Monday, March 28, 2016

നമ്മുടെ പ്രപഞ്ചം



"ആകാശഗംഗാ തീരത്തിനപ്പുറം
ആയിരം വെണ്ണക്കൽ മണ്ഡപം.
പൌർണ്ണമിതോറുമൊരേകനാം
ഗന്ധർവൻ
പാടാനണയുന്ന മണ്ഡപം.."
"അമ്മേ ഈ ആകാശഗംഗ പുഴ എവിടാ? നമുക്കതിനക്കരെ പോയി ആ മണ്ഡപം ഒന്നു കണ്ടാലോ!"
സുന്ദരമായ പാട്ടുകേൾക്കുന്നതിനിടയിൽ മോന്റെ സംശയം.
"അയ്യോ! മോനേ ആകാശഗംഗ ഒരു പുഴയേ അല്ല. അതൊരു ഗാലക്സീയാ."
"അതെന്തായീ ഗാലക്സി?"
"അതോ, അമ്മ പറഞ്ഞുതരാം. മോൻ ശ്രദ്ധിച്ചു കേൾക്കണേ."
"നമ്മൾ എവിടാ താമസിക്കുന്നത്?"
"വീട്ടിൽ"
"വീട്‌ എവിടാ?"
"ഭൂമിയിലാ"
"ഭൂമിയിൽ നിന്നു ആകാശത്ത് നമുക്ക്
എന്തൊക്കെ കാണാം?"
"പകൽ സൂര്യനേം രാത്രിയിൽ ചന്ദ്രനേം ഗ്രഹങ്ങളേം നക്ഷത്രങ്ങളേം. ചിലപ്പോഴൊക്കെ
ഉൽക്കകളേയും കാണാം.
സൂര്യന്റെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ക്ഷുദ്ര ഗ്രഹങ്ങളും ധൂമകേതുക്കളും ഉൽക്കകളുമൊക്കെ ചേർന്നതാണ് നമ്മുടെ സൗരയൂഥം എന്നുമെനിക്കറിയാം."
"എന്നാലേ, മോനറിയാത്ത കുറേ കാര്യങ്ങളും കൂടി അമ്മ പറഞ്ഞു തരാം.
"സൂര്യനെ പോലെ ഒരുപാട് എന്നുവച്ചാൽ, പതിനായിരം കോടിയിലേറെ വരുന്ന നക്ഷത്രങ്ങളുള്ള വലിയൊരു ആകാശ കുടുംബമാണീ 'ഗംഗ'. പാല് തൂവിയതുപോലെ ആകാശത്തു കാണുന്നതിനാൽ ക്ഷീരപഥം ( മിൽകി വേ) എന്നും പേരുണ്ടീ ഗാലക്സിക്ക്.
സൂര്യന് ഉള്ളതുപോലെ മറ്റു നക്ഷത്രങ്ങൾക്കും ഗ്രഹങ്ങളും മറ്റും ഉണ്ടാവും. ഉപഗ്രഹങ്ങൾ ഗ്രഹങ്ങളെ ചുറ്റുന്നതുപോലെ, ഗ്രഹങ്ങൾ നക്ഷത്രങ്ങളെ ചുറ്റുന്നപോലെ, ഈ നക്ഷത്രങ്ങളെല്ലാം ആകാശഗംഗയുടെ കേന്ദ്രത്തിനു ചുറ്റും കറങ്ങുന്നുണ്ട്. മാത്രമല്ല ഭൂമിയുടെ ഭ്രമണം പോലെ എല്ലാ
ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും സ്വയം ഭ്രമണവും ചെയ്യുന്നു."
ചന്ദ്രന് സ്വയം കറങ്ങാനും(ഭ്രമണം) ഭൂമിയെ ചുറ്റാനും(പരിക്രമണം) ഏകദേശം 27 ദിവസങ്ങൾ വേണം. ഭൂമിക്കു ഭ്രമണത്തിന് 24 മണിക്കൂറും പരിക്രമണത്തിനു 365.25 ദിവസവും വേണം.
ഈ സൂര്യനും ഭൂമിയും മറ്റു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും
എല്ലാംകൂടി ആകാശഗംഗയുടെ കേന്ദ്രത്തിനു ചുറ്റും കറങ്ങുന്നു. അതിനു ഏകദേശം 22.5 കോടി വർഷങ്ങൾ എടുക്കും. (ഈ കാലയളവിനെ കോസ്മിക് വർഷമെന്നോ ഗാലക്ടിക് ഇയർ എന്നോ വിളിക്കുന്നു.)
