശുവെള്ളം കുടിക്കേണ്ടിവരും. താഴ്ന്നു പറക്കുന്ന യന്ത്രത്തുമ്പിയെ കണ്‍നിറയെ കണ്ടു പൈലറ്റിന് ടാറ്റാ കൊടുക്കും. അയാൾ തിരിച്ചു കൈവീശുമ്പോൾ എന്തൊരു സന്തോഷം. റബ്ബർക്കായകൾ പൊട്ടിവീഴുന്ന കാലം നാടിന്നുല്സവമാണ്. എല്ലാവരും സഞ്ചിയുമായി ഇറങ്ങും. തോടു മഴക്കാലത്ത്‌ തീ കത്തിക്കാൻ നല്ലതാണ്. റബ്ബർക്കുരു വിറ്റാൽ കാശും കിട്ടും. മിനക്കെട്ടു പെറുക്കിയാൽ നല്ല കാശു സമ്പാദിക്കാം.
വേനൽക്കാലം ആവും മുന്നേ തെങ്ങോലകൾ വെട്ടി പറമ്പിൽ അവിടവിടെ കൂട്ടിയിടാറുണ്ടായിരുന്നു. അതിന്റെ മുകളിൽ കിടന്നു ബാലരമയും പൂമ്പാറ്റയും വായിക്കാൻ നല്ല രസമായിരുന്നു. കുറച്ചു ദിവസമാകുമ്പോഴേക്കും ഓലമടലുകൾ രണ്ടായി കീറി കെട്ടുകളാക്കും. ഓലമേഞ്ഞ വീടുള്ളവർ ഈ ഓലക്കെട്ടുകൾ വാങ്ങികൊണ്ടുപോയി തോട്ടിലെ വെള്ളത്തിലിടും. കുതിരുന്ന ഓലകൾ മെടഞ്ഞു വീടുമേയാൻ എടുക്കും. ഇന്ന് വീടുപോയിട്ട് ഒരു ചായ്പ്പു പോലും ഓലമേഞ്ഞതില്ല.
വീട്ടിൽ വിരുന്നു വരുന്നവരെയുംകൊണ്ട് കുളപ്പാറ കാണിക്കാൻ പോകാൻ നല്ല ഉൽസാഹമായിരുന്നു. റബ്ബർത്തോട്ടത്തിനു നടുവിൽ ഒരിക്കലും വറ്റാത്തൊരു കുളo വുമായി വലിയോരു പാറ. അതിനു മുകളിൽ നിന്നാൽ പത്തനാപുരം മുഴുവൻ കാണാം. അകലെയായി സഹ്യനിരകളും. മലകൾക്കിടയിലൂടെ അലസമായ് കുണുങ്ങിയൊഴുകുന്ന പട്ടാഴിയുടെ പ്രിയ കല്ലടയാറും കാണാം. അടുത്തുതന്നെ ഉരലിന്റെ ആകൃതിയിലൊരു പാറയുണ്ട്. അതിനു മുകളിൽ കയറാനൊന്നും പറ്റില്ല. താഴെ ഉലക്കപോലെ മറ്റൊരു പാറയും. പാണ്ഡവരുടെ അജ്ഞാതവാസകാലത്ത് ഭീമൻ ഉപയോഗിച്ചതാണത്രേ ഈ ഉരലും ഉലക്കയും. രഥം ഉരഞ്ഞതാണെന്നു പറയുന്ന ചില പാടുകളും പാറയിലുണ്ട്. കുറച്ചു അപ്പുറത്തായി ചെറിയ ഒരു അമ്പലമുള്ള മറ്റൊരു പാറ. അവിടെ നിന്നാൽ ഞാൻ പഠിച്ച മാലൂർ കോളേജു കാണാം. പത്തനംതിട്ട മുഴുവനും ശബരിമലവരെ കാണാം.കിഴക്കു നീലമലനിരകൾ നോക്കിയിരുന്നാൽ സമയം പോകുന്നയറിയില്ല. ശരീരം തണുക്കില്ലെങ്കിലും മനസു കുളിർപ്പിക്കുന്ന കാഴ്ചകൾ നൽകുന്ന, ഞങ്ങളുടെ ഊട്ടിയാണ്‌ ഈ പാറ. ഇപ്പോഴവിടെ പട്ടാഴി പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ കൂറ്റൻ ടാങ്കുമുണ്ട്. സ്വകാര്യഭൂമിയിലുള്ള
പാറകൾ പലതും പൊട്ടിച്ചു തീരുന്നു.
ആർക്കും വേണ്ടാതിരുന്ന പാറക്കെട്ടുകൾ നിറഞ്ഞ പുരയിടങ്ങൾ പലരെയും മുതലാളിമാരാക്കി.
