Monday, March 28, 2016

വെള്ളികുളങ്ങ



ലോകത്തിന്റെ ഏതൊരു കോണിലായിരുന്നാലും ,നമുക്ക് മറക്കാന്‍ കഴിയാത്ത ഒന്നാണ് നമ്മുടെ നാടും , നമ്മുടെ സ്വന്തം നാട്ടുക്കാരും , അന്തിമ ശ്വാസം സ്വന്തം നാട്ടില്‍ പ്രിയപെട്ടവര്‍ക്കിടയില്‍ ആയിരിക്കണം എന്ന് പ്രാര്‍തിക്കാത്തവരായ് ആരുമുണ്ടാകില്ല ,,
പ്രത്യേകിച്ച് എന്നെ പോലുള്ള പ്രവാസികള്‍ ....
വിരിഞ്ഞ പൂവിന്‍ അഴകുപോലെ മനോഹരമാണെന്‍ ഗ്രാമം ...
മഴയില്‍ കുളിപ്പിച്ചും ,, മഞ്ഞില്‍ കുളിരണിയിച്ചും , വെയിലില്‍ തിളക്കമേകിയും കാലം അതിന് മാറ്റ് കൂട്ടുന്നു .. പുലരിയില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന പുല്‍ക്കൊടി തുമ്പുകള്‍ ......
ഇളവെയിലില്‍ തരളിതയായ് നില്‍ക്കുന്ന ചെടികളും , മരങ്ങളും .. പച്ചപട്ടുടുത്ത പോല്‍ നെല്‍ വയലുകള്‍ മലയാളി മങ്ക തന്‍ മണിമാറില്‍ തിളങ്ങി കിടക്കും കനകാഭരണം പോല്‍ ,, ആ വയലുകള്‍ക്കിടയിലൂടെ ഇളകിയോഴുകി വരുന്ന തോടുകളും ,,ആറുകളും ,, ഇളംകാറ്റില്‍ വിരിയും കുഞ്ഞോളങ്ങള്‍ അതിനെ തഴുകി തലോടി വന്നു പോയ്ക്കൊണ്ടിരിയ്ക്കുന്ന മനോഹരകാഴ്ചകള്‍
പിച്ച വച്ചീടും കുഞ്ഞു പാദങ്ങള്‍ പോല്‍ ,, വെച്ച് വെച്ച് നടന്നീടുന്നു വരമ്പിലൂടെ പല മുഖങ്ങള്‍ .......
... ശാന്തമാം മാ തീരത്ത് ഏകനായിരുന്നാല്‍ സ്വര്‍ഗ്ഗീയ സുഖലോലുഭാമായ് മനസ്സുപോലും മാറിടും ,, മിന്നി മറയുന്ന കാഴ്ചകള്‍ പോലും കണ്ണിനാനന്ദമായ് തീരും ... ....
തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്തായ്‌ മലനിരകളാൽ അനാവരണം ചെയ്യപെട്ട മനോഹരമായ വെള്ളികുളങ്ങര എന്ന കൊച്ചു ഗ്രാമം .. ഞാന്‍ ജനിച്ച പിച്ചവച്ച് കളിച്ചു വളര്‍ന്ന എന്‍റെ സ്വന്തം നാട് .....
ശുദ്ധവായുവും , ശുദ്ധ ജലവും , സുമനസ്സുകളും നിറഞ്ഞു നില്‍ക്കുന്ന ഒരു നാട്ടിന്‍ പുറം .. ഗ്രാമ ഭംഗിയ്ക്ക്‌ ചാരുതയേകി മാർത്താണ്ടവർമ്മ ‌ പ്ലാന്റേഷനിലെ തേക്കുകളും , ഈട്ടി മരങ്ങളും , അവയ്ക്ക്‌ സുഗന്ധമേകി ചന്ദനമരങ്ങളും നിരനിരയായ്‌ നിൽക്കുന്നത്‌ കാണാൻ തന്നെ നല്ല ചന്തമാ , ആ വഴിയിലൂടെ ചെന്നെത്തുന്നത്‌ ആനപന്തം ആദിവാസി കോളനിയിലാണു , പ്രകൃതിയെ സ്നേഹിച്ചും ആശ്രയിച്ചും കഴിയുന്ന ഒരുകൂട്ടം മനുഷ്യർ ... പണ്ട്‌ ബ്രിട്ടീഷുക്കാർ അവർക്കാവിശ്യമായ തടികളും , സുഗന്ധ ദ്രവ്യങ്ങളും കടത്തിയിരുന്ന ( പറമ്പികുളത്ത്‌ നിന്നും കൊച്ചിയിലേയ്ക്ക് തീവണ്ടിയിൽ‌ )‌ ട്രാംവേയുടെ അവശിഷ്ടങ്ങളും , ഇരുമ്പ്‌ റോപ്പിൽ തീർത്ത തൂക്കുപാലങ്ങളും പഴയക്കാലത്തിന്റെ രേഖാചിത്രങ്ങളായ്‌ അവിടെയിവിടെ ചിതറികിടക്കുന്നു .....
അങ്ങാടിയിലെ നാലുവഴിയും കൂടിയ ജങ്ങ്ഷനില്‍