എന്താ ഇത്ര പതിയെ ചുറ്റുന്നത്‌ എന്നു ചിന്തിക്കല്ലേ! മണിക്കൂറിൽ ഏകദേശം പത്തുലക്ഷം കിലോമീറ്റർ വേഗതയിൽ കറങ്ങിയിട്ടാ ഇത്രയും കാലം എടുക്കുന്നത്. അപ്പോൾ നമ്മുടെ ഗാലക്സിയുടെ വലിപ്പം ഒന്നു ചിന്തിച്ചു നോക്കൂ."
"വലിപ്പം മനസിലാക്കാൻ മറ്റൊരു സൂത്രവും കൂടി പറഞ്ഞു തരാം. നമ്മുടെ ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏകദേശം 15 കോടി കിലോമീറ്റർ ആണ്. ഇതിനെ ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് എന്നു പറയും. ഈ യൂണിറ്റാണ് സൌരയൂഥത്തിലെ വസ്തുക്കൾ തമ്മിലുള്ള അകലങ്ങൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ നക്ഷത്രങ്ങൾക്കിടയിലെ അകലം പറയാൻ ഇതു മതിയാവില്ല. അതിന് പ്രകാശവർഷം എന്ന യൂണിറ്റുപയോഗിക്കുന്നു. പ്രകാശം ഒരു സെക്കന്റിൽ മൂന്നുലക്ഷം കിലോമീറ്റർ വച്ച് ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണിത്. 9,460,000,000,000 Km. സൂര്യനിൽനിന്നു പ്രകാശം ഭൂമിയിലെത്താൻ വെറും 8.3 മിനിട്ട് മതി. സൂര്യന്റെ തൊട്ടടുത്തുള്ള നക്ഷത്രമായ പ്രൊക്സിമാ സെന്റൗറിയിലേക്ക് 4.2 പ്രകാശവർഷം ദൂരം. സൂര്യനും ആകാശഗംഗയുടെ കേന്ദ്രവും തമ്മിൽ ഏകദേശം 28000പ്രകാശവർഷമാണ്‌ അകലം. ചുരുൾ ആകൃതിയുള്ള ആകാശഗംഗയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള വ്യാസം ഒരുലക്ഷം പ്രകാശ വർഷമാണ്‌. എന്നു വച്ചാൽ, ഒരറ്റത്തുനിന്നു പ്രകാശം മറ്റേയറ്റത്തെത്താൻ ഒരുലക്ഷം വർഷങ്ങൽ എടുക്കുമെന്ന്. നമ്മുടെ ഗാലക്സിയുടെ വലിപ്പം ആലോചിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് മനസിലായല്ലോ!"
"വെറും കണ്ണുകൊണ്ട് കാണാൻ കഴിയുന്ന 6000ത്തോളം നക്ഷത്രങ്ങളെയുള്ളൂ. അതിൽതന്നെ പലതും ഇപ്പോൾ ഉണ്ടോയെന്നും അറിയില്ല. കാരണം വർഷങ്ങൾക്കു മുൻപ് അവിടെനിന്നു വരുന്ന പ്രകാശമാണല്ലോ നമ്മൾ ഇന്നു കാണുന്നത്. നമ്മളെപ്പോലെ നക്ഷ്ത്രങ്ങൾക്കുമുണ്ട് ജനനവും മരണവും. നമ്മുടെ സൂര്യൻ ജനിച്ചിട്ടു അഞ്ഞൂറുകോടിയോളം വർഷങ്ങൾ ആയിട്ടുണ്ട്. ഇനിയും ഇത്രയും വർഷങ്ങൾ കൂടി ആയുസുണ്ടാവുമെന്നാ തോന്നുന്നത്. വയസാവും തോറും നക്ഷത്രങ്ങളുടെ താപനിലയ്ക്കനുസരിച്ചു നിറവും മാറിമാറി വരും. നീല,വെള്ള, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ. യൌവ്വനയുക്തരായ താരങ്ങളെ നീലകലർന്ന വെള്ളനിറത്തിലും വയസന്മാരെ ചുവപ്പുനിറത്തിലും നമുക്കു കാണാൻ കഴിയും.
