Friday, March 25, 2016

മലയാള സിനിമ 90 കള്‍ക്ക് മുന്‍പും ശേഷവും



1990 നു മുൻപ് വരെ ശരാശരി നൂറോളം ഭാഷാ സിനിമകളും പത്തോളം മൊഴിമാറ്റ സിനിമകളും നിർമിക്കപ്പെട്ടിരുന്നു മലയാളത്തിൽ.
കെട്ടുറപ്പുള്ള കഥകളും , തിരക്കഥകളും കഴിവുറ്റ സംവിധായകരും ഛായാഗ്രാഹകരും സാങ്കേതിക പ്രവർത്തകരും നടീനടന്മാരും പ്രവര്ത്തിച്ചിരുന്ന കാലഘട്ടം. സിനിമയല്ലാതെ വേറൊരു ദൃശ്യവിനോദത്തിനും സാധ്യതയില്ലായിരുന്നു അക്കാലത്ത്. അക്കാരണത്താൽ തന്നെ നിലവാരം കുറഞ്ഞ ഇക്കിളിപ്പെടുത്തുന്ന സിനിമകളും ഉത്ഭവിച്ചു. അവയെ മാറ്റി നിർത്തിക്കഴിഞ്ഞാൽ മലയാളസിനിമയുടെ നല്ല കാലം എന്ന് തന്നെ പറയാവുന്ന കാലഘട്ടമായിരുന്നു അത്.
പി ജി വിശ്വംഭരൻ , ഐ വി ശശി ,ചന്ദ്രകുമാർ ,ശശികുമാർ ,മോഹൻ , അപ്പച്ചൻ ,വില്യംസ് ,ബാലചന്ദ്രമേനോൻ ,എം കൃഷ്ണൻ നായർ , ഹരിഹരൻ ,ബാലു കിരിയത്ത് ,പി ഭാസ്കരൻ , എം മണി , ആലപ്പി അഷറഫ് ,ഫാസിൽ ,സത്യൻ അന്തിക്കാട് ,ക്രോസ്ബെൽറ്റ്‌ മണി ,ജെസി, പ്രിയദർശൻ ,ജോഷി , സിബി മലയിൽ , വേണു നാഗവള്ളി , കമൽ , പ്രതാപ് പോത്തൻ , തുളസിദാസ് എന്നിങ്ങനെ മഹാരഥന്മാരും
ചിന്താരവി , അരവിന്ദൻ , കെ ബാലചന്ദർ , ശ്രീകുമാരൻ തമ്പി , ഭരതൻ , ജോൺ എബ്രാഹം , രാമു കാര്യാട്ട് , കെ ജി ജോർജ് , എം ടി , മങ്കട രവിവർമ്മ , പത്മരാജൻ , ലെനിൻ രാജേന്ദ്രൻ , അടൂർ എന്നിങ്ങനെ അധിരഥന്മാരുമായ സംവിധായകർ മലയാള സിനിമയുടെ കൈപിടിച്ചു നടത്തിയ കാലം.
ജീവിതത്തോട് ചേർത്തുവച്ച സിനിമകൾ ഉടലെടുക്കുകയായിരുന്നു.
മുഖ്യധാരാ സിനിമകൾ നിർമ്മിച്ചിരുന്നവരിൽ ഒരു വലിയ പറ്റം മൂല്യങ്ങളും സാമ്പത്തിക നേട്ടവും ഒരുപോലെ കാംഷിച്ചിരുന്നുവെങ്കിൽ പരോക്ഷ സിനിമകളുടെ വക്താക്കൾ മൂല്യങ്ങൾ മാത്രം കൈപിടിച്ചു നടന്നു . അവരുടെ സിനിമകൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ല . പക്ഷെ മലയാളസിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ അവർക്കു സാധിച്ചു .
ഈ രണ്ടു കൂട്ടരുടെയും മധ്യത്തിൽ നിൽക്കുന്ന ഒരു കൂട്ടരും 90 കൾക്ക് മുൻപ് മലയാളത്തിൽ പ്രബലമായിരുന്നു . ഭരതൻ , പത്മരാജൻ , കെ ജി ജോർജ് എന്നിങ്ങനെ . ഇവർ കലാമൂല്യം കൈവിട്ടില്ലെന്നു മാത്രമല്ല സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സിനിമകളും നിർമ്മിച്ചു .
