Wednesday, March 30, 2016

അയ്യങ്കാളി



ജൂൺ 18നു നവയുഗത്തിന്റെ വഴികാട്ടിയായ നവോത്ഥാനനായകൻ അയ്യങ്കാളി വിടവാങ്ങിയിട്ട് 75 വർഷം തികയാൻ പോകുകയാണ്.അദ്ദേഹത്തിന്റെ ജീവിതസ്മരണകളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം.
19 ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹ്യനവോത്ഥാനനായകരാണ് ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ ,അയ്യങ്കാളി,പണ്ഡിറ്റ് കറുപ്പൻ വി ടി ഭട്ടതിരിപ്പാട്,ചവറ കുര്യാക്കോസച്ഛൻ എന്നിവർ.
അധ്വാനവർഗത്തിന്റെ പടനായകരിൽ ആദ്യത്തെ പേരുകാരനായ അയ്യങ്കാളി നടത്തിയ ചില പ്രധാന സമരങ്ങളാണു വില്ലുവണ്ടി സമരവും കല്ലുമാല സമരവും.അയ്യങ്കാളി എന്ന നവയുഗശില്പി പിറവി കൊണ്ടത് തിരുവനന്തപുരം ജില്ല യിലെ വെങ്ങാനൂർ എന്ന ഗ്രാമത്തിൽ അയ്യന്റെയും മാലയുടെയും മകനായിട്ടായിരുന്നു.1863 ആഗസ്റ്റ് 23നു ജനനം .
വളർന്നുവരുമ്പോൾ കണ്ട കാഴ്ചകളിലെല്ലാം ജാതിയുടെ പേരിൽ ചുറ്റും നടമാടുന്ന ഉച്ഛനീചത്വങ്ങൾ മാത്രമായിരുന്നു.അന്നത്തെക്കാലത്ത് ജന്മിയുടെ കൃഷിസ്ഥലത്താണു എല്ലാ അവർണരും ജോലി ചെയ്തിരുന്നത് .ജോലിക്ക് കൂലി എന്ന സമ്പ്രദായം ഇല്ലാതിരുന്ന ആ കാലത്ത് പകലന്തിയോളം പണിയെടുത്താലും കിട്ടുന്നത് ജന്മി നൽകുന്ന നാഴിയരിയോ ഇത്തിരി എണ്ണയോ ആയിരിക്കും.അയിത്തജാതിക്കാരായി കല്പിച്ചിരിക്കുന്ന അവർക്ക് പൊതുവഴി ,പൊതുകിണർ, ആരാധനാലയങ്ങൾ ,വ്യാപാരകേന്ദ്രങ്ങൾ എന്നിവയിലൊന്നും പ്രവേശനം അനുവദിച്ചിരുന്നില്ല അന്നത്തെ പ്രധാന വാഹനമായ വില്ലുവണ്ടിയിൽ സഞ്ചരിക്കാനോ മാറുമറയ്ക്കാനോ അനുവാദം ഉണ്ടായിരുന്നില്ല.സവർണർക്കു മുന്നിൽ മാറിലെ വസ്ത്രമെടുത്തുമാറ്റി വിനയം കാണിക്കാൻ അവർ ബാധ്യസ്ഥരായി.കത്തുന്ന കണ്മുനകളിൽ നിന്നു രക്ഷ നേടാൻ കൈകൾ കൊണ്ട് മാറിടം മറച്ച് നിന്ന കുറ്റത്തിനു പല സഹോദരിമാരുടെയും മുലയറുത്തെറിഞ്ഞ് വരേണ്യവർഗം ജാതിശാസനകൾ നിലനിർത്തിയിരുന്നു.ഇത്തരത്തിലുള്ള സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യം ചെയ്തു കൊണ്ടാണ് അയ്യങ്കാളി ഉയർന്നു വന്നത്.
വില്ലുവണ്ടിസമരം
...............................
