Thursday, March 31, 2016

കലികാല കാലൻ



കാലൻ തന്‍റെ വാഹനമായ പോത്തിന്റെ പുറത്തു കയറി ഭൂമിയിലേക്ക്‌ ഇറങ്ങി .
“ഇന്നൊരു കൈക്കൂലിക്കാരനെയാണ് കൊണ്ടു വരേണ്ടത്. ഭൂമിയിൽ ഇറങ്ങിയ കാലൻ തന്‍റെ പോത്തിന്റെ പുറത്തേറി അങ്ങിനെ പോകുമ്പോൾ ഒരു ബൈക്കിൽ മൂന്നു ന്യൂ ജെനറെഷൻ പിള്ളേരു പാഞ്ഞു പോകുന്നു.
ഓ! ഈ പിള്ളേരിപ്പോ കൊന്നേനെ. നിന്നെയൊക്കെ പിന്നെ എടുത്തോളാമെടാ.......... പിന്നെ ഓർത്തു ഈ പോത്തിനെയും കൊണ്ട് നടക്കുന്ന നേരത്തു അത്തരം ഒരു വണ്ടിയായിരുന്നേൽ ജോലി എളുപ്പമായിരുന്നു.
കാലനു പോത്തിന്‍റെ പുറത്തു കേറി പോയപ്പോൾ അല്‍പം ജാള്യം തോന്നി. പിന്നെ ആശ്വസിച്ചു.
ഓ!! വേറാരും കാണാനൊന്നും പോകുന്നില്ലല്ലോ. എന്നാൽ കുറച്ചു നടന്നു നീങ്ങിയപ്പോൾ ഒരു സ്ത്രീ ശബ്ദം !!
“ വരുന്നുണ്ട് !! കാലൻ !!
ങ്ങേ??!!! കാലൻ ഞെട്ടി. “അപ്പോൾ മനുഷ്യർക്ക് ‌ തന്നെ കാണാൻ സാധിക്കുന്നുണ്ടോ? “
“നിന്‍റെപ്പനാടീ കാലൻ”
ഒരു പുരുഷ ശബ്ദം കേട്ടു കാലൻ വീണ്ടും ഞെട്ടി. ഇപ്പ്രാവശ്യം കാലന്‍റെ വാഹനവും ഞെട്ടി.!!!
എന്നിട്ട് ഒളികണ്ണിട്ടു കാലനെ നോക്കി ..
“അമ്പട വീരാ.....ഇവിടേം!!!??? ”
പോത്തു ഊറി ചിരിച്ചു.
“ഹേയ് .. എന്റേത് ഇങ്ങനെയല്ല” എന്നർത്ഥ ത്തിൽ കാലൻ തന്‍റെ വാഹനത്തെ ദയനീയമായി ഒന്ന് നോക്കി.
എന്നിട്ട് ശബ്ദം വന്ന ദിക്കിലേക്കു നോക്കി . വളരെ ക്ഷീണിച്ച ഒരു ആൾ രൂപം ആടി ആടി വരുന്നു. കുഴഞ്ഞ ശബ്ദത്തിൽ അവൻ ഒരു പാട്ടും പാടുന്നുണ്ട് .
“മലരേ... നിന്നെ... കാണാതിരുന്നാൽ ...”
കാലന്‍റെ എക്സ്റേ കണ്ണുകൾ അവനെ ഒന്ന് അടിമുടി നോക്കി . ഇവന്റെ കരളൊക്കെ തീരാറായല്ലോ.
"നിന്നെ ഞാൻ എടുത്തോളാടാ മരുമോനെ." ...
കാലൻ തന്‍റെ ലക്ഷ്യത്തിലേക്കു നീങ്ങി.
അപ്പോഴേക്കും മരുമോന്‍റെ ശബ്ദം അങ്ങ് ഉച്ചസ്ഥായിയിലായി.
“മലരേ...... ..... മലരേ......................”
ദൂരെ നിന്ന് കേട്ടപ്പോൾ കാലനു ഒരു സംശയം.. ഇനി അവൻ “മലരേ “ എന്ന് തന്നെയല്ലേ പറയുന്നേ??!!
ആ... എന്തേലുമാകട്ടെ. കാലൻ തന്‍റെ പ്രയാണം തുടർന്നു.