നമ്മുടെ ഗാലക്സിയൊടു തൊട്ടടുത്ത ആൻഡ്രോമിഡ ഗാലക്സിയിലേക്കുള്ള ദൂരം 20 ലക്ഷം പ്രകാശ വർഷങ്ങൾ ആണ്. നമ്മുക്കു വെറും കണ്ണുകളുമായി കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തുവും ആൻഡ്രോമിഡയാണ്. കോടിക്കണക്കിനു നക്ഷത്രങ്ങളുണ്ട് അവിടെയും. ബഹിരാകാശത്ത് കൃത്രിമോപഗ്രഹങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഹബ്ബിൾ, ചന്ദ്ര തുടങ്ങിയ ശക്തിയേറിയ ദൂരദർശിനികളാണ് ഈ വലിയ പ്രപഞ്ചത്തിലെ മനോഹരമായ കാണാക്കാഴ്ചകൾ
നമുക്കു കാണിച്ചു തരുന്നത്."
"ഇതുപോലെ സർപ്പിളാകൃതിയും, അൺഡാകൃതിയും,ഗോളാകൃതിയും ഒക്കെയായി എണ്ണിയാലൊടുങ്ങാത്ത ഗാലക്സികളുണ്ട്.
അവയിൽ എവിടെങ്കിലും ഭൂമിയിലെ പോലെ, ഒരുപക്ഷേ അതിലുപരിയായി ജീവിതമുണ്ടോ എന്നറിയാൻ നമുക്ക് കഴിയുന്നില്ലല്ലോ! സ്വർഗ്ഗം എന്നും നരകം എന്നുമൊക്കെ പറയപ്പെടുന്നത്‌ ഒരുപക്ഷേ മറ്റെവിടെയെങ്കിലും ഉളള ജീവിതങ്ങളെ ഉദ്ദേശിച്ചായിരിക്കുമോ?
ഭൂമിയിലെക്കാൾ സുഖസൌകര്യങ്ങൾ കൂടിയവ സ്വർഗ്ഗവും കഷ്ടത നിറഞ്ഞവ നരകവും ആയിരിക്കുമോ?
ഈ ഭൂമിയിൽ കാണുന്ന പക്ഷികൾക്കും മൃഗങ്ങൾക്കുമൊന്നും നമ്മുടെയത്ര ചിന്താശേഷിയോ ബുദ്ധിയോ കഴിവുകളോ ഇല്ലെന്നു നാം അഹങ്കാരത്തോടെ കരുതുമ്പോൾ, നമ്മെക്കാൾ ചിന്താശേഷിയും ബുദ്ധിയും കഴിവുകളുമുള്ള ജീവൻ മറ്റെവിടെയും ഉണ്ടാവില്ലെന്നു പറയാൻ നമുക്കെങ്ങനെ കഴിയും?
നാം ഓമനിച്ചു വളർത്തുന്ന ജീവികൾക്കു നമ്മുടെ ബഹിരാകാശത്തെക്കുറിച്ചു അറിവില്ലെന്നു നാം കരുതും പോലെയല്ലേ, ഈ അണ്ഡകടാഹത്തെക്കുറിച്ചു നമുക്കും അറിവില്ലാത്തത്‌.
നമ്മുടെ മുന്നിൽ വളരെ വലുതായിരിക്കുന്ന ഈ ഭൂമിയുടെ ഒരരികിൽ, ധാരാളം ആപ്പിളുകളുമായി നിൽക്കുന്ന ഒരു അപ്പിൾമരത്തിലെ ഒരു പഴുത്ത ആപ്പിളിനുള്ളിൽ വളരുന്ന ചെറിയ പുഴുക്കളെപോലെയേയുള്ളൂ, ഈ അപാര പ്രപഞ്ചത്തിൽ ചെറിയൊരു ഭൂമിയിലെ മനുഷ്യരും. അന്നിട്ടും നമുക്ക് എന്തൊരു നിഗളമാണ്!
ആരുടെയോ കവിത വായിച്ചതോർക്കുന്നു."
"അറിഞ്ഞിടുമ്പോളറിയാം നമ്മൾക്കറിയാനൊത്തിരി ബാക്കി
ഒത്തിരിയൊത്തിരി ബാക്കി"
" ശരിയാണല്ലോ അമ്മേ!
മുൻപു പഠിച്ച ഒരു കവിത ഞാനും ഓർക്കുന്നു."
"അനന്തമഞ്ജാതമവർണ്ണനീയം
ഈലോകഗോളം തിരിയുന്ന മാർഗ്ഗം.
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടൂ?"

No comments:

Post a Comment