Thursday, March 24, 2016

വിവിധ തരം നാടൻ പച്ചക്കറി കൃഷി രീതികൾ

പണ്ടൊക്കെ നമ്മുടെ പറമ്പുകളിൽ വീട്ടാവശ്യങ്ങൾക്കായുള്ള ധാരാളം പച്ചക്കറികൾ കൃഷി ചെയ്തിരുന്നു. പച്ചക്കറികളും കിഴങ്ങ് വർഗങ്ങളും ധ്യാന്യങ്ങളും കൊണ്ട് സമ്പന്നമായിരുന്നു നമ്മുടെ പറമ്പുകൾ. അന്ന് ആർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ചെറിയ കൃഷിപ്പണികൾ എല്ലാവരും ചെയ്യുന്ന കൊണ്ട് അതിലൂടെ നല്ല വ്യായാമം കിട്ടിയിരുന്നു .ക്യാൻസർ പോലെയുള്ള രോഗങ്ങൾ എവിടെയോ കേൾക്കുന്ന ഭീകര രോഗം മാത്രം ആയിരുന്നു .ഇന്ന് നമ്മുടെ ജീവിത രീതി ആകെ മാറി. കൃഷി ചെയ്യാൻ ആരും തയ്യാറല്ല. എല്ലാ സാധനങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷം നിറഞ്ഞ പച്ചക്കറികൾ അമിത വില കൊടുത്തു നാം വാങ്ങി കൂട്ടുന്നു. ഓണത്തിന് പൂക്കളം ഇടാനുള്ള പൂവ് മുതൽ സദ്യക്കുള്ള ഇല വരെ തമിഴു നാട്ടിൽ നിന്നും വരണം. അമിതമായി കീടനാശിനി തളിച്ച പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നതു മൂലം ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ മിക്ക വീടുകളിലും എത്താൻ തുടങ്ങി.ഇത്തിരി മനസ് വെച്ചാൽ നമ്മുടെ വീട്ടു മുറ്റത്തു ഒരു നല്ല പച്ചക്കറി തോട്ടം ഉണ്ടാക്കാം. ചീരയും മുളകും പയറും കറിവേപ്പും മാത്രമല്ല ശീതകാല വിളകളായ ക്യാബേജ് കോളിഫ്ലവർ ക്യാരറ്റ് ഉള്ളി എല്ലാം നമ്മുടെ നാട്ടിൽ നന്നായി വിളയും. അതിനായി നമ്മുടെ ഒരു ദിവസത്തിലെ ഏതാനും മണിക്കൂറുകൾ ചിലവഴിച്ചാൽ മതിയാകും. സ്ഥല പരിമിധി ഉള്ളവർക്ക് പോലും ഗ്രോബാഗ് സംവിധാനം ഉപയോഗിച്ച് കൃഷി ചെയ്യാം. കൃഷിയിൽ നൂതന പരീക്ഷണങ്ങൾ നടത്തി വിജയം വരിക്കുന്നവർ ധാരാളം ഉണ്ട്. വെറും കടലാസും ഓടിൻ കഷണങ്ങളും കരിയും ഇട്ടു ഗ്രോ ബാഗിൽ ഇഞ്ചി നന്നായി വിളയിച്ചെടുത്ത ഒരു സുഹൃത്തിനെ ഓർക്കുന്നു. വളരെ അഭിമാനത്തോടെയാണ് അവർ ആ സന്തോഷം പങ്കു വെച്ചത്. നമ്മൾ വിളയിച്ചെടുത്ത വിഷരഹിതമായ പച്ചക്കറി കൊണ്ട് നമ്മുടെ കുടുംബാങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകുമ്പോൾ അവരുടെ പ്രശംസ കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം ചെറുതല്ല. ഒപ്പം വരും തലമുറയെ ആരോഗ്യത്തോടെ വളര്ത്തി കൊണ്ട്വരാനും അവരിലേക്ക് കൃഷിയോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കുകയും ചെയ്യാം നമ്മുടെ കുട്ടികൾ മണ്ണിൽ ചവിട്ടി മണ്ണിനെ അറിഞ്ഞു വളരട്ടെ.
വീട്ടിൽ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കി വേണ്ട വിധത്തിൽ ശ്രദ്ധിച്ചാൽ വീട്ടാവശ്യത്തിന് പച്ചക്കറി പുറത്തു നിന്നും വാങ്ങേണ്ട.