തിരുനെറ്റിയിലെ തിലകക്കുറി പോലെ , അന്തോണീസ് പുണ്ണ്യാളന്റെ കപ്പേള തലയുയര്‍ത്തി നിവർന്നു നില്‍ക്കുന്നത് ആദ്യ ദ്രിഷ്ട്ടിയില്‍ തന്നെ കാണാം ,
പിന്നീട് സാധാരണ കാരന്റെ ഉപജീവന മാര്‍ഗ്ഗമായ , കുഞ്ഞു കൃഷിയിടങ്ങളും , ചില്ലറ പെട്ടികടകള്‍ക്കുമപ്പുറം , നെഞ്ച് വിരിച്ചുയര്‍ന്നു നില്‍ക്കുന്ന മുഹയിദ്ദീന്‍ ജുമാ മസ്ജിദും കാണാം ....
തറവാട്ട് കുടുമ്പത്തില്‍ അംഗങ്ങള്‍ കൂടുമ്പോള്‍ ,തൊട്ട് പുറകിലായ് കുറചംഗങ്ങള്‍ മാറി താമസിക്കുന്ന പോലെ ഒരു മതില്‍ കെട്ടിനുള്ളില്‍ തന്നെ .... മഹാവിഷ്ണുവിന്റെ അമ്പലവും കാണാം ..
ശംഖു നാദവും , ബാങ്കോലികളും , പള്ളിമണികളും ,, പിന്നെ അവിടെ നിന്നുല്‍ഭവിക്കുന്ന , പൂജകളും , ഉത്സവങ്ങളും , നൊവേനയും പള്ളി പെരുന്നാളും ,, ഖുര്‍:ആന്‍ പാരായണങ്ങളും , ഈദ് ആഘോഷങ്ങളും ,, ആര്‍ക്കും അരോജകത്വം സൃഷ്ട്ടിക്കാറില്ല ... ഓരോരുത്തരം തങ്ങളുടെതെന്ന പോലെ ഭയ ഭക്തിയോടെയും , ബഹുമാനത്തോടെയും കൂടിയാണ് മറ്റു ആരാധാനലയങ്ങളെയും കാണുന്നതും ...ഓരോ വിശേഷങ്ങള്‍ക്കും , എല്ലാവരും സഹകരിക്കുന്നതും എന്‍റെ നാടിന്റെ നന്മ മാത്രമാണ് ...
മത സൌഹാര്‍ദ്ദത്തിന്റെ ശുദ്ധവായു ശ്വസിച്ചു വളര്‍ന്നത്‌ കൊണ്ടാകാം , ഞങ്ങളുടെ ഗ്രാമത്തിൽ‍ വര്‍ഗ്ഗീയതയുടെ വിഷ വിത്തുകളൊന്നും മുളയ്ക്കാതെ പോയത് ... ഇനി മുളയ്ക്കുകയുമില്ല .....
"ഇവിടെ" പലപ്പോഴായി മത ഭ്രാന്ത് മൂത്ത് വര്‍ഗ്ഗീയതയുടെ അതിര്‍വരമ്പുകള്‍ കടന്ന് സൌഹ്രദങ്ങള്‍ക്കിടയില്‍ വേലിക്കെട്ട്‌ തീര്‍ക്കുന്ന പോസ്റ്റുകള്‍ കാണുമ്പോള്‍ , മനസ്സില്‍ സ്വയം പറയാറുണ്ട് , എന്‍റെ ഗ്രാമത്തിൽ‍ ജനിച്ച ഞാനും , എന്‍റെ സ്വന്തം നാട്ടുക്കാരും എത്ര ഭാഗ്യവാന്മാര്‍ .. ഹിന്ദുവായാലും , ക്രിസ്ത്യാനിയായാലും , മുസ്ലീമായാലും ,, രക്ത ബന്ധങ്ങള്‍ക്കപ്പുറം , മനുഷ്യ ബന്ധങ്ങള്‍ക്ക് സ്ഥാനം കൊടുക്കാനും , അവരെ സോദര തുല്യം കാണാനും കഴിയുന്നത് , എന്‍റെ ഗ്രാമത്തിൽ‍ ജനിച്ചു വളര്‍ന്നത് കൊണ്ടല്ലേ .....
വിഭാഗീയതയിലൂടെ വര്‍ഗ്ഗീയ ചിന്താഗതി വളര്‍തുന്നവരെ മനസ്സുകൊണ്ടെങ്കിലും വെറുക്കുക ... നാളെ എന്‍റെ മക്കളും , നിങ്ങളുടെ മക്കളും തമ്മിലടിക്കാതിരിക്കാന്‍ ,, മനുഷ്യ ബന്ധത്തിന്റെ ആഴവും , നന്മയും അവരിലേയ്ക്ക് പകര്‍ന്നു കൊടുക്കുക .............ഇത് വായിക്കുന്ന എന്‍റെ എല്ലാ പ്രിയ കൂട്ടുക്കാര്‍ക്കും , പറയാനുള്ളത് ,, സൌഹ്രദത്തിന്‍റെയും സാഹോദര്യത്തിന്റെയും ഇത്തരം കഥകള്‍ ആയിരിക്കട്ടെയെന്നു ആത്മാര്‍ത്ഥമായ് ആഗ്രഹിക്കുന്നു .... ഒപ്പം എല്ലാവർക്കും നന്മകൾ നേരുന്നു .........

No comments:

Post a Comment