Wednesday, March 23, 2016

അരികിലേക്കു മനസ്സു സൂക്ഷിച്ചവർ








                                                                                                                  



                                                                                                                          
രഘു നാഥൻ കാലത്തു തന്നെ കുളിച്ച് ഒരുങ്ങി അമ്പലത്തിലേക്ക് പുറപ്പെട്ടു. ഇന്ന് പെങ്ങളും കുഞ്ഞുങ്ങളും വരുന്ന ദിവസമാണ്. താൻ നാട്ടിലെത്തീട്ട് പതിനൊന്നു ദിവസം കഴിഞ്ഞു. വേദയുടേയും ധ്രുവിന്റെയും പരീക്ഷ കഴിയാൻ നോക്കിയിരുന്നതാണ് നന്ദന ഇത്ര ദിവസവും. അമ്പലത്തിൽ എത്തി രഘു ഒരു തിലഹോമം കുറിച്ചു. രാമേശ്വരി പൂരുരുട്ടാതി. വലം വച്ചു വന്നപ്പോഴേക്കും പ്രസാദം കിട്ടി. തിരികെ പോരുമ്പോൾ പായസത്തിനുള്ള സാധനങ്ങൾ വാങ്ങാൻ രഘു മറന്നില്ല. വീട്ടിലെത്തി, പതിവു പോലെ അമ്മ ഓടി നടന്ന് ഓരോന്ന് ചെയ്യുന്നു. ഇടയ്ക്ക് രഘു അമ്മയുടെ മുഖത്തേക്കു പാളി നോക്കുന്നുണ്ടായിരുന്നു.
“ശാരദാമ്മായ്യ്യേ”……… ‘അവനി’ നീട്ടി വിളിച്ചു.
രഘൂന്റെ കണ്ണുകൾ പതറി മുറ്റം വരെ നോട്ടം എത്തി.കാണാൻ കഴിഞ്ഞില്ല . നീണ്ട പന്ത്രണ്ടു വർഷം….ആ ഇഷ്ടം…. ഇനിയും ഉണ്ടാവുമോ? അവനോർത്തു. കാവിലെ ഉത്സവത്തിന്ന് മഞ്ഞൾപ്പൊടിയിൽ ,,,തന്റെ ഒരു കൈപ്പിഴയിൽ …അഭിഷേകം ചെയ്തു നിന്ന പെണ്ണിന്റെ മുഖം അവനോർത്തെടുക്കാൻ ശ്രമിച്ചു. ഒരൂഹം പോലും കിട്ടുന്നില്ല….
“മോനേ രഘൂ”……. അമ്മയുടെ വിളി രഘുവിന്റെ ചിന്തകളെ മുറിച്ചു. കൈയ്യിൽ ഇരുന്ന ഒരു പത്ര കട്ടിംഗ് ,,അവൻ അമ്മയിൽ നിന്ന് പെട്ടെന്ന് മറയ്ക്കാൻ ശ്രമിച്ചു. അമ്മ അതു കാണാത്ത ഭാവത്തിൽ പറഞ്ഞു..
“മാധവമ്മാമയ്ക്കു നീയ് കൊണ്ട്വന്നത് അവനീടെ കൈയ്യിൽ കൊടുത്തു വിടൂ..അവള് കണ്ടങ്ങാടി സ്കൂളിലാ പടിപ്പിക്ക്ണേ. പറഞ്ഞു തിരിഞ്ഞ അമ്മയുടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണീരടന്നു വീണത് അവൻ കാണണ്ടാ എന്ന ഭാവത്തിൽ ഇത്തിരി അപ്പുറത്തു ചെന്നു തുടച്ചു… രഘുവിന്റെ മനസ്സ് ഒന്നു വിങ്ങി…
അപ്പോഴേക്കും ഒരു വെള്ള മാരുതി എസ്റ്റീം കാർ മുറ്റത്തു വന്നു നിന്നു .. നന്ദനയും ദേവദത്തനും വേദയും ധ്രുവും…..ദാ…..അവരെത്തിപ്പോയി… കൈയ്യിലെ പ്രസാദവും പേപ്പർ കട്ടിംഗും അലമാരയിൽ വച്ച് അടച്ചു…പിന്നെ പുറത്തേക്കു വന്നു..