ലോകനിലവാരത്തിലേക്കുയർന്ന മലയാളസിനിമയുടെ ഉദാഹരണങ്ങളായി പറയാവുന്നവ ചിന്താരവിയുടെ ഇനിയും മരിച്ചിട്ടില്ല നമ്മൾ , അരവിന്ദന്റെ എസ്തപ്പാൻ , ജോൺ എബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ , രാമു കാര്യാട്ടിന്റെ മലങ്കാറ്റ്‌ , കെ ജി ജോർജിന്റെ മേള ,പത്മരാജന്റെ കള്ളൻ പവിത്രൻ , അരവിന്ദന്റെ പോക്കുവെയിൽ ,ഒരിടത്ത് , മങ്കട രവിവർമ്മയുടെ നോക്കുകുത്തി , അടൂരിന്റെ എലിപ്പത്തായം എന്നിവയാണ് .
അക്കാലത്ത് സംവിധായകരുടെ മാത്രം കലയായിരുന്നു സിനിമ എന്ന് പറയാം . സംവിധായകരല്ലാതെ മൂന്ന് നാല് തരം ആൾക്കാർക്ക് മാത്രം സാന്നിദ്ധ്യം അറിയിക്കാവുന്ന മേഖലയായിരുന്നു അത് .ഛായാഗ്രാഹകൻ, ഗാന രചയിതാവ്, നടീനടന്മാർ , ഗാനം ആലപിക്കുന്നവർ എന്നിങ്ങനെ .
പാട്ടുകൾക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് നല്ല പാട്ടുകൾ കൊണ്ടു മാത്രം വിജയിച്ച സിനിമകളും ഉണ്ടായിട്ടുണ്ട് . കവിതകളും ഗാനങ്ങളും അയത്നലളിതവും മനോഹരവുമായ ഈണങ്ങളും കൊണ്ട് സമ്പന്നമായിരുന്നു. വിവിധ വിഷയങ്ങളിൽ അഗാധ പാന്ധിത്യമുള്ളവരായിരുന്നു ഗാന രചയിതാക്കൾ . രാഗങ്ങളെ അവലംബിച്ചുള്ള ഗാനങ്ങൾ പോലും പ്രേക്ഷകന് ഉള്ളിൽതട്ടും വിധം അവതരിപ്പിക്കാൻ സംഗീത സംവിധായകർക്ക് കഴിഞ്ഞിരുന്നു . ഉദാഹരണങ്ങൾ എത്രയെത്ര .
നടീനടന്മാരെക്കുറിച്ച് പറയുമ്പോൾ മുൻനിരനടീനടന്മാരോക്കെ ജനത്തിന് സ്വീകാര്യരായിരിക്കും എന്നത് സാമാന്യമാണ് എന്നാൽ അനിതരസാധാരണമായ അഭിനയസിദ്ധി കൈമുതലായ ചില നടീനടന്മാർ ഉദാഹരണത്തിന് ഗോപി , അച്ചൻകുഞ്ഞ് ,കരമന ,ഷീല , ശാരദ ,വിധുബാല ,സറീന വഹാബ് എന്നിങ്ങനെ പലരും മലയാളസിനിമക്ക് മുതൽക്കൂട്ടായിരുന്നു.
ഒരിക്കലും മരിക്കാത്ത ഒരു പിടി ചിത്രങ്ങൾ , ഒരു പിടി പ്രതിഭാധനരായ സംവിധായകർ , തിരക്കഥാകൃത്തുക്കൾ , സാങ്കേതികപ്രവർത്തകർ, നടീനടന്മാർ , ഗായകർ , അങ്ങനെ മലയാളസിനിമക്ക് ഓർത്തുവക്കാവുന്ന ഒരു കാലം ആണ് 1990 നു മുൻപുണ്ടായിരുന്നത് .