വാ ഹനം പാർക്ക് ചെയ്തു കാലന്‍ ഒരു കയറുമായി പ്രശസ്തമായ ആ ആശുപത്രിയുടെ ഐ സി യു വിന്റെ മുന്നിലേക്ക് നടന്നു ചെന്നു.
"ഇപ്പോൾ വരും ഒരുത്തൻ.!!!
ഐ സി യു വിന്റെ വാതിൽ തുറന്നു ധൃതിയിൽ ഡോക്ടറും നഴ്സുമാരും അകത്തോട്ടു പോകുന്നു. അകത്തു കിടക്കുന്ന ആളുടെ നില ഗുരുതരമാണ്. ബന്ധുക്കൾ പുറത്തു ആകാംഷയോടെ നിൽക്കുന്നു ഒരു കാർ ആക്സിഡന്റ്റ് ആണ്. അൽപ സമയത്തിന് ശേഷം ഐ സി യു വിന്റെ വാതിൽ തുറന്നു താഴ്ന്ന ശിരസ്സോടെ ഡോക്ടർ പുറത്തോട്ടു ഇറങ്ങിപ്പോയി. വെള്ള പുതപ്പിച്ച ബോഡി തള്ളിക്കൊണ്ട് പുറകിൽ നഴ്സുമാരും. പിന്നെ അവിടെയൊരു കൂട്ടകരച്ചിൽ..
കാലൻ ഹാപ്പി . കുറെ നേരമായി ഇരിക്കുന്നു. കാലൻ തന്റെ ഇരയെയും കൊണ്ട് പുറത്തേക്കു. പോത്തിന്റെ പുറത്തു അവനെയും കയറ്റി കാലൻ പുറപ്പെട്ടു.
മാഷെ നമ്മളെങ്ങോട്ടാ... ?? സ്വർഗ്ഗത്തിലെക്കോ അതോ നരകത്തിലെക്കോ?
കാലനു ചിരി വന്നു.
“നീ ചെയ്ത പാപം വെച്ച് നോക്കിയാൽ കുറെ കാലം നരകത്തിൽ കഴിയേണ്ടി വരും.”
“എന്ന് വച്ചാ എത്ര നാൾ?”
“ഒരു വർഷം”
“അത്രേയൊള്ളോ?. അതിപ്പോ ദാ… ന്നു പോകില്ലേ?”
“അതേയ് നിങ്ങളുടെ ആയിരം വർഷമാ ഞങ്ങളുടെ ഒരു വർഷം” .
“ആണോ??!!! അതിനുള്ള തെറ്റ് ഞാൻ എന്തോ ചെയ്തു???”
“ഞാൻ വലിക്കില്ല കുടിക്കില്ല. പെണ്ണ് പിടിക്കില്ല. ഭാര്യയെ തല്ലില്ല. കുടുംബം പൊന്നു പോലെ നോക്കും. പിന്നെന്താ?”
“അതേയ് നീ ഒരു കൈ കൂലിക്കാരനല്ലേ. ?? നല്ലൊരു സർക്കാർ ജോലി ഉണ്ടായിരുന്നിട്ടും നീ കൈക്കൂലി വാങ്ങി തരികിട നടത്തിയിട്ടില്ലെ? അതോണ്ടല്ലേ കഴിഞ്ഞ വർഷം ആ പാലം ഇടിഞ്ഞു ബസ് മറിഞ്ഞപ്പോ രണ്ടു ആൾ മരിച്ചില്ലേ? കുറേപ്പേർ ഇപ്പോഴും കിടപ്പിലല്ലേ? എല്ലാം നിന്റെ ആർത്തി കാരണമല്ലേ?"
"അത് പിന്നെ മാഷെ.. സോറി, കാലാ.. ഒരു ചില്ലിക്കാശു കൈകൂലി വാങ്ങിക്കില്ല എന്ന് പ്രതിജ്ഞ എടുത്തിട്ടാ ഞാൻ ജോലിയിൽ കേറിയത്. കുറേക്കാലം സത്യ സന്ധമായി ജോലി ചെയ്തപ്പോൾ എനിക്ക് കിട്ടിയ പേര് "മൂരാച്ചി " എന്ന്. ആളുകളും സഹ പ്രവർത്തകരും പറയും തിന്നുകെമില്ല തീറ്റുകെമില്ല എന്ന്. എല്ലാം ഞാൻ സഹിച്ചു.