ഇന്നത്തെ കാർഷികരംഗത്തിൽ നമ്മുക്ക് പയർ വിളകളെക്കുറിച്ചും, മറ്റ് അടുക്കളത്തോട്ടത്തിൽ ഉൾപ്പെടുത്താവുന്ന വിളകളെ ക്കുറിച്ചും ഗ്രോബാഗുകൃഷിയെക്കുറിച്ചുംപഠിക്കാം. അറിവുകൾ പങ്കുവയ്ക്കാം
മാംസ്യത്തിന്റെ കലവറയാണ് പയറു വർഗ്ഗങ്ങൾ,
വള്ളിപ്പയർ ( 18 മണിയൻ) കുറ്റിപ്പയർ, വാളരിപ്പയർ, അമര ബീൻസ്.തുടങ്ങിയവ പച്ചക്കറിയിന ത്തിലും ഉഴുന്ന് മുതിര, കടല വൻ പയർ ,ചെറുപയർക്ക് ഇ വ പയറുവർഗ്ഗത്തിലെ ധാന്യങ്ങളിലും പെടുന്നു.
ജലസേചന സൗകര്യം ഉണ്ടെങ്കിൽകേരളത്തിൽ പന്ത്രണ്ട് മാസവും കൃഷി നടത്താവുന്നതാണ്.
വർഷകാല പയർ ഇനങ്ങൾ രോഹിണി ഞാറ്റുവേലയിൽ കൃഷി ചെയ്യാം.
തനി വിളയായും ഇടവിളയായും പയർക്കൃഷി ഇറക്കാം.
ആദ്യമായി നിലം കിളച്ചൊരുക്കി കട്ടയും കല്ലും മാറ്റിയിട്ട് തടം എടുത്തൊ തവാരണകളിലൊ പയർ പാകാവുന്നതാണ്.
മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കരുത്.
കുറ്റിയായി വളരുന്നവയുടെ തല ചെടി പ്രായത്തിൽ നുള്ളി എടുക്കണം, ഇത് കൂടുതൽ ചിനപ്പ് പൊട്ടാനും പയർ കൂടുതൽ പിടിക്കാനും സഹായിക്കും .
പടർന്നു കയറുന്ന പയറിനത്തിന് പന്തൽ കെട്ടിക്കൊടുക്കണം.
പയർ വിത്തിൽ റൈസോബി യം കൾച്ചർ പുരട്ടുന്നത് നൈട്രജന്റെ അളവ് മണ്ണിൽ കൂട്ടാനും വിളവ് വർദ്ധിപ്പിക്കുവാനും സഹായിക്കും.
പയർ വിളകളുടെ മൂപ്പുകാലം മൂന്നു മുതൽ നാലുവരെ മാസമാണ്.
എന്നാൽ ഒരു വാർഷിക വിളയായ പയർ ഇനമാണ് അമര, ഇതും വളളി വീശിപ്പടരുന്നു
തിരുവാതിര ഞാറ്റുവേലയിലാണ് അമര ത്തടങ്ങളിൽ കൃഷിയിറക്കേണ്ടത്.
രക്തവർദ്ധനയുണ്ടാകുന്ന ഔഷധമാണ് അമരക്ക
ചതുരപ്പയർ / ഇറച്ചിപ്പയർ.
നമ്മുടെ നാട്ടിൽ യഥേഷ്ടം വളരുന്നു
മണ്ണിൽ വരമ്പുകോരി. 2 ദിവസം വെള്ളത്തിലിട്ട വിത്തുകൾ പാകണം വള്ളികൾക്ക് പടർന്ന കയറാൻ പന്തൽ ഒരുക്കണം, സാധാരണ കീടബാധകൾ ഉണ്ടാവാറില്ല.
ഇത് മൂന്നാലു വർഷം ഭൂകാണ്ഡം നശിക്കാതെ നിൽക്കുന്നതിനാൽ കൃഷിച്ചിലവ് തീരെക്കുറവാണ്.
കായ് തളിരില, പൂവ് ഒക്കെ ഭക്ഷണത്തിനു പയോഗിക്കാം.