“ആരാദ്……മാമന്റെ തുവ് കുഞ്ഞോ…. ഓടിവായോ”……. എന്ന് വിളിച്ചു. അവനോടി വന്ന് രഘുവിന്റെ തോളിലേക്ക് ചാടിക്കയറി .. നന്ദന ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ഏട്ടനോടൊട്ടി…ദേവദത്തൻ ഹസ്തദാനം നടത്തി അകത്തേക്ക് കയറി…”.മോളേ എത്യോ ..ന്താത്ര താമസിച്ചേ”എന്നു ചോദിച്ച് അമ്മയും പുറത്തേക്കു വന്നു..
നന്ദന അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു…
ഊണെല്ലാം കഴിഞ്ഞാണ് എല്ലാവരും വിഷയത്തിലേക്കു വന്നത്.. ഈ അവധിക്ക് ഏട്ടന്റെ കല്യാണം ….അതു മാത്രമായിരുന്നു നന്ദനയുടെ ആവശ്യം…
എല്ലാവരും വിശ്രമിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങീ….ഇത്തിരി കഴിഞ്ഞപ്പോൾ, ദേവൻ മുറിയിലേക്കു വന്നു . “രഘുവേട്ടാ…കഴിഞ്ഞതൊക്കെ കഴിഞ്ഞു… ഇനിയും അതോർത്തോർത്ത് ജീവിതം ഇങ്ങനെ എരിച്ചു തീർക്കല്ലെ “…
പിന്നെയും എന്തൊക്കെയോ പറഞ്ഞൂ.. ഒന്നും കേട്ടില്ല… ഒന്ന് ചേർത്തമർത്തിയിട്ട് ദേവൻ മുറി വിട്ടു.. എങ്ങനെ മറക്കും … കഴിഞ്ഞ എട്ടു വർഷങ്ങൾ നാട്ടിലേക്കു വരാതിരുന്നത് തന്നെ ,,,അതൊന്നു മറന്നു കിട്ടാൻ ആയിരുന്നല്ലോ… മറക്കാൻ വച്ചിരുന്ന ഓരോന്നായി രഘുവിലേക്ക് വീണ്ടും എത്തി…
അന്ന് നാലു വർഷത്തെ സംമ്പാദ്യവുമായി ദേവദത്തനെ മനസ്സിൽ കണ്ട് പെങ്ങൾക്ക് കല്യാണം ഉറപ്പിച്ച് നാട്ടിൽ വന്നിറങ്ങിയ രഘുവിന്റെ മനസ്സിൽ സർവ്വാഭരണ വിഭൂഷിതയായി പന്തലിൽ ഇറങ്ങി നിൽക്കുന്ന തന്റെ പെങ്ങൾ രാമേശ്വരി ആയിരുന്നു… പക്ഷേ വീട്ടിൽ വന്നു കയറിയ പിറകേ കല്യാണ പന്തലിലേക്ക് ഒരുക്കിയ രാമേശ്വരിയുമായി വന്നത് പോലീസ് അകമ്പടിയോടെ എത്തിയ ആമ്പുലൻസ് ആയിരുന്നു… പോലീസുകാർ കൊടുത്ത റിപ്പോർട്ടുകളിലെ അറിയാക്കഥകൾ കേട്ട് തളർന്നിരിക്കാനേ കഴിഞ്ഞുള്ളൂ…. ഒന്നു കരയുവാൻ പോലുമാകാതെ…
തന്റെ പെങ്ങളെ അവിശുദ്ധയായി ലോകം കാണാതിരിക്കാൻ അത് ഒരു അപകട മരണമായി മാറ്റിവച്ചു… ഇന്നും പിന്നിൽ ആരാണെന്ന് അറിയാത്ത സത്യമായി അവൾക്കൊപ്പം പൊയ്ക്കോട്ടെ…
ചടങ്ങുകൾ കഴിഞ്ഞ് ശൂന്യമായ മനസ്സുമായി ഇരുന്നപ്പോഴാണ്, ഉറ്റ ചങ്ങാതി അരവിന്ദൻ …താൻ പ്യൂണായി ജോലി ചെയ്തിരുന്ന സ്കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ചു എന്ന് അറിഞ്ഞത്… ആശുപത്രിയിലേക്കു ഓടിയത് തളർന്നായിരുന്നു..
ഹെഡ്മാസ്റ്റെർ ആണ് വിവരിച്ചത് . പെങ്ങളെ കെട്ടിക്കാൻ എല്ലാം ശരിയാക്കി ഉറപ്പും കഴിഞ്ഞപ്പോഴാണ് കല്ല്യാണത്തിനേക്കായി അനുവദിച്ചു കിടന്ന് ലോണിൽ എന്തോ പ്രശ്നങ്ങൾ ആയത് … രണ്ട് ദിവസമായി അവൻ ഓടാനിടമില്ലായിരുന്നു….എത്ര പേരുടെ കാലു പിടിച്ചു… ഒന്നും നടന്നില്ല… ചെറുക്കനെ വിളിച്ച് കാര്യം പറഞ്ഞു …അവൻ കൈയ്യൊഴിഞ്ഞു …കല്യാണം നടക്കില്ല …. കുറിച്ച തീയതിയിൽ അവൻ മറ്റൊരുവൾക്ക് താലി ചാർത്തി….കുഞ്ഞി പെങ്ങളുടെ മുഖത്തു നോക്കാനാകാതെ അവൻ പോയി…
