Thursday, March 24, 2016

അനാർക്കലി

                                                                                                                     Anju S Janardanan

മറയുംതോറും തെളിഞ്ഞു തെളിഞ്ഞു വരുന്ന ബന്ധം..... ആശ്വസിപ്പിക്കാനും പ്രതീക്ഷകള്‍ നല്‍കാനും അറിയാതെ, കൂടെ കൂടിയ ബന്ധനം .... അതാണ് പ്രണയം
രാജീവ് നായരുടെ നിർമ്മാണത്തിൽ സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അനാർക്കലി . രണ്ട് മണിക്കൂർ നാല്പത്തിയേഴ് മിനിട്ടിൽ പ്രണയവും കാത്തിരിപ്പിന്റെ തീവ്രതയുമാണ് ചിത്രം വരച്ചുകാട്ടുന്നത്.
പ്രണയത്തിന് വേണ്ടി ജീവൻ ത്യാഗം ചെയ്യാൻ തയ്യാറായി നിൽക്കുന്നവർ, ഒരു സമയം ഒന്നിലധികം പ്രണയം അഭിനയിക്കുന്നവർ, പ്രണയത്തിൽ കാമിക്കുന്നവർ തുടങ്ങി പ്രണയത്തിന്റെ പല മുഖങ്ങൾ നമുക്കിന്ന് കാണാം.
വെറും മൂന്നോ നാലോ ആഴ്ചകൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ അവസാനിക്കുന്ന പ്രണയങ്ങളാണിന്ന് കൂടുതലും . രമണനും ചന്ദ്രികയും മുതൽ കാഞ്ചനമാല് - മൊയ്തീൻ വരെ നിരവധി ദുരന്ത പര്യവസായിയായ പ്രണയകഥകൾ നാം കണ്ടിട്ടുണ്ട്. രമണനും ചന്ദ്രികയിലുമേറെ വലിയൊരു ഭൂമികയിലാണ് സലീം രാജകുമാരൻ _അനാർക്കലി കഥ . മുഗൾ രാജകുമാരനായിരുന്ന സലീം പ്രണയിച്ചിരുന്നതായി കരുതപ്പെടുന്ന പേർഷ്യൻ ദേവദാസി ആണ് അനാർക്കലി. പ്രണയത്തിന് വേണ്ടി മരണം വരിക്കേണ്ടി വന്നവൾ. സലീം - അനാർക്കലി പ്രണയ ദുരന്തകഥ ആസ്പദമാക്കി പല നാടുകളിൽ പല ഭാഷകളിൽ ധാരാളം സാഹിത്യരൂപങ്ങൾ ഉണ്ടായിട്ടുണ്ട്.
നാദിറയെ തേടിയുള്ള ശന്തനുവിന്റെ തിരച്ചിലും കാത്തിരിപ്പുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നേവൽ ബേസിലെ തുടക്കകാലത്താണ് ശന്തനുവിന്റെ മുന്നിലേക്ക് നാദിറ എത്തുന്നത്. ഖവാലി ഗായരുടെ സംവാദത്തിൽ കരഘോഷം നിറഞ്ഞ സദസിൽ ആവരങ്ങൾക്കിടയിലൂടെ പ്രണയം നിറച്ച കണ്ണുകളുമായി മറ്റൊരു സലീം രാജകുമാരനായി ശന്തനു നാദിറക്ക് മുൻപിലേക്ക് എത്തുന്നു. കാണക്കാണെയുള്ള കുസൃതിയും കുറുമ്പും പ്രണയമാണെന്ന് തിരിച്ചറിയുമ്പോേഴക്കും കഴുകന്റെ കണ്ണുകൾ നാദിറയുടെ പിതാവിന്റെ രൂപത്തിൽ അതിനുമേൽ പതിച്ചിരുന്നു. തുടർന്ന് ജോലി നഷ്ടപ്പെട്ട് പോകുന്ന ശന്തനുവിന് പതിനഞ്ചുകാരിയായ നാദിറ നൽകുന്ന വാക്കിൻമേലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ശേഷം പലയിടങ്ങളിൽ പല ജോലികളിൽ മുഴുകുന്ന ശന്തനു അവിടെ എല്ലാം