Monday, March 28, 2016

മാറുന്ന ലോകക്രമത്തിലെ മായാത്ത മൂല്യങ്ങൾ

ആധുനികതയുടെ വേലിയേറ്റത്തിൽ നമ്മുടെ ലോകം ഒരു കൊച്ചുഗ്രാമമായി മാറിയതോടൊപ്പം സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ അഭൂതപൂർവ്വമായ പല വിപ്ലവാത്മക ചിന്തകളും, പ്രവർത്തനങ്ങളും രൂപപ്പെട്ടു. അതിന്റെ പരിണിത ഫലങ്ങൾ ജീവിതത്തിന്റെ നാനാ മേഖലകളിൽ സൃഷ്ടിക്കുന്ന അനുരണനങ്ങൾ അനന്തമാണ്. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത വൈപുല്യം നിറഞ്ഞതാണ് അതിന്റെ ദേഷങ്ങൾ.
ഒരു ജനതയുടെ പ്രതീക്ഷ അതിന്റെ പുതു തലമുറയിലാണ്. നമ്മുടെ കുട്ടികളുടെ ഗുണകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ കുടുംബ-
സാമൂഹ്യ- സാംസ്ക്കാരിക സാഹചര്യം സൃഷ്ടിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
ഈ സാമൂഹിക ഉത്തരവാദിത്വം ശരിയായ രീതിയിൽ നിർവ്വഹിക്കണമെങ്കിൽ നമ്മുടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ, പരിമിതികൾ, പ്രശ്നങ്ങൾ എന്താണെന്ന് ഓരോ രക്ഷകർത്താവും അദ്ധ്യാപകരും, പൊതു സമൂഹവും ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്.
കാലഘട്ടത്തിന്റെ ഗതി മാറ്റത്തിനനുസരിച്ച് കുട്ടികൾ നേരിടുന്ന വെല്ലുവിളികളും പരിമിതികളും മാറി കൊണ്ടിരിക്കുകയാണ്. അതിനാൽ സമൂഹത്തിലെ ഓരോ ചലനവും സസൂഷ്മം വീക്ഷിക്കേണ്ടത്, പഠിക്കേണ്ടത് നമ്മുടെ ചുമതലയാണ്.
ഇന്നത്തെ കുട്ടികൾ നേരിടുന്ന വെല്ലുവിളികളും, പരിമിതികളും തീർത്തും വ്യത്യസ്ഥമാണ്. തിരക്കാർന്ന ഈ യാന്ത്രിക സാമൂഹ്യ വ്യവസ്ഥിതിയിൽ കുട്ടികളിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അവയിൽ ചിലത്:- സൈബർ കുറ്റകൃത്യങ്ങൾ, അക്രമവാസന, മോഷണം, ലൈംഗിക അതിക്രമങ്ങൾ, ദിശാബോധമില്ലായ്മ, ഓഡിയോ - വീഡിയോ കുട്ടികൾ തുടങ്ങിയ പട്ടിക വിശാലമാണ്.
പക്ഷേ ഇത്തരം തെറ്റുകളിലേക്ക്, പ്രശ്നങ്ങളിലേക്ക് എന്തുകൊണ്ട് കുട്ടികൾ നീങ്ങുന്നു എന്ന് നാം ആഴത്തിൽ ചിന്തിക്കുമ്പോൾ കിട്ടുന്ന ചില ഉത്തരങ്ങൾ നമ്മെ എത്തിക്കുന്നത് പൊതുവായ ചില നിഗമനങ്ങളിലാണ് അതായത് :-
1. കുട്ടിയുടെ ഗൃഹാന്തരീക്ഷം.
2. മാതാപിതാക്കളുടെ വിദ്യാഭ്യാസ നിലവാരം.
3. മാറുന്ന കുടുംബഘടന, കുടുംബ ബന്ധങ്ങൾ.
4. കുട്ടിക്കാലത്തെ പരിഗണനയുടെയും സ്നേഹത്തിന്റേയും അഭാവം.