തികച്ചും നിസ്സംഗമായാണ് രഘു മരണാനന്തര ചടങ്ങിൽ പങ്കെടുത്തത്… കരഞ്ഞു കലങ്ങിയ കണ്ണുമായി അവന്റെ പെങ്ങൾ … അവന്റെ പന്ത്രണ്ടാം വയസ്സിൽ കുഞ്ഞിപ്പെങ്ങളെ ഏൽപ്പിച്ച് ഒരു മുത്തശ്ശി ഉണ്ടായിരുന്നത് പോയി…. പെട്ടെന്നാണ് രഘുവിന്റെ മനസ്സിലേക്ക് രാമേശ്വരി കയറി വന്നത്… അവൻ എന്തോ തീരുമാനിച്ച് വീട്ടിലെത്തി… ദേവദത്തനെ വരുത്തി തനിക്ക് ഒരു പെങ്ങൾ കൂടിയുണ്ടെന്നും താത്പര്യം എങ്കിൽ നൽകാം എന്നും പറഞ്ഞപ്പോൾ, ദേവൻ ഒന്നും ആലോചിച്ചില്ല … സമ്മതം മൂളി… കാരണം രഘുവിനെ അവൻ അത്രയ്ക്ക് ഇഷ്ടമായിരുന്നു… നല്ലതല്ലാത്ത ഒരു കാര്യവും രഘു ചെയ്യില്ലെന്ന് അവൻ ഉറപ്പായിരുന്നു….
പിന്നെയെല്ലാം തകൃതിയായി നടന്നു… രണ്ട് മരണങ്ങളെ ഒന്നര മാസത്തിനുള്ളിൽ മാറ്റി നിർത്തി രഘു നന്ദനയെ ദേവദത്തനു കൊടുത്തു… അവൾ കണ്ണീരാൽ രഘുവിന്റെ പാദങ്ങൾ കഴുകി , നമസ്കരിച്ചപ്പോൾ ….തന്റെ പെങ്ങൾ രാമേശ്വരി എങ്ങനെ പോകണം എന്നു സ്വപ്നം കണ്ടോ അതു പോലെ നന്ദനയെ അവൻ അയച്ചു… അന്നും അമ്മ രണ്ടു തുള്ളി കണ്ണുനീർ അവൻ കാണാതെ തുടയ്ക്കാൻ പാടുപെട്ട് തിരിഞ്ഞു നടന്നു… അടുക്കളയിലേക്ക്…. പിന്നെ നീണ്ട എട്ടു വർഷം….
അത്തഴം കഴിഞ്ഞ് കിടക്കൻ നേരമാ മുറ്റത്ത് അമ്മാവൻ അമ്മയോട് എന്തൊക്കെയോ പറഞ്ഞ് അവനിയെ വീട്ടിൽ വിട്ട് പോയത് . രണ്ട് ദിവസം കഴിഞ്ഞേ വരൂത്രേ… അത് വരെ അവനി ഇവിടെ നിൽക്കട്ടേന്ന്… മനസ്സിൻ വല്ലാത്ത മന്ദത തോന്നിയപ്പോൾ ,, ഒന്നു കിടക്കാൻ തോന്നി… കിടക്കാൻ നേരം പതിവുള്ള കട്ടൻ ചായ അമ്മ മറന്നല്ലോ എന്ന് ചിന്തിച്ച് കിടക്ക തട്ടിക്കുടഞ്ഞു തിരിഞ്ഞപ്പോഴാണു ഒരു കൈ കതകിനു പിന്നിൽ കൂടി നീണ്ട് വന്ന് മേശ മേൽ ചായക്കപ്പ് വയ്ക്കുന്നത് അവൻ കൺ കോണാൽ കണ്ടത്...എത്തിപ്പിടിച്ച് വാതിൽക്കൽ നിന്ന് ഉള്ളിലേക്ക് വലിച്ച് കയറ്റി….നാണം കണ്ട് പൂത്തു വിടർന്ന് പെണ്ണ് ….. അപ്പോൾ അകത്തെ മുറിയിൽ നിന്ന് നന്ദന ഉറക്കെ വിളിച്ചു ചോദിച്ചു ……
”രഘ്വേട്ടാ……..ഞങ്ങള് ഉറപ്പിച്ചേക്കട്ടേ”…..പിന്നെ കുറെ പൊട്ടിച്ചിരികളും …….
അപ്പോൾ അവന്റെ മാത്രമായി അവനി ആ ആലിംഗനത്തിൽ പ്രണയിക്കാൻ തുടങ്ങുകയായിരുന്നു…നീണ്ട പന്ത്രണ്ടു വർഷം ഉള്ളിൽ മൂടി വച്ചിരുന്ന പ്രണയം…..

No comments:

Post a Comment