Thursday, March 24, 2016

വേനൽ മരങ്ങൾ



ആല്‍ത്തറയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മൂന്നാമത്തെ വീടെത്തിയപ്പോള്‍ ഗോപാലകൃഷ്ണന്‍ നിന്നു. ഇളം മഞ്ഞ പെയിന്‍റ് അടിച്ച വീടിന്‍റെ മതിലില്‍ “പുലരി” എന്ന് കണ്ടപ്പോള്‍ തേടി വന്ന വീട് ഇതു തന്നെയാണ് എന്ന് അയാള്‍ക്ക്‌ മനസിലായി. കത്തിത്തിളയ്ക്കുന്ന ചൂടിന്‍റെ തളര്‍ച്ചയില്‍ ഗേറ്റ് തുറന്ന് കയറുമ്പോള്‍ അയാള്‍ നോക്കി. മൂന്ന് നാലു സെന്റ്ല്‍ നില്‍ക്കുന്ന ഒരു കുഞ്ഞു വീട്. ചെത്തിയും മുല്ലയും മന്ദാരവും വെച്ചു പിടിപ്പിച്ചിരിക്കുന്ന ഒരു മനോഹരമായ പൂന്തോട്ടം.
വരാന്തയില്‍ കയറി ഒന്ന് മുരടനക്കുകയും ചുമയ്ക്കുകയും ചെയ്തപ്പോള്‍ ആറേഴ് വയസുള്ള ഒരു പെണ്‍കുട്ടി വാതില്‍ തുറന്ന് പുറത്തേക്ക് എത്തിനോക്കി. അധികം വൈകാതെ ഒരു യുവതിയും പുറത്തെത്തി. പുളിയിലക്കര മുണ്ടുടുത്ത് ചന്ദനക്കുറിയണിഞ്ഞ അവള്‍ അതീവ സുന്ദരിയായിരുന്നു.
“അശ്വതി ടീച്ചര്‍ അല്ലേ?” അയാളുടെ ചോദ്യത്തിന് അവര്‍ തലയാട്ടുക മാത്രം ചെയ്തു.
“ഭാനുചന്ദ്രന്‍ സാര്‍ പറഞ്ഞിട്ടു വരുകയാ..” അധികം മുഖവുരയൊന്നും കൂടാതെ അയാള്‍ പറഞ്ഞപ്പോള്‍ അവരുടെ മുഖം വാടി.
ഒരു സംഭാരത്തില്‍ ദാഹം അടങ്ങിയപ്പോള്‍ അയാള്‍ ചോദിച്ചു.
“മോളിപ്പോള്‍ എത്രിലാ?”
“രണ്ടില്‍” അശ്വതി പറഞ്ഞു.
“ഭര്‍ത്താവ് മരിച്ചിട്ടിപ്പോ നാലു വര്ഷം ആയി ഇല്യോ? സാര്‍ പറഞ്ഞായിരുന്നു.” ഈ സംസാരം നീണ്ടു പോകല്ലേ എന്ന് ആഗ്രഹിച്ചു കൊണ്ട് അശ്വതി വെറുതേ നിന്നു.
“ടീച്ചറിന്‍റെ സ്കൂളില്‍ തന്നെയാ മോളും പഠിക്കുന്നത് ഇല്യോ?” വിഷയം പറയുന്നതിന് മുന്‍പ് ഒരു മുഖവുരയോടെ അയാള്‍ തുടര്‍ന്നു.
“രവീന്ദ്രനും സ്കൂള്‍ മാഷാ. ഭാര്യ മരിച്ചു പോയി. മുപ്പത്തിയാറ് വയസ്സാ. എല്ലാം കൊണ്ടും ടീച്ചര്‍ക്ക് ചേരുന്ന ബന്ധമാ”
പിന്നെയും എന്തൊക്കെയോ അയാള്‍ പറഞ്ഞെങ്കിലും ഒന്നും അശ്വതിയുടെ മനസ്സില്‍ കയറിയില്ല. അവസാനം അയാള്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കണ്ണുനീര്‍ തടഞ്ഞു നിര്‍ത്താനാവാതെ അവള്‍ കിടക്കയില്‍ പോയി വീണു.
മനസ്സില്‍ നിര്‍ത്താതെ പെയ്യുന്ന മഴയ്ക്ക് ഇപ്പോള്‍ കണ്ണീരിന്‍റെ നനവാണ്. ഇടവപ്പാതിയിലെ മഴകള്‍ക്ക്‌ അന്നൊക്കെ എന്തൊരു കുളിര്‍മയായിരുന്നു. ഓരോ മഴയും തന്നത് ഓരോരോ കുളിര്‍സ്പര്‍ശത്തിന്‍റെ മാസ്മര ഭാവങ്ങള്‍. തുള്ളിക്കൊരു കുടം പോലെ പെയ്ത മഴയില്‍ പാതി നനഞ്ഞ് കുളിര്‍ന്ന് ബസ്‌സ്റ്റോപ്പില്‍ നിന്ന ഒരു സായാഹ്നമാണ് അശ്വതിയുടെ മനസിലേക്ക് എത്തി നോക്കിയത്. പെട്ടെന്നുള്ള ഹര്‍ത്താലില്‍ പെട്ട് വാഹനങ്ങള്‍ നിലച്ചപ്പോള്‍ സ്തംഭിച്ച ജനജീവിതം. പലരും കൂട്ടു ചേര്‍ന്ന് കിട്ടിയ വാഹനങ്ങളിലും ബന്ധുക്കള്‍ക്കൊപ്പവും പോയപ്പോള്‍ പേടിച്ചരണ്ടു നിന്നു, ഒറ്റയ്ക്ക്. ഇരുള്‍ പരന്നു തുടങ്ങിയ നേരത്ത് ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ മനസ് വല്ലാതെ വിഹ്വലമായിരുന്നു.