ഇനി വെണ്ടകൃഷിയായാലോ 2 തടങ്ങളിലായി 4 വെണ്ടകൾ ഉണ്ടെങ്കിൽ നമ്മുക്ക് ആവശ്യമായ വിളവ് ലഭിക്കും, നട്ടു കഴിഞ്ഞ് ഒന്നര മാസം മുതൽ വിളവ് ലഭിക്കും
കോവൽ - പ്രത്യേക പരിചരണം ഒന്നും കൂടാതെ ആവശ്യാനുസരണം പച്ചക്കറി ലഭിക്കുന്നു നടിൽ കഴിഞ്ഞ് നല്ല സൂര്യപ്രകാശമുള്ളിടത്ത് പന്തൽ കെട്ടി കൊടുത്ത് ചുവട്ടിൽനനയും തന്നെ ധാരാളം.
വഴുതന - 2ചുവടു വഴുതന നട്ടാൽ 60 ദിവസം മുതൽ വിളവ് ലഭിച്ചു തുടങ്ങും.
ചീരകൾ ( ചുമന്ന ചീര / വെള്ളച്ചീര) രണ്ടു തടത്തിലായി കൃഷി ചെയ്യുക, നനച്ചു കൊടുത്താൽ മാത്രം മതി, പൂക്കാൻ അനുവദിക്കാതെ
തലപ്പുകൾ നുളളിയെടുക്കുക.
ഇതു കൂടാതെ പരിചരണം ഒട്ടും വേണ്ടാത്ത സാമ്പാർ ചീര, മധുരച്ചീര, തുടങ്ങിയ വക്കും സ്ഥലം കണ്ടെത്തുക.
പാവൽ - 4ചുവട് പാവൽ ഒരു പന്തലിൽ കയറ്റി വിടുക, ഇടക്ക് നനച്ചു കൊടുക്കുക.
കുമ്പളം, മത്ത തുടങ്ങിയ വിളകൾക്കും കിളിർത്ത് വളളി വീശിയാൽ പിന്നെ പരിചരണങ്ങൾ ഒന്നും വേണ്ട.
തക്കാളി ഒരു നാലു ചുവടും ഒരു പടവലവും കൂടിയായാലോ
നാമത്രയൊന്നും ഗൗനിക്കാറില്ലെങ്കിലും പറമ്പിൽ ഒരു പപ്പായ മരം നട്ടു വളർത്തിയാൽ ആഴ്ചയിൽ ഒരുദിവസം കറിക്കും ആകും ഇടക്ക് പഴമായും കഴിക്കാം.
ഗ്രോ ബാഗിൽ പച്ചക്കറി വിത്ത് പാവുന്ന വിധം/മുളപ്പിക്കുന്ന രീതി.......
ആദ്യം നടീൽ മിശ്രിതം ഉണ്ടാക്കണം...
മണ്ണ് ചാണകപ്പൊടി ചകിരിച്ചോർ ....ഇതു നിർബന്ധമായും ഉണ്ടാവണം....
ഇതിലേക്ക് വേപ്പിൻ പിണ്ണാക്ക് കടലപ്പിണ്ണാക്ക് എല്ലുപൊടി കുറച്ചു കുമ്മായം ചേർത്തിളക്കി മിശ്രിതം തയ്യാറാക്കുക.....
ഗ്രോ ബാഗിലേക്ക് ഈ മിശ്രിതം നിറച്ചു റെഡി ആക്കുക....മുഴുവന് ഭാഗവും നിറയ്ക്കണ്ട... കുറച്ചു നല്ല മണ്ണും ചാണകം പൊടിച്ചതും (അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ്) ചേർത്തിളക്കി ഗ്രോ ബാഗിന്റെ മുകൾ ഭാഗത്തിടുക... എന്നിട്ട് മണ്ണൊന്നു നനച്ചു കൊടുക്കുക.... സ്യുടോമോണസ് കലർത്തിയ വെള്ളം ആയാൽ കൂടുതൽ നല്ലത്...
അടുത്ത ഘട്ടം വിത്തുകൾ നടലാണ്...
വിത്തുകൾ അധികം ആഴത്തില് ആകാതെ ഇടണം.. ട്ടോ... വിത്തുകൾ ഒരുപാടു താഴെ പോകരുത്.. ന്നർത്ഥം..... വെണ്ട, പയർ പോലത്തെ വിത്തുകൾ കൃത്യമായ അകലം നോക്കി ഇടുന്നതാണ് നല്ലത്.....
ചീര, തക്കാളി , വഴുതന പോലത്തെ ചെറിയ വിത്തുകൾ ,കുറച്ചു മണൽ ചേർത്ത് വിതറുകയാണു നല്ലത്.... വിത്തുകൾ തമ്മിൽ കുറച്ചകലം കിട്ടാൻ ഈ വിദ്യ ഉപകരിക്കും...വിത്തുകൾ നടുന്നതിനു മുമ്പു കുറച്ചു നേരം വെള്ളത്തില് സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില് മുക്കി വെക്കുന്നതും നല്ലതാണ്...