5. ആത്മീയ മൂല്യങ്ങളുടെ അപര്യാപ്തത.
6. മൂല്യാധിഷ്ഠിടത വിദ്യാഭ്യാസ പദ്ധതിയുടെ
അഭാവം.
7. മാതാപിതാക്കളുടെ
ദീർഘദർശനമില്ലായ്മ.
8. യാന്ത്രിക സംസ്കൃതിയുടെ പരിണിത
ഫലങ്ങൾ.
മേൽ പറഞ്ഞ ഘടകങ്ങൾ എല്ലാം ചേർന്ന് സൃഷ്ടിക്കുന്ന രാസമാറ്റങ്ങൾ സാമൂഹ്യ അന്തരീക്ഷത്തെ കലുഷിതമാക്കുകയും തദ്വാരാ കുട്ടിക്ക് പല വികലമായ ചിന്തകളിലേക്കും ,പെരുമാറ്റ ദൂഷ്യത്തിലേക്കും നീങ്ങുന്നു.
ശരിയായ പോഷണം- ശാരീരികവും മാനസികവും മായ വളർച്ച എന്നതിലുപരി "പക്വമായ മനസ്സിന്റെ ഉടമ " എന്ന നിലയിലേക്ക് കുട്ടികൾ വളരുമ്പോഴാണ് മാതാപിതാക്കളുടെ ചുമതലകൾ പൂർണ്ണമാക്കുന്നത്.
നല്ല വ്യക്തി, നല്ല കുടുംബം, നല്ല സമൂഹം എന്നതിലൂടെ ശരിയായ രാഷ്ട്ര നിർമ്മിതി എന്ന മഹത്തായ ആശയത്തിന്റെ പരമപ്രധാനമായ ലക്ഷ്യം വ്യക്തിത്വ നിർമ്മാണമാണ്. വ്യക്തി നിർമ്മാണമെന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് എല്ലാ ഗുണ ഗണങ്ങളുടെയും മൂർത്തിമത് ഭാവമായി
ഓരോ പൗരനേയും മാറ്റി എടുക്കുക എന്നതാണ്.
ഈയൊരു പരിവർത്തനം ആദ്യം ആരംഭിക്കേണ്ടത് നമ്മുടെ വീടുകളിൽ നിന്നാണ്, കുടുബങ്ങളിൽ നിന്നാണ് 'കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം '. ഈ സങ്കൽപ്പത്തിനെ അനുസരിച്ച് സമൂഹത്തിലെ ഓരോ കുടുംബവും ഓരോ മാതൃക കുടുംബമാകേണ്ടതുണ്ട്.
അത്തരം മാത്രൃകകൾ സൃഷ്ടിക്കുന്നതിന് നാം നമ്മുടെ ജീവിത ശൈലികളിൽ ഗണ്യമായ മാറ്റം വരുത്തേണ്ടതുണ്ട്. ഈ കാര്യം മനസ്സിൽ കണ്ട് കൊണ്ട് 'മനസാ വാചാ കർമ്മണാ ' എന്ന രീതിയിൽ എല്ലാറ്റിലും ഉത്തമമായ ഒരു ജീവിത രീതിരൂപപെടുത്തണം.
കുട്ടികൾ നമ്മുടെ ഏറ്റവും വലിയ സമ്പത്താണ്. ഈ സമ്പത്ത് ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ പരിണിത ഫലം ദയനീയമായിരിക്കും. അതു കൊണ്ട് കുട്ടികളെ നല്ല ദിശാബോധത്തോടെ കൈ പിടിച്ച് മുന്നോട്ട് നയിക്കാൻ നാം ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ മന:ശാസ്ത്രജ്ഞന്മാർ ഏകസ്വരത്തോടെ പ്രതിപാദിക്കുന്നുണ്ട്. അവയിൽ ചിലത് :-
1 . കുട്ടികളോടൊപ്പം കൂടതൽ സമയം ചിലവഴിക്കുക
2 . കുട്ടികളെ ശ്രദ്ധിക്കുക ( അവർ പറയുന്നത് സശ്രദ്ധം കേൾക്കുക)
3 . സ്നേഹം പ്രകടിപ്പിക്കുക.