കൃഷിയും കന്നുകാലി വളർത്തലുമാണ് മിക്കവരുടെയും ജീവിതമാർഗ്ഗം. ഹിന്ദുക്കളും ക്രിസ്ത്യാനികളും ധാരാളമുണ്ടെങ്കിലും മുസ്ലീങ്ങൾ വളരെ കുറവാണ്. ഈ കുഞ്ഞു ഗ്രാമത്തിനു സ്വന്തമായി വല്യ ഉത്സവങ്ങൾ ഒന്നുമില്ല. പട്ടാഴി തിരുവാതിരയും തലവൂർ പൂരവുമാണ്
അടുത്തുള്ള ഉത്സവങ്ങൾ.
പട്ടാഴി, തലവൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കുഞ്ഞു ഗ്രാമം കൊല്ലം ജില്ലയിലാണ്. റബ്ബർ എസ്റ്റെറ്റുകളാൽ സമൃദ്ധം ആയതിനാൽ ജനസംഖ്യ കുറവാണ്. രാഷ്ട്രീയമായോ സാമൂഹികമായോ അധികം പ്രശസ്തരൊന്നും ഇവിടില്ല. വേണ്ടത്ര യാത്രാ സൌകര്യങ്ങൾ ഇല്ലാത്തതു കൊണ്ട് നാലഞ്ചു കിലോമീറ്ററുകൾ നടന്നാണ് സ്കൂളിലും കോളേജിലുമൊക്കെ പോയിരുന്നത്. പണ്ടുതൊട്ടേ മധുരമലയിൽ ഉണ്ടായിരുന്ന വാനരസേന ഈയിടെ നാട്ടിലേക്കും ഇറങ്ങുന്നു. കരിക്കുകളും പഴവർഗ്ഗങ്ങളും മറ്റും അവർക്ക് സ്വന്തമാണിപ്പോൾ. പടക്കംപൊട്ടിച്ചും ചെണ്ടകൊട്ടിയും മറ്റും നാട്ടുകാർ അവരെ ഓടിക്കാൻ ശ്രമിക്കുന്നു. പേരിൽ മയിലാടുന്നുണ്ടെങ്കിലും എന്റെ കുട്ടിക്കാലത്ത് ഒരു മയിലിനെപ്പോലും അവിടൊന്നും
കണ്ടിരുന്നില്ല. എന്നാൽ ഈയിടെയായി ചില മയിലുകൾ അവിടവിടെ ഉണ്ട്.
22 വർഷം മുൻപു റബ്ബർ മരങ്ങളെല്ലാം മുറിച്ചിരുന്നു.അപ്പോൾ വീടിനു മുന്നിൽ നിന്നുള്ള കാഴ്ച ഹാ! വിവരണാതീതം. വാഗമണ്‍ മൊട്ടക്കുന്നുകൾ പോലെ. കിഴക്കു സഹ്യനിരകൾ. പടത്തിൽ കാണുമ്പോലെ മലകൾക്കിടയിൽ നിന്നുയരുന്ന ചുവന്ന സൂര്യനെ കാണാനായി വെളുപ്പിനെ ഉണരുമായിരുന്നു ഞാനന്ന്. പൌർണമി സന്ധ്യകൾ അതിലും മനോഹരമായിരുന്നു. മലകൾക്കിടയിൽ നിന്നുയരുന്ന ചെംചന്ദ്രൻ.
അന്നു ഞാൻ അമ്മയോട് പറഞ്ഞതാ ഇപ്പോഴെങ്ങാനും കല്യാണം നടത്തിയാരുന്നെങ്കിൽ ഫോട്ടോയിലും വീഡിയോയിലുമൊക്കെ ഈ മനോഹര ഭൂമിയും ഉണ്ടായേനെ. അവരതത്ര കാര്യമാക്കിയില്ല. പിന്നെ കല്യാണമായപ്പോഴേക്കും മരങ്ങൾ വളർന്നു മനോഹരദൃശ്യങ്ങൾ മറച്ചുകളഞ്ഞു. പാറയിലൊക്കെപോയി വീഡിയോ എടുത്തിരുന്നു. നിർഭാഗ്യം ആ കാസറ്റു നഷ്ട്ടപ്പെട്ടുപോയി. വീണ്ടും റബ്ബർ വളർന്നിരിക്കുന്നു. അടുത്ത പ്രാവശ്യം മരങ്ങൾ മുറിക്കുമ്പോൾ ആ മനോഹര ഭൂമി എന്റെ കണ്ണിനമൃതാക്കാനാവുമെന്ന
പ്രതീക്ഷയോടെ എന്റെ ഗ്രാമക്കാഴ്ചകൾ നിർത്തുന്നു.

No comments:

Post a Comment