തന്റെ പ്രാണപ്രേയസിയെ തിരയുന്നതാണ് തുടക്കത്തിലൂടെ വ്യക്തമാകുന്നത്. ശന്തനുവിന്റെ യാത്രയും ജോലിയും ജീവിതവുമെല്ലാം നാദിറയമായുള്ള പ്രണയം സാക്ഷാത്കരിക്കുവാൻ വേണ്ടി മാത്രമാണ്. രണ്ടാം പാതിയോടെ കഥ വലിച്ചു നീട്ടപ്പെടുകയാണെങ്കിലും അവസാന ഘട്ടം എത്തും മുൻപ് തന്നെ പഴയ ആവേഷത്തിലെത്തി ചേരുന്നു. വെറുമൊരു പതിനഞ്ചുകാരിയുടെ വാക്കിൽ തുടങ്ങുന്ന പ്രണയവും തീവ്രമായ കാത്തിരിപ്പും ശുഭപര്യവസായിയായി ചിത്രം അവസാനിക്കുന്നു.
ശന്തനു വായി മലയാളത്തിന്റെ യുവ നടൻ പൃഥ്വിരാജും നാദിറയായി േബാളിവുഡ് താരം പ്രയാല് ഗോറും തകർത്തപ്പോൾ ചിത്രത്തിന്റെ ഓരോ രംഗങ്ങ നർമ്മരസം പുലർത്തി ലക്ഷദ്വീപിന്റെ മെയിനായ ആറ്റക്കോയയായി സുരേഷ് കൃഷ്ണ, ശന്തനുവിന്റെ സുഹൃത്ത് സക്കറിയയായി ബിജു മേനോൻ , ഡോ.ഷെറിനായി മിയ, റേഡിയോ നിലയത്തിലെ അനൗൺസറായി അരുൺ എന്നിവരും രംഗത്തെത്തി. മിയയുടെ വ്യത്യസ്തമായ വേഷമായിരുന്നു ഡോ.ഷെറിൻ. ഇവർക്ക് പുറമേ സംസ്ഥാന പുരസ്കാര ജേതാവ് സുദേവ് നായർ നാദിറയുടെ സഹോദരനായും ബോളിവുഡ് താരം കബീർ ബേദി നാദിറയുടെ പിതാവായും വേഷമിട്ടു. അതിഥി താരങ്ങളായ ജയരാജ് വാര്യർ , രഞ്ജി പണിക്കർ എന്നിവരും രസകരമായ അന്തരീക്ഷം ഒരുക്കുന്നു .
മികച്ച സംഭാഷണങ്ങളാണ് അനാർക്കലിയുടെ മറ്റൊരു പ്രത്യേകത.
"പ്രണയത്തിലൂടെ അനാർക്കലി എന്നു നേടി?
സലീം ജഹാംഗിറായി, ചക്രവർത്തിയായി " .
" എന്നിട്ടും അനാർക്കലിയുടെ പേരു ചേർത്താണല്ലോ ജഹാംറിനെ അറിയപ്പെടുന്നത്?
'പ്രണയം' മരണം പോലെ സത്യമാണ് " .
ഖവാലി പ്രണയ വാചകങ്ങളിലൂടെ ജനഹൃദയത്തിൽ പ്രണയത്തിന്റെ വില യുവതല മുറക്ക് പറഞ്ഞു കൊടുക്കും വിധമാണ് സച്ചി സംഭാഷണങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ചിത്രകരണം പൂർണ്ണമായും ലക്ഷദ്വീപിലാണ് ഒരുക്കിയിരിക്കുന്നത്. ഓരോ സീനിലും കടലും തീരവും ഓളവും കാറ്റും ഒക്കെ വന്നു നിറഞ്ഞു നിൽക്കുന്നു. കേരളത്തെ അപേക്ഷിച്ച് ലക്ഷദ്വീപിലെ ജീവിതം മനോഹരമാണെന്നും അതുപോലെ അവിടുത്തെ ജീവിതരീതികളും ചിത്രത്തിൽ പറയുന്നുണ്ട്. അടമുറപ്പില്ലാത്ത മുറികളിൽ കള്ളവും കാപട്യവും പീഡനവുമില്ലാത്ത സന്മനസുള്ളവരുടെ നാടാണത്രേ ലക്ഷദ്വീപ്.
വിനീത് ശ്രീനിവാസൻ - മഞ്ജരി ശബ്ദമാധുര്യത്തിൽ "ആ ഒരുത്തി അവളൊരുത്തി" ചിത്രത്തിലെ വ്യത്യസ്തമായ ഗാനമാണ്. കടൽ കാറ്റു പോലെ കാതുകളിൽ നിറഞ്ഞു നിൽക്കുന്നതാണ് വിദ്യാസാഗറിന്റെ സംഗീതവും....

No comments:

Post a Comment