മോൻ എന്ട്ര ൻസിന്റെ റാങ്ക് ലിസ്റ്റിൽ ഒത്തിരി പുറകിലായിരുന്നു. ഒരു സീറ്റ് സങ്കടിപ്പിക്കാൻ എന്താ വഴീന്നോർതിരുന്നപ്പൊഴാ ആ കോണ്ട്രാക്ടർ കൊറേ കാശുമായി വന്നത്. വേറൊന്നും ഞാൻ ചിന്തിച്ചില്ല. എനിക്ക് മോന്റെ ഭാവിയായിരുന്നു വലുത്. ഞാനത് വാങ്ങി മോനെ പഠിപ്പിച്ചു".
"ന്നാലും ഇത് ഒരുമാതിരി കണ്ണീ ചോരയില്ലാത്ത പണിയായിപ്പോയീട്ടോ മാഷെ അല്ലാ കാലാ.. എന്റെ മോന് ആണെങ്കിൽ ഒരു ജോലിയായിട്ടില്ല. മോളെ കെട്ടിച്ചു വിട്ടിട്ടില്ല. അതിനിടെ എന്നെ ഇങ്ങനെ കൊണ്ട് പോന്നത് ഒരു മാതിരി മറ്റേടത്തെ പരിപാടിയായിപ്പോയി"
"എടാ നീയെന്തിനാ വിഷമിക്കുന്നേ? നീ സെർവിസിലായിരുന്നപ്പോൾ മരിച്ചതോണ്ട് നിന്റെ മോന് ആ ജോലി കിട്ടൂല്ലേ?? നിന്റെ പീ എഫും ഗ്രാറ്റുവിറ്റീം ഒക്കെ കിട്ടുമ്പോൾ നിന്റെ മോളുടെ വിവാഹം അടിച്ചു പൊളിച്ചു നടത്തിക്കൂടെ.??? നിനക്ക് പകരം അവരുടെ അമ്മയും അമ്മാവൻ മാരും കൂടി എല്ലാം ഗംഭീരമായി നടത്തിക്കോളും. എന്നാൽ നീ മൂലം മരിച്ച ആ വീടുകളിലേക്ക് നീ നോക്ക് . പട്ടിണീം പരിവട്ടവുമായി നടക്കുന്ന കണ്ടില്ലേ??
പാവങ്ങൾ.. അപ്പോൾ പിന്നെ നിനക്ക് നരകം തന്നെ തരണ്ടേ?
അവനും സങ്കടം തോന്നി. താൻ തെറ്റ് ചെയ്തിരിക്കുന്നു.
അവർ നരകത്തോടടുത്തു. ഒഹ്ഹ് എന്തൊരു ചുട്ടു പൊള്ളുന്ന ചൂട്.
ഉം ... നീയും കുറേകാലം ഇത് അനുഭവിക്കേണ്ടി വരും.
ചൂട് കൂടിക്കൊണ്ടേയിരുന്നു, എന്നാ പിന്നെ നീയങ്ങോട്ടു ചെല്ല്. ഞാൻ അടുത്ത ആളെ തേടി പോട്ടെ. കാലൻ അവനെ ഡ്രോപ്പ് ചെയ്തിട്ടു തിരിഞ്ഞു.
“അയ്യോ പോവല്ലേ. ഇത് ഒഴിവാക്കാൻ വല്ല മാർഗ്ഗോമുണ്ടോ?? എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാ മതി. എന്ത് വേണേലും ചെയ്യാം. ഒരു കോമ്പ്രമൈസ് ??!!”
ങെഹ്?? കാലൻ ഞെട്ടി.
‘യു മീൻ " കൈക്കൂലി" ?? നീയിനി എന്ത് തരാനാ???!! ആകെയുള്ള ഈ ജീവനോ? അത് ഞാനെടുത്തില്ലേ ?? ഹ ഹ ഹ . "നീയൊന്നും ചത്താലും നന്നാകില്ലേഡേയ് ??
കാലനു അവനെ ഒന്നുകൂടി കൊല്ലാൻ തോന്നി. ഇല്ല ഈ ജനം ഒരിക്കലും നന്നാകില്ല. കാലൻ പിറുപിറുത്തു.
അവനെ നരകത്തീയിൽ തള്ളിയിട്ടു അടുത്ത ആളെത്തേടി യാത്രയായി.

No comments:

Post a Comment