മോശമായവയും ഉണ്ടായിട്ടില്ലെന്നല്ല .മൂല്യച്യുതി കൊടികുത്തി വാണ ചില സിനിമകളും ഉണ്ടായിട്ടുണ്ട് . പക്ഷേ എണ്ണത്തിൽ കുറവായതുകൊണ്ടും , സാമാന്യപ്രേക്ഷകർ അവഗണിച്ചിരുന്നു എന്നുള്ളതുകൊണ്ടും സൗകര്യപൂർവം അവയെ ഒഴിവാക്കാം
തൊണ്ണൂറുകൾക്ക് ശേഷവും കുറെനാൾ പഴയ രീതി തുടർന്നുവെങ്കിലും പിന്നീട് മാറ്റങ്ങൾ കണ്ടുതുടങ്ങി . മലയാളസിനിമ തന്നേ മദിരാശിയിൽ നിന്നും കേരളത്തിലേക്ക് പറിച്ചുനടപ്പെട്ടു . സിനിമ സംസാരിക്കുന്ന വിഷയങ്ങളിൽ മാറ്റമുണ്ടായി . കുടുംബബന്ധങ്ങളിൽ നിന്നും വ്യക്തിബന്ധങ്ങളിൽ നിന്നും മാറി സാമൂഹിക ശൈലികൾ അവതരിപ്പിക്കയായി സിനിമ . പക്ഷെ എടുത്തുപറയണ്ട കാര്യം പ്രണയം എന്നും സിനിമക്ക് കാരണമായി ഭവിച്ചിരുന്നു എന്നതാണ് . മുൻപും ,പിന്നീടും ഇപ്പോഴും അത് തന്നെ . ആഖ്യാന രീതിയിൽ മാറ്റമുണ്ടെങ്കിലും. ചെമ്മീൻ ന്റെ രീതിയല്ല ചാമരത്തിനു, ഇതൊന്നുമല്ല പ്രേമത്തിന്‌.
മാറ്റങ്ങൾക്കു മാത്രം മാറ്റമുണ്ടാവില്ലല്ലോ. അത് ഇപ്പോഴും തുടരുന്നു അത്രേയുള്ളൂ .
സാങ്കേതികമായി ഒത്തിരി മുന്നേറിക്കഴിഞ്ഞ ലോകസിനിമയുമായി കിടപിടിച്ചല്ലെങ്കിലും കുറെയൊക്കെ സാങ്കേതികവൈദഗ്ധ്യത്തിൽ മുന്നേറാൻ മലയാളസിനിമക്കും 90 കൾക്ക് ശേഷം ആയിട്ടുണ്ട്‌.ഒരു പക്ഷെ അതിനു മുൻപേ ഈ പ്രവണത തുടങ്ങിയിരുന്നു . പടയോട്ടം . മൈ ഡിയർ കുട്ടിച്ചാത്തൻ എന്നീ നവോദയാ സിനിമകൾ ഇതിനു മുന്നോടിയായി രംഗത്തു വന്നു . സാങ്കേതികവൈദഗ്ധ്യത്തോടൊപ്പം പ്രേക്ഷകരെ വിഡ്ഡികളാക്കുന്ന പ്രവണതയും കൂടിവന്നു എന്ന് പറയാതെ വയ്യ . ജീവിതഗന്ധിയായ സിനിമകളിൽ നിന്നും അതിഭാവുകത്വത്തിലേക്കുള്ള മാറ്റം കുറെയൊക്കെ നല്ല സിനിമാപ്രവര്ത്തകരെ പ്രതലത്തിൽ നിന്നു തന്നെ മാറ്റി പ്രതിഷ്ടിച്ചു . സയൻസ് ഫിക്ഷൻ ഇവിടെ ഒരു രീതി ആയില്ലെങ്കിലും അതിമാനുഷികത ഉൾക്കൊള്ളിച്ച സിനിമകൾ തരക്കേടില്ലാതെ ഓടി എന്ന് പറയാം .
പ്രമേയങ്ങളിലെ മാറ്റവും ആഖ്യാനരീതി മാറിയതും ശ്രദ്ധേയമാണ് . മുൻപ് നേരെ കഥ പറഞ്ഞു തീർക്കുന്ന പ്രവണതയായിരുന്നെങ്കിൽ പിന്നീട് കെട്ടുപിണഞ്ഞു കിടക്കുന്ന അവതരണ രീതി അവലംബിക്കപ്പെട്ടു . അതിൽ തെറ്റൊന്നുമില്ല എന്ന് തന്നെയല്ല പുതിയൊരു മാറ്റം പുതിയ ഒരു ആസ്വാദനരീതിക്ക് തുടക്കം കുറിച്ചു എന്ന് പറയാം . സംഭാഷണങ്ങളുടെ അന്താരാഷ്ട്രീയതയിൽ നിന്നും ഗ്രാമീണശൈലിയിലേക്കുള്ള മാറ്റവും വളരെ ശ്രധിക്കപ്പെട്ടതും ശ്ലാഘനീയവുമാണ് .