“രാഘവന്‍ മാഷിന്‍റെ മോളല്ലേ?” ഒരു ഓട്ടോയില്‍ നിന്നും ഇറങ്ങിയ ചെറുപ്പക്കാരന്‍ ആയിരുന്നു അത്. സുന്ദരമായ മുഖം, കുസൃതിയുള്ള കണ്ണുകള്‍. ആണെന്നും അല്ലെന്നും പറഞ്ഞില്ല. അറിയാന്‍ വയ്യാത്ത ഒരാളോട് ഇത്തരം സാഹചര്യങ്ങളില്‍ എന്ത് പറയാന്‍?
“പേടിക്കേണ്ട.. ഞാന്‍ മാഷിന്‍റെ ഒരു പഴയ സ്റ്റുഡന്റാണ്. രാമദാസ്. “കിഴക്കേവീട്ടിലെ” എന്ന് പറഞ്ഞാല്‍ മാഷറിയും.”
“ഞാന്‍ വീട്ടില്‍ കൊണ്ടു ചെന്നാക്കാം. ഇനി ഈ വഴിയില്‍ വേറെ വാഹനങ്ങള്‍ കിട്ടാന്‍ പാടാ...ഇതെന്‍റെ സുഹൃത്തിന്‍റെ ഓട്ടോയാ..”
വളരെക്കാലം അറിയാവുന്ന പോലെ ആയിരുന്നു അയാളുടെ സംസാരം.
എന്താണെന്ന് ചെയ്യേണ്ടതെന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്നു. കാലം വല്ലാത്തതാണ്. ആരെ വിശ്വസിക്കും? മടിച്ചു നിന്നെങ്കിലും മറ്റൊരു വഴിയില്ലാതെ ഓട്ടോയില്‍ കയറേണ്ടി വന്നു. ഈ പിടിവള്ളിയും വിട്ടു കളഞ്ഞാല്‍ രാത്രിയില്‍ ഒറ്റയ്ക്ക് ഈ റോഡില്‍.....
“എന്നെ കുട്ടിയ്ക്ക് അറിയില്ലെങ്കിലും മാഷിന്‍റെ മോളായത് കൊണ്ട് എനിക്ക് അറിയാം കേട്ടോ. ഇന്നിപ്പോള്‍ എനിയ്ക്ക് ഈ വഴി വരാന്‍ തോന്നിയത് ഭാഗ്യം. അല്ലെങ്കില്‍ കുട്ടി എന്ത് ചെയ്യുമായിരുന്നു?”
എന്തൊക്കെയോ രാമദാസ് പറഞ്ഞു കൊണ്ടേയിരുന്നെങ്കിലും അശ്വതി ഒന്നും ശ്രദ്ധിച്ചില്ല. ഓട്ടോ നീങ്ങുമ്പോള്‍ ദേഹത്ത് തെറിക്കുന്ന മഴത്തുള്ളികളും കാറ്റും കൊണ്ട് കുളിര്‍ന്ന് വിറച്ചു ഇരിക്കുകയായിരുന്നു അവള്‍.
ആ ഒരു കണ്ടുമുട്ടല്‍ പിന്നീട് ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായി. എപ്പോഴെങ്കിലും കാണുമ്പോള്‍ ഒരു പുഞ്ചിരി, ഒരു കുശലപ്രശ്നം. പിന്നീടെപ്പോഴോ അറിഞ്ഞു, പട്ടാളത്തില്‍ ചേര്‍ന്നുവെന്ന്. ഒന്ന് തന്നോട് പറയാന്‍ തോന്നിയില്ലല്ലോ എന്നൊരു നഷ്ടബോധം എന്തു കൊണ്ടോ തോന്നിപ്പോയി. ഒരവധിയ്ക്ക്‌ രാംദാസ് നാട്ടില്‍ എത്തിയപ്പോള്‍ വീട്ടുകാരേയും കൊണ്ടാണ് തന്‍റെ വീട്ടില്‍ എത്തിയത്. വെറും ഒരു സൌഹൃദ സന്ദര്‍ശനം. എന്നാല്‍, അതിനിടയില്‍ എപ്പോഴോ ഒരു വെളിപ്പെടുത്തല്‍ - “എനിക്ക് അശ്വതിയെ ഇഷ്ടമാണ്. പട്ടാളത്തില്‍ ആയതു കൊണ്ട്, ആലോചിച്ചു മാത്രം തീരുമാനിച്ചാല്‍ മതി. പിന്നെയൊരിക്കല്‍ ദു:ഖിക്കാന്‍ ഇട വരരുത്”
എന്ത് കാര്യത്തിനും തന്‍റെ ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും എതിര് നില്‍ക്കാത്ത അച്ഛന്‍ ഇതും തന്‍റെ അഭിപ്രായത്തിന് വിട്ടു തന്നു. മനസ്സില്‍ നൂറായിരം പൂത്തിരി കത്തിച്ച അനുഭൂതിയോടു കൂടി നിന്നിരുന്ന തനിക്ക് നൂറു വട്ടം സമ്മതമായിരുന്നു.

എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും മറക്കാന്‍ കഴിയാത്ത മാധുര്യം പങ്കിട്ട നാളുകള്‍ക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ആ മൃതദേഹം വീട്ടില്‍ എത്തുമ്പോള്‍ ഒരു നാട് മുഴുവന്‍ ആദരിക്കാന്‍ ഉണ്ടായിരുന്നു. Lt. Col. രാംദാസ് ആ നാടിനു തന്നെ അഭിമാനമായിരുന്നു.
വളരെക്കുറച്ചു കാലം മാത്രം പങ്കിട്ട ദാമ്പത്യത്തിന്‍റെ ഓര്‍മകള്‍ അവസാനം വരെ ജീവിക്കാന്‍ മതിയായിരുന്നു അശ്വതിക്ക്. എന്നാല്‍ ഒരു പുതിയ ജീവിതം തുടങ്ങാന്‍ ഏട്ടന്മാരുടെ നിര്‍ബന്ധം അനുദിനം കൂടിക്കൂടി വന്നു. ആദ്യത്തെ സഹതാപം കഴിഞ്ഞപ്പോള്‍ നാട്ടുകാരില്‍ പലരുടേയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സംസാരവും ദ്വയാര്‍ഥപ്രയോഗങ്ങളും അവള്‍ക്ക് മറ്റൊരു തലവേദനയായി മാറി. തനിയെ ഒരു പെണ്‍കുട്ടിയെ കൊണ്ട് താമസിക്കുന്നതിന്റെ പരിമിതികള്‍ മനസിലാക്കിയ നാളുകള്‍.
പുഞ്ചിരിയോടെ തന്നെ നോക്കുന്ന രാംദാസിന്റെ ഫോട്ടോയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ അശ്വതിയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുകയായിരുന്നു. “ഏട്ടാ... ഈ ജീവിതത്തില്‍ ഇനി മറ്റൊരാളെ എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എല്ലാ പ്രതിസന്ധികളിലും എനിക്ക് താങ്ങായി ഏട്ടന്‍ ഉണ്ടാവണം..”
“എന്തിനാ അമ്മ കരയുന്നേ? അമ്മയ്ക്ക് മോള്‍ കൂടെ ഇല്ലേ?” അടുത്തേക്ക് ഓടിയെത്തിയ മീനുമോള്‍ അവളുടെ കണ്ണുനീര്‍ തുടച്ചു കൊടുത്ത് കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
ആ പിഞ്ചിളം മേനി വാരിയണയ്ക്കുമ്പോള്‍ അശ്വതി കരയുകയും ഒപ്പം ചിരിക്കുകയും ചെയ്തു.

No comments:

Post a Comment