നാട്ടിൽ പ്രഭുക്കന്മാർക്ക് മാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത് വലിയ വില കൊടുത്തു സ്വന്തമായി വില്ലുവണ്ടി വാങ്ങി 1893ല്‍ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തി.തന്റെ വില്ലുവണ്ടിയിൽ കൊഴുത്ത രണ്ട് വെളളക്കാളകളെ പൂട്ടി അവയുടെ കഴുത്തിലും കൊമ്പിലും മണികൾ കെട്ടി ഉയർന്ന തരം മേൽമുണ്ട് നീട്ടിയുടുത്ത് മേൽമുണ്ടും തലപ്പാവും ധരിച്ച് രാജകീയ പ്രൗഡിയോടെ ചാലിയത്തെരുവു മുതൽ ആറാലുമ്മൂട് ചന്തയിലേക്ക് അയ്യങ്കാളി നടത്തിയ ജൈത്രയാത്ര അധസ്ഥിതവർഗത്തിന്റെ വിമോചനത്തിന്റെ സമരകാഹളം ആയിരുന്നു.സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരുപറ്റം ആളുകൾക്ക് വഴിനടക്കാനും അക്ഷര വിദ്യ അഭ്യസിക്കാനുമുളള അനുവാദത്തിനു വേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അധസ്ഥിത വർഗത്തിനു വിദ്യാഭ്യാസത്തിന്റെ പാതകൾ തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നു.സാധുജനപരിപാലനസംഘം എന്ന സംഘടന 1907ല്‍ സ്ഥാപിതമായി.
കല്ലുമാല സമരം
..............................
കൊല്ലം പീരങ്കിമൈതാനത്ത് അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം എത്തിയ പതിനായിരക്കണക്കിന്നാളുകൾ ഒരു മനുഷ്യസമുദ്രം പോലെ അവിടെ തടിച്ചു കൂടി.സ്ത്രീകൾ കല്ലുമാല എന്ന തടിച്ച ആഭരണം കഴുത്തിലിടണമെന്ന ജാതിവ്യവസ്ഥയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നാ നാ ജാതി മത സ്ഥിതി ദെ സംഗമവേദിയായ ഇവിടെ വച്ച് കല്ലുമാല അറുത്തുകളയണമെന്നും അതിനു സവർണർ സഹകരിക്കണമെന്നും അയ്യങ്കാളി ആവശ്യപ്പെട്ടു.യോഗാധ്യക്ഷനായ ചങ്ങനാശേരി പരമേശ്വരൻ പിള്ള എഴുന്നേറ്റ് മിസ്റ്റ്ർ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സിൽ വെച്ച് നമ്മുടെ സഹോദരിമാർ കല്ലുമാല അറുത്ത് കളയാൻ ഈ യോഗത്തിലുള്ളവർക്കെല്ലാം സമ്മതമാണു എന്ന് പറഞ്ഞു.സദസ്സിലെ നീണ്ട കരഘോഷവും ഒപ്പം സ്ത്രീകൾ കല്ലുമാല അറുത്തെടുത്ത് സ്റ്റേജിലിടുകയും ചെയ്തു. ഇവിടെ ജാതിവ്യവസ്ഥയുടെ കോട്ടകൾ തകർന്നു വീഴുകയായിരുന്നു. അതെ വളരെയേറെ ത്യാഗങ്ങൾക്കൊടുവിൽ തന്നെയാണു ഇന്നു നാം അനുഭവിക്കുന്ന ഈ സ്വാതന്ത്രവും അവകാശവും നേടിയെടുത്തത്.
വിപ്ലാവ'ത്മകമയ ഇത്തരം സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രം ആഴത്തിൽ പഠിക്കുകയും അതിൽ നിന്ന് ഊർജ്ജം ഉൾകൊളളുകകാലഘട്ടത്തിന്റെ ആവശ്യകതയാണ്. വർത്തമാന കേരളത്തിലെ സാമൂഹ്യ നവോത്ഥാന പ്രക്രിയകൾക്ക് ആക്കം കുട്ടാൻ നമ്മുക്ക് അയ്യങ്കാളിയെ പോലുളള യുഗപ്രഭാവൻമാരെ മാതൃകയാക്കാം
അധസ്ഥിതരുടെ ആത്മാവായ അയ്യങ്കാളി നീതിക്കുവേണ്ടിയുളള പോരാട്ടത്തിൽ 1941ജൂണ് 18നു സരസ്വതി മന്ദിരത്തിൽ വെച്ച് ദിവംഗതനായി.ആ മഹാത്മാവിന്റെ വീരപ്രവൃത്തികൾക്ക് ആ ആത്മാവിന് പാദപൂജ ചെയ്തിടാം...
വന്ദേമാതരം....വന്ദേമാതരം

No comments:

Post a Comment