നല്ല നല്ല സംഗീത സംവിധായകർ ഉണ്ടെങ്കിലും സന്ദർഭങ്ങളുടെ പാമരത്തം കൊണ്ട് ഗാനങ്ങളുടെ താളവും ലയവും നിലവാരത്തകർച്ച നേരിട്ട സന്ദർഭങ്ങളും 90 നു ശേഷം ഉണ്ടായിട്ടുണ്ട് . പഴയ തലമുറയിലെ കവീവര്യൻമാർ ( ഓ എൻ വി , ശ്രീകുമാരൻ തമ്പി ) എഴുതിയ ഗാനങ്ങൾ പുതുചിത്രങ്ങൾക്ക് പോലും കുറി പോലെ തിളങ്ങി .
മാറാതെ നിന്ന മറ്റൊരു കാര്യം ഗാനങ്ങളുടെ ആലാപനശൈലിയും ശബ്ദസൗകുമാര്യവുമാണ് . മലയാളത്തിന്റെ അഭിമാനമായ യേശുദാസിനെയും ജാനകിയമ്മയെയും ജയചന്ദ്രനെയും ചിത്രയെയും സുജാതയേയും ഒക്കെ ഇത്തരുണത്തിൽ ഓർമ്മിക്കാതിരുന്നാൽ അത് നിന്ദയായിപ്പോവും .
ആരോഗ്യപരമായ മാറ്റങ്ങൾ 90 നു ശേഷം ഉണ്ടായിട്ടുണ്ടെങ്കിലും എന്തോ ഒരു നഷ്ടം നമ്മേ ഉലക്കുന്നില്ലെ ?
ഇനി ഒരു ഭരതനും , പത്മരാജനും ,അരവിന്ദനും ഉണ്ടാവില്ല എന്ന് വിചാരിക്കെണ്ടതില്ല എങ്കിലും.
പുതിയ സംവിധായകരിൽ ഒത്തിരിപ്പേരെപ്പറ്റി പ്രദിപാദിക്കേണ്ടതുണ്ട്. സിദ്ധിക്ക് ലാൽ , സംഗീത് ശിവൻ , സുരേഷ് ഉണ്ണിത്താൻ , ജോർജ് കിത്തു ,രാജിവ് നാഥ് ,അലി അക്ബർ ,മോഹൻ കുപ്ലേരി , ജിത്തു ജൊസഫ് , റോഷൻ , രാജേഷ് പിള്ള എന്നിങ്ങനെ .സമകാലീനരായതുകൊണ്ടും, ഒട്ടനവധിപ്പേർക്ക് അവരെപ്പറ്റി അറിയാവുന്നത് കൊണ്ടും, അവരുടെ പ്രവർത്തനരീതി പരിചിതമായതുകൊണ്ടും , ചർവിതചർവണം വിരസമാകുമെന്നതുകൊണ്ടും, അവരെ നിങ്ങൾ തന്നെ വിലയിരുത്തുക .
ചുരുക്കത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നമ്മൾ മലയാളികൾ നിരാശപ്പെടെണ്ട ഒന്നും 90 കൾക്ക് ശേഷം ഉണ്ടായിട്ടില്ല എന്നത് ആശ്വാസജനകമാണ് . പിന്നെ ന്യൂ ജനറേഷൻ സിനിമകൾ എന്ന് ഒന്നില്ല . പുതിയ ആൾക്കാർ എന്നൊക്കെ പുതിയ വഴി തിരഞ്ഞെടുത്തിട്ടുണ്ടോ, അവരൊക്കെ ന്യൂ ജനറേഷൻ എന്ന് വിളിക്കപ്പെട്ടിട്ടുണ്ട് .അവരൊക്കെ സിനിമയെ ഉത്തുംഗശ്രുന്ഗങ്ങളിൽ എത്തിക്കാൻ ശ്രമിച്ചിട്ടുമുണ്ട് .
കാത്തിരിക്കാം നല്ല സിനിമകൾക്കായി ,
കാതോർക്കാം നല്ല സിനിമാഗാനങ്ങൾക്കായി , പ്രതീക്ഷിക്കാം നല്ല സാങ്കേതിക പ്രവർത്തകരെ , സംവിധായകരെ സംഗീതകാരൻമാരെ .

No comments:

Post a Comment