4 .കുട്ടികളോടൊപ്പം വിശേഷ സ്ഥലങ്ങൾ സന്ദർശിക്കുക
5 .ശുഭാപ്തി ചിന്തകൾ അവരുടെ മനസ്സിൽ നിറയ്ക്കുക
6 . മൂല്യാധിഷ്ടിത സാംസ്കാരിക അവബോധം പകരുക.
7 .പരിമിതികളെ ബോധ്യപെടുത്തക
8 . സാദ്ധ്യതകളുടെ അനന്ത വാതായനങ്ങൾ തുറന്ന് കൊടുക്കുക.
9 . കുട്ടികളുടെ അഭിരുചി കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക.
10 . സ്വയം മാതൃകയായി മാര്ഗദർശനം നൽകുക.
ഇന്റെർനെറ്റ്, മൊബൈൽ ഫോൺ, മറ്റ് മാദ്ധ്യമങ്ങൾ ഇവയെല്ലാം അതിന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ നമ്മുടെ കുട്ടികളെ വശീകരികരിക്കുന്നുണ്ട്., സ്വാധീനിക്കുന്നുണ്ട്. ഇതിനെ ക്രിയാത്മക - സർഗ്ഗശേഷി വളർത്തുന്നതിനും ,ജ്ഞാനാർജ്ജനത്തിനും, വിനോദത്തിനും മാത്രമുള്ള ഒരു ഉപാധിയായി കണ്ടു കൊണ്ട് കാര്യങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ വിശകലനം ചെയ്യാൽ പ്രാപ്തിയുള്ള യുവതയാണ് ഇന്ന് നമ്മുക്ക് ആവശ്യം.ഈയൊരു ലക്ഷ്യപ്രാപ്തിക്ക് വേണ്ടി നല്ല ശീലങ്ങളുടെ കേളീ നിലങ്ങളായി നമ്മുടെ ഗൃഹങ്ങൾ മാറട്ടെ. ഗുരുശിഷ്യബന്ധത്തിന്റെ മഹത്തായ പാരമ്പര്യത്തിലൂടെ നമ്മെ നയിച്ച ഋഷിവര്യൻമാർ സമ്മാനിച്ച മൂല്യങ്ങൾ, ദർശനങ്ങൾ എന്നിവ മാറുന്ന ലോകക്രമത്തിൽ ഒരിക്കലും മാറുന്നില്ല.
നല്ല മൂല്യങ്ങളും, ധർമ്മാധിഷ്ഠിത സംസ്കാരവും കാത്ത് സൂക്ഷിക്കാൻ, കരുത്തുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കാൻ ഉതകുന്ന സാമൂഹ്യ വ്യവസ്ഥിതിക്കായ് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്.
ഭാഷാ, സംസ്ക്കാരം, ദേശീയത, ധാർമ്മികത, എന്നത് വളരെ പരമപ്രധാനമാണ്. വിദ്യഭ്യാസം, ജോലിസമ്പാദനം, മെച്ചപ്പെട്ട ജീവിതരീതി ഇത് മാത്രമാവരുത് ലക്ഷ്യങ്ങൾ. അതിലുപരി നന്മയും സ്നേഹവും കാത്തുസൂക്ഷിക്കുന്ന ഇളം തലമുറയെ സൃഷ്ടിക്കാനും അതിലൂടെ പരിപൂർണ്ണ മാനവരാശിക്കും സുഖം പകരാനും സാധ്യമാവുന്ന ഉദാത്തമായ ലക്ഷ്യങ്ങളും മൂല്യങ്ങളു മാണ് നമ്മെ നയിക്കേണ്ടത്.

No comments:

Post a Comment