ചെറിയതരം വിത്തുകൾ ഒരു വെളുത്ത കോട്ടൺതുണിയിലു കെട്ടി വെള്ളത്തില് സ്യുടോമോണസ് ലായനിയിൽ മുക്കിയിടാം... വിത്തുകൾ വേഗം മുളക്കാനും കീടങ്ങളെ പ്രതിരോധിക്കാനും ഇത് ഉപകരിക്കും....
വിത്തുപാവിയാൽ രാവിലെയും വൈകിട്ടും നനയ്ക്കണം.. ചീരവിത്തിടുമ്പോൾ ശ്രദ്ധിക്കണം.... ഉറുമ്പ് കൊണ്ട് പോകാൻസാധ്യത ഉണ്ട്... അത് ഒഴിവാക്കാനായി ,അല്പ്പം മണ്ണെണ്ണ മുക്കി ഗ്രോ ബാഗിന്റെ ചുറ്റും പുരട്ടുക.... ഇങ്ങിനെ ചെയ്താൽ ഉറുമ്പ് അടുക്കില്ല....
...
വിത്തുകൾ മുളച്ചു വരുമ്പോൾ വളമൊന്നും ചേർക്കണ്ട...രണ്ടാഴ്ച കഴിഞ്ഞു വേണമെങ്കിൽ ചാണകപ്പൊടി/ മണ്ണിര കമ്പോസ്റ്റ് ഇട്ടു കൊടുക്കാം...
വീട്ടാവശ്യത്തിലേക്ക് മാത്രം കൃഷി ചെയ്യുമ്പോൾ
രാസ വളങ്ങളും കീടനാശിനികളും ഒഴിവാക്കുക തന്നെ വേണം.
വളമായി ചാണകം, ചാരം ജൈവവളങ്ങൾ ഇവ ഉപയോഗിക്കുക.
കീടങ്ങളെയും കുമിളിനെയും നിയന്ത്രിക്കാൻ പുകയില ക്ക ഷായം പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുക.
വിളവ് കുറവാണെങ്കിൽ തന്നെ ഒരു പന്തലിൽ പയർ, പാവൽ ,കോവൽകൃ ഷി ഒരു കുടുംബത്തിന് ആവശ്യം കഴിഞ്ഞും ഉണ്ടാകും.
നാല് നിത്യവഴുതന ത്തൈകൾ മുളപ്പിച്ച് പന്തലിൽ കയറ്റിയാൽ ഒന്നിടവിട്ട ദിവസങ്ങളിൽ തോരനുള്ളത് ആവും.
രണ്ട് മൂന്ന് പച്ച മുളക് തൈകൾ കൂടി വളർന്നാൽ പിന്നെ നമ്മുടെ അടുക്കളത്തോട്ടം സ്വയംപര്യാപ്തമാവും.
നമ്മുക്ക് വിത്തുകളുടെ ലഭ്യത കൂടി ചർച്ച ചെയ്യണമല്ലോ
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (0484-24 27544) ഇവിടെ നിന്നും എല്ലായിനം വിത്തുകളും ലഭിക്കുന്നു.
മറ്റൊരു കാര്യം നമ്മൾ പച്ചക്കറിനടുന്നത് വിഷമില്ലാത്ത പച്ചക്കറി കുടുംബത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണല്ലൊ ഇതിലേക്ക് വീട്ടമ്മ മാത്രം തുനിഞ്ഞിറങ്ങാതെ കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടുക.
വിത്തുകൾ ലഭിക്കുവാനും ദൂരെയെങ്ങും പോവേണ്ട, നമ്മുടെ അയൽക്കാരോട് സൗഹൃദത്തിൽ പെരുമാറിയാൽ നമ്മുക്ക് യഥേഷ്ട മുള്ള വിത്തുകൾ അവരുമായി പങ്കു വക്കുക, നമ്മുക്ക് ആവശ്യമായതിന്നും ഒരു ബുദ്ധിമുട്ടും വരില്ല.
കുടുംബാംഗങ്ങൾക്കിടയിൽ ഒത്തൊരുമയും സന്തോഷവും വളർന്ന് നമ്മുക്ക് ആരോഗ്യമുള്ള ഒരു തലമുറയായി വളരാം

No comments:

Post a Comment